Friday, December 5, 2025
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (122) ക്ഷേത്രവും സമാജവും - (ഭാഗം -1) ✍പി.എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ – (122) ക്ഷേത്രവും സമാജവും – (ഭാഗം -1) ✍പി.എം.എൻ.നമ്പൂതിരി.

പ്രകൃതിരമണീയമായ കേരളത്തിൻ്റെ പച്ചപിടിച്ച ഗ്രാമഭംഗികൾക്കിടയിൽകൂടി ഗ്രാമീണസൗന്ദര്യത്തിൻ്റെ തൊടുകുറിയെന്നവണ്ണം തലയുയർത്തിനിൽക്കുന്ന നമ്മുടെ ക്ഷേത്രങ്ങൾക്ക് ഒരുകാലത്തെ പ്രതാപൈശ്വര്യങ്ങളുടേയും പിൻ ക്കാലത്തെ വിധിവൈപരീത്യങ്ങളുടേതായ നൂറ്റാണ്ടുകളുടെ കദനകഥകൾ പറയുവാനുണ്ടാകും. ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രപ്രകാരങ്ങൾ, അശ്ലീലവാക്യങ്ങളും രാഷ്ടീയ മുദ്രാവാക്യങ്ങളും എഴുതിവച്ചിരിയ്ക്കുന്ന അതിൻ്റെ അവശേഷിക്കുന്ന ഭിത്തികൾ, പുല്ലും കാട്ടുചെടിയും വളർന്നു നിൽക്കുന്ന ക്ഷേത്ര മുറ്റം, ചോർന്നൊലിച്ചു തകർന്നുവീഴാറായ ശ്രീകോവിൽ അതിനുള്ളിൽ അന്തിവിളക്കുകൊളുത്തി നറുക്കില നിവേദ്യവുമായി പൂജയ്ക്കിരിയ്ക്കുന്ന വയോവൃദ്ധനും പട്ടിണിക്കോലവുമായ ശാന്തിക്കാരൻ, ശ്രീകോവിലിനുമുമ്പിൽ തൊഴുകൈയുയർത്തിപ്പിടിച്ചു നിൽക്കുന്ന വാർദ്ധ്യക്യം ബാധിച്ച രണ്ടോ മൂന്നോ സ്ത്രീ പുരുഷന്മാർ. ഈ ദയനീയചിത്രം കേരളത്തിൻ്റെ മനസ്സാക്ഷിയെ മഥിയ്ക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ട് കാലത്തിലധികമായി. രാജവാഴ്ചയുടേയും പ്രഭുത്വത്തിൻ്റേയും മറ്റുമായ ഭഗ്നചരിത്രാവശിഷ്ടങ്ങളെ കാലത്തിൻ്റെ ചവറ്റുക്കുട്ടയിലേയ്ക്ക് ഒരുകണ്ണീർകണംപോലും ഉതിർക്കാതെ വലിച്ചെറിയാൻ തയ്യാറായ കേരളീയ ജനത മേൽ പറഞ്ഞ ക്ഷേത്രങ്ങളെ അങ്ങനെ കണക്കാക്കുവാൻ കൂട്ടാക്കാതെ പുതുക്കി പണിയുവാനും നന്നായി നടത്തുവാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതിൻ്റെ പിന്നിലുള്ള മന:ശാസ്ത്ര ഘടകങ്ങൾ ചരിത്ര വിദ്യാർത്ഥിയുടെ നികൃഷ്ടമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. ജനതയുടെ അബോധതലത്തിൽ ആദ്യമായി കണ്ട ഈ വികാരവേലിയേറ്റത്തിന് ക്രമേണ ഒരു സംഘടിത ശ്രമമുണ്ടാവുകയും ശ്രീ കെ. പി.  കേശവമേനോൻ, ശ്രീ കേളപ്പൻ, ശ്രീ ടി.നാരായണൻ നമ്പ്യാർ എന്നീ സ്വാതന്ത്ര്യ സമര സേനാനികൾ സമുചിതമായ നേതൃത്വം നൽകുകയും ചെയ്തതിൻ്റെ പ്രകടരൂപമാണ് മലബാർ ക്ഷേത്ര സംരക്ഷണ സമതി എന്നു പറയുന്നതിൽ തെറ്റില്ല. ഈ ആവശ്യം മലബാറിൻ്റേതുമാത്രമല്ല സമസ്ത കേരളത്തിൻ്റേതുമാണെന്നു മനസ്സിലാക്കിയതോടെ അതു കേരള ക്ഷേത്ര സംരക്ഷണസമിതിയായി വികസിച്ചത് അടുത്ത കാലത്താണ്. ചരിത്രപരമായ ഒരു ചോദനയുടെ അടിസ്ഥാനത്തിൽ വളരുവാൻ തുടങ്ങിയ ഈ പ്രസ്താനം ഗ്രാമീണ ക്ഷേത്ര സംരക്ഷണസമതികളുടെ ജനതാമദ്ധ്യത്തിൽ വേരുറയ്ക്കാൻ ആരംഭിച്ചിരിയ്ക്കുന്ന ഈ സന്തർഭത്തിൽ അതിൻ്റെ സൈദ്ധാന്തികമായ പശ്ചാത്തലത്തേയും അതിൽനിന്നും രൂപം കൊള്ളുന്ന ജനകീയ പരിപാടികളേയും പറ്റിയുള്ള ഒരു പ്രാഥമിക പഠനമാണ് ഈ ലേഖനം.

