-
ചിത്രകല ക്ഷേത്രങ്ങളിൽ:-
ദൃശ്യകലകളിൽ സുപ്രധാനമായ ഒന്നാണല്ലോ ചിത്രമെഴുത്ത്. കേരളത്തിലെ ക്ഷേത്ര ചുമരുകളിലും മേൽക്കൂരകളിലും അതി മനോഹരമായ രീതിയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള Mural painting ഒരു പ്രധാന പാഠ്യവിഷയം തന്നെയാണ്. ഇതേ സംഗതി നമ്മുടെ കളമെഴുത്ത് പാട്ടിലും വരുന്നുണ്ട്. ഭദ്രകാളി, അയ്യപ്പൻ, വേട്ടക്കാരൻ തുടങ്ങിയ ദേവീദേവന്മാരുടെ വർണ്ണോജ്ജ്വലങ്ങളായ ചിത്രങ്ങൾ ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങിയ പൊടികൾ മാത്രം ഉപയോഗിച്ച് വരച്ച് അവയെ വിധിപ്രകാരം അരാധിച്ച് ഉദ്വസിച്ച് നർത്തന വിധി പ്രകാരം മാച്ചുകളഞ്ഞ് പ്രസാദവിതരണം ചെയ്യുന്ന രീതിയാണിതിനുള്ളത്. ഒരൊറ്റ കമ്പിയുള്ള ഒരു വീണയുടെ സഹായത്തോടെ തോറ്റംപാട്ടുകൾ എന്ന ദേവീദേവ കഥാഭാഗങ്ങൾ ഇവിടെ പാടുന്നു. ദാരിക വധമാണ് ഏറെക്കുറേ കഥാഭാഗങ്ങൾ. ഇതേ ദാരികവധത്തെ അനുസ്മരിപ്പിക്കുന്ന മുടിയേറ്റ് എന്ന നാടകാഭിനയവും ക്ഷേത്രങ്ങളിൽ നടത്തിവരുന്നത് ഇത്തരുണത്തിൽ അനുസ്മരിക്കട്ടെ! ഭദ്രകാളി ക്ഷേത്രങ്ങളിൽ തെക്കൻ ദിക്കുകളിൽ നടത്തിവരുന്ന അനുഷ്ഠാനങ്ങളിൽ പ്രധാനമായ ഒന്ന് പടയണി എന്ന നാടൻ കലയാണ്.
ശില്പകലകൾ നിറഞ്ഞ ക്ഷേത്രഭാഗങ്ങൾ
ശില്പശാസ്ത്രം കലയോ ശാസ്ത്രമോ എന്ന് തിട്ടപ്പെടുത്താൻ സാധിയ്ക്കുന്ന ഒന്നല്ല. കണക്കൊപ്പിച്ചു നിർമ്മിച്ച പ്രാസാദത്തിലും നമസ്ക്കാരമണ്ഡപത്തിലും മറ്റും കൊത്തിവെച്ച വിഗ്രഹങ്ങളും രാമായണാദികഥാഭാഗങ്ങളും അഷ്ടദിഗ്ഗജങ്ങളുടെയും മറ്റും ചിത്രങ്ങളും അതീവഭാവാത്മകങ്ങളും ഏതൊരു കഥാപ്രേമിയേയും ആനന്ദമഗ്നനാക്കുന്നതുമാണ്. ഇത്തരം കൊത്തുപണികളാൽ അലംകൃതമായിരിയ്ക്കും ജനലുകളും വാതിലുകളും. ഇവയെപ്പറ്റി വിശദവിവരങ്ങൾ ശില്പശാസ്ത്രത്തിൽ കാണാൻ കഴിയും. അവ കൊത്തിയെടുക്കുന്ന ആശാരിമാർ ഇപ്പോൾ വിരളമാണ്. കേരളത്തേക്കാൾ ഈ ഒരു ശില്പശാഖ ഭാരതത്തിൻ്റെ ഇതര സംസ്ഥാനങ്ങളിൽ വളർന്ന് വികസിച്ചിട്ടുള്ളതായി കാണാൻ കഴിയും. രാമേശ്വരത്തേയും മധുരയിലേയും മറ്റും ഗോപുര ശില്പങ്ങളും ആയിരംകാൽ മണ്ഡപങ്ങളും ഇതിനു ഉത്തമോദാഹരണങ്ങളാണ്.
പാചകകലയുടെ വികാസം
ഇനിയും എത്രയെത്ര കലാപരമായ രൂപങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇന്ന് വികാസം പ്രാപിച്ചിരിക്കുന്ന പാചകകല യുടെ ആരംഭം ക്ഷേത്രമായിരിക്കണം. അമ്പലപ്പുഴ പാൽപായസം കൊട്ടാരക്കര അപ്പം തുടങ്ങിയ അനന്യസാധാരണങ്ങളായ പാചക കലാശില്പങ്ങൾ ദേവനുള്ള നിവേദ്യ സമർപ്പണത്തിനായി മനുഷ്യൻ പ്രയത്നിയ്ക്കുമ്പോൾ വളരെയധികം പരിപക്വതയും പരിപൂർണ്ണതയും പ്രാപിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. ഇന്നും നല്ല പാചക വിദഗ്ധരെ കിട്ടുന്നത് ബ്രാഹ്മണസമുദായത്തിൽ നിന്നാണെന്ന സത്യം ഈ കലാവിദ്യയും ക്ഷേത്രാചാരങ്ങളും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്.
