പ്രിയരേ ;
അഭ്രപാളിയിലെ നിത്യഹരിത ചിത്രങ്ങൾ എന്ന പംക്തിയിൽ ഈ വാരം മലയാളിമനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത് ‘അപരൻ’ എന്ന സിനിമയെ കുറിച്ചാണ്.
സുപ്രിയ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ ശ്രീ പദ്മരാജൻ സംവിധാനം ചെയ്ത് 1988 ഫെബ്രുവരി 12 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം..ജയറാമിൻ്റെ ആദ്യ സിനിമ.
.വിശ്വനാഥൻ പിള്ള എന്ന കഥാപാത്രത്തെ കൂടാതെ നെഗറ്റീവ് കഥാപാത്രമായ ഉത്തമനേയും ജയറാം ഇതിൽ അവതരിപ്പിച്ചു. ഉത്തമനായി ഏതാനും സെക്കൻ്റുകൾ മാത്രമേ സ്ക്രീൻ സാന്നിധ്യമുള്ളൂ. എന്നാൽ അദൃശ്യ കഥാപാത്രമായും സംഭാഷണങ്ങളിലും നിരന്തര സാന്നിധ്യമുണ്ട്. വിശ്വനാഥൻ്റെ അച്ഛൻ കേശവപിള്ളയായി മധുവും അമ്മയായി സുകുമാരിയും
ഏക സഹോദരി സിന്ധുവായി പാർവ്വതി ജയറാമും അവരുടെ ബന്ധു സുമംഗല ടീച്ചറായി ജലജയും , വിശ്വനാഥൻ്റെ ഓഫീസിലെ ടൈപ്പിസ്റ്റും വിശ്വനാഥൻ്റെ കാമുകിയുമായ അമ്പിളിയായി ശോഭനയും പഴയ കോളേജ് സഹപാഠിയും ഇപ്പോൾ സ്റ്റേഷൻ എസ്.ഐയുമായ ജോർജ് ആയി മുകേഷും ജോർജ്ജിൻ്റെ ഭാര്യ അന്നയായി ശാരിയും വിശ്വനാഥന് ആദ്യമായി നിയമനം ലഭിച്ച കമ്പനിയുടെ എംഡിയായി എംജി സോമനും ക്ലർക്ക് ആയി വത്സലാ മേനോനും , ജഗതി ശ്രീകുമാർ , KPAC സണ്ണി ,ഇന്നസെൻ്റ്, ശ്രീരാമൻ , സുരാസു , ഇന്ദ്രൻസ്, അജിത് തുടങ്ങിയവരും അപരനിൽ അഭിനേതാക്കളായി.
കഥ :പദ്മരാജൻ എം.കെ. ചന്ദ്രശേഖരൻ തിരക്കഥ : പദ്മരാജൻ
ക്യാമറ: വേണു :
എഡിറ്റിങ്ങ് :ലെനിൻ
സംവിധാന സഹായി : സുരേഷ് ഉണ്ണിത്താൻ, പൂജപ്പുര
രാധാകൃഷ്ണൻ ,ബ്ലെസ്സി ,വേണുഗോപൻ
ശബ്ദതാരങ്ങൾ: ലതാ രാജു, ആനന്ദവല്ലി , കുക്കു പരമേശ്വരൻ,ലീലാ പണിക്കർ, ഭാഗ്യലക്ഷ്മി,മീന, ജഗന്നാഥൻ, പൊന്നപ്പൻ
കഥയിലേക്ക് —–
മുൻ പ്രധാനാധ്യാപകനായ കേശവപിള്ളയുടെ മകനാണ് വിശ്വനാഥൻ എം.കോം ബിരുദധാരിയാണ്. ഒട്ടേറെ ഇൻ്റർവ്യൂകൾ അഭിമുഖികരിച്ചിട്ടുണ്ടെങ്കിലും ജോലിയൊന്നുമായിട്ടില്ല. കുട്ടനാടൻ ഉൾഗ്രാമത്തിലെ ഒരു തുരുത്തിലെ കായലോരത്താണ് അവരുടെ വീട്.. വലിയ സാമ്പത്തിക ശേഷിയൊന്നുമില്ല. വിശ്വനാഥന് പുതിയ ഒരു ഇൻ്റർവ്യൂ കാർഡ് വന്നിട്ടുണ്ട്. അതിന് പോകാൻ
രാവിലെ വിളിച്ചെഴുന്നേൽപ്പിച്ചത് സഹോദരി സിന്ധുവാണ്. അമ്മ പുലർച്ചെ തന്നെ തൊട്ടടുത്ത ക്ഷേത്രത്തിൽ മുഴുക്കാപ്പ് നടത്താൻ പോയി. ഇൻ്റർവ്യൂവിന് പോകുമ്പോൾ നല്ല കണികാണാൻ സുമംഗല ടീച്ചറെ ഏർപ്പാടാക്കിയിട്ടുണ്ട്. നാടൻപശുവിൻ്റെ പുതിയ കറവയിൽ നിന്നുള്ള പാൽ ഓട്ടുമൊന്തയിലാക്കി കൊണ്ടുവരാനാണ് അമ്മ ഏൽപ്പിച്ചത്. ഇൻ്റർവ്യൂ എങ്ങനെ അഭിമുഖീകരിക്കണം എന്ന അച്ഛൻ്റെ ഉപദേശങ്ങളോടെ ഒന്നിച്ച് വീട്ടിൽ നിന്നും ഇറങ്ങി. ടീച്ചർ കൃത്യമായി പാൽ മൊന്തയുമായി എത്തി. ടീച്ചറും ഭാര്യയും തമ്മിലുണ്ടാക്കിയ മുൻധാരണയാണ് ആ കണി എന്ന് കേശവപിള്ളയ്ക്ക് മനസ്സിലായി . ഏതാനും ദൂരം പിന്നിട്ട് ആ തുരുത്തിലെ ജട്ടിയിൽ നിന്നും വിശ്വനെ ബോട്ടിൽ കയറ്റി യാത്രയാക്കി.
