Friday, December 5, 2025
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം രണ്ട്) 'ഏറുമാടത്തിൽ' ✍ സോഫിയാമ്മ ജോസ്,...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം രണ്ട്) ‘ഏറുമാടത്തിൽ’ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

അധ്യായം രണ്ട്: ഏറുമാടത്തിൽ

ആറേഴു കിലോമീറ്റർ ദൂരത്താണ് അവതക്കുന്ന്. ആളുകൾ വനം വെട്ടിപ്പിടിച്ച് എടുത്ത ‘എൻക്രോച്ച് ‘ മേഖലയാണ് അത്. അവിടെയൊക്കെ അതിരുകെട്ടി തിരിച്ച് കുരുമുളകും തെരുവയും മറ്റും കൃഷി ഇറക്കിയിട്ടുണ്ട്. വന്യജീവികളുടെ ശല്യം കാരണം കപ്പയും വാഴയും പോലുള്ള ഭക്ഷ്യവിഭവങ്ങൾ വീടിനോട് ചേർന്നുമാത്രമേ കൃഷി ചെയ്യാറുള്ളൂ

കയറ്റം കയറിച്ചെന്ന് പൂത്തു നിൽക്കുന്ന വാകമരത്തിന്റെ തണലിൽ അല്പം നിൽക്കുമ്പോൾ കാപ്പിപ്പൂവിന്റെ ഗന്ധമുള്ള കാറ്റ് അവനെ തഴുകി. അത് അവന്റെ വിഷാദ ഭാവം മായ്ച്ച് അവിടെ ഒരു പുഞ്ചിരി വരച്ചു ചേർത്തു.

“അപ്പുക്കുട്ടാ നടന്നു മടുത്തോ?”

കയറ്റം കയറിവരുന്ന അപ്പുക്കുട്ടനെ കണ്ട് അടുത്ത വീട്ടിലെ ഭവാനിത്തള്ള ചോദിച്ചു.

അവൻ തോൾ കുലുക്കി ഇല്ലെന്ന് തലയാട്ടി.എന്നാലും ചെറിയ കിതപ്പും ദാഹവുമുണ്ട്.

” മോരും വെള്ളം എടുക്കട്ടെ? ”

ഭവാനിത്തള്ളക്ക് രണ്ടു പശുക്കളുണ്ട്. അവർ നെയ്യ് വിൽക്കും. ബാക്കി വരുന്ന മോര് അയൽപക്കക്കാർക്ക് വെറുതെ കൊടുക്കും.

‘വേണ്ട’ എന്നു പറഞ്ഞുകൊണ്ട് അപ്പുക്കുട്ടൻ വേഗത്തിൽ നടന്നു.

അവിടെ നിന്നാൽ അവർ സ്നേഹപൂർവ്വം മോരും വെള്ളം കുടിപ്പിക്കും.
ദാഹം ഇല്ലാഞ്ഞിട്ടല്ല. അവരുടെ ഇടതു കൈയിൽ വട്ടച്ചൊറിയുണ്ട്.അപ്പുവിന് അത് കാണുമ്പോൾ അറപ്പ് വരും . പണ്ട് അവരുടെ മോരുംവെള്ളം ഒരുപാട് കുടിച്ചിട്ടുണ്ട്.നല്ല രുചിയാണ്. കറിവേപ്പിലയും ഒക്കെ ഇട്ട്.

അന്നൊന്നും വട്ടച്ചൊറി ശ്രദ്ധിച്ചിട്ടില്ല. അടുത്ത യിടയായിട്ടാണ് കുടിക്കാതെ യായത്.
എന്നാലും ഭവാനി ത്തള്ളയെ അവന് ഇഷ്ടമാണ്.

