Saturday, January 10, 2026
Homeഅമേരിക്കഅമേരിക്ക: 'ന്യൂയോർക്ക്' (യാത്രാ വിവരണം (01) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

അമേരിക്ക: ‘ന്യൂയോർക്ക്’ (യാത്രാ വിവരണം (01) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

‘കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നിയോൺ ബൾബുകളുടെ സാഗരം പോലെയാണ്  ന്യൂയോർക്കിൽ താമസിച്ചിരുന്ന സ്ഥലത്തിൻ്റെ 52-ാം നിലയിൽ നിന്നുള്ള രാത്രി കാഴ്ച.

അതിൽ ന്യൂ യോർക്കിൻ്റെ ലാൻഡ്മാർക്കായ ‘ ലിബർട്ടി ഓഫ് സ്റ്റാറ്റ്യൂ ‘ കണ്ടു പിടിക്കാനൊരു ശ്രമം! ഏറ്റവും ഉയരമുള്ള അംബരചുംബികൾ, ഏറ്റവും വലിയ മ്യൂസിയങ്ങൾ, ചരിത്രപ്രാധാന്യമുള്ള ലാൻഡ് മാർക്കുകൾ, വൈവിധ്യമുള്ള ഭക്ഷണശാലകൾ, ഷോപ്പിംഗ് ……. പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത അമേരിക്കയുടെ  ന്യൂ യോർക്ക് സിറ്റി തലയെടുപ്പോടെ.

NYC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നഈ ആഗോള നഗരം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്. അതുകൊണ്ടെന്താ യാത്രകളൊക്കെ പബ്ലിക്ക് ട്രാൻസ്പോർട്ടിനെ ആശ്രയിച്ചാണ്. കാലിൽ രണ്ടിലും ഓരോ വാക്കിംഗ് ഷൂസ്സും ഫിറ്റ് ചെയ്ത് രാവിലെ തന്നെ ഉഷാറായി. മെട്രോ സ്റ്റേഷനിലെത്തിയപ്പോൾ നെറ്റി ആകെ ചുളിഞ്ഞു പോയി.

 ‘ എന്താ പറയ്ക ‘ന്യൂ യോർക്കിലെ നഗരത്തിനുള്ള ആ ‘ഗ്ലാമർ ലുക്ക് ‘ അവിടെ ഉണ്ടായിരുന്നില്ല. സ്റ്റേഷനിൽ എക്സ്ലേറ്റർ ഒന്നുമില്ല. ചില സ്റ്റേഷനിൽ ട്രെയിനിൽ നിന്നിറങ്ങി മുകളിലോട്ട് പോകാൻ മാത്രമാണ് ഉള്ളത്. നമ്മുടെ അവിടെയാണെങ്കിൽ (ഇന്ത്യ) ഏറ്റവും സുന്ദരന്മാരായിട്ടാണ് മെട്രോകൾ. പ്രതീക്ഷിക്കാത്തത് കണ്ടതിലുള്ള സൈര്വക്കേട് മുഖത്ത്. നിങ്ങൾ പറയുന്നത് ശരിയായിരിക്കാം.

 ഇവിടുത്തെ ഈ ഗതാഗത സംവിധാനം പഴയതാണ് 1904 ലിലോ മറ്റോ തുടങ്ങിയിട്ടുള്ളതാണെന്ന് ന്യൂ യോർക്കിൽ  താമസിക്കുന്ന കൂടെ ഉണ്ടായിരുന്നവർ. ‘ പഴയതാണെങ്കിലും വൃത്തിയുണ്ടല്ലോ , നാട്ടിലെ പോലെ കടലാസ്സോ പ്ലാസ്റ്റിക്കോ കാണുന്നില്ലല്ലോ……..’ എന്ന് നല്ല പാതി. ചൂടുള്ള എണ്ണയിൽ കടുക് പൊട്ടുന്നത് പോലെ മെട്രോയെ പറ്റി  ആകെ ശീ – ശു വാഗ്വാദങ്ങൾ. രാവിലെ തന്നെ ആഞ്ഞ് നടക്കേണ്ടി വന്നതിൻ്റെ അരിശവും അങ്ങനെ തീർത്തു എന്നു പറയാം.