ചരിത്രവസ്തുതകൾ വിരൽ ചൂണ്ടുന്നത്.

നാശോന്മുഖമായി കിടക്കുന്ന നമ്മുടെ ക്ഷേത്രങ്ങളുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ പുറകിലുള്ള ചരിത്രവസ്തുതകളെ നാം ശരിയ്ക്കും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ടിപ്പുവിൻ്റേയും ഹൈദരിൻ്റേയും ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടേയും കാലം മുതൽ ഇതര മതാനുയായികളുടെ സംഘടിതവും അല്ലാതെയുമുള്ള ആക്രമണങ്ങളും മറ്റും ചിലർ ഇതിനു കാരണമായി പറയാറുണ്ട്. അതിനും പുറമേ സ്വാതന്ത്രസമ്പാദനത്തിനും ശേഷമുള്ള ഇന്നത്തെ കാലഘട്ടത്തിൽ നാടിൻ്റെ രാഷ്ട്രീയമണ്ഡലത്തിലുണ്ടായ അഭാരതീയ ദർശനങ്ങളുടെ വർദ്ധമാനമായ സ്വാധീനം അതിൻ്റേതായ പ്രശ്നങ്ങളും സൃഷ്ടിയ്ക്കാതിരുന്നില്ല. ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും സാമൂഹ്യരംഗത്ത് ഒരു വേലിയേറ്റം സൃഷ്ടിച്ചു ഒരു പരിവർത്തനത്തിൻ്റെ തീവ്രത ക്ഷേത്രങ്ങളുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിയ്ക്കുക മത്രമല്ല ക്ഷേത്ര ഭരണത്തെക്കൂടി കൈയടക്കി ക്ഷേത്രപരിസരങ്ങളേയും ഉത്സവങ്ങളേയും മറ്റും വെറും പാർട്ടിപ്രചാരണ രംഗങ്ങളാക്കി അധ:പതിപ്പിയ്ക്കുകകൂടി ചെയ്തിട്ടുണ്ട്. സംസ്ഥാനതലത്തിൽ ദേവസ്വം ഡിപ്പാർട്ട്മെൻ്റിൻ്റേയും ബോർഡുകളുടേയും മറ്റും ഭരണം ക്ഷേത്രവിശ്വാസം തൊട്ടുതെറിച്ചിട്ടില്ലാത്ത തനി രാഷ്ട്രീയക്കാരുടെ കൈകളിൽ അമരുകയും മറ്റൊരു വശത്ത് സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ മറവിൽ ക്ഷേത്രസ്വത്തുക്കൾ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തവിധം അന്യാധീനപ്പെടുകയും ചെയ്തതോടെ പല മഹാക്ഷേത്രങ്ങളിലേയും പൂജാദികർമ്മങ്ങൾക്ക് ലോപം സംഭവിക്കുകയും അവ പൂട്ടിയിടപ്പെടേണ്ടിവരുകയും ചെയ്ത ദുര്യോഗമാണിവിടെ സംഭവിച്ചത്. ഇങ്ങനെ വളരെ സങ്കീർണ്ണമായ നശീകരണ പ്രവർത്തനങ്ങൾക്കിടയിലൂടെയാണ് ഇന്ന് നാം കണ്ടു വരുന്ന ക്ഷേത്രോദ്ധാരണ പ്രവണത ജനതയിൽ നാമ്പെടുത്തതും വളർന്നുവരുന്നതുമെന്ന വസ്തുത നമുക്കേവർക്കും ആശ്വാസം നല്കുന്ന ഒരു അത്ഭുത പ്രതിഭാസമായി വിരാജിയ്ക്കുകയാണിവിടെ.