ചെന്നപാടെ ഏറുമാടത്തിലെ ചാക്കു കട്ടിലിൽ കയറി കിടന്നു. ‘ഇന്ന് അവധി ദിവസമായത് എത്ര നന്നായി’.
കുരുമുളക് ചെടികൾ കയറ്റി വിട്ട മുരിക്കുകൾ എല്ലാം പൂത്തിരിക്കുന്നു.ഭംഗിയുള്ള ചുവന്ന പൂക്കൾ.അവയെ നോക്കിയിരിക്കവേ അപ്പു ചിന്തയിലാണ്ടു.

മൂന്നുവർഷം മുമ്പ് അമ്മ വാങ്ങിത്തന്ന “പൂമ്പാറ്റ” ഷർട്ട് നിറം മങ്ങി അയയിൽ കിടപ്പുണ്ട്. അന്ന് താൻ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.ആ ഷർട്ട് കാണുമ്പോഴൊക്കെ അമ്മയോടുള്ള സ്നേഹത്താൽ ഹൃദയം തുടിക്കും.

.’ താൻ അത് ഒരിക്കലും കളയില്ല ‘

അത് പഴന്തുണിയാണെന്നും പറഞ്ഞ് കൈയ്ക്കല പിടിക്കാൻ എടുക്കാൻ സാധ്യതയുള്ളതിനാലാണ് ഇവിടെ ഏറുമാടത്തിൽ കൊണ്ടുവന്നു വെച്ചിട്ടുള്ളത്. അണ്ണാച്ചിയുടെ കടയിൽ നിന്നും വാങ്ങിക്കുമ്പോൾ എന്തു ഭംഗിയായിരുന്നു.കടയിൽ ചില്ലുപെട്ടിയിലിരിക്കുന്ന ഉടുപ്പിന് വേണ്ടി ശാഠ്യം പിടിച്ചിരുന്നത് അവൻ ഓർത്തു . എല്ലാദിവസവും അത് വിറ്റുപോയോ എന്ന് നോക്കാൻ അണ്ണാച്ചിയുടെ കടയിലേയ്ക്ക് ഓടുമായിരുന്നു. ഗത്യന്തരമില്ലാതെ അമ്മ അണ്ണാച്ചിയോട് പറഞ്ഞു.

” അണ്ണാച്ചീ,ആ ഉടുപ്പ് മാറ്റിവച്ചേര്.ഞാൻ രൂപ തന്നു വാങ്ങിക്കോളാം. ”

‘ആളു വന്നാൽ ഞാൻ കൊടുക്കും ”
അണ്ണാച്ചി പറഞ്ഞു.

ഉടുപ്പിന് 15 രൂപയാണ്. അണ്ണാച്ചിക്ക് അഞ്ചു രൂപ കൊടുത്ത് ഉടുപ്പ് പൊതിഞ്ഞുവയ്പ്പിച്ചിട്ടാണ് അന്ന് താൻ അമ്മയോടൊപ്പം മടങ്ങിപ്പോന്നത്.
പിന്നെ അമ്മയെ സ്വൈര്യം കെടുത്തിയാണ് ഒരാഴ്ച കഴിഞ്ഞപ്പോൾ ബാക്കി രൂപകൂടി കൊടുത്ത് ഉടുപ്പ് വാങ്ങിക്കൊണ്ടുവന്നത്. എന്നിട്ടും രണ്ടര രൂപയുടെ കുറവുണ്ടായിരുന്നു.

ആദ്യമായി അതിട്ടു പോയ ദിവസമായിരുന്നു, പ്രഭുദേവിന്റെ അച്ഛന്റെ കാറിൽ കയറാൻ അവസരം കിട്ടിയത്.താൻ എന്നും കൊതിയോടെ നോക്കി നിൽക്കാറുള്ള അംബാസഡർ കാർ.അന്ന് പ്രഭുവിന്റെ പിറന്നാൾ ആയിരുന്നു. കൂട്ടുകാർക്കുള്ള മിഠായിയുമായി അവന്റെ അച്ഛനാണ് അവനെ സ്കൂളിൽ കൊണ്ടുവിടാൻ വന്നത്.വഴിയിൽ വച്ച് തന്നെയും തങ്കപ്പനെയും കാറിൽ കയറ്റുകയുണ്ടായി. കാറിനുള്ളിൽ ഏതോ പൂക്കളുടെയോ മറ്റോ വിശിഷ്ടമായ ഒരു സുഗന്ധമാണ്. തനിക്കും തങ്കപ്പനും അന്ന് മിഠായിയും കിട്ടി.
അങ്ങനെ തന്റെ ഭാഗ്യത്തിന്റെ ഉടുപ്പാണത്. അത് കളയാനൊക്കുമോ ?

