Saturday, February 14, 2026
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (128) ക്ഷേത്രസങ്കല്പം (ഭാഗം-2) ✍പി.എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ – (128) ക്ഷേത്രസങ്കല്പം (ഭാഗം-2) ✍പി.എം.എൻ.നമ്പൂതിരി.

ആവാഹനപ്രക്രിയ

തന്ത്രസമുച്ചയത്തിലെ ഏഴാം പടലത്തിലെ ശ്ലോകം 61 ലും 62 ലും ആ വാഹനപ്രക്രിയെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. അതിൻ്റെ അർത്ഥം കുഴിക്കാട്ടിൻ്റെ ഭാഷയിൽ  വിവരിച്ചിട്ടുണ്ടുമുണ്ട്. ആദ്യമായി അത് എന്താണെന്ന് നോക്കാം.

[ബുദ്ധി കൗശലത്തോടുകൂടിയിരിക്കുന്ന ആചാര്യൻ കയ്യിൽ ഗന്ധപുഷ്പാക്ഷതങ്ങളെടുത്ത് മൂലാധാര സമീപത്തുപിടിച്ച്, മൂലാധാരചൈതന്യത്തിൻ്റെ ചലനത്തിനായിട്ടും മനോമയാഞ്ജലിയിൽ അതിനെ സംഗ്രഹിക്കുന്നതിനായിട്ടും അവിടെ നിന്നും സുഷുമ്നാനാഡിയിൽക്കൂടെ അതിനെ മേൽപ്പോട്ട് പൊക്കുന്നതിനായിട്ടും, പ്രണവത്തെ ജപിച്ച് കൈകൾ രണ്ടും കൂട്ടി അഞ്ജലമുദ്രയോടുകൂടി ഹൃദയത്തിങ്കലോളമുയർത്തിയാൽ തൻ്റെ ഉപചാരമന്ത്രം കൊണ്ട് ആ ദേവനെ സ്തുതിച്ചു തൻ്റെ ഹൃദയ പത്മത്തിൽ നിന്നും ചൈതന്യത്തിൻ്റെ അംശത്തെ ഉണർത്തി, പ്രണവം ജപിച്ച് ആ ചൈതന്യത്തിൽ നിന്നും വേറെയാക്കി, പിന്നേയും പ്രണവത്തെ ജപിച്ച് ദ്വാദശാന്തപത്മസ്ഥനായിരിക്കുന്ന പരമാത്മാവിൽ യോജിപ്പിച്ച്, മൂലം മൂന്നുരു ജപിച്ച് തത്തന്മന്ത്ര സ്വരുപ്പനെ ധ്യാനിച്ച് സംബോധനാ വിഭക്തിയോടുകൂടി “വിഷ്ണോ സദാശിവ ഇത്യാദി, ഭഗവൻ ആഗച്ഛ, ആഗച്ഛ” എന്ന് ചൊല്ലി പ്രണവം ജപിച്ച് പരമാത്മാവിൽ നിന്നും വേർപ്പെട്ടിരിക്കുന്ന ചൈതന്യത്തെ സുഷുമ്നാ നാഡിയിൽ താത്തു പിംഗളയിലാക്കി “ആവാഹയാമി”” എന്ന് ജപിച്ച് വലത്തെ നാസാഗ്രമാകുന്ന പിംഗള മുഖത്തിലൂടെ ശ്വാസരൂപേണ കയ്യിൽ സംഗ്രഹിച്ചിരിക്കുന്ന ഗന്ധ പുഷ്പാ ക്ഷതങ്ങളിൽ പ്രവേശിപ്പിച്ച് മൂലമന്ത്രം ജപിച്ച് ഗന്ധപുഷ്പാക്ഷതങ്ങളെ ബിംബഹൃദയത്തിൽ ആരാധിക്കുമ്പോൾ ആ ചൈതന്യം ബിംബത്തിൻ്റെ വാമ – നാസാഗമാകുന്ന ഇഡാമുഖത്തിലൂടെ അകത്തു പ്രവേശിച്ച് സുഷുമ്നാ മുഖേന ബിംബ ഹൃദയത്തിൽ യോജിക്കുമാറ് ധ്യാനിച്ചു, പിന്നേയും പുഷ്പങ്ങളെ ആരാധിച്ച് തൽമുദ്രകളേയും കാട്ടുക.]