ഇൻ്റർവ്യൂ നടക്കുന്ന സ്ഥലത്ത് വിശ്വൻ എത്തി. അക്ഷരമാലാക്രമത്തിൽ പേര് വിളിക്കാൻ താമസിക്കുമെന്ന് മനസ്സിലായപ്പോൾ പ്യൂണിൻ്റെ അനുമതിയോടെ ചായ കുടിക്കാൻ താഴേക്ക് ഇറങ്ങി.. താഴെ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കെ അപരിചിതരായ രണ്ടുപേർ രൂക്ഷമായി നോക്കുകയും പരസ്പരം കുശുക്കുകയും ചെയ്യുന്നതിൽ പന്തികേട് തോന്നി.പെട്ടെന്ന് അവർ ചാടി വീണ് വിശ്വനെ മർദ്ദിക്കാൻ തുടങ്ങി. വിശ്വൻ തിരിച്ചും പ്രതിരോധിക്കാൻ ശ്രമിച്ചു. ഹോട്ടലുടമ പോലീസിനെ വിളിച്ചു വരുത്തി. വിശ്വനെ നോക്കിക്കൊണ്ട് സ്ഥിരം ക്രിമിനലാണ് ഇവൻ എന്ന് പറഞ്ഞ് പോലീസുകാർ വിശ്വനാഥനേയും മർദ്ദിച്ചവരേയും സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിലാക്കി. സ്റ്റേഷനിൽ ഉള്ള പോലീസുകാർ മുൻപരിചയമുള്ള കുറ്റവാളിയെന്ന പോലെയാണ് ഇടപെട്ടതും എല്ലാവരോടും പറഞ്ഞതും. ഇവൻ ഏറെ നാളായി പിടിതരാതെ മുങ്ങി നടക്കുകയായിരുന്നുവെന്ന് ‘. സ്റ്റേഷൻ എസ് ഐ ജോർജ് വൈകിയാണ് എത്തിയത്. ലോക്കപ്പിൽ കുമ്പിട്ടിരുന്ന വിശ്വനോട് തലപൊക്കാൻ ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു. തല ഉയർത്തിയപ്പോൾ ജോർജ്ജ് ഞെട്ടി. തൻ്റെ പഴയ ക്ലാസ്മേറ്റല്ലേ ഇത്. രണ്ടുപേരും പരസ്പരം തിരിച്ചറിഞ്ഞു. വിശ്വനാഥനെ മോചിപ്പിച്ച് ജോർജ്ജിൻ്റെ വീട്ടിൽ കൊണ്ടുപോയി. അതോടൊപ്പം അവർ പിടിച്ചു വച്ച സർട്ടിഫിക്കറ്റ് അടങ്ങിയ ഫയലും തിരിച്ച് കൊടുത്തു. നിൻ്റെ അതേ ഛായയുള്ള ഒരു ക്രിമിനൽ ഈ ടൗണിൽ തന്നെയുണ്ട്. ഉത്തമൻ എന്നാണ് അവൻ്റെ പേര്. മറ്റുപല പേരിലും അറിയപ്പെടുന്നുണ്ട്.. നീ കൂടുതൽ കരുതൽ എടുക്കണം എന്ന് ജോർജ്ജ് പറഞ്ഞു. അവനെ പിടിക്കേണ്ടത് നിങ്ങളുടെ ജോലിയല്ലേ എന്ന് ജോർജിൻ്റെ ഭാര്യ അന്ന പറഞ്ഞു. പിറ്റേന്ന് കാലത്ത് കുറച്ച് പൈസ ജോർജ്ജിൽ നിന്ന് വാങ്ങി വിശ്വം നാട്ടിലേക്ക് തിരിച്ചു. പെങ്ങൾ സിന്ധുവിന് ഒരു സർക്കാർ സ്കൂൾ അധ്യാപകൻ്റെ ആലോചന വന്നതിൽ അവൾക്ക് അത്ര ഇഷ്ടമില്ല എന്ന് അമ്മ അച്ഛനോട് പറയുന്നത് പുറത്ത് നിന്ന് കേട്ടൂ. അവിടെ സിന്ധുവും അത് കേൾക്കുന്നുണ്ടായിരുന്നു.അച്ഛന് അത് നടത്തണമെന്ന പിടിവാശിയും. സിന്ധുവിനോട് ചേട്ടൻ വിശ്വൻ പറഞ്ഞു ഇഷ്ടമില്ലെങ്കിൽ അത് തുറന്ന് പറയാൻ.
