Friday, December 5, 2025
Homeഅമേരിക്ക"അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ": 'തൂവാനത്തുമ്പികൾ' (സിനിമ അവലോകനം) രാഗനാഥൻ വയക്കാട്ടിൽ

“അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”: ‘തൂവാനത്തുമ്പികൾ’ (സിനിമ അവലോകനം) രാഗനാഥൻ വയക്കാട്ടിൽ

ഓരോ കാലവർഷക്കാലത്തും തുലാമഴ കോരിച്ചൊരിയുമ്പോഴും. ആർത്തിരമ്പുന്ന കടൽ കാണുമ്പോഴും തൂവാനത്തുമ്പികളും ജയകൃഷ്ണനും ക്ലാരയും നമ്മുടെ മനസ്സിൽ വീണ്ടും വീണ്ടും കയറിക്കൂടും. മഴയും കടലും കുന്നും സമാന്തര തീവണ്ടിപ്പാതയും ബിംബങ്ങളാകുന്ന പദ്മരാജ വിസ്മയമാണ് തൂവാനത്തുമ്പികൾ .

നേരിട്ടു അതുവരെ കണ്ടിട്ടില്ലാത്ത ക്ലാരയ്ക്ക് ആദ്യമായി ജയകൃഷ്ണൻ കത്തെഴുതുന്ന ആ രാത്രിയിൽ തോരാമഴ പെയ്തിറക്കുകയായിരുന്നു. തട്ടിൻപുറത്തെ മുറിയിൽ മേൽക്കൂരയുടെ ഓടിന്റെ വിടവിലൂടെ താഴോട്ടു വീണ രാത്രിമഴ മുത്തുകൾ ആ കത്തിന് മുത്തം നൽകി. അതിലെ ഈർപ്പം ജയകൃഷ്ണൻ ഒപ്പിയെടുത്തു. ക്ലാരയുമായി ആദ്യസമാഗമം നടന്നപ്പോഴും മഴയുടെ അകമ്പടിയുണ്ടായി. ഇടിയുടെ പെരുമ്പറയും.

അവർ പരിചയക്കാരായി പിരിഞ്ഞ ശേഷം ഏറെ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവൾ എത്തിയപ്പോഴും പേമാരിയായിരുന്നു.. അവർ ഇരുവരും കുന്നിൻ മുകളിൽ ഇരിക്കുമ്പോൾ അങ്ങകലെ നിന്ന് ഒരാളുടെ ദീനരോദനവും അതിന്റെ മാറ്റൊലിയും കേട്ടപ്പോൾ അതെന്താണെന്ന് ചോദിക്കുന്ന ക്ലാരയോട് ഒരു ഭ്രാന്തന്റെ രോദനമാണെന്ന് ജയകൃഷ്ണൻ വിശദീകരിക്കുമ്പോൾ നമ്മുടെ മനസ്സും ഒരു നിമിഷം നൊമ്പരപ്പെടും. ആ വേദനയോടൊപ്പം ചേരും. ആ അദൃശ്യകഥാപാത്രത്തെ കൺമുന്നിൽ കാണും. കാലിൽ ബന്ധിച്ച ചങ്ങലയുടെ കണ്ണികൾ വ്രണത്തിൽ തട്ടി പ്രാണവേദന കൊണ്ട് നിലവിളിക്കുന്ന ആ അദൃശ്യകഥാപാത്രത്തെ നേരിൽ കാണുന്ന പ്രതീതി നമുക്ക് അനുഭവപ്പെടും. ഒരിക്കലും മറക്കാനാവാത്ത മൺമറഞ്ഞ് പോയ അതുല്യ പ്രതിഭയുടെ തൂലികയിൽ പിറന്ന് സംവിധാന സാക്ഷാത്കാരത്തിലൂടെ ആസ്വാദകർക്ക് സമ്മാനിച്ച അഭ്ര കാവ്യമായ തൂവാനത്തുമ്പികൾ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി മുപ്പത്തി എട്ടു വർഷങ്ങളാണ് കടന്ന് പോകുന്നത്.

മണ്ണാറത്തുടി ജയകൃഷ്ണനും ക്ലാരയും പിറന്ന് മുപ്പത്തി എട്ടു വർഷങ്ങൾ പിന്നിന്നിട്ടിട്ടും മലയാളി സിനിമാ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. ചർച്ച ചെയ്യുന്നു; മനസ്സിൽ കൊണ്ടു നടക്കുന്നു. റീ മാസ്റ്റർ പ്രിൻ്റിൻ്റെ റിലീസിന് കാത്തിരിക്കുന്നു.

