“വിളക്കേന്തിയ വനിത” എന്ന അപര നാമത്തിലേറിയപ്പെടുന്ന “ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ” ജന്മദിനമാണ് നഴ്സസ് ദിനം ആയി മേയ് 12 ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ വില്ല്യം എഡ്‌വേർഡ് നൈറ്റിംഗേലിന്റെയും ഫ്രാൻസിസ് നീസ്മിതന്റെയും മകളായി ബ്രിട്ടനിൽ ജനിച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവര്‍.
1853 ഓഗസ്റ്റ് 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന “ഇൻസ്റ്റിറ്റിയൂട്ട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റിൽവുമൺ” എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു. പിന്നീട് ക്രീമിയന്‍ യുദ്ധകാലത്ത് (1853….1856) പരിക്കേറ്റ പട്ടാളാക്കാര്‍ക്കു നല്‍കിയ പരിചരണത്തിലൂടെയാണ് അവർ മുഖ്യധാരയിലേക്ക് വരുന്നത്.1860-ൽ പുറത്തിറങ്ങിയ “നോട്ട്‌സ് ഓൺ നഴ്‌സിംഗ്” എന്ന പുസ്തകം നഴ്സിംഗ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടതും അമൂല്യമായതുമായ ഗ്രന്ഥമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവർ, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തിയതും എടുത്തു പറയേണ്ടതായുണ്ട് .
1965 മുതലാണ് ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്. പിന്നീട് 1974 ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 205-ാം ജന്മദിന വാർഷികമാണ് 2025 ലെ നേഴ്സ് ദിനം.ഒരു കാലത്ത് ആഗോളതലത്തിൽ, നഴ്സുമാർ നടത്തിയ നിരന്തരമായ സംഭവ ബഹുലമായ രോഗപ്രതിരോധ പ്രചരണമാണ് “വസൂരി”യെന്ന രോഗത്തിൻ്റെ നിർമാർജ്ജനത്തിന് വഴിതെളിച്ചത് . പകർച്ചവ്യാധികൾക്ക് എതിരായി സന്ധിയില്ലാത്ത പോരാട്ടങ്ങളിൽ നഴ്സിംഗ് സമൂഹം പകരം വെക്കാനില്ലാത്ത പ്രധിരോധ പ്രവർത്തനങ്ങൾക്ക് മികച്ച പങ്കു വഹിച്ചിട്ടുണ്ട് .കോളറ, ഡിഫ്തീരിയ, മീസിൽസ്, മംപ്സ്, റുബെല്ല, ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്1 – എൻ1, നിപ്പ വൈറസ് തുടങ്ങി ലോകത്താകമാനം വ്യാപിച്ച കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങൾ വരെ ഇതിനു ഉദാഹരണങ്ങളാണ്.
നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി എന്നതായിരുന്നു 2023 ലെ പ്രമേയം.
എന്നാൽ 2024 ൽ ‘പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി’ എന്നതായിരുന്നു, എന്നാൽ 2025 ൽ “നഴ്‌സുമാരെ പരിപാലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു” എന്ന വ്യത്യസ്തമായ വിഷയമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൻ്റെ പ്രമേയമായി വന്നിരിക്കുന്നത് .ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഉന്നമനത്തിനു നഴ്‌സുമാരെ പിന്തുണയ്ക്കുന്നതിന്റെ ആവശ്യകതയും നിർണായക പ്രാധാന്യവും ഈ പ്രമേയം അടിവരയിടുന്നുണ്ട് .അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പുറത്തിറക്കുന്ന ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്സ് നഴ്‌സിംഗ് 2025’ റിപ്പോർട്ട്, ആഗോള നഴ്‌സിംഗ് തൊഴിൽ ശക്തിയുടെ സമഗ്രമായ ഒരു അവലോകനവും നഴ്‌സിംഗ് വിദ്യാഭ്യാസം, കുടിയേറ്റം, തൊഴിൽ സാഹചര്യങ്ങൾ, നേതൃത്വം തുടങ്ങിയ പ്രധാന വിഷയങ്ങൾ ഇതിൽ എടുത്തു പറയുന്നുണ്ട്.
ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലധികം നഴ്സിംഗ് ജോലി ചെയുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ആരോഗ്യ രംഗത്ത് നഴ്സിംഗ് ജോലിയിൽ ആവശ്യത്തിനുള്ള ആളില്ല. ലോകാരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030 ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് തൊണ്ണൂറു ലക്ഷം നേഴ്സ് ജോലിക്കാരെയാണ് .കേരളത്തിൽ നിന്നുള്ള നേഴ്സ് ജോലിക്കാർക്ക് അന്താരാഷ്‌ട്ര തലത്തിൽ മികച്ച പരിഗണന ലഭിക്കുമ്പോൾ കേരളത്തിൽ ഇവർ നേരിടുന്ന അവഗണനക്കു ശാശ്വത പരിഹാരം കണ്ടേ മതിയാകൂ. മഹാവ്യാധികൾ വരുമ്പോൾ മാത്രം “മാലാഖമാരെ” ആദരിക്കുകയും അത് കഴിയുമ്പോൾ അവരെ മറക്കുകയും ചെയുന്ന ഭരണ കൂടം പുനർചിന്തനത്തിനു തയാറാകേണ്ടതുണ്ട് . മഹാമാരി പ്രതിരോധത്തിന് സൗജന്യമായി ജോലിയെടുക്കാൻ നഴ്സുമാരെ ക്ഷണിച്ചിരുന്നത് കേരളം പോലുള്ള ആരോഗ്യ മേഖലയിൽ ഉയർന്ന നിലവാരമുള്ള സർക്കാർ പോലും അവരും കുടുംബമുള്ളവരാണെന്നും ആരും സൗജന്യമായി അവരെ പഠിപ്പിച്ചിട്ടില്ലെന്നും ഓർത്തിരുന്നില്ല എന്നത് ഖേദകരമാണ് .ഇന്നും അടിയന്തിര സാഹചര്യങ്ങളിൽ ഇത് മറ്റു പല സ്ഥലങ്ങളിലും തുടരുന്നുമുണ്ട് .
അർഹമായ സേവന വേതന വ്യവസ്ഥകളിലൂടെ സർക്കാർ സ്വകാര്യ മേഖകളിലെ ആശുപത്രികളിൽ നഴ്സിംഗ് വിഭാഗത്തെ നിലനിർത്താനുള്ള ഉത്തരവാദിത്വം ഭരണകൂടം ഇനിയും എറ്റെടുക്കാത്ത സാഹചര്യമുണ്ടായാൽ വലിയ വില നൽകേണ്ടിവരും .മാത്രമല്ല കൂടുതൽ ആളുകൾ ആതുര ശിശ്രൂഷ രംഗത്തേക്ക് കടന്നു വരാനാവശ്യമായ സാഹചര്യമൊരുക്കുകയും വേണം .കൂടാതെ വിളക്കേന്തിയ വനിത മുൻപോട്ടു വെച്ച ആതുര ശിശ്രൂഷ രീതികളും “പരിചരണം”, “ശിശ്രൂഷ,” എന്നീ വാക്കുകളുടെ അന്തഃസത്ത മുറു കപിടിക്കാനും മുഴുവൻ നേഴ്സ് വിഭാഗങ്ങൾക്കും ബാധ്യതയുണ്ട് .കേവലം തൊഴിൽ എന്നതിലുപരി സമൂഹത്തോടുള്ള പ്രതിബദ്ധത കൂടുതൽ നിറവേറ്റാൻ നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ തയാറാകണം .
ആരും ശ്രദ്ധിക്കാതെ പോയ മെയ് 5 അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനവും ഈ ദിനവും ചേർത്ത് വെക്കേണ്ടതായുണ്ട്. മിഡ് വൈഫ് എന്ന വാക്ക് “കൂടെ” എന്നർഥം വരുന്ന ഇംഗ്ലീഷ് വാക്ക് “മിഡ് “,സ്ത്രീ എന്നർഥം വരുന്ന”വൈഫ്” എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് “സ്ത്രീക്കൊപ്പം” എന്ന അർത്ഥത്തിൽ , അതായത് പ്രസവ സമയത്ത് സ്ത്രീയുടെ കൂടെയുള്ളവ്യക്തി അഥവാ “സൂതികർമ്മിണികൾ” എന്ന് സാമാന്യമായി പറയാം ഇതിൽ തന്നെ വിദക്ദ്ധരും ,അവിദക്ദ്ധരും ഉൾപ്പെടുന്നു. നാട്ടിൻ പുറങ്ങളിലെ വയറ്റാട്ടി മുതൽ പ്രസവ ശിശ്രൂഷക്കായി പ്രത്യേകം പരിശീലനം ലഭിച്ച നഴ്സും ഇതിൽ ഉൾപ്പെടുന്നു. അവരെയും ഈ ദിനത്തിൽ പ്രത്യേകം ആദരിക്കേണ്ടതുണ്ട് .
സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന വർത്തമാന കാലത്തു രോഗി പരിചരണത്തിൽ എല്ലാ വ്യത്യാസങ്ങളും വരുത്തുന്ന മാനുഷിക കാരുണ്യ സ്പർശം നഴ്‌സുമാർ ഇപ്പോഴും നൽകുന്നു.അതിൽ വാക്കു കൊണ്ട് ആശ്വാസം നൽകുന്നത് മുതൽ വിദഗ്ദ്ധോപദേശം നൽകുന്നത് വരെ നീളുന്നു. ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വിലമതിക്കാനാവാത്ത സുരക്ഷിതത്വബോധം നൽകുകയും ചെയ്യുന്ന നഴ്സിംഗ് വിഭാഗത്തെ ബഹുമാനിക്കാൻ ഇനിയും മടിക്കേണ്ടതില്ല .
“ഒരു നഴ്‌സ് എപ്പോഴും നമുക്ക് പ്രത്യാശ നൽകും. സ്റ്റെതസ്കോപ്പുള്ള മാലാഖ.”
ഏവർക്കും അന്താരാഷ്‌ട്ര നഴ്സസ് ദിനാശംസകൾ ……..





👍