Logo Below Image
Thursday, March 27, 2025
Logo Below Image
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (104) ക്ഷേത്രാചാരങ്ങൾ - (ഭാഗം - 3) പ്രദക്ഷിണതത്ത്വം.

അറിവിൻ്റെ മുത്തുകൾ – (104) ക്ഷേത്രാചാരങ്ങൾ – (ഭാഗം – 3) പ്രദക്ഷിണതത്ത്വം.

പി.എം.എൻ.നമ്പൂതിരി.

ക്ഷേത്രദർശനം നടത്തുന്ന എല്ലാ ഭക്തരും ചെയ്യുന്ന ഒരു ചടങ്ങാണല്ലോ ക്ഷേത്ര പ്രദക്ഷിണം വെയ്ക്കുക എന്നത്. ദേവനെ ഒരു കേന്ദ്രബിന്ദുവായി കല്പിച്ച് അതിനു ചുറ്റും ഘടികാരത്തിൻ്റെ സൂചികൾ കറങ്ങുന്ന ക്രമമനുസരിച്ച് വർത്തുള്ള കാരത്തിൽ സാവധാനം നടന്നുനീങ്ങുക എന്നതത്രേ പ്രദക്ഷിണം. ദേവപ്രീതികരണമാണെന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ശ്രീകോവിലിനുചുറ്റും ഇന്ദ്രാദി ദ്വിക്പാലകന്മാരേയും മറ്റു ചില ദേവന്മാരേയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകൾ കാണാം. ആ ബലിക്കല്ലുകൾ വരെയുള്ള സ്ഥലത്തെയാണ് അന്തഹാര അഥവാ അന്തർമണ്ഡലം എന്ന് വിവരിയ്ക്കുന്നത്. അതിനു പുറത്തുകൂടി വേണം പ്രദക്ഷിണം വെയ്ക്കുവാൻ എന്നാണ് വിധി.

ഭക്തൻ അതായത് ദീക്ഷിതൻ ഗർഭഗൃഹത്തെയല്ല ലോകപാലപ്രതിഷ്ഠചെയ്ത അന്തർമണ്ഡലത്തെയാണ് പ്രദക്ഷിണം വെയ്ക്കേണ്ടത്. അങ്ങനെ ചെയ്ത പ്രദക്ഷിണത്തിൻ്റെ മൂന്നു മടങ്ങ് ഫലം കിട്ടുന്നതാണ് നലമ്പലത്തിനെ വലതു വെച്ചാൽ. പുറത്തെ ബലിക്കല്ലുകളുടേയും പുറത്തു കൂടി ക്ഷേത്രത്തിൻ്റെ മതിൽ കെട്ടിൻ്റെ പുറമേക്കൂടി പ്രദക്ഷിണം വെച്ചാൽ ആദ്യത്തേതിൻ്റെ നാലിരട്ടിഫലം കിട്ടുന്നതാണ്. മഹാമര്യാദ അഥവാ വലിയമതിൽ കെട്ടിൻ്റെ പുറത്തുകൂടി മുഴുവനായി പ്രദക്ഷിണം വെച്ചാൽ നൂറിരട്ടി ഫലവും ലഭിക്കുമെന്നാണ് ശാസ്ത്രം. അന്തർമണ്ഡലമെന്നതു ദേവൻ്റെ മുഖത്തേയും സൂക്ഷ്മമായ മാനസിക ശരീരത്തേയും നാലമ്പലവും മതിൽകെട്ടും അരവരെയുള്ള വിഭാഗങ്ങൾ ഉൾപ്പെട്ടതുമായ ദേവൻ്റെ സ്ഥൂലസൂക്ഷ്മാദി ദേഹ സമുച്ചയത്തേയും സൂചിപ്പിക്കുന്നു.

പ്രദക്ഷിണപദത്തിൻ്റെ വ്യുൽപത്തി

പ്രദക്ഷിണപദ വ്യുൽപത്തിയെ കുറിച്ച് അംശുമതി ആഗമം ഇങ്ങനെ പറയുന്നു.

“”പ്ര”ഛിദ്യതി ഭയാ സർവ്വേ “”ദ” കാരോ മോക്ഷ സിദ്ധിദ:

“”ക്ഷി” കാരോത്ക്ഷീയതേ രോഗോ  “”ണ” കാരം  ശ്രീ പ്രദായകം

പ്രദക്ഷിണാർണ്ണ സയോഗാത് പ്രദക്ഷിണമിതി സ്മൃതം.

അതായത് , സർവ്വ ഭയങ്ങളെയും നശിപ്പിയ്ക്കുന്നത് എന്നർത്ഥം വരുന്ന “പ്ര” എന്ന അക്ഷരവും മോക്ഷദായകമായ “ദ”കാരവും രോഗ നാശകമായ “ക്ഷി”കാരവും ഐശ്വര്യപ്രദമായ “ണ”കാരവും കൂടിച്ചേർന്നതാണ് പ്രദക്ഷിണമെന്നത്രേ.

എങ്ങനെയാണ് പ്രദക്ഷിണം വെയ്ക്കേണ്ടത്.’