താനും വളരുമ്പോൾ ഒരു കാർ വാങ്ങും.
പ്രഭുവിന്റെ അച്ഛന്റെതുപോലുള്ള ഒരു കറുത്ത കാർ. അതിൽ ചാരി നിൽക്കുന്നത് ആരാണ്? പുതിയ പാന്റ്സും വലിയ പൂമ്പാറ്റ ഷർട്ടും ഇട്ട് നിൽക്കുന്ന ചെറുപ്പക്കാരൻ?

അനന്തപത്മനാഭൻ എന്ന അപ്പു.

അതെ താൻ തന്നെ.

സ്വന്തം നെഞ്ചിലിരുന്ന കയ്യെടുത്ത് മുടി മാടിയൊതുക്കവേ അവന്റെ മുഖം ഒരു മന്ദഹാസത്താൽ തിളങ്ങി.

പലതും ചിന്തിച്ച് ഉറങ്ങിപ്പോയത് അറിഞ്ഞില്ല. കണ്ടത്തിൽ ആറ്റകളുടെ “കലപില” ശബ്ദം കേട്ടാണ് ഉണർന്നത്.ഏറുമാടത്തിന്റെ കുറ്റിയിൽ കെട്ടിയിരിക്കുന്ന കാട്ടുവള്ളിയുടെ അറ്റത്ത് പാട്ട കെട്ടിയിട്ടിട്ടുണ്ട്.അകത്തിരുന്ന് വള്ളിയിൽ പിടിച്ചു വലിച്ചാൽ ആ പാട്ട കൊട്ടി ശബ്ദമുണ്ടാകും. അങ്ങനെയാണ് ആറ്റയെ ഓടിക്കുന്നത്. അപ്പു പാട്ട കൊട്ടിയിട്ട് താഴെയിറങ്ങി.

വെയിലാറാൻ തുടങ്ങിയിട്ടില്ല. കഴിഞ്ഞവർഷം കൃഷി ചെയ്ത് പറിച്ചെടുത്ത മധുരക്കിഴങ്ങിന്റെ കാലായിൽ ചെറിയ തളിർപ്പുകൾ തല പൊക്കിയിട്ടുണ്ട്. അത് മാന്തി നോക്കിയാൽ ചിലപ്പോൾ ചില കിഴങ്ങുകൾ കിട്ടാറുണ്ട്. വാക്കത്തി മുനകൊണ്ട് വെറുതെ കിള്ളി നോക്കിയെങ്കിലും ഒരു ചെറിയ മധുരകിഴങ്ങാണ് ആകെ കിട്ടിയത്.അത് തോർത്തുകൊണ്ട് തുടച്ച് കടിച്ചു തിന്നുകൊണ്ട് അവൻ അമ്പാടിയുടെ വീട്ടിലേക്ക് നടന്നു.

പറമ്പിന്റെ അതിരോട് ചേർന്നാണ് അമ്പാടിയുടെ വീട്.അവന്റെ അമ്മയും ചേച്ചിമാരും തേയില ത്തോട്ടത്തിൽ കൊളുന്തു നുള്ളാൻ പോയിരിക്കുകയാണ് . അവനും അനിയത്തിയും മാത്രമേ വീട്ടിലുണ്ടാവാറുള്ളൂ. അവരും ഇടയ്ക്കൊക്കെ ആറ്റയെ ഓടിക്കാൻ അപ്പുവിന്റെ ഏറുമാടത്തിൽ വരാറുണ്ട്.

