മഞ്ഞുമൂടിയ മറവികൾ
നിറം മങ്ങിയ ഓർമ്മകളെ
തഴുകിയുണർത്തുന്നു..
ഓമനച്ചന്തങ്ങളിലെ കൗതുകങ്ങൾ
കുട്ടിക്കളി കളിലെ ഇടവേളകളിൽ
ഒച്ചുകളെ പോലിഴയുന്നു
ബാല്യത്തിൻ്റെ ഒരിതളെ
ഞാൻ മുറുകെ ഉമ്മ വയ്ക്കുന്നു…
എൻ്റെ ഗസലുകൾ ഒരു
കച്ചിത്തുറുവിൽ
മറന്നു വയ്ക്കുന്നു
വരികളെ !
പ്രണയത്തൂവൽ കുടഞ്ഞ്
രണ്ട് പക്ഷികൾ
ചെമ്പരത്തിക്കാടിളക്കി
മറിക്കുന്നു..
അവരുടെ സ്വപ്നങ്ങൾക്ക്
ചെമ്മാനച്ചോപ്പ്.
ഉടലുകൾക്ക് കൗമാരത്തിൻ്റെ
തിരയിളക്കങ്ങൾ..
രണ്ട് അത്തിയിലകളിൽ
പുതുമഴത്തുള്ളികളെ ചുമന്ന് ഞങ്ങൾ
കുതിരുന്നു..
പതിയെ പതിയെ
കണ്ണുകൾ കവിതകൾ
കുറിക്കുന്നു ?
തൊടുന്നവയെല്ലാം ഞങ്ങളെ
പ്രണയിക്കുന്നു!
ഋതുക്കളിൽ യൗവനം പൂത്തുലയുന്നു
കാറ്റിൽ സുഗന്ധം പരക്കുന്നു..
കരിവണ്ടുകൾ
മൂളിപ്പറക്കുന്നു..
പൂമ്പൊടികൾ
ചേരുന്നു..
മാനം ചുവക്കുന്നു
മേഘങ്ങൾ ഗർജ്ജിക്കുന്നു
തോരാതെ പെയ്യുന്ന
ആകാശത്തിൻ ചോട്ടിൽ
അടരുകൾക്കായ് ഞാൻ
വിരൽത്തുമ്പുകൾ
നീട്ടുന്നു..
ഒഴുക്കിൽ എൻ്റെ വിരലുകൾ
ഛേദിക്കുന്നു..
എൻ്റെ മണ്ണ് കറുത്തിരുളുന്നു..
എൻ്റെ ഗസലുകൾ
ഓർമ്മകളെ പേറുന്നു.