ബാറ്ററി പാർക്കിലേക്കായിരുന്നു ഞങ്ങളുടെ ആ യാത്ര ’ മാൻഹട്ടൻ ദ്വീപിൻ്റെ തെക്കേ അറ്റത്തുള്ള 25 ഏക്കർ പാർക്കാണ് ന്യൂയോർക്കിലെ ബാറ്ററി പാർക്ക് . പേരിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ നഗരത്തിൻ്റെ ആദ്യകാലങ്ങളിൽ പീരങ്കി ബാറ്ററികൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലമായിരുന്നു ഇത്. അങ്ങനെയാണ് പാർക്കിന്  ബാറ്ററി പാർക്ക് എന്ന് പേര് വന്നിരിക്കുന്നത്. പിന്നീട്   അതിൻ്റെ ഔപചാരികമായ ചരിത്രനാമം ‘ദ ബാറ്ററി’ എന്നാക്കി പുനഃസ്ഥാപിച്ചുവത്രേ! ഏതൊരു ടൂറിസ്റ്റു സ്ഥലത്തും കാണുന്നതു പോലെ പലതരത്തിലുള്ള വഴിയോര കച്ചവടക്കാരാണ് എവിടേയും . അവരിൽ പലരും മെക്സിക്കോ, ആഫ്രിക്ക, ചൈനയിൽ നിന്നും വന്നിട്ടുള്ളവരാണ്.

പാർക്കിൽ കണ്ട പ്രതിമക്ക് മുമ്പിൽ നിന്ന് ഫോട്ടോ എടുക്കാൻ മടിയൊന്നും തോന്നിയില്ലെങ്കിലും അതിനെ പറ്റിയുള്ള വിവരണങ്ങൾ വായിച്ചപ്പോൾ മനസ്സിൽ എവിടെ യൊരു നീറ്റൽ.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജീവൻ നഷ്ടപ്പെട്ട സൈനികർ, പര്യവേക്ഷകർ, കണ്ടുപിടുത്തക്കാർ, കുടിയേറ്റക്കാർ എന്നിവരെ ആദരിക്കുന്ന നിരവധി സ്മാരകങ്ങളാണ് അവയെല്ലാം.

ലോകമഹായുദ്ധസമയത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ പടിഞ്ഞാറൻ വെള്ളത്തിൽ നഷ്ടപ്പെട്ട 4,600-ലധികം യുഎസ് സൈനികരുടെയും സ്ത്രീകളുടെയും പേരുകൾ പദവി, സംഘടന, സംസ്ഥാനം എന്നിവ  ഗ്രേ നിറത്തിലുള്ള ഗ്രാനൈററ്റിൻ്റ തൂണുകളിൽ എഴുതി വെച്ചിട്ടുണ്ട്.

 നഗരത്തിൻ്റെയും രാജ്യത്തിൻ്റെയും ചരിത്രത്തിലെ  പ്രധാന വ്യക്തികളെയും അനുസ്മരിക്കുന്ന 20-ലധികം സുപ്രധാന സ്മാരകങ്ങൾ ബാറ്ററി പാർക്കിലുണ്ട്. മിനുക്കിയ കറുത്ത ഗ്രാനൈറ്റിൻ്റെ പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന18 അടി ഉയരമുള്ള ഒരു വെങ്കല കഴുകൻ അൽബിനോ മങ്ക (1898-1976) ശിൽപി ചെയ്ത ഒരു സ്മാരകമാണ്.

 ചരിത്ര വിശേഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു അവിടുത്തെ ഓരോ പ്രതിമകളും അതിനടുത്തുള്ള ഫലകത്തിലെ വിവരങ്ങളും .

ഇന്ന് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ടിക്കറ്റ് ഓഫീസായി പ്രവർത്തിക്കുന്ന . കാസിൽ ക്ലിൻ്റണിൻ്റെ വിശേഷങ്ങൾ വ്യത്യസ്തമാണ്.

