ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2011-ൽ മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ സമ്പത്തിനെ മാത്രമായി ഒതുക്കാതെ സന്തോഷം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഭൂട്ടാൻ മുന്പോട്ടുവെച്ച 66/281 പ്രമേയം അംഗീകരിച്ചു സന്തോഷം സാർവത്രികമായ മൗലീക അവകാശമാണെന്ന പ്രഖ്യാപനത്തോടെ 2012 ജൂലൈ 12 നു എല്ലാ വർഷവും മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചു. 193 അംഗരാജ്യങ്ങളും ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സന്തോഷ ദിനം 2013 മാർച്ച് 20 നു ആഘോഷിച്ചു.
വിവിധ രാജ്യങ്ങളിൽ പ്രൗഢ ഗംഭീരമായ പരിപാടികളും മത്സരങ്ങളും ഈ ദിവസം നടത്തുന്നു. എന്നാൽ ഇന്ത്യയിൽ കാര്യമായ ആഘോഷങ്ങളൊന്നും നടത്താറില്ല . “ഒരുമിച്ചുള്ള സന്തോഷം” എന്നതാണ് 2024 ലെ സന്തോഷ ദിന സന്ദേശം എങ്കിൽ 2025ലെ ലോക സന്തോഷ ദിനത്തിന്റെ സന്ദേശം ,പങ്കിടൽ (share ) കരുതൽ( care) എന്നതാണ്. ഉള്ളതിന്റെ വീതം മറ്റുള്ളവർക്കു കൂടി പങ്കിടാനും മറ്റുള്ളവരെ കൂടി കരുതാനും കഴിയുക എന്ന ബ്രിഹത് സന്ദേശമാണ്. സന്തോഷ സൂചികയിൽ കഴിഞ്ഞവർഷം വരെ ഫിൻലാൻഡ്, ഡെന്മാർക്ക് ഐസ്ലാൻഡ്, സ്വീഡൻ, നെതർലാൻഡ്, നോർവേ,ലക്സംബെർഗ് എന്നീ രാജ്യങ്ങളാണ് മുൻനിരയിൽ ഉള്ളത്, അഫ്ഗാനിസ്ഥാൻ, ലെബനൻ, സിറിയ എന്നി രാജ്യങ്ങൾ ഏറ്റവും പുറകിലെ സ്ഥാനത്തുമുണ്ട്.സ്വാഭാവികമായും യുദ്ധമുഖത്തു നിൽക്കുന്ന രാജ്യങ്ങളിൽ
സന്തോഷത്തിനു വകയില്ല എന്നത് പറയേണ്ടതില്ല .143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ് എന്നത് വരുമാനത്തിലെ അസുന്തിലിതാവസ്‌ഥയും വയോജനങ്ങളുടെ ഇടയിലുള്ള സന്തോഷ കുറവും ആണെന്ന് പറയുമെങ്കിലും രാജ്യത്തു നിലനിൽക്കുന്ന ബഹുസ്വരതയില്ലായ്മയും മത മൗലീക വാദങ്ങളും പട്ടിണിയും എല്ലാം നമ്മെ പുറകോട്ടടിക്കുന്നു .
മറ്റു ള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതുപോലെ സന്തോഷത്തിലും പങ്കു ചേരാൻ നമുക്ക് കഴിയണം. കൂടാതെ മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിക്കുകയും അരുത് .മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുയും അരുത് .
സന്തോഷം 50 % പൈതൃകമായും 10% ജീവിത സാഹചര്യത്തിനനുസരിച്ചും 40% സ്വയം നിയന്ത്രണത്തിലൂടെയുംമാണ് ലഭിക്കുന്നത്. ലക്ഷ്യം നേടുമ്പോഴും ഇഷ്ടമുള്ളവരോട് കൂടെ സമയം ചെലവഴിക്കുമ്പോഴും നമ്മുടെ മാനസിക ഉല്ലാസത്തിനു ആവശ്യമായ മുഴുവൻ ഘടകങ്ങളും മനസ്സിന് സന്തോഷം ഉണ്ടാകുന്നു. സന്തോഷത്തിന് കൃത്യമായ നിർവചനം ഇല്ല എങ്കിലും, മനസ്സിന്റെ നല്ല വികാരം, സ്വഭാവം, അവസ്ഥ എന്നിവയാണ് സന്തോഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് .
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളും സന്തോഷമുള്ളവർക്കു താരതമ്യേന കുറവായിരിക്കും. അക്കാരണത്താൽ ആരോഗ്യമുള്ള മനസുണ്ടാകുകയും ആയുര്‍ദൈര്‍ഘ്യം ഉയരുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു .
നമ്മുടെ സന്തോഷം ഒരിക്കലും മറ്റുള്ളവരുടെ നാവിനെ ആശ്രയിച്ചാകരുത് മറ്റുള്ളവർ നമ്മെകുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും നാം പുതിയ ഒരാളാകുന്നില്ല . അത് കൊണ്ട് തന്നെ നമ്മുടെ മനസിന്റെ കടിഞ്ഞാൺ നമ്മിൽ നിഷിപ്തമായിരിക്കണം. നാട്ടുകാരെക്കൊണ്ട് ചിരിപ്പിക്കും എന്ന് പഴമക്കാർ ഉപയോഗിക്കുന്നത് നാം പരിഹാസ്യരാകും എന്നര്ഥത്തിലാണ് .എന്നാൽ നാം കാരണം മറ്റുള്ളവർ ചിരിക്കുന്നുവെങ്കിൽ അത് ആത്മ സംതൃപ്തിയുണ്ടാക്കും .
സമൂഹ മാധ്യമങ്ങളുടെ കടന്നു വരവും ഓരോരുത്തരും അവരവരിലേക്കു ചുരുങ്ങിയതും വലിയ മാനസിക സമ്മർദങ്ങൾക്ക് കാരണമായിട്ടുണ്ട് .
സന്തോഷങ്ങൾ തല്ലി കെടുത്തുന്ന സമീപനങ്ങൾ രാജ്യങ്ങൾ തമ്മിലും പ്രസ്ഥാനങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും നിലനിൽക്കുന്ന വർത്തമാന കാലം ശുഭകരമല്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .
ജനാധിപത്യ രാജ്യത്തു സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും ജീവിത ശൈലിയും നൽകാൻ ഭരണകൂടങ്ങൾക്കും പ്രതിപക്ഷത്തിനും ഒരുപോലെ ബാധ്യതയുണ്ട്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണ് ജീവിതം അര്‍ഥ പൂര്‍ണമാകുന്നത്.പരസ്പര സഹകരണവും സ്നേഹവും ഐക്യവും എല്ലാം കൂടി ചേരുന്പോൾ സന്തോഷം ഉണ്ടാകും .ഓരോ വ്യക്തിയും കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിൽ നിന്ന് അവരവരുടെ സന്തോഷം കണ്ടെത്തുക അത് സമൂഹത്തിലേക്കും രാജ്യത്തിലേക്കും ലോകം മുഴുവനായും വ്യാപിക്കട്ടെ …
നല്ല വിവരണം
അതെ ….. സന്തോഷവും പങ്കിടാം …….
നല്ല അവതരണം
സന്തോഷത്തിനിടെ കുറെ വസ്തുതകളും അറിയാൻ കഴിഞ്ഞു..
സന്തോഷം…..സന്തോഷം