പ്രിയരേ;
അഭ്രപാളിയിലെ നിത്യഹരിത ചിത്രങ്ങൾ എന്ന പംക്തിയിൽ മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത് 2022 ൽ പ്രദർശനശാലകളിൽ എത്തിയ ശേഷം OTT റിലീസ് കൂടി നടത്തിയ ‘അർച്ചന 31 നോട്ടൗട്ട്’ എന്ന സിനിമയെ കുറിച്ചാണ്.
ഈ ചിത്രം അത്ര ഒന്നാംതരം സിനിമയല്ലെങ്കിലും അതിൻ്റെ പ്രമേയം വളരെ മികച്ചതും പെൺകുട്ടികൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതു കൂടിയാണ്.
അപ്രതീക്ഷിത വാർത്ത കേട്ട് പതറുമ്പോൾ ആത്മഹത്യയെകുറിച്ച് മാത്രം ചിന്തിക്കുമ്പോൾ പ്രതിസന്ധി ഘട്ടങ്ങൾ എങ്ങനെ നേരിടണമെന്ന ഒരു സന്ദേശമായി ഈ ചിത്രം നമ്മുടെ മുന്നിലേക്ക് എത്തുന്നു’.
പ്രേമവും ഒളിച്ചോട്ടവും നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും അത് ചെയ്യുന്നവർക്ക് വലിയ ആനന്ദമാണെങ്കിലും മറ്റുള്ളവരുടെ ജീവിതം തകരുന്നത് കമിതാക്കൾ ഓർക്കാറില്ല. ഏതാനും മാസങ്ങൾക്ക മുമ്പ് വിവാഹ വേദിയിൽ നിന്ന് മുഹൂർത്ത സമയത്ത് വധു ഇറങ്ങിപ്പോയി മറ്റൊരാളെ വിവാഹം കഴിച്ച വാർത്ത പത്രത്തിലും മറ്റു മാധ്യമങ്ങളിലും വന്നിരുന്നു. എത്ര പേരാണ് അത് കൊണ്ട് വേദന അനുഭവിച്ചത്. എത്ര പേർക്കാണ് മാനഹാനി ഉണ്ടായത്. ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇരയാകുന്ന കുടുംബത്തിന് ഉണ്ടായത്..വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് താൽപര്യമില്ലെങ്കിൽ വീട്ടുകാരോട് തുറന്ന് പറഞ്ഞ് അവർ സമ്മതിക്കുന്നില്ലെങ്കിൽ വിവാഹത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങും മുമ്പേ അവർക്ക് പോയി വിവാഹിതരാകാമെന്ന് എന്നിരിക്കെ തലേന്നോ പുലർച്ചെയോ ഉള്ള ഒളിച്ചോട്ടങ്ങൾ 99 ശതമാനവും വീട്ടുകാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൊന്നും പണവും അടിച്ചു മാറ്റുക എന്ന ഗൂഢഷ്യത്തിന് വേണ്ടിയാകുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ എല്ലാം മറക്കും എന്ന വിശ്വാസം.
ഈ ചിത്രത്തിലും സമാനമായ സംഭവമുണ്ട്. വളരെലളിതമായ പ്രമേയം. നാട്ടിൻ പുറത്തിൻ്റെ നന്മയും ഗ്രാമീണ ഭംഗിയും ഹാസ്യവും പാട്ടും വഴക്കും ബഹളവും സൗന്ദര്യപ്പിണക്കങ്ങളും കുശുമ്പും കുന്നായ്മയും എല്ലാമുള്ള നാട്ടിലെ കഥ.
വിവാഹ വീട്ടിലെ ആഘോഷങ്ങളും എല്ലാമായി രണ്ടു മണിക്കൂർ പോകുന്നത് നമ്മൾ അറിയില്ല. അർച്ചനയുടെ സന്തോഷവും സങ്കടവും ആധിയും ഭീതിയും എല്ലാം വളരെ തന്മയത്തത്തോടെ. കയ്യടക്കത്തോടെ ഐശ്വര്യ ലക്ഷ്മി ഗംഭീരമാക്കി. ജൂറി ശ്രദ്ധയിലേക്കെത്താത്തതിനാൽ മികച്ച അഭിനേത്രിയുടെ പുരസ്ക്കാരത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടു. അഭിനയിച്ച എല്ലാ സിനിമകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നിവിൻ പോളി, സിജുവിൽസൻ എന്നിവരോടൊപ്പവും വരത്തനിൽ ഫഹദ് ഫാസിലിനൊപ്പവും വിജയ് സൂപ്പറും പൗർണമിയിൽ ആസിഫലിക്കൊപ്പവും മികച്ച അഭിനയം കാഴ്ചവച്ച ഐശ്വര്യ ലക്ഷ്മിയുടെ അതിനേക്കാൾ കരുത്തുള്ള കഥാപാത്രം.