ഭൂരിഭാഗവും തൃശൂരിലും വടക്കുംനാഥൻ ക്ഷേത്രാങ്കണത്തിലും തേക്കിൻകാട് പരിസരങ്ങളിലുമാണ് ചിത്രീകരിച്ചത്. അവസാന രംഗങ്ങൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലും. തൃശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്തുള്ള വാടാനപ്പള്ളി കടപ്പുറത്തിൻ്റെ മനോഹാരിത ഗാനരംഗങ്ങളിൽ കാണാം. ആലുവ മാതാ തിയേറ്ററിൽ 1987 ൽ ഈ ചിത്രം കണ്ടത് മറക്കാനാവില്ല. പിന്നീട് വിസിആർ / TV വഴി അനേക തവണ കണ്ടു.ചാനലിലൂടെ വീണ്ടും വീണ്ടും .. ഓരോ പ്രാവശ്യം ചാനലിൽ വരുമ്പോഴും കാണാതിരിക്കാൻ കഴിയില്ല. അത്രയും കാന്തിക ശക്തിയുള്ള ഏതോ ഘടകം പദ്മരാജന്റെ സംവിധാന മാന്ത്രികതയിലുണ്ട്..

സിതാര ഫിലിംസിന്റെ ബാനറിൽ സ്റ്റാൻലി നിർമിച്ച ഈ ചിത്രം 1987 ജൂലൈ മുപ്പത്തി ഒന്നിനാണ് ഗാന്ധിമതി ഫിലിംസ് പ്രദർശനശാലകളിൽ എത്തിച്ചത്. സംവിധായകൻ്റെ തന്നെ ഉദകപോളയെന്ന നോവലാണ് ഇതിനു വേണ്ടി തെരെഞ്ഞെടുത്തത് . ഉദകപ്പോളയിലെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ഒന്നാക്കി രണ്ടു വ്യക്തിത്വങ്ങളായി ജയകൃഷ്ണനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.. തനി ഗ്രാമവാസിയെന്ന് നമുക്ക് തോന്നിക്കുന്ന മണ്ണാറത്തുടി ജയകൃഷ്ണൻ പട്ടണത്തിലെത്തിലെത്തുമ്പോൾ മറ്റൊരാൾ തന്നെയാണ്. ആ വേഷപ്പകർച്ച കണ്ട് കൂട്ടുകാരൻ ഋഷി അമ്പരക്കുന്നു. ഒപ്പം പ്രേക്ഷകരും. സങ്കൽപ്പിക്കാൻ കഴിയാത്ത സൗഹൃദവലയങ്ങളും രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളുടെ ഭാവങ്ങളും വിസ്മയമുളവാക്കുന്നതാണ്. ശ്രീ പദ്മരാജന് വളരെ അടുത്ത് പരിചയമുള്ള ഉണ്ണിമേനോൻ് എന്നയാളുടെ ചില സ്വഭാവ വിശേഷങ്ങൾ ജയകൃഷ്ണനിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. “ആ സ്വൈരക്കേട് മാറ്റാൻ നിന്നെ ഞാൻ കെട്ടാൻ തീരുമാനിച്ചു” എന്ന് കോളേജിൽ പോയി നായികയായ രാധയോട് (പാർവ്വതി) പറഞ്ഞ വിവരം അറിഞ്ഞ ചേട്ടൻ മാധവൻ (ശ്രീനാഥ് ) “ഇനി എന്തൊക്കെയാണ്‌ അവൻ്റെ ഭാഗത്തു നിന്ന്
ഉണ്ടാകുക” എന്ന ആശങ്ക പങ്കു വക്കുന്നത് ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തിന്റെ ദർപ്പണമാണ്.