1812 ലെ യുദ്ധസമയത്ത് ന്യൂയോർക്ക് ഹാർബറിനെ പ്രതിരോധിക്കാൻ നിർമ്മിച്ച ഒരു ഡസനിലധികം കോട്ടകളിൽ ഒന്നാണിത്. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഒരു കുടിയേറ്റ ലാൻഡിംഗ് ഡിപ്പോയായി തുറന്നു. അതിനാൽ  1890 ഏപ്രിൽ 18-ന് അടച്ചുപൂട്ടുന്നതുവരെ കാസിൽ ഗാർഡനിലൂടെ 8 ദശലക്ഷത്തിലധികം ആളുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിച്ചുവത്രേ!

1975-ൽ കാസിൽ ക്ലിൻ്റൺ ദേശീയ സ്മാരകമായി സൈറ്റ് ആക്കി.  ഇന്ന് വർഷത്തിൽ    3 ദശലക്ഷത്തിലധികം ആളുകൾ  സന്ദർശനം നടത്തുന്ന   രാജ്യത്തിൻ്റെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ദേശീയ പാർക്ക് ആയി മാറിയിരിക്കുന്നു. ആളുകളെ അകറ്റി നിർത്താൻ ആദ്യം നിർമ്മിച്ച കോട്ട ഇപ്പോൾ ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നു.

 ‘ സ്റ്റാച്യു ഓഫ് ലിബർട്ടി ‘ യുടെ ടിക്കറ്റ് ഞങ്ങൾ ഓൺലൈൻ വാങ്ങിച്ചതു കൊണ്ട് ആ സമയമാകുന്നതുവരെ ഒരു നേരം പോക്കിനായി കാരിക്കേച്ചർ വരക്കുന്ന ആളുടെ മുൻപിൽ നിരയായി ഇരുന്നു. കാരിക്കേച്ചർ എന്നു പറയുമ്പോൾ കാർട്ടൂൺ ചിത്രമാണ് പ്രതീക്ഷിച്ചതെങ്കിലും  ആ ഹാസ്യ ചിത്രത്തിലും എല്ലാവരും സുന്ദരീ സുന്ദരന്മാർ ആയിട്ടുണ്ട്. എല്ലാവർക്കും സന്തോഷം. ആ പേപ്പർ ചീത്തയാകാത്തിരിക്കാൻ അതിനായി ചെറിയ ഒരു ഫ്രെയിം ഒരു ക്ലിംഗ് ഫിലിം കൊണ്ട് പൊതിഞ്ഞ്, അതിനെല്ലാം പത്തും പതിനഞ്ചും ഡോളറുകൾ എക്സ്ട്രാ എന്നാലും ആ പടത്തിൻ്റെ ഭംഗിയിൽ എല്ലാവരും എല്ലാം മറന്നു. കഴിഞ്ഞ 20 വർഷമായിട്ട് ഈ തൊഴിൽ ചെയ്യുന്ന ചൈനയിൽ നിന്നും വന്ന വയസ്സനായ ഒരാളാണ്.

യാത്രകൾ എന്നും ഒരു വിദ്യാശാല പോലെയാണ് എനിക്ക്, എന്തെല്ലാം കാഴ്ചകൾ വിശേഷങ്ങൾ അതെല്ലാം പറയാൻ നിങ്ങൾ കൂടെയുള്ളപ്പോൾ അതിൻ്റെ മധുരം ഇരട്ടിയാകുന്നു.😉

Thanks

റിറ്റ ഡൽഹി

RELATED ARTICLES

6 COMMENTS

  1. ന്യൂയോർക്ക് ലൂടെ നേരിട്ട് പോയ പോലെ.
    വളരെയധികം അറിവ് പകർന്ന ലേഖനം.
    പതിവുപോലെ മികച്ച അവതരണം

  2. Super … Statue of Liberty yil നിന്ന് യാത്ര ഞാനും തുടങ്ങി. മുന്നോട്ട് പോകാൻ അടുത്ത ആഴ്ച ആകുമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com