അപ്രതീക്ഷിത ആഘാതങ്ങളിൽ തകരരുത് തളരരുത് എന്ന് സമൂഹത്തിന് ഒരു പാഠം നൽകുന്നുണ്ട്. വൻ ഹിറ്റ് അല്ലാത്തതിനാൽ അധികം പേരും കാണാൻ സാധ്യതയില്ല. കാണാത്തവർ കാണാൻ ശ്രമിക്കുക.
ഈ ചിത്രം നവാഗതനായ അഖില്‍ അനില്‍കുമാര്‍ കഥയെഴുതി സംവിധാനം ചെയ്തു. തിരക്കഥ സംവിധായകനോടൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവർ.
സുനിൽ സുഖദ, ഇന്ദ്രൻസ്, രമേഷ് പിഷാരടി, തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേർ ഇതിൽ വേഷമിട്ടു.
കഥയിലേക്ക് കടക്കാം:
സ്വകാര്യ സ്‌കൂളിലെ താൽക്കാലിക അധ്യാപികയായ അര്‍ച്ചനയുടെ ( ഐശ്വര്യ ലക്ഷ്മി) ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങൾ പ്രേക്ഷകരെ പലപ്പോഴും ഉത്കണ്ഠയിലും ജിജ്ഞാസയിലും എത്തിക്കുന്നുണ്ട്.
28 വയസ്സ് ആയിട്ടും വിവാഹം നടക്കാത്തതിൻ്റെ വിഷമത്തിലാണ് അർച്ചനയും അച്ഛനമ്മമാരും’ വരുന്ന ഓരോ വിവാഹ ആലോചനകളും പലവിധ കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞു പോകും.പാലക്കാട്ടെ കാര്യമായ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ഉൾനാട്ടുകാരിയായതിനാൽ പട്ടണത്തിൽ നിന്നുള്ള ആലോചനകൾ എല്ലാം മുടങ്ങിപ്പോകാറാണ് പതിവ് ഗൾഫിലുള്ള മുറച്ചെറുക്കൻ സതീശന് ( രമേഷ് പിഷാരടി ) അർച്ചനയെ വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും അവൾക്ക് അവനോട് ഒട്ടും താൽപര്യമില്ല. അതിനാൽ അമ്മായിക്ക് ആങ്ങളയോടും നാത്തൂനോടും അത്ര പ്രതിപത്തി ഇല്ല. മാത്രമല്ല അർച്ചനയോടും ചെറിയ അകൽച്ചയുണ്ട്. ‘പെണ്ണുകാണാൻ വരാമെന്ന് പറയുന്നവരാരും പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. അതും അമ്മായി എപ്പോഴും എടുത്ത് പറയും. അതിനിടെ സ്കൂളിലെ താൽക്കാലിക അധ്യാപകരെ പിരിച്ചു വിടുന്നതിൽ അർച്ചനയും ഉൾപ്പെട്ടു..
രോഗിയായ അച്ഛൻ്റെ ചികിത്സയ്ക്ക് ഇനി എന്തു ചെയ്യും എന്നതിൽ അവൾക്ക് വിഷമമായി. എങ്കിലും PSC പരീക്ഷയെഴുതി ഒരു ജോലി നേടാമെന്ന ആത്മവിശ്വാസം അവൾക്കുണ്ട്. അവളുടെ അമ്മാവൻ്റെ മകൻ ഷിബു സ്വന്തം അനിയനെപ്പാലെ തന്നെയാണ്. ആ ഗ്രാമത്തിലെ പെൺകുട്ടിയോട് അനുരാഗം ഉണ്ടെങ്കിലും അവൾക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു എന്നു കേട്ട് നിരാശനായി നടക്കുന്നു . അർച്ചനയുടെ അമ്മക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. നിസ്സാര കാര്യത്തിന്ന് എപ്പോഴും വഴക്കു കൂടുന്ന അയൽക്കാരുള്ള നിത്യ ജോലിക്ക് പോയി ജീവതം തള്ളിനീക്കുന്ന പാവപ്പെട്ടവർ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ സംഭവ വികാസങ്ങൾ ആണ് ഇതിൽ.
