നിത്യക്ഷേത്രദർശനം സമിതിയുടെ
അടിസ്ഥാന പശ്ചാത്തലം
രണ്ടാമത്തെ ഘടകത്തിന് നാം മുഖ്യമായും ആശ്രയിക്കേണ്ടത് കേരള ക്ഷേത്ര സംരക്ഷണ സമിതിയേയും അതിൻ്റെ പ്രദേശിക ഘടകങ്ങളെയുമാണ്. മേൽ പറഞ്ഞ ശാസ്ത്രീയ പഠനത്തിൽനിന്ന് ഈ പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനം സജീവമായൊരു ഭക്തജനസമൂഹമാണെന്ന് വരുന്നുണ്ടല്ലോ. ഈ ഭക്തസമൂഹം നിത്യേന ക്ഷേത്രദർശനം നടത്തേണ്ടതിൻ്റെ പ്രധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിൽനിന്നും ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രാദേശിക ഘടകത്തിൻ്റെ പ്രവർത്തനരീതിയെ നമുക്ക് ആവിഷ്ക്കരിക്കാം. ഇത്തരം ഒരു സംഘടന നടത്തുവാൻ വേണ്ടി നാട്ടിലെ ഒരു പ്രമുഖ വ്യക്തിയെ പ്രസിഡണ്ടായും മറ്റേതെങ്കിലും ഒരാളെ സെക്രട്ടറിയായും മറ്റു ചിലരെ അംഗങ്ങളായും തെരഞ്ഞെടുക്കുന്ന ഒരു മാദ്ദേശിക സമിതി പലപ്പോഴും ഈ ഉദ്ദേശ പൂർത്തിയ്ക്ക് സഹായകമായെന്ന് വരില്ല. ഒന്നുകിൽ കമ്മിറ്റി നിർജ്ജീവമായിരിക്കും. അല്ലെങ്കിൽ കക്ഷി വഴക്കുകളുടെ കൂത്തരങ്ങായിരിക്കും. ആദർശ പ്രേരിതരായ ഒരു കൂട്ടം യുവജനങ്ങൾ അഥവാ പ്രവർത്തനശേഷിയുള്ളവർ ഇതിലിറങ്ങിയാലല്ലാതെ ഈ പ്രവർത്തനം വിജയപ്രമാകില്ല. അത്തരത്തിൽ ആദർശ പ്രേരിതമായൊരു ജനസമൂഹത്തെ വാർത്തെടുക്കുവാൻ വ്യക്തവും ആദർശത്തിൻ്റെ പശ്ചാത്തലത്തിൽ ആവിഷ്ക്കരിച്ചതുമായ ദൈനംദിന കാര്യപരിപാടി വേണ്ടതാണ്. ഈ ആദർശം ഗ്രഹിച്ച് അതിനുവേണ്ടി ആത്മാർപ്പണം ചെയ്യാൻ തയ്യാറായ ഒന്നോ രണ്ടോ ആളുകളെ പ്രാദേശികമായി കണ്ടുപിടിച്ച് പ്രവർത്തനത്തിൻ്റെ ചുമതല അവരെ ഏല്പിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സംഘടിതമായ ജനസമ്പർക്ക പരിപാടിയിലൂടെ ഒരു പത്ത്മുപ്പത് കുടുംബങ്ങളെങ്കിലുമുൾപ്പെട്ട ഒരു ഭക്തജന സമൂഹത്തെ വാർത്തെടുക്കുകയെന്നതായിരിയ്ക്കണം അവരുടെ പ്രഥമലക്ഷ്യം. പ്രാദേശികമായ സമതിയുടെ സജീവമായ അടിസ്ഥാനം ഈ സമൂഹമായിരിയ്ക്കണം. മേൽപറഞ്ഞ പ്രവർത്തകർ അവരുടെ നിത്യസമ്പർക്കവും സേവനവും സ്നേഹപൂർണ്ണമായ നിർബന്ധവും ഉപയോഗിച്ച് നിത്യേന ദർശനം നടത്തുന്ന ഒരു ഗണത്തെ നാട്ടിൽ ഉണ്ടാക്കിയാൽ മാത്രമേ ഒരു സജീവ ക്ഷേത്രസംരക്ഷണ സമിതി ഉടലെടുക്കുകയുള്ളൂ. നിത്യ ക്ഷേത്രദർശനം കൊണ്ട് നമുക്ക് കിട്ടാവുന്ന വ്യക്തിപരവും സാമൂഹ്യവും ഭൗതികവും ആത്മീയവുമായ നാലുതരം നേട്ടങ്ങളെപ്പറ്റി സാമാന്യജനങ്ങളെ ഉദ്ബുദ്ധരാക്കിയാൽ മേൽ പറഞ്ഞത് എളുപ്പത്തിൽ നടത്താവുന്നതേയുള്ളൂ
ഭക്തജനങ്ങൾ നിത്യേന ഒത്തുചേരുന്ന ക്ഷേത്രപരിപാടി.