പിറ്റേന്ന് തന്നെ തിയ്യതി നിശ്ചയിക്കാൻ അധ്യാപകൻ്റെ വീട്ടുകാരും ബന്ധുക്കളും വന്നു. അതിൽ ഗോവിന്ദപിള്ള എന്നയാൾക്ക് വിശ്വനാഥനെ കണ്ടപ്പോൾ എവിടെയോ കണ്ട പരിചയം. വല്ലാതെ ചുഴിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ വിശ്വൻ അകത്ത് കയറിപ്പോയി.വിവാഹ തീയ്യതി നിശ്ചയിച്ചിരിക്കെ കേശവപിള്ള വിശ്വനെ വിളിച്ചു.കൂടെ വന്ന ചെറുക്കൻ്റെ ബന്ധുവായ ഗോവിന്ദപിള്ള പറഞ്ഞു നിശ്ചയിക്കാൻ വരട്ടെ ഒന്നുകൂടി ആലോചിക്കണം എന്ന് ‘ . നമ്മൾ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് വിശ്വനോട് അയാൾ കാണാൻ വഴിയില്ല..എന്ന് വിശ്വൻ’ മൂവാറ്റുപുഴ സ്റ്റാൻഡിൽ വച്ച് പോക്കറ്റടിച്ചതിന് മൂന്നുവർഷം മുമ്പ് നിന്നെ പിടിച്ച് പോലീസുകാരെ ഏൽപ്പിച്ചതല്ലേ എന്ന് അയാൾ. നിങ്ങൾക്ക് ആളെ തെറ്റി അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല. ഞാൻ ആ കാലഘട്ടത്തിൽ തിരുവനന്തപുരത്ത് പഠിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോഴും ആ അമ്മാവൻ സമ്മതിച്ചില്ല . ഇത്തരം വീട്ടിലേക്ക് ഒരു ബന്ധുത വേണ്ട എന്ന് പറഞ്ഞ് അവർ ഇറങ്ങിപ്പോയി. ആ ആലോചന അങ്ങനെ അലസിപ്പോയി. അവർ പറഞ്ഞത് സത്യമാണെന്ന് കരുതി വിശ്വനെ അച്ഛൻ ചോദ്യം ചെയ്യുകയും ശാസിക്കുകയും ഉണ്ടായി- എന്നെങ്കിലും ഒരിക്കൽ അച്ഛന് സത്യം ബോധ്യമാകും എന്ന് പറഞ്ഞു. ഇഷ്ടമില്ലാത്ത വിവാഹം അലസിപ്പോയതിൽ സിന്ധുവിന് സന്തോഷമായി. കാരണം എന്താണെന്ന് അവളെ വിശ്വൻ അറിയിച്ചില്ല.
അച്ഛനും മകനും തമ്മിൽ മിണ്ടാതെ രണ്ടു മൂന്നു മാസങ്ങൾ പിന്നിട്ടു. ഒരു കമ്പനിയിലെ അപ്പോയ്മെൻ്റ് കാർഡുമായി അച്ഛൻ വീട്ടിലേക്ക് വന്നു. വീട്ടിൽ എല്ലാവർക്കും സന്തോഷമായി അച്ഛനും മകനും തമ്മിലുള്ള അകൽച്ചയും പിണക്കവുമെല്ലാം മാറി. പിറ്റേന്നു ജോലിക്ക് കയറാൻ കൊച്ചിയിലെ കമ്പനിയിൽ എത്തി. MD യെ കണ്ടു. ജോലിയിൽ പ്രവേശിച്ചു . ഓഫീസിൽ അമ്പിളി (ശോഭന) എന്ന സഹപ്രവർത്തകയോട് വിശ്വന് ആകർഷണം തോന്നി…
ഓഫീസ് സമയം കഴിഞ്ഞ് ക്ലാസ്മേറ്റ് ജോർജ്ജിനെ കാണാൻ പോയി.. താമസിക്കാൻ ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തു. ദിവസങ്ങൾ പിന്നിട്ടു. ഓഫീസിൽ ജോലിയിൽ വിശ്വനാഥൻ വളരെ മികവു കാണിച്ചു. മാസം ഒന്ന് പിന്നിട്ടു. ആദ്യ ശമ്പളം കിട്ടിയതിൽ ബാക്കി എന്നു പറയാൻ ഒന്നുമില്ല. ശമ്പളം കിട്ടിയ കാര്യവും ചെലവും എല്ലാം കാണിച്ച് വീട്ടിലേക്ക് കത്ത് എഴുതി.