അങ്ങനെ മതത്തിൻ്റെതായാലും ആദർശത്തിൻ്റേതായാലും ഹൈന്ദ വേതരമായൊരു ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന തകർപ്പൻ ആഘാതങ്ങളുടെ ഫലമായാണ് ഇന്ന് നമ്മുടെ ക്ഷേത്രങ്ങൾ നശിച്ചു കൊണ്ടിരിയ്ക്കുന്നതെന്ന വസ്തുത സത്യത്തിൻ്റെ ഉപരിപ്ലവമായ മുഖം മാത്രമാണ്. സൂക്ഷ്മദൃഷ്ടിയിൽ മേല്പറഞ്ഞ ആക്രമങ്ങളുടെ ഫലമായി ഉണ്ടായ നാശങ്ങളേക്കാൾ എണ്ണത്തിലും വണ്ണത്തിലും വലിയവ ഹിന്ദുസമാജത്തിനകത്തുതന്നെയുള്ള ദുഷ്പ്രവണതകൾ മൂലം സംഭവിച്ചവയാണെന്ന് കാണാം. തൃക്കണാമതിലകമെന്ന പ്രാചീനകേരള ക്ഷേത്രസങ്കേതം എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ഒരവശിഷ്ടം പോലുമില്ലാതെ തകർന്നത് ഊരാളന്മാർ തമ്മിലുണ്ടായ വഴക്കിൻ്റേയും ഒരു വിഭാഗം ബ്രാഹ്മണരുടെ ഉപജാപ പ്രവർത്തനങ്ങളുടേയും ഫലമായിട്ടാണെന്നും അതിൻ്റെ പിന്നിൽ ഹൈന്ദവേതരമായ ഭാഗത്തുനിന്നുണ്ടാകേണ്ട ശ്രമങ്ങളൊന്നുമുണ്ടായിരുന്നില്ലെ