മുകളിൽ കൊടുത്ത ക്രിയ മനസ്സിരുത്തി വായിച്ചാൽ ഈ മാനസിക പ്രക്രിയയിലൂടെ അർച്ചകൻ്റെ ഉത്ഥാപിത കുണ്ഡലിനീശക്തി പരമാത്മപദവിയോളം ഉയർന്ന് പരബ്രഹ്മസ്വരൂപമായി വീണ്ടും മന്ത്ര സ്പന്ദമുൾക്കൊണ്ട് മന്ത്രമൂർത്തിയായി പരിണമിച്ച് പ്രതിഷ്ഠാ ബിംബത്തിൽ പ്രവേശിക്കുന്നു എന്നു മനസ്സിലാക്കാം. പിന്നീടാണ് പൂജ ആരംഭിക്കുന്നത്. ഏറ്റവും ചുരുങ്ങിയ പൂജ, പഞ്ചോപചാരപൂജയാണ്. പിണ്ഡാണ്ഡത്തെ അഥവാ അർച്ചകശരീരത്തെ സൃഷ്ടിച്ച, പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങളെ ( Elements ) അതാതു മുദ്രകൾകൊണ്ടും, അതതിൻ്റെ പ്രതീകങ്ങളായ ചന്ദനം, നിവേദ്യം, ദീപം, ധൂപം, പുഷ്പം എന്നീ പദാർത്ഥങ്ങളെ സങ്കല്പിച്ചും, ദേവനിൽ സമർപ്പിക്കുക തന്നെയാണ് ഈ ക്രിയ. പക്ഷെ ഇതിൻ്റെ ക്രമം ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം എന്നിങ്ങനെയാണ്. അതായത് സ്വദ്ദേഹത്തിലെ ഓരോ അംശവും പൂർണ്ണമായും ഈശ്വരനിൽ സമർപ്പിക്കുക തന്നെയാണ്. അതോടുകൂടി അവനവൻ ഈശ്വരനിൽ ലയിക്കുക അഥവാ മുക്തിയടയുകയാണല്ലോ സംഭവിക്കുന്നത്.ഇതിനെ കവിതാമയമായ ഒരു പ്രക്രിയയത്രെ” പഞ്ചോപചാരപൂജ.” കുറേക്കൂടി ഇത് വിസ്തരിക്കുകയാണെങ്കിൽ ഇത് ഷോഡശോപചാരപൂജയായി. ആസനം, സ്വാഗതം, അർഘ്യം, പാദ്യം, അചമനീയം, മധുപർക്കം, പുനരാചമനീയം, സ്നാനം, വസ്ത്രം, ആഭരണങ്ങൾ, ചന്ദനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം,വന്ദനം എന്നിങ്ങനെ പോകുന്നു ഷോഡശോപചാരങ്ങൾ.ഇതിൻ്റെ വിശദാംശങ്ങൾ വിസ്താര ഭയത്താൽ ഇവിടെ വിവരിക്കുന്നില്ല. വളരെ ഗഹനവും ശരീരത്തിൻ്റേയും പ്രപഞ്ചത്തിൻ്റെയും സൃഷ്ടിപ്രക്രിയയുടെ നിഗുഢ തത്ത്വങ്ങളെ ദ്യോതിപ്പിക്കുന്നവയുമാണിവ. ഇതിൽ നിവേദ്യക്രിയ പ്രത്യേകം പരിഗണനീയമാണ്.കാരണം വീണ്ടും നിവേദ്യമാകുന്ന അന്നം സ്ഥൂലദേഹപ്രതീകത്തെ അമൃതീകരിച്ച് അഥവാ ഈശ്വര പൂർണ്ണാംശമാക്കി മന്ത്രപൂരിതമാക്കി, അതതു സാധകൻ്റെതന്നെ പ്രതീകമാക്കിത്തീർത്ത് ദേവൻ്റെ ദേഹത്തിലേയ്ക്ക് ലയിപ്പിക്കുന്നതാണ് ഈ ക്രിയയുടെ മർമ്മം. അങ്ങനെ പൂജ, തൻ്റെ സ്വന്തം ശരീരഭാഗങ്ങളെ പടിപടിയാക്കി ദേവനിൽ സമർപ്പിക്കുകയാണെങ്കിൽ, നൈവേദ്യം അതേ ഉദ്ദേശത്തോടുകൂടി ചെയ്യുന്ന ഒരു പ്രത്യേക ക്രിയയാണ്.ഇതാണ് നൈവേദ്യത്തിൻ്റെ പ്രാധാന്യം. അതിനും ചില കണക്കുകളുണ്ട്. ആ കണക്കുകളും, ദ്രവ്യങ്ങളും ക്ഷേത്രചട്ടങ്ങളെ പരിഷ്ക്കരിക്കുന്ന രീതിയിൽ, ഇന്നു പരിഷ്ക്കരിക്കുകയാണെങ്കിൽ അത് ശാസ്ത്രവിരുദ്ധമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നൈവേദ്യം ആ ഹൂതി രുപേണ ചെയ്യുന്നതുകൊണ്ട് അതു ഒരു ഹോമം തന്നെയാണ്.

ദേവൻ്റെ പ്രാണാപാന വ്യാനോദാന സമാനന്മാരായ പഞ്ച പ്രാണങ്ങൾക്കു് ആഹുതി നൽകികൊണ്ടാണ് ഈ നിവേദ്യപ്രക്രിയ നടത്തുന്നതെന്ന് പ്രസിദ്ധമാണല്ലോ. ദേവനാകുന്ന തേജസ്സിലേയ്ക്ക് നിവേദ്യരൂപ്രണ സൃഷ്ടമായ സാധകദേഹത്തെതന്നെ ആഹൂതി ചെയ്യുകയാണിവിടെ ചെയ്യുന്നത്. ഇതും മോക്ഷത്തിൻ്റെ ജീവ ബ്രഹ്മൈക്യത്തിൻ്റെ പ്രതികമാണ്. അതുകൊണ്ടുതന്നെയാണ് ഈ മഹത്തായ ഹോമകർമ്മം അഥവാ യജ്ഞം അതിവിശിഷ്ടമായ ഒരു കർമ്മമായിത്തീർന്നത്. പൂജ മുഴുവനും ചെയ്തില്ലെങ്കിലും നിവേദ്യമെങ്കിലും ചെയ്താൽ ഏതാണ്ട് പൂജ ചെയ്ത ഫലം കിട്ടും. ഈ യജ്ഞത്തിൻ്റെ ശിഷ്ടമാണ് ഭക്തജനങ്ങൾ അനുഭവിക്കുന്നത്.ദേവ ചൈതന്യം കലർന്ന ഈ യജ്ഞശിഷ്ടഭാഗം” യജ്ഞശിഷ്ടാശിന: സന്തോ മുച്യന്തേ സർവ്വ കില്ബിഷൈ: എന്ന ഗീതാവാക്യമനുസരിച്ച് സർവ്വ പാപഹരമത്രെ.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com