ഈ പ്രാരംഭ പ്രവർത്തനങ്ങളുടെ ഫലമായി ഒരു പത്തുമുപ്പത് പുരുഷന്മാരും ഏതാണ്ട് അത്രതന്നെ സ്ത്രീകളുമുൾപ്പെടുന്ന കുറച്ച് പേർ നിത്യേന ക്ഷേത്രത്തിൽ ഒത്തുചേരുവാൻ തുടങ്ങുമ്പോഴാണ് ഒരു സജീവ ക്ഷേത്രസംരക്ഷണ സമിതി ഉദയം കൊള്ളുന്നത്. ഒരു പക്ഷേ നിത്യനിദാനചെലവുകളെ പങ്കിട്ടെടുക്കേണ്ടി വരുന്ന ഘട്ടത്തിൽ മാസത്തിലോരോദിവസം ഒരു കുടുംബമെന്ന നിലയിൽ ആ ചുമതല ഏറ്റെടുക്കുവാൻ സൗകര്യമുണ്ടാകട്ടെ എന്ന് കരുതിയാണ് അംഗസംഖ്യ 30 കുടുംബങ്ങളെങ്കിലും വേണമെന്ന് ക്ലിപ്തപ്പെടുത്തിയത്. അങ്ങനെ നിത്യേന ക്ഷേത്രത്തിൽ ഒത്തുചേരുന്ന സമൂഹത്തിന് വ്യക്തിപരമായും സാമൂഹ്യമായും ചില ഗുണഗണങ്ങളെ ഉണ്ടാക്കുവാനുള്ള പരിപാടിയായി ക്ഷേത്രദർശന പരിപാടിയെത്തന്നെയാണിവിടെ ഉപയോഗിക്കുവാൻ പോകുന്നത്. വാസ്തവത്തിൽ ക്ഷേത്രാചാരങ്ങൾ അപ്രകാരം സ്വകര്യപ്പെടുത്തിയ വയാണെന്ന് ആലോചിച്ചാൽ മനസ്സിലാകും. സ്വകര്യമായ ഏതെങ്കിലും പൂജാസമയം ഇതിനായി നമക്ക് തെരഞ്ഞെടുക്കേണ്ടതായിവരും. ആ പൂജാകാലത്തിനു പത്തു പതിനഞ്ചു മിനിറ്റു മുമ്പ്തന്നെ മേൽപറഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായി ആണുങ്ങളും പെണ്ണുങ്ങളുമുൾപ്പെട്ട ഒരു നല്ല ഭക്തജന സമൂഹം ക്ഷേത്രത്തിൽ വന്നുചേരണം. ഗ്രാമങ്ങളിൽ വൈകുന്നേരത്തെ ധീപാരാധനാ സമയമാണിതിന് ഏറ്റവും സൗകര്യമായിട്ടുള്ളത്. ക്ഷേത്രാരാധനയിലെ സാമൂഹ്യവശത്തിനും ഒരു പ്രാധാന്യം ആ സമ്മേളനത്തിൽ കൊടുക്കേണ്ടതാണ്. അതിനായി ചില ചിട്ടകൾ പരിപാലിയ്ക്കുകയും ക്ഷേത്രാന്തരീക്ഷം മാലിന്യങ്ങളൊന്നുമില്ലാതെ ശുദ്ധമായി നിലനിർത്തുവാൻ പരമാവധി പരിശ്രമിക്കുകയും വേണ്ടതാണ്.




അതെ ഭക്തജനങ്ങൾ സംഘടിതമായി ക്ഷേത്രസംരക്ഷണത്തിനായി ഒത്തുകൂടി ഒപ്പം ‘ജ്ഞാനയജ്ഞങ്ങളും സാധാരണക്കാർക്കായി നൽകണം. ഇതു വഴി സനാതനധർമ്മ പരിപാലനവും ‘നന്ദി ഗുരുജി. നമസ്ക്കാരം
സരോജിനി സന്തോഷം
👌👌👌