തിരക്കഥ, സംവിധാനം എന്നിവ കൂടാതെ അജയൻ വിൻസന്റിന്റെ ഛായാഗ്രഹണവും ബി. ലെനിന്റെ എഡിറ്റിംഗും ഗാനരംഗങ്ങളും മോഹൻലാലിൻ്റേയും പാർവ്വതി, സുമലത എന്നീ ഇരട്ട നായികമാരുടെ അഭിനയവും എന്നിവ ആ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്തിരുന്നു.
ശ്രീകുമാരൻ തമ്പിയുടെ കവിത തുളുമ്പുന്ന വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥിൻ്റെ സംഗീതം ചിത്രത്തിൻ്റെ സുഗമമായ സഞ്ചാരത്തിന് ഏറെ സഹായകമായി. ഒന്നാം രാഗം പാടി എന്ന ഗാനം അതിമനോഹരമായി ആലപിച്ചെങ്കിലും ശ്രീ വേണുഗോപാലിനെ മികച്ച ഗായകനായി പരിഗണിച്ചില്ല എന്നത് തീരാനഷ്ടമായി.. കൂടെ ചിത്രയും പാടി എന്നതിനാലാണ് അന്ന് പരിഗണിക്കാതിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം നിറം എന്ന ചിത്രത്തിൽ ജയചന്ദ്രനും സുജാതയും ഡ്യൂയറ്റ് പാടിയിട്ടും ജയചന്ദ്രനെ മികച്ച ഗായകനായി പരിഗണിച്ചു. മേഘം പൂത്തുതുടങ്ങി എന്ന മറ്റൊരു ഗാനം യേശുദാസ് മനോഹരമായി ആലപിച്ചു.. നായക കഥാപാത്രത്തിൻ്റെ മന:സംഘർഷങ്ങൾക്കും കാമുകിയായ ക്ലാരയുമായുള്ള സമാഗമത്തിനും മഴയുടെ അകമ്പടിയോടെയുള്ള പശ്ചാത്തല സംഗീതം തിയേറ്റർ വിട്ടിറങ്ങിയിട്ടും തോരാതെ മനസ്സിൽ വീണ്ടും വീണ്ടും പെയ്തിറങ്ങിയത് ശ്രീ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീത മാസ്മരികത കൊണ്ട് മാത്രമാണ്. ചില ബി.ജി.എം ബിറ്റുകൾ കേൾക്കുമ്പോൾ ഔസേപ്പച്ചൻ ടച്ചും തോന്നിയിരുന്നു.( താരും തളിരും എന്ന ഗാനം പോലെ )എന്നാൽ ചിത്രത്തിൽ എവിടെയും ആ പേര് പരാമർശിച്ചു കണ്ടില്ല: ജോൺസൺൻ്റെ പേര് മാത്രമാണ് കണ്ടത്. സുഹൃത്തും വയലിൻ വാദകനുമായ ഔസേപ്പച്ചനെ ജോൺസൺ ഒപ്പം കൂട്ടിയിരുന്നോ എന്നറിയില്ല. പോസ്റ്റർ ഡിസൈൻ സന്തോഷ് വാടാനപ്പള്ളി .
സംവിധാന സഹായികളായി ബ്ലെസ്സി, വേണുഗോപൻ രാധാകൃഷ്ണൻ , മള്ളൂർ രാജഗോപാൽ എന്നിവരും സുരേഷ് ഉണ്ണിത്താനും പദ്മരാജനോടൊപ്പം പ്രധാന സംവിധാന സഹായിയായി.

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിൽ തന്നെയാണ് മണ്ണാറത്തുടി ജയകൃഷ്ണൻ. മലയാളചലച്ചിത്രങ്ങളിൽ അപൂർവ്വമായ പ്രമേയമാണെന്ന് നിസ്സംശയം പറയാം. 99% പുരുഷമനസ്സിലും ഒളിഞ്ഞു കിടക്കുന്ന കാമുകഭാവം അതിസൂക്ഷ്മമായി മനോഹരമായി ജയകൃഷ്ണനിലൂടെ സംവിധായകൻ അഭ്രപാളികളിൽ എത്തിച്ചു.

ജയകൃഷ്ണനായി മോഹൻലാൽ, ക്ലാരയായി സുമലത, രാധയുടെ വേഷത്തിൽ പാർ‌വ്വതി ജയറാം, കൂടാതെ ജയകൃഷ്ണൻ്റെ അമ്മയായി സുകുമാരി, രാധയുടെ അമ്മയായി ശാന്തകുമാരി , ജയകൃഷ്ണന്റെ സഹോദരി മാലിനിയായി സുലക്ഷണ , രാധയുടെ ബന്ധു രഞ്ജിനിയായി ജയലളിതയും, തങ്ങൾമാഷ് എന്ന ബ്രോക്കർ കുരിക്കൾ ആയി ബാബുനമ്പൂതിരി ജയകൃഷ്ണൻ്റെ കൂട്ടുകാരൻ ഋഷിയായി അശോകൻ. പട്ടണത്തിലെ കൂട്ടുകാരനായി അലക്സ്, അജയൻ , നാളികേര കച്ചവടക്കാരനായി പൂജപ്പുര രാധാകൃഷ്ണൻ കുടികിടപ്പുകാരൻ രാവുണ്ണി നായരായി ജഗതി ശ്രീകുമാർ രാധയുടെ അച്ഛനായി ശങ്കരാടി എന്നിവരും തൂവാനത്തുമ്പികളിൽ വിവിധ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു

ക്ലാരയുടെ ഭർത്താവ് മോനി ജോസഫായി ഏതാനും നിമിഷം മാത്രം എത്തിയ എം.ജി സോമനും ശ്രദ്ധേയനായി –

കഥ ഓർത്തെടുക്കാം.:
വലിയ ജന്മിയും കാർക്കശ്യക്കാരനുമായിരുന്ന ജസ്റ്റിസ് തമ്പുരാൻ്റെ ഏക മകനാണ്
മണ്ണാറത്തുടി ജയകൃഷ്ണൻ. നാട്ടിൽ അറു പിശുക്കൻ എന്ന ദുഷ്പേര് ധാരാളം’. ഏക്കറുകണക്ക് കുടിയിരിപ്പിൽ നിന്നും ലഭിച്ച നാളികേരം വാങ്ങാൻ വന്ന വർഗ്ഗീസ് (പൂജപ്പുരരാധാകൃഷ്ണൻ ) പേട്ടു നാളികേരവും മുച്ചകിരിയും തിരിഞ്ഞു മാറ്റിയിട്ടത് ജയകൃഷ്ണന് ഒട്ടും ഇഷ്ടമായില്ല. തനിക്ക് തരില്ല എന്ന് വഴക്കുപറഞ്ഞ് മാറ്റിയിട്ട പേടുകൾ എല്ലാം തിരികെ കൂട്ടത്തിൽ ഇടുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുടികിടപ്പുകാരനായ മുഴുക്കുടിയനായ രാവുണ്ണി നായർ ആ സമയം അവിടേക്ക് എത്തി. തമ്പുരാനും അറു പിശുക്കനായിരുന്നു ആ സ്വഭാവമാണ് മകനും കിട്ടിയതെന്ന് പറഞ്ഞ് അധിക്ഷേപിച്ച് സംസാരിച്ചു. മൺമറഞ്ഞ പിതാവിനെ മോശമായി പറഞ്ഞതിൽ ക്ഷോഭിച്ച് വെട്ടുകത്തിയുമായി ജയകൃഷ്ണൻ അയാൾക്കു നേരെ പാഞ്ഞടുത്തു. ചേട്ടത്തി ഉൾപ്പെടെയുള്ളവർ പിടിച്ചു മാറ്റി. രാത്രിയിൽ പല നാളികേര കച്ചവടക്കാരേയും ഫോണിൽ വിളിച്ച് നാളികേരം ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കെ കൂ ട്ടുകാരൻ ഋഷി (അശോകൻ) റിപ്പയർ ചെയ്യാൻ കൊണ്ടുപോയ വാട്ടർ പമ്പ് കൊടുത്ത് തിരിച്ചു പോയി.

അടുത്ത ദിവസം ജയകൃഷ്ണൻ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള നഗരത്തിലേക്ക് ഇറങ്ങി. ഋഷിയെ പട്ടണത്തിലുള്ള സ്വന്തം ഇലക്ട്രിക് കടയിൽ നിന്നും കൂട്ടിന് വിളിച്ചു .അമ്മക്ക് സൂപ്പ് ഉണ്ടാക്കാൻ മാർക്കറ്റിൽ നിന്നും ആട്ടിൻ തല വാങ്ങി. അവിടേയും പേശിപ്പേശി വില കുറച്ചു കൊടുത്തു. എന്തൊരു പിശുക്കനാണെന്ന് ഋഷി കണക്ക് കൂട്ടി. നല്ല ചൂട് ആയതിനാൽ നാരങ്ങ വെള്ളം കുടിക്കാൻ പെട്ടിക്കടയിൽ എത്തി. അവിടേയും പിശുക്കും തർക്കവും തണുപ്പില്ല എന്ന് പറഞ്ഞ് കൊണ്ട്. കുടിക്കാതെ പൈസ കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോയി. അത് ടൗണിലെ പ്രധാന ബാർ .. ആദ്യം നാരങ്ങ വെള്ളം ഓർഡർ ചെയ്തു. ഋഷിക്ക് ആകെ ചമ്മൽ: ആരെങ്കിലും കണ്ടാലോ എന്ന്. നാരങ്ങ പോയി ബീയർ ആയി അടുത്ത ഘട്ടം. അവിടെ ജയകൃഷ്ണൻ്റെ ഒട്ടേറെ പരിചയക്കാർ . സ്നേഹിതരുടെ ബാഹുല്യം കണ്ട് ഋഷി ഞെട്ടിപ്പോയി. നാട്ടിൻ’ പുറത്തെ തമ്പുരാൻ കുട്ടിയല്ല പട്ടണത്തിലെത്തുമ്പോൾ ജയകൃഷ്ണൻ. എന്തിനും പോന്ന കൂട്ടുകാർ .നാട്ടിൽ പിശുക്കനായ സുഹൃത്ത് പട്ടണത്തിൽ ധൂർത്തൻ പണം വാരിക്കോരി കൊടുക്കുന്നു. ധാരാളിത്തത്തോടെ ചെലവ് ചെയ്യുന്നു. കോളേജിൽ പഠിക്കുമ്പോൾ പട്ടണത്തിൽ വിലസിയ കഥകൾ കുരിക്കൾ ഋഷിയോട് പറഞ്ഞു. മാത്രമല്ല ഒരു സ്ത്രീയിലും അനുരക്തനായിട്ടില്ല എന്ന സത്യവും: എന്നാൽ മൊത്തത്തിൽ സ്ത്രീലമ്പടനാണെന്ന് പേരുണ്ട്. ഋഷിക്ക് ആദ്യമായി അങ്ങനെ ഒരു അവസരം കുരിക്ക ളോട് പറഞ്ഞ് ഉണ്ടാക്കിക്കൊടുത്തത് ജയകൃഷ്ണനാണ്. ജയകൃഷ്ണനും ഈ സ്വഭാവം ഉണ്ടാകുമെന്ന് ഋഷിധരിച്ചു പോയി. ജയകൃഷ്ണൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ ഉണ്ടായിരുന്നു. അതു കൊണ്ടാണ് സ്ത്രീ വിഷയത്തിൽ വിമുഖത കാണിച്ചിരുന്നത്. എന്നാൽ ഋഷിക്ക് വേണ്ടി അങ്ങനെ ചെയ്തതിൽ കൂട്ടുനിന്നതിൽ ഉള്ളുനീറുന്നുമുണ്ട്. ആ സമയത്തെ അസാമാന്യ അഭിനയപാടവം അതിശയിപ്പികുന്ന വിധത്തിലാണ്.

മറ്റൊരു ദിവസം ജയകൃഷ്ണൻ സ്വന്തം പാടത്ത് പണിക്കാരോടൊപ്പം പണിയെടുത്തു കൊണ്ടിരിക്കെ മണ്ണാറത്തുടി വീട് അന്വേഷിച്ച് ചേച്ചിയുടെ ഭർത്താവിൻ്റെ ബന്ധുവീട്ടുകാരായ രാധയും (പാർവ്വതി) രാധയുടെ ചേച്ചി രഞ്ജിനിയും( അമ്മാവൻ്റെ മകൾ) എത്തി.മുത്തശ്ശിയുടെ സപ്തതി ക്ഷണിക്കാൻ വന്നപ്പോൾ ജയകൃഷ്ണനോടാണ് വഴി തിരക്കിയത്.ഈ മണ്ണാറത്തുടി എന്ന് ചോദിച്ച ഉടൻ തന്നെ മണ്ണാറത്തുടി ഞാൻ തന്നെയാണ് എന്ന് ജയകൃഷ്ണൻ പറഞ്ഞു. രാധ കൊച്ചു കുട്ടിയായിരിക്കുമ്പോൾ വന്ന കാര്യം പറഞ്ഞു. നീ വളർന്നു പോയല്ലോ എന്ന് പറഞ്ഞ് അടിമുടി നോക്കിയതും കൂടെയുള്ള ചേച്ചിയെ കുറിച്ച് അർത്ഥം വച്ചു പറഞ്ഞതും രാധയ്ക്ക് ഇഷ്ടമായില്ല. അതിന് തക്കതായ മറുപടി രാധ ഉടനെ കൊടുക്കുകയും ചെയ്തു.
രാധ വന്നുപോയശേഷം ജയകൃഷ്ണൻ്റെ മനസ്സിൽ ആദ്യാനുരാഗം മൊട്ടിട്ടു.
പിറ്റേന്ന് ഋഷിയോടൊപ്പം കോളേജിൽ ചെന്ന് രാധയെ സ്വകാര്യമായി വിളിച്ച് നിന്നെഞാൻ കെട്ടാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ രാധ വളരെ രൂക്ഷമായി അതിന് തന്നെ നോക്കേണ്ട എന്ന് മറുപടി കൊടുത്തു. പെട്ടെന്നുണ്ടായ ഷോക്കിൽ തിരിച്ച് നഗരത്തിൽ എത്തി ബാറിൽ കയറിയെങ്കിലും മദ്യപിക്കാൻ സുഹൃത്ത് ഋഷി സമ്മതിച്ചില്ല: ടെൻഷൻ നാരങ്ങ വെള്ളത്തിൽ അലിയിപ്പിച്ചെടുത്തു. അന്നേരം അവിടെയെത്തിയ കുരിക്കൾ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ക്ലാര എന്ന യുവതിയെ അവളുടെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവരാൻ ജയകൃഷ്ണൻ്റെ സഹായം തേടി.മഠത്തിൽ ചേർത്താൻ മദർ സുപ്പീരിയർ ആയി വ്യാജ കത്ത് എഴുതിയിട്ടു വേണം കൊണ്ടുവരാൻ എന്ന് പ്രത്യേകം പറഞ്ഞു. എങ്കിലേ ക്ലാരയുടെ അച്ഛൻ പുറത്ത് വിടുകയുള്ളൂ എന്ന് കുരിക്കൾ പറഞ്ഞു. ജയകൃഷ്ണൻ തിരിച്ച് വീട്ടിലെത്തി:

കോളേജിൽ ഉണ്ടായ സംഭവങ്ങൾ ചേട്ടൻ മാധവൻ അറിഞ്ഞു. ആദ്യമായിട്ടായിരിക്കും മാധവൻ ഒരു യുവതിയോട് ഇങ്ങനെ വിവാഹാഭ്യർത്ഥന നടത്തിയിരിക്കുക എന്ന് ചേട്ടൻ പറഞ്ഞു. ഇനി അവൻ്റെ അടുത്ത നീക്കം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല എന്ന് മാധവൻ അനിയത്തി രാധയോട് ഉത്കണ്ഠയോടെ പറഞ്ഞു.

ജയകൃഷ്ണൻ മദർ സുപ്പീരിയർ ആയി കത്തെഴുതിത്തുടങ്ങി. ആദ്യ വരികൾ എഴുതിയപ്പോൾ തന്നെ തോരാമഴയായിരുന്നു. കത്തു നനഞ്ഞത് ഒപ്പിയെടുത്തു. പിറ്റേന്ന് തന്നെ പോസ്റ്റ് ചെയ്തു. ഒരാഴ്ചയായപ്പോൾ ക്ലാരയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്നു കന്യാസ്ത്രീയാകാൻ പോകുന്നു എന്ന് ക്ലാരയുടെ സ്വന്തം പിതാവിനെ തെറ്റിദ്ധരിപ്പിച്ച് രണ്ടാനമ്മയാണ് ഇതിന് കൂട്ടുനിന്നതും കൂടെ വന്നതും.

.തടി കോൺട്രാക്ടർ എന്ന വ്യാജേന ക്ലാരയുടെ ഉള്ളിലിപ്പ് അറിയാൻ കുരിക്കൾ എന്ന തങ്ങൾ മാഷ് ജയകൃഷ്ണനെ ഹോട്ടൽ മുറിയിലേക്ക് പറഞ്ഞ് വിട്ടു. വേശ്യാവൃത്തി തുടർന്നു പോകുമോ അതോ ഏതെങ്കിലും മുതലാളിമാരുടെ മാത്രം കീപ്പ് ആയി മാറുമോ എന്നറിയാനാണ് ജയകൃഷ്ണനെ ഏർപ്പാടാക്കിയത്.ജയകൃഷ്ണൻ ക്ലാരയുമായി വളരെ അടുത്തു .അവർ മനസ്സും ശരീരവും പങ്കുവച്ചു. പക്ഷേ ക്ലാരയ്ക്കും ആദ്യ അനുഭവമാണ് എന്നറിഞ്ഞ ജയകൃഷ്ണന് വല്ലാത്ത കുറ്റബോധമായി.” താൻ മൂലം ഒരു യുവതിയുടെ കന്യകാത്വം നഷ്ടപ്പെട്ടാൽ അവളെ മാത്രമേ ജീവിതസഖിയാക്കൂ എന്ന ഒരു പ്രതിജ്ഞ എടുത്ത കാര്യം ക്ലാരയോട് വളരെ കുറ്റബോധത്തോടെ പറഞ്ഞു.
അതിനാൽ ആ പ്രതിജ്ഞ നിറവേറ്റാൻ ക്ലാരയെ ഞാൻ വിവാഹം കഴിക്കട്ടെ എന്ന് ചോദിച്ചു. ആദ്യമായി രാധയോട് പ്രണയം തോന്നിയതും കോളേജിൽ ഉണ്ടായ സംഭവവങ്ങളും ക്ലാരയോട് പങ്കു വച്ചു. താൻ തന്നെയാണ് മദർ സുപ്പീരിയർ എന്ന കാര്യവും പറഞ്ഞു.

ജയകൃഷ്ണൻ തങ്ങളെ കാണാൻ പുറത്തിങ്ങിയ സമയം നോക്കി ക്ലാര ഹോട്ടലിൽ നിന്ന് മുങ്ങി. മറ്റൊരു മുറിയിൽ താമസിച്ചിരുന്ന രണ്ടാനമ്മ മകളെ കാണാത്തതിൽ ബഹളമുണ്ടാക്കി. ട്രെയിനിൻ്റെ സമയം റിസപ്ഷനിൽ ക്ലാര വിളിച്ചു ചോദിച്ച കാര്യം ജീവനക്കാർ പറഞ്ഞു.

രാധയുടെ മുത്തശ്ശിയുടെ സപ്തതി ദിവസമായി ‘ജയകൃഷ്ണൻ്റെ അമ്മയും ചേച്ചിയും എല്ലാം എത്തിയിരുന്നു. ചടങ്ങുകൾക്ക് ജയകൃഷ്ണൻ വരുമെന്ന പ്രതീക്ഷയിൽ രാധ കാത്തിരുന്നു’ വന്നാൽ ക്ഷമ ചോദിക്കാനും വിവാഹത്തിന് സമ്മതമാണെന്ന് പറയാനും ആയിരുന്നു കാത്തിരുന്നത്. വിവരം ചേച്ചിയോട് പറഞ്ഞു.ജാതകം നോക്കാൻ രാധയുടെ അച്ഛനും പറഞ്ഞു.മാധവൻ ഇക്കാര്യം പറയാൻ ജയ കൃഷ്ണൻ്റെ വീട്ടിലെത്തി. .രാധ ചൊവ്വാഴ്ച വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാൻ വരുമ്പോൾ സംസാരിക്കാൻ മാധവൻ നിർദ്ദേശിച്ചു. അടുത്ത ചൊവ്വാഴ്ച്ച വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ വച്ച് ഇരുവരും കണ്ടുമുട്ടി’ ഉള്ളുതുറന്ന് സംസാരിച്ചു. രാധയുമായി കോളേജിൽ ഉണ്ടായ പ്രശ്നങ്ങൾക്കു ശേഷം ക്ലാരയെ കണ്ടുമുട്ടിയതും താൻമൂലം അവളുടെ കന്യകാത്വം നഷ്ടമായതും വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞിട്ടും അവൾ മിണ്ടാതെ പോയതും രാധയോട് തുറന്ന് പറഞ്ഞു’.

അങ്ങനെ ദിവസങ്ങൾ പിന്നിട്ടുപോകവേ കോരിച്ചൊരിയുന്ന മഴയുളള ഒരു ദിവസം ജയകൃഷ്ണന് ഒരു ടെലഗ്രാം വന്നു. ക്ലാര എത്തുന്ന വിവരം. ജയകൃഷ്ണൻ റെയിൽവേ സ്റ്റേഷനിൽ പോയി അവളെ സ്വീകരിച്ചു. കടപ്പുറത്തും കുന്നിൻ മുകളിലും മറ്റു പലയിടത്തും ഒട്ടേറെ സമയം ചുറ്റിക്കറങ്ങി ക്ലാര തിരിച്ചു പോയി. രാധയോട് ഈ വിവരം പറഞ്ഞപ്പോൾ ഇനി വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു. മാത്രമല്ല
ഇനി ക്ലാരയെ കാണരുതെന്ന് രാധ താക്കീത് ചെയ്തു. കയ്യിൽ തൊട്ട് സത്യം പറയാൻ പറഞ്ഞത് അനുസരിച്ചു. പിന്നീട് വിവാഹ നിശ്ചയവും നടത്തി ,

കുടികിടപ്പുകാൻ രാവുണ്ണി നായരെ ജയകൃഷ്ണൻ്റെ കൂട്ടുകാരും കൂടി വന്ന് കാറിൽ കയ്യും കാലും കൂട്ടിക്കെട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തി പറമ്പിൽ നിന്ന് ഒഴിപ്പിച്ചു.