അടുത്ത ദിവസം ഓഫീസിൽ നേരം വൈകി എത്തിയതിൽ അമ്പിളിയെ ഓഫീസ് ക്യാബിനിൽ വിളിപ്പിച്ച് MD അതിരൂക്ഷമായി വഴക്ക് പറഞ്ഞു. അവൾ കരഞ്ഞ് പുറത്തേക്ക് പോയി പിന്നാലെ വിശ്വനാഥനും ‘ വൈകാനുണ്ടായ കാരണം പറഞ്ഞത് കേട്ട് വിശ്വനാഥൻ ഞെട്ടിപ്പോയി അമ്പിളിയെ ഓട്ടോയിൽ വിശ്വൻ കടന്ന് പിടിക്കാൻ ശ്രമിച്ചുവത്രേ. തുടർന്ന് ഉണ്ടായ കാര്യങ്ങളും വൈകാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം വിശദീകരിച്ചു. ഓഫീസിലുള്ളവർ വിശ്വൻ ഒമ്പതു മണിക്ക് മുമ്പേ അവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞതും കൂട്ടി നോക്കിയപ്പോൾ അമ്പിളിക്ക് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് വിശ്വനല്ല എന്ന് തീർച്ചയായി.
സ്റ്റേഷനിൽ പോയി എസ്.ഐ ജോർജ്ജിനെ കണ്ടു. അമ്പിളിയ്ക്ക് സംഭവിച്ച
കാര്യങ്ങൾ പറഞ്ഞു. കൂടുതൽ ജാഗ്രത പാലിക്കാൻ ജോർജ് ഉപദേശിച്ചു. അവൻ ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങൾക്ക് ഞാൻ എന്തു ചെയ്യാനാണ് എന്ന് വിശ്വൻ ‘
വിശ്വനാഥൻ നാട്ടിലേക്ക് വന്നു. എല്ലാവർക്കും പുതുവസ്ത്രങ്ങൾ നൽകി.
സിന്ധുവിന് പുതിയ ആലോചനയുമായി സുമംഗല ടീച്ചർ വന്നു. ഭർത്താവിൻ്റെ ബന്ധുവായ എഞ്ചിനീയർ പയ്യൻ. മുപ്പതു പവൻ സ്വർണ്ണമെങ്കിലും കൊടുക്കേണ്ടേ എന്ന് അമ്മ. അതിനുള്ള സാമ്പത്തികം നിലവിലില്ല. ഉള്ളത് കൃഷി ചെയ്യുന്ന പുഞ്ച നഞ്ച പാടങ്ങൾ വാങ്ങാൻ ആളെ കിട്ടില്ല എന്ന് അമ്മയ്ക്ക് സങ്കടം.
ആ ആലോചന വിടേണ്ട; രണ്ടു മാസത്തെ ഇടവേള വേണമെന്ന് വിശ്വൻ അമ്മയോടും സുമംഗലയോടും പറഞ്ഞു.
വിശ്വൻ തിരിച്ച് ജോലിസ്ഥലത്ത് എത്തി. ലോഡ്ജിൽ നിന്നും പുറത്തിറങ്ങിയതു മുതൽ ഒരാൾ പിന്തുടർന്നു. ബലമായി തടഞ്ഞുനിറുത്തി. രണ്ടായിരം രൂപ പറ്റിച്ച് കൈക്കലാക്കിയെന്ന്. വിശ്വൻ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേരും വിസിറ്റിംഗ് കാർഡ് കൊടുത്തിട്ടും അയാൾ സമ്മതിച്ചില്ല. ചീറ്റ് ചെയ്തത് നീയാണ് എന്ന് ഉറപ്പിച്ച് പറഞ്ഞു. ബലമായി പിടിച്ച് കാറിൽ കയറ്റി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി. വിശ്വൻ ഓഫീസിലെ സ്വന്തം സീറ്റിൽ പോയി ഇരുന്നു. കൂടെ വന്നയാൾ എം ഡിയെ കാണാൻ ഓഫീസിൽ കയറി തിരിച്ച് പോയി.