പദാത് പദാന്തരം ഗച്ഛേത് കരൗ ചലനവർജ്ജിതൗ

സ്തുതിർവാചി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം

എന്ന് അതേ ആഗമം തുടരുകയാണ്. ഇളകാതെ രണ്ടു ഭാഗങ്ങളിലും കൈകൾ വെച്ചുകൊണ്ട് അതത് ദേവൻ്റെ സ്തോത്രങ്ങൾ ഉച്ചരിച്ചു കൊണ്ട് ഹൃദയത്തിൽ ദേവൻ്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പദത്തിൽനിന്നും മെല്ലെമെല്ലെ പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം എന്നാണ് മുകളിൽ കൊടുത്ത ശ്ലോകത്തിൻ്റെ അർത്ഥം.പ്രദക്ഷിണത്തിനിങ്ങനെ നാലംഗങ്ങൾ ഉണ്ടെന്ന് സാരം. എങ്ങനെയാണ് പ്രദക്ഷിണസമയത്ത് നടക്കേണ്ടത് എന്നതിൻ്റെ ചിത്രംകൂടി അംശുമതി ആഗമനത്തിൽ തുടർന്ന് പറയുന്നുണ്ട്.

ആസന്ന പ്രസവാ നാരീ തൈലപൂർണ്ണം യഥാ ഘടം

വഹന്തീശനകൈര്യാതി തഥാ കുര്യാൽ പ്രദക്ഷിണം.

പ്രസവം അടുത്തവളായ സ്ത്രീ തലയിൽ എണ്ണ നിറച്ച ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ധൃതിയായി ഓട്ടപ്രദക്ഷിണം നടത്തുന്നത് അനാശാസ്യമെന്നാണ് അവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്. ഭക്തിപരവശന്മാരായുള്ളവർ സ്വന്തം ദേഹത്തെ ആകമാനം നിലത്തു കിടത്തി ശയനപ്രദക്ഷിണവും നിർവ്വഹിക്കാറുള്ളത് ഓർക്കുക. കുർത്തുമൂർത്ത കല്ലുകളിലും മറ്റും തട്ടിക്കൊണ്ട് പോകുന്ന ഈ പ്രദക്ഷിണം ഈശ്വരപ്രീതിയ്ക്കു വേണ്ടിയുള്ള ദീർഘമായ സാധനാമാർഗ്ഗത്തെയാണ് ഇവിടെ അനുസ്മരിപ്പിയ്ക്കുന്നത്.

പ്രദക്ഷിണകാല വിധികൾ

(പ്രദക്ഷിണകാലത്തെക്കുറിച്ചും വിധികളുണ്ട്)

കാലത്തു ചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മദ്ധ്യഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സർവ്വാഭീഷ്ടദായകവും സായാഹ്ന കാലത്ത് ചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അർദ്ധരാത്രി ചെയ്യുന്നത് മുക്തിപ്രദായകവുമത്രേ. ( ഇതേ അംശുമതി ആഗമത്തിൽ പറയുന്നുണ്ട്.)

സൂര്യോദയം സമാരംഭ്യ യാവദസ്തം രവേർഭവേത്

താവത് പ്രദക്ഷിണം കൃത്വാ സർവ്വാൻ കാമാനവാപ്നുയാത്

സൂര്യോദയം മുതൽ അസ്തമയം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണവ്രതത്താൽ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു എന്ന്.

പ്രദക്ഷിണങ്ങളുടെ എണ്ണം

പ്രദക്ഷിണത്തിൻ്റെ എണ്ണത്തെപ്പറ്റി സ്ഥായംഭുവാഗമം ഇങ്ങനെ പറയുന്നു.” ഏക വിംശതി സംഖ്യാകമുത്തമം തു പ്രദക്ഷിണം ” 21 പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രേ ഏറ്റവും ഉത്തമമായിട്ടുള്ളത്. എന്നാൽ സ്മൃതി വചനത്തിൽ പറയുന്നത് ഗണപതിയ്ക്ക് ഒന്നും സൂര്യന് രണ്ടും ശിവന് മൂന്നും ദേവിയ്ക്കും വിഷ്ണുവിനും നാലും ആലിന് ഏഴും പ്രദക്ഷിണങ്ങൾ ഉത്തമങ്ങളാണെന്നാണ്.

എന്നാൽ ബ്രഹ്മനാരദീയയത്തിൽ ഇങ്ങനെ പറയുന്നു.” ഒന്നാമത്തെ പ്രദക്ഷിണംകൊണ്ട് ബ്രഹ്മഹത്യാതി പാപങ്ങൾ മുഴുവൻ നശിക്കുമെന്നും രണ്ടാമത്തേതു കൊണ്ട് ദേവനെ ആരാധിയ്ക്കുവാൻ അധികാരി ആകുമെന്നും മൂന്നാമത്തേതു കൊണ്ട് ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധി നേടുമെന്നും പറയുന്നു.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

5 COMMENTS

  1. ക്ഷേത്ര പ്രദക്ഷിണ വുമായി ബന്ധപ്പെട്ട നല്ല ലേഖനം

  2. നല്ല അറിവ് ഗുരുജി. പ്രദക്ഷിണത്തെ കുറിച്ച് ഭംഗിയായി അറിയാൻ കഴിഞ്ഞു. അതിൻ്റെ അത്ഥവും അത് എങ്ങനെ വേണമെന്നും എത്ര പ്രാവശ്യം വേണമെന്നും അഖണ്ഡ ഹാരത്തിലും നാലമ്പലത്തിലും മതിൽകെട്ടിനകത്തും അതിനു പുറത്തുള്ള പ്രദക്ഷിണത്തിൻ്റേയും എല്ലാം ഫലങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഗുരുജി നമസ്ക്കാരം

  3. ക്ഷേത്ര പ്രദക്ഷിണ വുമായി ബന്ധപ്പെട്ട നല്ല ലേഖനം.നമസ്കാരം ഗുരുജി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments