യാദൃശ്ചികമായാണ് സത്യന്റെ ഓർമ്മദിനം കണ്ണിൽ പെട്ടത്. ഒരുനിമിഷം ആ ചിത്രത്തിലേക്ക് ഞാൻ നോക്കുമ്പോൾ ഏറെ വർഷങ്ങളായി ഹൃദയത്തിൽ തളംകെട്ടി കിടന്നിരുന്ന അച്ഛന്റെ അവസാനനാളുകൾ അറിയാതെ ഓർമ്മ വന്നു. ഒപ്പം തിരുവനന്തപുരം RCCയിലെ തണുപ്പിന്റെ സ്പർശവും മരണത്തിന്റെ ഗന്ധവുമുള്ള ആ ഒറ്റമുറിയുടെ നാലുചുവരുകളും..
സർ സി പി യുടെ ബ്രിട്ടീഷ് തിരുവിതാംകൂറിലെ ഏറ്റവും പേരെടുത്ത പോലീസ് ഉദ്യോഗസ്ഥനായിരുന്നല്ലോ ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന സത്യനേശൻ നാടാർ എന്ന സത്യൻ. സാതന്ത്ര്യസമരം രാജ്യത്തുടനീളം കത്തിപ്പടരുന്ന വേളകളിൽ കമ്യുണിസ്റ്റ് പൊതുയോഗങ്ങളിൽ ആളെ കൂട്ടുവാനും കമ്യുണിസ്‌റ്റ ലക്ഷ്യവും സിദ്ധാന്തവും സ്വന്തമായി രചിച്ച വിപ്ലവഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കാനും പാർട്ടി ചുമതലപ്പെടുത്തിയിരുന്നത് എന്റെ അച്ഛനെയായിരുന്നു . പാർട്ടിയുടെ പൊതുയോഗങ്ങളുടെ നോട്ടീസിനടിയിൽ NB ഇട്ടിട്ട് ഇങ്ങനെ എഴുതിയിരിക്കും “യോഗത്തിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്. യോഗാനന്തരം വിപ്ലവഗായകൻ TM പ്രസാദിന്റെ ഗാനവും ” ആ NB ഒന്ന് മാത്രം മതിയായിരുന്നു യോഗസ്ഥലത്തേക്ക് അന്ന് ആയിരങ്ങൾ ഒഴുകിയെത്തുവാൻ . കമ്യുണിസ്‌റ്റ് യോഗങ്ങളിൽ ആളുകളെ കൂട്ടിയിരുന്നതുകൊണ്ടാണ് പുന്നപ്രസ്റ്റേഷനിലെ സത്യന്റെ മേശപ്പുറത്തെ കൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ അച്ഛന്റെ പേര് സത്യൻ ” ആളെക്കൂട്ടി പ്രസാദ് ” എന്ന് ഏഴുതിച്ചേർത്തത് . സഖാക്കൾ ആ പേര് പിൽക്കാലം നെഞ്ചോട് ചേർക്കുകയും അച്ഛന്റെ മരണംവരെ കേരളത്തിലെ ഒരു കമ്യുണിസ്‌റ്റ് തലമുറ മുഴുവൻ അച്ഛനെ ആ പേരിൽ ആദരവ് നൽകി വിളിക്കുകയും ചെയ്തിരുന്നു .
ഓരോ പൊതുയോഗങ്ങളുടെയും ഒടുവിൽ അച്ഛന്റെ വിപ്ലവഗാനങ്ങളുടെ അലയൊലികൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നതുവരെ സത്യന്റെ കയ്യിൽ ഒരു വിലങ്ങ് കാത്തിരിക്കുന്നുണ്ടാകും അച്ഛന്റെ കൈകളിൽ ഇറുക്കിപ്പിടിക്കുന്നതും കാത്ത് . പിന്നീട് ആയിരങ്ങളുടെ കൺഠങ്ങളിലൂടെ ദിഗന്തങ്ങൾ ഭേദിക്കുന്ന “ഇന്ക്വിലാബിന്റെ ” അകമ്പടിയോടെ അച്ഛനെ ” ഇടിവണ്ടി” യിലേക്ക് പോലീസുകാർ ആനയിക്കും. സ്റ്റേഷനിൽ എത്തിയാൽ സത്യൻ ആദ്യമായി ചെയ്തിരുന്നത് അച്ഛനെ അദ്ദേഹത്തിന്റെ മുമ്പിലിരുത്തി പാടിക്കുക എന്നതായിരുന്നു . ഓരോ വരികൾ പാടുമ്പോഴും സത്യനേശൻ നാടാരുടെ ഉരുക്കുമുഷ്ടികൾ അച്ഛനെ പ്രണയിച്ചുകൊണ്ടേയിരുന്നു .. കുനിച്ചുനിർത്തി മുതുകിൽ കൈമുട്ടുകൊണ്ട് പെരുമ്പറ കൊട്ടുമ്പോൾ ഓരോ ഇടിക്കും അച്ഛൻ അത്യുച്ചത്തിൽ ആ ഗാനം പാടി മുഴുമിപ്പിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ ഊരിവച്ച ഷർട്ടും കയ്യിലൊതുക്കി നെറ്റിയിലെ വിയർപ്പും തുടച്ചുമാറ്റി അച്ഛനെന്ന ഇരയെ കൂടെയുള്ള പോലീസുകാരുടെ വിനോദങ്ങൾക്കായി വിട്ടുകൊടുത്തുകൊണ്ട് അദ്ദേഹം പിന്മാറും .
1946 കാലഘട്ടത്തിലായിരുന്നല്ലോ പുന്നപ്രയിലും വയലാറിലും വാരിക്കുന്തങ്ങളിൽ രക്തപുഷ്പങ്ങൾ വിരിയിച്ച ആ ഇതിഹാസപോരാട്ടമുണ്ടായത്. സമരത്തിനൊടുവിൽ മരണത്തിൽ നിന്നും രക്ഷപെട്ട കമ്യുണിസ്റ്റുകാർ ഒളിവിലേക്കു പോയി . അച്ഛനെ തിരക്കിയെത്തിയ പോലീസുകാർ തുമ്പോളിയിലെ വീട്ടിൽ നിന്നും അച്ഛന്റെ സ്‌കൂൾ സെർടിഫിക്കറ്റുകളും പുസ്തകങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തീയിട്ടു നശിപ്പിച്ചു, സത്യന്റേയും കൂട്ടരുടെയും സംഹാരതാണ്ഡവത്തിനൊടുവിൽ അച്ഛന്റെ അമ്മയും ഹൃദയം പൊട്ടി അവിടെ വീണു മരിക്കുകയായിരുന്നു. ഒടുവിൽ മാരാരിക്കുളത്തുള്ള ഒരു ഒളിസങ്കേതത്തിൽ നിന്നും അച്ഛനെയും നാലു സഖാക്കളെയും പോലീസ് പിടികൂടി . പിന്നീട് ലോക്കപ്പിനുള്ളിലെ ഇരുമ്പഴികൾ പോലും കരഞ്ഞുപോകുന്ന മർദ്ദനമുറകളായിരുന്നു .അടുത്തടുത്ത സെല്ലുകളിൽ സഖാക്കൾ വി .എസ്. അച്യുതാനന്ദൻ . എൻ .കെ . കുമാരൻ , ടി വി തോമസ് തുടങ്ങിയ നേതാക്കൾ. ഒരു രാത്രി വെളിച്ചങ്ങൾ മുഴുവൻ കെടുത്തിയ ശേഷം അച്ഛന്റെ സെല്ലിന്റെ താഴ് ശബ്ദമുണ്ടാക്കാതെ തുറന്ന് മൂന്നു പോലീസുകാർ ഉള്ളിലേക്ക് കടന്ന് അച്ഛന്റെ വായിൽ തുണി തിരുകിക്കയറ്റി പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി . അല്പമകലെയുള്ള ഒരു തെങ്ങിൻകൂട്ടത്തിനിടയിലെ മണ്ണ് വെട്ടിമാറ്റിയ മണൽക്കുഴിയോട് ചേർത്ത് അച്ഛനെ അവർ കുനിച്ചുനിർത്തി . ഇരുണ്ട വെളിച്ചത്തിൽ സത്യനേശൻ നാടാരുടെ കയ്യിലെ പിസ്റ്റൾ തിളങ്ങുന്നത് അച്ഛൻ കണ്ടിരുന്നു. കുനിഞ്ഞുനിന്ന അച്ഛന്റെ ശിരസ്സിലേക്കു നിറയൊഴിക്കുന്നതിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു .” പ്രസാദേ ഇനി നീ ആളെക്കൂട്ടി പ്രസാദല്ല.. ആരുമറിയാത്ത പ്രസാദാണ്.’ പെട്ടെന്ന് സർവശക്തിയും സംഭരിച്ചു മുകളിലേക്ക് നിവർന്ന അച്ഛൻ ” ഇൻക്വിലാബ് സിന്ദാബാദ് ” എന്നുച്ചത്തിൽ വിളിച്ചു . സെല്ലിലെ തടവുകാർക്ക് അപ്പോഴാണ് അപകടം മനസ്സിലായത്. അവർ അത്യുച്ചത്തിൽ അലറി വിളിച്ചു. സത്യൻ റിവോൾവർ മറച്ചുപിടിച്ചു. വീണ്ടും അവർ അച്ഛനെ വലിച്ചിഴച്ചു സെല്ലിലേക്ക് കൊണ്ടുവന്നു തള്ളി. തുടർന്നുള്ള ദിവസങ്ങളിൽ അച്ഛൻ പോലീസുകാരുടെ മൃഗീയ മർദ്ദനമുറകളിലെ പരീക്ഷണശാലയിൽ ഒരു ജീവശ്ചവമായി കിടന്നു .
സ്വാതന്ത്ര്യത്തിനു ശേഷം പല സാംസ്കാരികവേദികളിലും വച്ച് അച്ഛൻ സത്യനുമായി കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴേക്കും സത്യൻ മലയാളത്തിന്റെ അഭ്രപാളികൾ കീഴടക്കിയ താരരാജാവായി മാറിക്കഴിഞ്ഞിരുന്നു, സത്യന്റെ മുഷ്ടികൾ സമ്മാനിച്ച “മൾട്ടിപ്പിൾ മൈലോമ ” എന്ന ക്യാൻസറിന്റെ ഏറ്റവും ഭീതിദമായ രൂപം അപ്പോഴേക്കും അച്ഛന്റെ വാരിയെല്ലുകളെ ബാധിച്ചിരുന്നു സത്യന്റെ സിനിമകൾ അച്ഛൻ ഒരിക്കൽപോലും കണ്ടിരുന്നില്ല . എന്നാൽ ഞങ്ങൾ കാണുന്നതിൽ നിന്നും അച്ഛൻ വിലക്കിയിരുന്നുമില്ല. തിരുവനന്തപുരം RCC യിലെ മരണത്തിന്റെ മണമുള്ള തണുത്ത മുറിയിൽ കിടന്ന് അവസാനനാളുകളിലൊന്നിൽ ഞാൻ മരുന്നുവാങ്ങാനായി പുറത്തുപോയിരുന്ന നേരം മടങ്ങിവരും മുമ്പ് എന്തെങ്കിലും സംഭവിച്ചാലോ എന്ന തോന്നലിലാവാം അടുത്തുനിന്ന നഴ്സിന്റെ കയ്യിൽ നിന്നും പേനയും പേപ്പറും വാങ്ങി അച്ഛൻ ഒരു കുറിപ്പെഴുതി എന്റെ കയ്യിൽ തരാനായി ഏൽപ്പിച്ചു . അതിൽ ഇങ്ങനെ എഴുതിയിരുന്നു ” എന്റെ മൃതദേഹം യാതൊരുവിധ ആചാരങ്ങളും കൂടാതെ കത്തിച്ചുകളഞ്ഞേക്കുക”.
ഒരു കമ്യൂണിസ്റ്റ് ചിന്തകന്റെ മേലങ്കിക്ക് അപ്പുറം മറ്റൊന്നും വാരിപ്പുതയ്ക്കുവാൻ ആഗ്രഹിക്കാതെ മണ്ണോട് മണ്ണായ എന്റെ അച്ഛന്റെ ഓർമ്മകൾക്കൊപ്പം ഒരിക്കലും കൂട്ടിവായിക്കുവാൻ ഞാൻ ശ്രമിച്ചിട്ടില്ല സത്യനെന്ന പ്രതിഭാധനനായ കലാകാരനെ . എങ്കിലും മറക്കാനാവാത്ത സ്മരണകളുടെ മനസ്സിൽ മേഞ്ഞുനടക്കുമ്പോൾ ചിലപ്പോഴെങ്കിലും ഓർമ്മ വരുന്നു കാലം മറന്നുപോയ ഈ കഥകൾ.
ഹൃദ്യമായ ലേഖനം സത്യൻ മാഷിൻ്റെ സിനിമയിൽ വരുന്നതിന് മുമ്പുള്ള ഔദ്യോഗികാലഘട്ടങ്ങളെ കുറിച്ചുള്ള അറിവും പകർന്നു തന്ന ലേഖനം വളരെ നന്നായിട്ടുണ്ട്
ആശംസകൾ മാഷേ


പുന്നപ്രവയലാർ സിനിമയാക്കുമ്പോൾ ഇതേ പോലീസ് വേഷം ചെയ്യാമോ എന്ന് കുഞ്ചാക്കോ സത്യനോട് ചോദിച്ചപ്പോൾ കുറ്റബോധത്തോടെ അദ്ദേഹം അതിൽ നിന്നൊഴിഞ്ഞുമാറുകയായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് . വായനയ്ക്കും മറുകുറിപ്പിനും ഹൃദയത്തിൽ നിന്നും ഒരുപിടി തെച്ചിപ്പൂക്കൾ.
വായിച്ചു കരഞ്ഞു പോയി.
സ്നേഹം .. കാരുണ്യം നിറഞ്ഞ ആ മനസ്സിന് ആദരവോടെ
അറിയാത്ത കഥകൾ. പറയാത്ത സത്യങ്ങൾ. അനുഭവിച്ച വേദനകൾ ഹൃദയസ്പർശിയായ് എഴുതി
ഒരുപാട് നന്ദി, സ്നേഹം നിറഞ്ഞ ഈ മറുകുറിപ്പിന്ആദരവോടെ
സത്യൻ എന്ന സിനിമാ നടനെ കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
സത്യൻ എന്ന പോലീസുകാരനെ കുറിച്ച് അറിവ് നൽകിയ ലേഖനം ഇഷ്ടമായി.
ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകളുടെ ഒരു ഇര ആണ് അച്ഛൻ വേണമെങ്കിലും പറയാം.
എന്തായാലും അടുത്തകാലത്ത് വായിച്ച മനസ്സിൽ തട്ടിയ എഴുത്ത്
ഒരുപാട് സന്തോഷം…
ഏറെ അറിവുകൾ പകർന്നുള്ള നല്ല അവതരണം
പുന്നപ്രവയലാർ സിനിമയാക്കുമ്പോൾ ഇതേ പോലീസ് വേഷം ചെയ്യാമോ എന്ന് കുഞ്ചാക്കോ സത്യനോട് ചോദിച്ചപ്പോൾ കുറ്റബോധത്തോടെ അദ്ദേഹം അതിൽ നിന്നൊഴിഞ്ഞുമാറുകയായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് . വായനയ്ക്കും മറുകുറിപ്പിനും ഹൃദയത്തിൽ നിന്നും ഒരുപിടി തെച്ചിപ്പൂക്കൾ.