അതിനു പുറകേ പ്യൂണിനെ വിട്ട് വിശ്വനാഥനെ എം.ഡി വിളിപ്പിച്ച്
വൈകീട്ട് പ്രശസ്തമായ ഒരു ഹോട്ടലിൽ എത്താൻ പറഞ്ഞു ‘ അവിടെ എത്തിയപ്പോൾ ഇവിടെ മുമ്പ് വന്നിട്ടുണ്ടോ എന്ന ചോദ്യം. ഇല്ല എന്ന് പറഞ്ഞപ്പോൾ ഉറപ്പാണോ എന്ന മറുചോദ്യം. തന്നെ അടുത്ത മാസം ജോലിസ്ഥിരപ്പെടുത്താമെന്ന് കരുതിയതാണ്.
കുര്യച്ചൻ നിന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ചതിയിൽ പെട്ടേനെ. നീ പെണ്ണിനെ കൊണ്ടു കൊടുക്കാമെന്ന് പറഞ്ഞ് രണ്ടായിരം രൂപ വാങ്ങിയതിൽ പകുതി പൈസ എൻ്റേതാണ് എന്ന് പറഞ്ഞ് വിശ്വനെ ആക്രമിച്ചു .വിശ്വൻ നിലത്ത് വീണു. ആ സമയം തന്നെ കുര്യച്ചനും രംഗത്ത് വന്ന് ക്രൂരമായി മർദ്ദിച്ചു. അവനെ പറഞ്ഞ് വിട്ടു ഇനി ഒഫീസ് പരിസരത്തോ കൺമുന്നിലോ കണ്ടു പോകരുത് എന്ന് പറഞ്ഞു.
ഞാനല്ല ചീറ്റ് ചെയ്തത് എന്നെപ്പോലെ ഒരാൾ ടൗണിൽ ഉണ്ടെന്ന് പറഞ്ഞിട്ടും അത് നുണയാണെന്ന് തന്നെ അവർ വിശ്വസിച്ചു.
വിശ്വൻ ജോർജിനെ കാണാൻ പോയി ജോലി പോയതിനാൽ ചെറിയ വാടകയുള്ള ലോഡ്ജിലേക്ക് മാറുകയാണ് എന്ന് പറഞ്ഞു. അവനെ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊടുക്കാൻ വിശ്വം അഭ്യർത്ഥിച്ചു. അടുത്ത ദിവസം തന്നെ ജോർജ് അന്വേഷണം ആരംഭിച്ചു. പോലീസ് മേധാവിയെ കണ്ടു. ‘ കുട്ടിക്കുറ്റവാളിയായിരുന്നപ്പോൾ ഉത്തമൻ വളർന്ന ദുർഗുണ പരിഹാര പാഠശാലയുടെ വിലാസം കൊടുത്തു.
അഞ്ചാം ക്ലാസ് വരെ പഠിച്ച ഓർഫനേജിൻ്റെ കീഴിലുള്ള വിദ്യാലയത്തിലേക്ക് എത്തി. ഒരു കൃസ്മസ് വാരത്തിൽ തിരുരൂപത്തിനു മുന്നിൽ ചോരക്കുഞ്ഞിനെ ആരോ കൊണ്ടിട്ടതാണെന്ന് അവിടെ നിന്ന് മറുപടി കിട്ടി.. അന്വേഷണം അവിടെ വഴിമുട്ടി.
വിശ്വൻ വീട്ടിലേക്ക് വന്നു. അച്ഛന് കുടിക്കാനുള്ള മദ്യക്കുപ്പിയും കൊണ്ട് ‘ തൻ്റെ അതേ ഛായയുള്ള തന്നേക്കാൾ മൂന്നുവയസ്സു കുടുതൽ പ്രായമുളള ഒരു യുവാവ് ടൗണിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നടക്കുന്ന കാര്യം അച്ഛനോട് പറഞ്ഞു. ആ സാമ്യത്തിൽ അച്ഛന് വല്ല പങ്കുമുണ്ടോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ കൃത്യമായ ഒരു മറുപടിയും ലഭിച്ചില്ല. എന്നാൽ അമ്മയോട് ചോദിക്കട്ടെ എന്ന് വിശ്വൻ ആവശ്യമില്ലാത്ത കാര്യത്തിന് പോയി നാറ്റിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞു. എന്നാലും വ്യക്തമായ ഉത്തരം കിട്ടിയില്ല.
അടുത്ത ദിവസം കാര്യങ്ങൾ അമ്പിളിയോട് പറഞ്ഞു. ഇനി തൻ്റെ അപരനെ നേരിടുക തന്നെ എന്ന നിശ്ചയ ദാർഢ്യത്തിൽ ഉത്തമൻ ധരിക്കാറുള്ള കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അവൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കറങ്ങി. അപ്പോൾ ഒരു കാർ വന്ന് വിശ്വനാഥനെ കൂട്ടിക്കൊണ്ടുപോയി വിശ്വൻ ഉത്തമൻ എന്ന ഭാവത്തിൽ തന്നെയിരുന്നു. വളരെയേറെ ദൂരം പിന്നിട്ട ശേഷം വിദൂരമായ ഒരു ഉൾസ്ഥലത്ത് ഒരു വീട്ടിൽ വണ്ടി നിറുത്തി. അകത്തേക്ക് ഡ്രൈവർ ആനയിച്ചു.
ഉത്തമൻ തന്നെയാണ് എന്ന് വീട്ടുടമയായ ആ ധനികനും കരുതി.
കഴിഞ്ഞ ദിവസം ക്വട്ടേഷൻ ഏറ്റെടുത്തു നടത്തിയ കൊലപാതകത്തിൻ്റെ പ്രതിഫലം ഒരു ലക്ഷം രൂപ അയാൾ കൊടുത്തു. മുമ്പ് അമ്പതിനായിരം അഡ്വാൻസ് തന്നത് മുതലാളി സൂചിപ്പിച്ചു.കൊല്ലപ്പെട്ട ആളുടെ അളിയനെ കൂടി തട്ടിക്കളയാൻ വീണ്ടും പണം കൊടുത്തു. അതും കൊണ്ട് വിശ്വൻ അമ്പിളിയെ കാണാൻ പോയി.
ഈ പണവും കൊണ്ട് എവിടേക്കെങ്കിലും പോകാമെന്ന് പറഞ്ഞെങ്കിലും അമ്പിളി എതിർത്തു. ആ പണം തിരിച്ചു കൊടുക്കാൻ പറഞ്ഞു. ഒരിക്കലും കൊടുക്കില്ല എന്ന് വിശ്വൻ . എൻ്റെ ജോലി കളഞ്ഞതിൻ്റേയും എന്നെ കഷ്ടപ്പെടുത്തിയതിൻ്റെയും പ്രതിഫലമാണെന്ന് ”എങ്കിൽ സിന്ധുവിൻ്റെ വിവാഹം നടത്താൻ പണം അച്ഛനെ ഏൽപ്പിക്കാൻ അമ്പിളി
.
തിരിച്ച് ലോഡ്ജിൽ വന്നു. ആ പ്രതിഫലവും കൊണ്ട് :ഡ്രസ്സുകൾ എല്ലാം ബാഗിലാക്കി സർട്ടിഫിക്കറ്റുകളും ‘ ഒരു ഫോൺ വന്നിട്ടുണ്ട് എന്ന് റൂം ബോയ് അറിയിച്ചു’
റിസപ്ഷനിൽ പോയി ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ വിശ്വനാഥൻ എന്ന് പറഞ്ഞപ്പോൾ എൻ്റെ പണം തിരിച്ചു താ. അധികം സ്മാർട്ടാകേണ്ട എന്ന് ഫോൺ വിളിച്ച ആൾ ‘ രണ്ടു പേർ ഉടനെ അവിടെ എത്തും പണം അവരെ ഏൽപ്പിക്കണമെന്ന താക്കീത്.. അത് പള്ളിയിൽ പറഞ്ഞാൽ മതി എന്ന് വിശ്വൻ. നീ മൂലം ഉണ്ടായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ എന്ന് ഓരോ കാര്യങ്ങളും എണ്ണിയെണ്ണി വിശ്വൻ പറഞ്ഞു. അയാൾ ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും രണ്ടു പേർ ലോഡ്ജിനു താഴെയെത്തി. അവരുടെ കണ്ണ് വെട്ടിച്ച് ഓട്ടോയിൽ കയറി ബസ്സ് സ്റ്റാൻഡിൽ എത്തി. അവർ വാൻ ഓടിച്ചു കൊണ്ട് തിരഞ്ഞ് നടക്കുന്നത് കണ്ടു. ബസ്സ് ജെട്ടിയിൽ എത്തി ‘ബോട്ടിൽ കയറി നാട്ടിലേക്ക് തിരിച്ചു. രാത്രിയായി വീട്ടിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ലോഡ്ജിൽ അന്വേഷിച്ച് വന്ന രണ്ടു ഗുണ്ടകളും വഴിയിൽ വിശ്വനെ തടഞ്ഞു ബാഗ് പിടിച്ചു വലിച്ചു. അടിപിടിയായി പണമടങ്ങിയ ചെറിയ ബാഗ് അതിൽ ഒരാളുടെ കയ്യിലായി. വിശ്വൻ വിട്ടുകൊടുത്തില്ല. അയാളെ അടിച്ച് നിലത്തിട്ട് പണമടങ്ങിയ ബാഗ് കയ്യിലാക്കി.