അങ്ങനെയിരിക്കെ ഒരു ദിവസം തരക്കേടില്ലാത്ത ഒരു ആലോചന വന്നു’ ഗൾഫിൽ ജോലിയുള്ള പ്രസാദ് എന്ന പയ്യൻ്റെ സഹോദരിയും ഭർത്താവും കൂടിയാണ് വന്നത്.ആ സമയത്തും അയൽക്കാർ തമ്മിൽ വഴക്ക് കൂടുന്നുണ്ട്. എന്നാലും അവർക്ക് ഇഷ്ടപ്പെട്ടു.31 -ാം മത്തെ ആലോചന ഉറപ്പിച്ചു.സ്ഥിരം ബ്രോക്കർ കൊണ്ടുവന്ന ആലോചനയല്ല നേരിട്ട് വന്നതാണ്.പ്രസാദ് അന്നു രാത്രിയിൽ തന്നെ അർച്ചനയ്ക്ക് വിഡിയോ കോൾ ചെയ്തു . തൻ്റെ ജോലി പോയ കാര്യം അവൾ പ്രസാദിനോട് പറഞ്ഞു. അതിനെന്താ കുഴപ്പം. ഗൾഫിലെത്തിയാൽ ജോലി നോക്കാമല്ലോ എന്ന് പ്രസാദ് പറഞ്ഞതിൽ അർച്ചനയ്ക്ക് വലിയ പിന്തുണയും ആത്മവിശ്വാസവും ധൈര്യവും തോന്നി: തന്നെ ചേർത്തു നിർത്തുന്ന ഒരു സുഹൃത്താണ് ഭാവി വരൻ എന്നതിൽ അവൾ വളരെ സന്തോഷിച്ചു. അങ്ങനെ വിവാഹനാൾ അടുത്തു വന്നു ‘. എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നത് അർച്ചന തന്നെ. ബാങ്കിൽനിന്ന് ലോൺ എടുത്ത്
വീട് മോടിപിടിപ്പിച്ചതും വിവാഹം ക്ഷണിക്കുന്നതും ആഭരണങ്ങൾ വാങ്ങിയതും, പാചകക്കാരെ, പന്തൽ പണിക്കാരെ ഏൽപ്പിക്കുന്നതും. എല്ലാം അവൾ തന്നെ.. അങ്ങനെ വിവാഹ തലേന്നാൾ ആയി. പന്തൽ വർണ്ണ ബൾബുകൾ കൊണ്ട് നിറഞ്ഞു. ബന്ധുമിത്രാദികൾ ഓരോരുത്തരായി എത്തിത്തുടങ്ങി. വീട്ടിൽ ആഘോഷം പൊടിപൊടിക്കുന്നു. നമ്മുടെ നാട്ടിൻ പുറത്തെ ഒരു വിവാഹ വീട്ടിൽ എത്തിച്ചേർന്ന പ്രതീതി: മദ്യപിക്കുന്നവർക്ക് വേണ്ടി കുപ്പി വാങ്ങാൻ കസിൻ ഷിബുവിന് പണം കൊടുക്കുന്നതും അർച്ചന തന്നെ. വിവാഹത്തിന് അവൻ്റെ ഭാഗത്തു നിന്നും സാമ്പത്തിക സഹായമൊന്നുമില്ല.അർച്ചനയുടെ അച്ഛൻ്റെ പത്തു പൈസയും സഹായമായി ലഭിച്ചിട്ടില്ല’ അങ്ങനെ സദ്യയും പാട്ടും ഡാൻസുമായി എല്ലാവരും സന്തോഷിച്ചു നിൽക്കേ ഒരു ഫോൺ കോൾ അർച്ചനയ്ക്ക് വന്നു. പ്രസാദിൻ്റെ സഹോദരീ ഭർത്താവിൻ്റെ (അസീസ് നെടുമങ്ങാട്)ഫോൺ കോൾ: പ്രസാദ് ഒരു പെൺകുട്ടിയേയും കൊണ്ട് ഒളിച്ചു നാടുവിട്ടു എന്ന്. അർച്ചന ആകെ ഞെട്ടിത്തരിച്ചു പോയി. ഭൂമി കീഴ്മേൽ മറിയുന്നതായി തോന്നി. എല്ലാവരും ഒരു നിഴൽ പോലെ തനിക്കു ചുറ്റും വട്ടം കറങ്ങുന്നതായി അനുഭവപ്പെട്ടു. മുറിയ്ക്കകത്ത് പോയി തനിയെ ഇരുന്നു.പുറത്ത് എല്ലാവരും സന്തോഷത്തിൽ പാട്ടിൽ, ഡാൻസിൽ . ആരോടും പറയാൻ ധൈര്യമില്ലാതെ അങ്ങനെ ഇരുന്നു. എന്തു ചെയ്യണമെന്ന് നിശ്ചയമില്ല’ അപരിചിതനായ ഒരു മധ്യവയ്ക്കൻ (ഇന്ദ്രൻസ്) എല്ലാം കണ്ടു കൊണ്ട് മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. ഷിബു അതാരാണെന്ന് ചോദിച്ചു. അവൾക്കും അറിയില്ല. ഇഷ്ടദൈവത്തെ വിളിച്ച് അവൾ പ്രാർത്ഥിച്ചു.