അമ്പാടിയുടെ വീടിന്റെ പിന്നാമ്പുറത്ത് ഇഞ്ചിക്കൃഷിയുണ്ട്.അതോടൊപ്പം വെള്ളരിയും കാച്ചിലും കോലിൽ കയറ്റി വിട്ടിട്ടുണ്ട്. ഇഞ്ചിക്ക ണ്ടത്തിനിടയിൽ കൂടി മഞ്ഞ വെള്ളരിപ്പൂക്കളും തുഷാര ബി ന്ദുക്കളണിഞ്ഞാലെന്നപോലെ കുളിര്കോരി നിൽക്കുന്ന പിഞ്ചു വെള്ളരിക്കകളും പടർന്ന് കിടക്കുന്നു.
അവർ പതിവുപോലെ നിലത്തു കിടന്നുകൊണ്ട് പിഞ്ചു വെള്ളരിക്ക പകുതി വെച്ച് കടിച്ചു തിന്നാൻ തുടങ്ങി.
പറിച്ചെടുത്താൽ വഴക്ക് കിട്ടും. അതുകൊണ്ട് ചെടിയിൽ നിന്നും പറിച്ചെടുക്കാതെതന്നെ കടിച്ചെടുത്ത് കഴിക്കും. ബാക്കി ചെടിയിൽ തന്നെ നിൽക്കും.കണ്ടാൽ മുയലോ എലിയോ മറ്റോ കടിച്ചെടുത്തതാണെന്ന് കരുതിക്കൊള്ളും.

ഇക്കാര്യം അച്ഛനും അമ്മയും അറിയാതിരിക്കാൻ അവർ അനിയത്തിയെ കൂടെ കൂട്ടാറില്ല.

പരവേശം കെട്ടടങ്ങിയപ്പോൾ അപ്പുക്കുട്ടൻ ഏറുമാടത്തിലേയ്ക്ക് തിരിച്ചുപോയി. നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. അവൻ വേഗം വീട്ടിലേയ്ക്കു നടന്നു.

എവിടെപ്പോയാലും എത്ര ഇരുട്ടിയാലും വാക്കത്തി യുണ്ടെങ്കിൽ പേടിക്കാനില്ല. ‘ഇരുമ്പല്ലേ’ ഒരു ചെകുത്താനും അടുക്കില്ലല്ലോ.

കടയിൽ ഒക്കെ പോകുമ്പോൾ നേരം ഇരുട്ടിയാൽ കരുതാനുള്ള ഒരു സൂത്രമുണ്ട്. അപ്പോൾ വാക്കത്തി കയ്യിലുണ്ടാവില്ലല്ലോ. അതിനു പകരമായി നിക്കറിന്റെ അരയിലെ പടിയിൽ ഒരു ചെറിയ തുളയിട്ട് അതിലൂടെ ഒരു ആണി തിരുകിക്കയറ്റി വച്ചിട്ടുണ്ട്. ആരും കാണുകയുമില്ല.
‘ഇരുമ്പിന്റെ’ കാര്യം അങ്ങനെ സാധിക്കുകയും ചെയ്യും.

ആ നിക്കർ ഇട്ട് ‘ധീരനായി’ ഏത് രാത്രിയിലും അപ്പു എവിടെ വേണമെങ്കിലും നടക്കും.

വിളക്കുവയ്ക്കുന്ന സമയത്താണ് വീട്ടിലെത്തിയത്.

” ഇത്രയും താമസിക്കരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്”

അമ്മ പതിവ് പല്ലവി ആവർത്തിച്ചു. അവൻ ഒന്നു മൂളിയിട്ട് ബക്കറ്റ് എടുത്ത് കുളിക്കാൻ ഓലിയ്ക്കലേക്ക് നീങ്ങി.

(തുടരും….)

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

2 COMMENTS

  1. കുട്ടികളും വലിയ വരും ഇഷ്ടപ്പെടും.കഥയങ്ങനെ ഒഴുകട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com