അതുമായി മുന്നോട്ടു നടന്നപ്പോൾ ഇരുട്ടിൽ മറ്റൊരാൾ ചാടി വീണു. വിശ്വൻ്റെ കഴുത്തിൽ അമർത്തിപ്പിടിച്ചു. ആ സമയം വിശ്വനെ കുത്താൻ കത്തിയുമായി മറ്റൊരു ഗുണ്ട പാഞ്ഞടുത്തു. വിശ്വൻ ഒഴിഞ്ഞു മാറിയപ്പോൾ കുത്ത് കൊണ്ടത് മൂന്നാമനായ ആ ഗുണ്ടയ്ക്ക്. അയാൾ പ്രാണവേദന കൊണ്ട് നിലവിളിച്ചു .കുത്ത് മാറി അവരുടെ കൂടെയുള്ളയാൾക്ക് കിട്ടി എന്ന് മനസ്സിലായ ഉടനെ മറ്റു രണ്ടു ഗുണ്ടകളും ഓടി രക്ഷപ്പെട്ടു..കുത്തുകൊണ്ടയാൾ നിലത്ത് കിടന്ന് പിടഞ്ഞു.
വിശ്വൻ തൻ്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും അടങ്ങിയ ബാഗ് എടുക്കാൻ നിൽക്കാതെ ഭ്രാന്തമായ അവസ്ഥയിൽ പണമടങ്ങിയ ബാഗ് നെഞ്ചോട് ചേർത്ത് ഓട്ടം തുടർന്നുകൊണ്ടേയിരുന്നു. ഓടിയോടി പുഴയോരത്തെ ഒരു പഴയ കെട്ടിടത്തിൻ്റെ മറവിൽ നിന്നു. കെട്ടിടത്തിൻ്റെ ഉള്ളിൽ കടന്നു . ഒരു ബോട്ട് പോകുന്നത് കണ്ടു.
നേരം വെളുക്കും വരെ അവിടെ കഴിച്ചു കൂട്ടി. നേരം വെളുഞ്ഞപ്പോൾ ഡോഗ് സ്ക്വാഡുമായി പോലീസ് ബോട്ട് പോകുന്നത് മറഞ്ഞ് നിന്ന് കണ്ടു. പിന്നാലെ മറ്റു പോലീസ് ബോട്ടുകളും. നേരം വെളുത്തതിനാൽ വീട്ടിൽ പോകാൻ കഴിയാത്തതിനാൽ വീണ്ടും ആ പഴയ കെട്ടിട്ടത്തിൽ തന്നെ കഴിച്ചു കൂട്ടി.
രാത്രിയിൽ വീട്ടിലേക്ക് ഇരുട്ടിലൂടെ പതുങ്ങി പതുങ്ങി എത്തിയ വിശ്വൻ അവിടത്തെ കാഴ്ച കണ്ട് സ്തംഭിച്ചു പോയി. അവിടെ ഉമ്മറത്ത് ഒരു മൃതശരീരം കിടത്തിയിരിക്കുന്നു. നിലവിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്. എല്ലാവരും കൂട്ടക്കരച്ചിൽ. അതിനിടയിൽ മോനേ വിശ്വം എന്ന് പറഞ്ഞ് അമ്മ കരഞ്ഞപ്പോൾ മനസ്സിലായി മറ്റേ ഗുണ്ടകൾ കുത്തിയത് തൻ്റെ അപരൻ ഉത്തമനെ ആയിരുന്നു എന്ന് .. താനാണ് കുത്തുകൊണ്ട് കൊല്ലപ്പെട്ടത് എന്ന് നാട്ടുകാരും വീട്ടുകാരും പോലീസും ഉറപ്പിച്ചിരിക്കുന്നു. താനാണെന്ന് കരുതി അപരൻ്റെ ബോഡി അവിടെ കിടത്തിയിരിക്കുന്നു. ആളുകളുടെ സംസാരത്തിൽ നിന്നും കാര്യങ്ങൾ ഏകദേശം മനസ്സിലായി. വിശ്വന് ആരും ശത്രുക്കളായി ഇല്ലല്ലോ എന്നൊക്കെ വീട്ടിലേക്ക് സംസ്കാര ചടങ്ങിന് വരുന്നവർ തമ്മിൽ പറയുന്നുണ്ടായിരുന്നു. ആരും കാണാതെ ഇരുട്ടിൻ്റെ മറവിൽ നിന്ന് വിശ്വൻ ആ ബോഡി നോക്കി. തൻ്റെ അതേ രൂപം ഒരു മാറ്റവുമില്ല.
ശരീരം പട്ടുകൊണ്ട് മൂടി പട്ടടയിലേക്ക് എടുത്തു എല്ലാവരും വാവിട്ട് കരച്ചിലായി.