ആ ദൈവം മുന്നിൽ നിൽക്കുകയാണെന്ന സങ്കൽപ്പത്തിൽ താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഓരോന്നായി മനസ്സിൽ ആവർത്തിച്ചു. അച്‌ഛനോടു പറയാമെന്ന് കണക്ക് കൂട്ടി. എന്നാൽ പറയാൻ ധൈര്യമില്ല അപ്പോൾ അച്ഛന് അറ്റാക്ക് വരുമെന്ന് തീർച്ചപ്പെടുത്തി. എങ്കിൽ കിണറ്റിൽ ചാടാമെന്ന് കരുതി 31 അടി താഴ്ചയുള്ള കിണറ്റിൽ വീണ് നടുവൊടിഞ്ഞ് കിടന്നാൽ നാട്ടുകാരുടെ സഹായത്താലേ ചികിത്സിക്കാൻ കഴിയൂ എന്നതിനാൽ അതും വേണ്ട എന്ന് കരുതി. പിന്നീട് എല്ലാവരേയും വെടിവച്ച് കൊല്ലാമെന്ന് മനസ്സിൽ തോന്നി. അതും നടക്കില്ല. ഭക്ഷണം കഴിക്കാൻ വന്ന ആ അപരിചിതനായ അതിഥിയെ അവൾ ക്ഷണിച്ചു.ഭക്ഷണം വിളമ്പും മുമ്പേ അവിടെ വന്ന ചിലർ തമ്മിൽ നിസ്സാര കാര്യത്തിന് കലഹമുണ്ടായി. അതിനിടെ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാൻ മറന്നു. പിന്നീട് അവൾ തന്നെ ഭക്ഷണം വിളമ്പി ‘സമൃദ്ധിയായി കഴിച്ച് ഒന്നും മിണ്ടാതെ നടന്നുപോയി.
പാതിരാത്രിയായി എന്തു ചെയ്യണം എന്ന് ആലോചിച്ചു. അപ്പോൾ അച്ഛൻ മകളുടെ മുറിയിൽ വന്ന് എന്താണ് കാര്യമെന്ന് ചോദിച്ചു. വിഷമം എന്തായാലും തുറന്ന് പറയാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും അവൾ പറഞ്ഞില്ല.
പറഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് അവൾ സ്വപ്നത്തിലെന്ന പോലെ ചിന്തിച്ചു. അച്ഛന് അറ്റാക്ക് വരുമെന്ന കാര്യം അവൾ ഭാവനയിൽ കണ്ടു. ഇനിയെന്തു ചെയ്യണം എന്ന് തൻ്റെ ഇഷ്ട ദൈവത്തിനോടു പങ്കുവച്ചു. ഏതു മാർഗ്ഗം ഉപയോഗിച്ച് ആത്മഹത്യ ചെയ്യാം എന്നു വരെ ചിന്തിച്ചു. ദൈവവുമായി ചർച്ച ചെയ്തു. സാരിയിൽ ജീവനൊടുക്കാം എന്ന് ചിന്തിച്ചിരിക്കെ സാരി കഴുത്തിലിടാൻ ശ്രമിക്കേ അവരുടെ ബന്ധു മകനെ കാണാതെ തിരഞ്ഞു വന്ന് മുറിയിൽ കയറി .അവർക്ക് എന്തോ പന്തികേട് തോന്നി വീണ്ടും മുറിയിലേക്ക് വന്നു .അങ്ങനെ ആ ഉദ്യമത്തിൽ നിന്നും അവൾ പിൻമാറി: പിന്നീട് അലമാരയുടെ മുകളിൽ സാരി തിരിച്ചു വക്കാൻ നേരം ചെറുപ്പത്തിൽ ലഭിച്ച ട്രോഫി താഴെ വീണു.അത് കയ്യിൽ വന്നപ്പോൾ വല്ലാത്ത ആത്മവിശ്വാസമായി. താൻ ക്രിക്കറ്റ് കളിച്ച് നേടിയ ട്രോഫി: പുറത്താവാതെ 31റൺസ് എടുത്ത് പോരാടി വിജയിപ്പിച്ച കളിയിൽ നിന്നും ലഭിച്ച ട്രോഫി. തോൽക്കാൻ മനസ്സില്ലാതെ ആ ഗ്രാമത്തിൻ്റെ അഭിമാനം സംരക്ഷിച്ച ട്രോഫി.