രാത്രിയിൽ ജയകൃഷ്ണന് ഫോൺ വന്നു. ക്ലാര ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തുന്നു എന്ന വിവരം. വരുന്ന സമയം ടെലഗ്രാം ആയി അറിയിച്ചു. ഈ വിവരം പറഞ്ഞപ്പോൾ രാധ കോപാകുലയായി.

വിവാഹം ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞ് മതി എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു; കാരണം എന്തെന്നു പറഞ്ഞില്ല. മധ്യസ്ഥതയ്ക്കു വേണ്ടി ചേട്ടൻ മാധവൻ ജയകൃഷ്ണനെ ഫോണിൽ വിളിച്ചു. ആരും ഇങ്ങോട്ട് വരേണ്ട എന്ന് ജയകൃഷ്ണൻ കോപാകുലനായി പറഞ്ഞു.

അടുത്ത ദിവസം ക്ഷേത്ര ദർശനത്തിന് പോയ രാധയെ ജയകൃഷ്ണൻ നിർബന്ധിച്ച് സ്വന്തം കാറിൽ കൂട്ടി കൊണ്ടു പോയി.കൂട്ടുകാരൻ്റെ വീട്ടിൽ റജിസ്ട്രാറും വന്നിട്ടുണ്ടായിരുന്നു. ഒരു ഉറപ്പിന് വേണ്ടി റജിസ്ട്രർ വിവാഹം ചെയ്യാൻ തയ്യാറാണെന്നു പറഞ്ഞ് ഒപ്പിടാൻ പറഞ്ഞെങ്കിലും വേണ്ട അതിൻ്റെ ആവശ്യമില്ല എന്ന് പറഞ്ഞ് രാധ വിസമ്മതിച്ചു. അവൾ വന്നു പോകട്ടെ എന്നിട്ട് തീരുമാനിക്കാം എന്നും പറഞ്ഞു.

അടുത്ത ദിവസം ക്ലാര ഒറ്റപ്പാലം റയിൽവേ സ്റ്റേഷനിൽ എത്തി .കാണാൻ ജയകൃഷ്ണനും.. അവിടെയെത്തിയ രാധ അവരുടെ ശ്രദ്ധയിൽ പെടാതെ മറഞ്ഞു നിന്നു. അവൾ ട്രെയിനിൽ നിന്നിറങ്ങി സംസാരിച്ചുകൊണ്ട് നിൽക്കേ പിന്നാലെ ഭർത്താവ് കൈക്കുഞ്ഞുമായി രണ്ടു പേരുടേയും അരികിലെത്തി പരിചയപ്പെട്ടു. അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു അത്. ഇനി ഒരിക്കലും ജയകൃഷ്ണൻ്റെ ജീവിതത്തിൽ കടന്നു വരാതിരിക്കാനുള്ള യാത്രാമൊഴി.ഇതിനെല്ലാം സാക്ഷിയായി കാണാമറയത്ത് രാധയും. ട്രെയിൻ ചൂളം വിളിച്ചു. ക്ലാരയും ഭർത്താവും തിരിച്ച് ട്രെയിനിൽ കയറി. ട്രെയിൻ അകന്നകന്നു പോയിക്കൊണ്ടിക്കെ ജയകൃഷ്ണൻ തിരിഞ്ഞു നോക്കിയപ്പോൾ രാധയെ കണ്ടു .അവിടെ രാധയും കൃഷ്ണനും (ജയകൃഷ്ണൻ) എല്ലാ പിണക്കങ്ങളും തീർത്ത് ജീവിത പാളങ്ങളിലൂടെ പുതിയ യാത്ര തുടങ്ങുന്നു. ക്ലാരയുടെ ഹൃദയ വിശാലതയിൽ വീശിയ പച്ചക്കൊടിയുമായി.

രാഗനാഥൻ വയക്കാട്ടിൽ
RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com