ദൃശ്യകലകളുമായി ബന്ധപ്പെട്ട ഒന്നാണ് ആനയും ആനച്ചമയങ്ങളും. ഇങ്ങനെ നോക്കിയാൽ എണ്ണമറ്റ കലാവിദ്യകൾ ക്ഷേത്രത്തോടനുബന്ധിച്ച് വളർന്നു വന്നതായി കാണാൻ കഴിയും. പൗരാണിക ഭാരതത്തിൽ ക്ഷേത്രങ്ങളായിരുന്നു സാഹിത്യ സമ്മേളന കേന്ദ്രങ്ങൾ. പതിനെട്ടരക്കവികളുടെ അരങ്ങായ തളിക്ഷേത്രവും സഹസ്രാബ്ദങ്ങൾക്കു മുമ്പ് തമിഴ്സംഗം നടന്നിരുന്ന മധുരമീനാക്ഷി ക്ഷേത്രവും ഇവിടെ അനുസ്മരിക്കേണ്ടവതന്നെയാണ്. ചുരുക്കത്തിൽ ജനജീവിതം മുഴുവനായും ഭാരതീയസംസ്ക്കര കേന്ദ്രത്തിന് ചുറ്റുമായി ഭ്രമണം ചെയ്തിരുന്നുവെന്നും (ഈ സംസ്ക്കാരകേന്ദ്രം ക്ഷേത്രമായിത്തീരുമ്പോൾ) ഭരണാധികാരികളും കലാകാരന്മാരും ശാസ്ത്രവിദഗ്ധരും ക്ഷേത്രത്തെ ചുറ്റിപ്പറ്റി അവരുടെ ശാഖകളുടെ വികാസം സാധിയ്ക്കുകയാണ് ഉണ്ടായത് എന്ന് മനസ്സിലാക്കാം. ഇന്നും ആ നില തുടർന്നുവരുന്നുവെന്നുള്ളതും പുതിയ കലാരൂപങ്ങൾ ഇടയ്ക്കിടെ അവതരിപ്പിക്കുന്നുവെന്നുള്ളതും ശുഭോദർക്കമായ കാര്യമാണ്. ക്ഷേത്രം സുരക്ഷിതമായാൽ കലയും ശാസ്ത്രവും ഭാരതീയ പാരമ്പര്യത്തിൽ ലോകത്തെ വിസ്മയിപ്പിക്കുമാറ് ഇവിടെ തഴച്ചുവളരുക തന്നെ ചെയ്യും.
(ഈ ഭാഗം ഇവിടെ അവസാനിച്ചു.)
ക്ഷേത്രങ്ങളിലെ ശിൽപ്പകലയേയും ,ചിത്രകലയും, പാചക കലയെയും കുറിച്ച് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
നല്ലറിവുകൾ
നല്ല അറിവ്
Super
ഓം നമോ നാരായണായ നമഃ നന്നായിട്ടുണ്ട് ആശംസകൾ
അതെ ഗുരുജി, ചിത്രമെഴുത്ത്’കളമെഴുത്ത്, കളം മായ്ക്കൽ ‘വീണ, തോറ്റം പാട്ടുകൾ, മുടിയേറ്റ്, പടയണി, ഗോപുര ശില്പങ്ങൾ പാചക കല, ആനച്ചമയങ്ങൾ, പതിനെട്ടര കവികൾ, സാഹിത്യ സമ്മേളനങ്ങൾ, തമിഴ് സംഗം, തുടങ്ങി ചെറുതും വലുതുമായ അനേകം കലാരൂപങ്ങൾ ക്ഷേത്രത്തെ അടിസ്ഥാനമാക്കി ഇന്നും വളർന്നു കൊണ്ടേയിരിക്കുന്നുവെന്നും അതിനാൽ തന്നെ ക്ഷേത്രങ്ങൾ സുരക്ഷിതമാവണമെന്നം ഗുരുജി ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു. ‘നന്ദി ഗുരുജി നമസ്ക്കാരം ‘
വളരെ നന്നിയുണ്ട് എല്ലാവർക്കും അയച്ചു കൊടുത്ത് എല്ലാവരിലും എത്തിച്ചാൽ നല്ല ഒരു അറിവാണ്. ഹരേ കൃഷ്ണ

Thanks for info
Very informative


എല്ലാവരുടേയും അഭിപ്രായം വായിച്ചു.ഒരുപാട് സന്തോഷമായി. സ്നേഹം -നന്ദി
Great. തുടർന്നും നല്ല ലേഖനങ്ങൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