ഭൗതീക ശരീരം ചിതയിൽ വച്ച് തീ കൊളുത്തി. മകൻ്റെ സംസ്ക്കാര ചടങ്ങ് കഴിഞ്ഞ് പുഴയിൽ മുങ്ങിക്കുളിച്ച് വരുന്ന അച്ഛൻ്റെ മുന്നിൽ വിശ്വൻ പ്രത്യക്ഷപ്പെട്ടു. അച്ഛൻ ആദ്യം ഒന്നമ്പരന്നു. ഞാൻ വിശ്വനാണ് മരിച്ചിട്ടില്ല. മരിച്ചത് അവൻ ഉത്തമൻ എന്ന് വിശ്വൻ പറഞ്ഞു. അപ്പോൾ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും കിട്ടിയതോ എന്ന് അച്ഛൻ അത് അവൻ്റെ കയ്യിൽ പെട്ടുപോയതാണ്.
കൈയിലുള്ള ഒന്നര ലക്ഷം രൂപ അച്ഛനെ ഏൽപ്പിച്ചു. സിന്ധുവിൻ്റെ വിവാഹം ഭംഗിയായി നടത്താൻ പറഞ്ഞു. ഇത് ഞാനുണ്ടാക്കിയതല്ല. അവൻ്റെ പണമാണ്. എന്നെക്കൊണ്ട് ഇത്രയും ഉണ്ടാക്കാൻ കഴിയില്ല ഞാൻ പോകുന്നു അമ്മയോടും മറ്റാരോടും ഇക്കാര്യം പറയരുതെന്നും വിശ്വൻ. ‘പറഞ്ഞാൽ പിന്നീടുണ്ടാകുന്ന പോലീസ് നടപടികളും DNA പരിശോധനയ്ക്ക് അയയ്ക്കലും എല്ലാം പ്രശ്നമാകും. ഇനി എനിക്ക് അവൻ്റെ അപരനായി അഥവാ അവനായി മാത്രമേ കഴിയാൻ സാധിക്കു എന്ന് പറഞ്ഞ് വിശ്വനും അച്ഛനും പിരിയുന്നു. വിശ്വൻ അപരൻ്റെ ഭൗതീക ശരീരം എരിഞ്ഞടങ്ങിയ പട്ടടയുടെ മുന്നിൽ വന്ന് ഒരു ചിരിയോടെ അവൻ്റെ ആത്മാവിനെ ഏറ്റെടുത്ത് മറ്റൊരു മാർഗ്ഗത്തിലൂടെ യാത്ര തിരിക്കുന്നു”.
—–………. ——–
ഈ ചിത്രത്തിൽ നമ്മൾ കാണാത്ത ഒളിഞ്ഞു കിടക്കുന്ന ചില കാര്യങ്ങൾ
1) സിന്ധുവിന് ഒട്ടും ഇഷ്ടമില്ലാത്ത വിവാഹം മുടക്കി അവളെ രക്ഷിച്ചത് യഥാർത്ഥത്തിൻ ഉത്തമനാണ്. വിശ്വനെ ഉത്തമൻ എന്ന് തെറ്റിദ്ധരിച്ചത് മൂലമാണ് ആ വിവാഹം മുടങ്ങിയത്.
(2) സിന്ധുവിൻ്റെ വിവാഹത്തിനുള്ള ഒന്നരലക്ഷം രൂപ ഉണ്ടാക്കിയതും നൽകിയതും ഉത്തമൻ തന്നെ. അപ്പോൾ അയാൾ മറ്റൊരു നിലയ്ക്ക് ഉത്തമനാണ്. സ്വന്തം ചേട്ടൻ്റെ കടമ പോലെ . വിശ്വനെക്കൊണ്ട് കഴിയാത്ത കാര്യം.
(3) ഉത്തമൻ്റെ ഭൗതീക ശരീരം അടക്കേണ്ടത് ആ മണ്ണിൽ തന്നെയാണ്.
എന്തെന്നാൽ അത് കേശവപിള്ളയുടെ മകൻ തന്നെയാണ്.
അപരൻ സിനിമാവലോകനം ഇവിടെ അവസാനിക്കുന്നു.
മുപ്പത്തിനാലു സംവത്സരങ്ങൾക്കു മുമ്പ് മൺമറഞ്ഞുപോയ അതുല്യ പ്രതിഭ ശ്രീ. പദ്മരാജന് പ്രണാമം :ഏതു വേഷവും അനായാസം കൈകാര്യം ചെയ്തിരുന്ന സുകുമാരിയ്ക്കും മറ്റു അഭിനേതാക്കളായ എംജി സോമനും ഇന്നസെൻ്റിനും KPAC സണ്ണിയ്ക്കും സുരാസുവിനും അജിത്തിനും സ്മരണാഞ്ജലികൾ