ന്നും ശ്രീ അപ്പൻതമ്പുരാൻ്റെ ഒരു ലേഖനം വ്യക്തമാക്കുന്നുണ്ട്.(റഫറൻസ്: ഗദ്യമാലിക). ഇന്നും ക്ഷേത്ര നശീകരണങ്ങളുടെ സിംഹഭാഗത്തിനും ഉത്തരവാദികൾ ഹിന്ദുക്കളുടെ ഇടയിൽതന്നെയുള്ള സാമൂഹ്യ വിരുദ്ധരാണെന്ന് കാണാൻ പ്രയാസമില്ല. അക്കൂട്ടരെ സാമൂഹ്യ വിരുദ്ധരാണെന്ന് പറയുന്നത് കുറച്ച് കടന്ന പദപ്രയോഗമായിരിയ്ക്കാമെങ്കിയും ഇന്ന് അത് വാസ്തവംതന്നെയാണ്. പലപ്പോഴും ക്ഷേത്ര വിശ്വാസങ്ങളുടെ ഇടയിൽതന്നെയുള്ള കടുത്ത യാഥാസ്ഥിതികന്മാരും പാരമ്പര്യത്തിൻ്റെ ഏതെങ്കിലും വിധത്തിലുള്ള ശക്തി അവകാശപ്പെടുന്നവരും ആയിരിയ്ക്കും അവർ. അത്തരം ഊരാളന്മാരുടേയും ട്രസ്റ്റിമാരുടേയും ദുർഭരണത്തിൻ കീഴിൽ എത്രയെത്ര ക്ഷേത്രങ്ങളാണ് നാമാവിശേഷമായത്! എത്രയെത്ര ക്ഷേത്ര സ്വത്തുക്കൾ അല്പം ചില്ലി കാശിൻ്റെയും കള്ളിൻ്റെയും മറ്റും ലഹരിയിൽ അന്യാധീനപ്പെട്ടില്ല്യേ? അങ്ങനെ സർവ്വസ്വം നശിച്ചു തറപ്പറ്റിയ ക്ഷേത്രമാണെങ്കിലും എന്തു ചെയ്തും ആ ക്ഷേത്രത്തെ സമുദ്ധരിയ്ക്കുവാൻ നാട്ടുകാർ സംഘടിച്ചു മുന്നോട്ടുവരുമ്പോൾ ഇത്തരക്കാർ എന്തെല്ലാം വിഷമങ്ങളാണ് ഇന്നും സൃഷ്ടിക്കാറുള്ളത്. ക്ഷേത്രസംരക്ഷണസമതികളേപോലും ഇത്തരക്കാർ സൗകര്യപൂർവ്വം തങ്ങളുടെ വൃത്തികെട്ട ഉപജാപങ്ങൾക്ക് ആയുധമാക്കാറില്ല്യേ? വാസ്തവത്തിൽ കുടുംബവഴക്കുകൾ, ജാതി കുശുമ്പുകൾ, രാഷ്ട്രീയ കടിപിടികൾ തുടങ്ങി ഒരു അസംഘടിത സമുദായത്തിൽ ഉണ്ടാകുന്ന, തീർത്താൽ തീരാത്ത, ഒട്ടു വളരെ പുഴുക്കുത്തുകൾ ക്ഷേത്രകാര്യങ്ങൾക്കിടയിൽക്കിടന്ന്, ചീഞ്ഞുനാറി ഒരുതരം രോഗാവസ്ഥ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് ക്ഷേത്രനശീകരണത്തിൻ്റെ ഉത്തരവാദിത്വം മുഴുവനും അഹിന്ദുക്കളുടെ മേലും ഗവൺമെൻ്റിൻ്റെ പേരിലും വച്ചുകെട്ടുന്നത് ചരിത്ര വിജ്ഞാനത്തിൻ്റെ പാപ്പരത്തത്തെ മാത്രമേ സൂചിപ്പിയ്ക്കുന്നുള്ളൂവെന്ന് പറയാതെ തരമില്ല.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

3 COMMENTS

  1. നമസ്ക്കാരം ഗുരുജി. അസംഘടിതമായ ഹിന്ദു സമൂഹത്തിൻ്റെ ഒരു വശം മാത്രമാണ് നാം ക്ഷേത്രങ്ങളിലൂടെ ദർശിക്കുന്ന ‘ദയനീയമായ അവസ്ഥ. ഒരു സംഘടിതശക്തിയായി ഉണരാൻ ഇനിയും ഹിന്ദുക്കൾക്ക് കഴിയുന്നില്ല. രാഷ്ട്രീയ താല്പര്യങ്ങൾക്കും സ്വന്തം നേട്ടത്തിനും മാത്രം പ്രാമുഖ്യം നൽകുന്ന അവരെ ചങ്ങലയ്ക്കിട്ടെന്നോണം വേണ്ടപ്പെട്ടവർ മുതലെടുപ്പ് നടത്തുന്നു. ഇന്നു നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളെ അവർ പുച്ഛിച്ചുതള്ളുന്നു. വളരെ ചിന്തനീയവും പ്രാധാന്യമേറിയതുമാണ് ഈ വിഷയം. നന്ദി ഗുരുജി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com