കസിൻ ഷിബു മുറിയിലേക്ക് കടന്നു വന്ന് പാചകക്കാർക്ക് എന്തിനാണ് മുഴുവൻ പണവും കൊടുത്തത് എന്ന് ചോദിച്ച് ശകാരിച്ചപ്പോൾ നടക്കാത്ത കല്യാണമാണെന്ന് അർച്ചന അവനോട് പറഞ്ഞു.പ്രസാദ് അത് അത് കേട്ട് ആകെ വിഷമത്തിലായി. വീട്ടിൽ അറിയിക്കാത്തതെന്താണെന്ന് ചോദിച്ചു. ഇപ്പോൾ പറയുന്നില്ല’ എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല എന്ന് അവൾ പറഞ്ഞു.
വിവാഹത്തിൽ നിന്ന് പിൻമാറി കാമുകിയോടൊപ്പം ഒളിച്ചു പോയ പ്രസാദ് രാത്രിയിൽ അർച്ചനയ്ക്ക് ഫോൺ ചെയ്ത് തെറ്റുപറ്റി എന്ന് പറഞ്ഞു. വീട്ടിൽ അറിയിച്ചോ ? ഞാൻ വിളിച്ചു പറയണോ എന്ന് പ്രസാദിൻ്റെ ചോദ്യത്തിന് ഇനി വിളിക്കരുത് എന്ന ശാസിച്ചു പറഞ്ഞു.എൻ്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നവൾ തീർത്തു പറഞ്ഞു. മുറച്ചെറുക്കൻ സതീശൻ (രമേഷ് പിഷാരടി ) കല്യാണത്തിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നും രാത്രിയിൽ എത്തി. കൊണ്ടുവന്ന മദ്യക്കുപ്പി പൊട്ടിച്ച് കല്യാണത്തിനെത്തിയവരെ മൊത്തത്തിൽ സന്തോഷിപ്പിച്ചു. ആഘോഷങ്ങൾ പൊടിപൊടിച്ചു
. ഭക്ഷണം കഴിക്കാൻ ആ അപരിചിതനെ അവൾ സ്നേഹപൂർവ്വം ക്ഷണിച്ചു.ഭക്ഷണം വിളമ്പും മുമ്പേ അവിടെ വന്ന ചിലർ തമ്മിൽ കലഹമുണ്ടായി. അതിൽ ഇടപെട്ട് നേരം പോയതറിഞ്ഞില്ല . ഭക്ഷണം കൊടുക്കാൻ മറന്നു. പിന്നീട് അവൾ തന്നെ ക്ഷമ ചോദിച്ച് ഭക്ഷണം വിളമ്പി.. അദ്ദേഹം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കല്യാണം മുടങ്ങിയതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അർച്ചന ആ അതിഥിയോട് ഇഷ്ടദൈവത്തോട് പറഞ്ഞതുപോലെ തന്നെ പറഞ്ഞു. അയാൾ തിരിച്ച് ഒന്നും പറഞ്ഞില്ല കേട്ടിരുന്നു. ‘സമൃദ്ധിയായി അത്താഴ വിരുന്ന് കഴിച്ച് ഒരു വാക്കും മിണ്ടാതെ തിരിച്ചു പോയി – പുലർച്ചെ മുഖം കഴുകിക്കൊണ്ടിരുന്ന അർച്ചനയെ വേലിയ്ക്കരുകിൽ നിന്ന് ആരോ വിളിച്ചു. അയൽപക്കത്തെ വേണു സൗണ്ട് ആൻറ് ലൈറ്റ് എന്ന സ്ഥാപനം നടത്തുന്ന വേണുവാണ് വിളിച്ചത്. അർച്ചനയുടെ വിദ്യാർത്ഥിയും വേണുവിൻ്റെ സഹോദരീപുത്രിയുമായ അനുവുമുണ്ടായിരുന്നു അവിടെ. തനിക്ക് ഇഷ്ടമായിരുന്നു എന്ന് വേണു പറഞ്ഞു. പറയാൻ വിചാരിച്ചപ്പോഴാണ് മറ്റൊരു വിവാഹം ഉറപ്പിച്ചതെന്ന് അറിഞ്ഞത് ഒന്നു തുറന്ന് പറയാനാണ് വന്നതാണ് എന്ന് പറഞ്ഞ് അവർ തിരിച്ചു പോയി
അങ്ങനെ നേരം പുലർന്നു. ഒന്നും സംഭവിക്കാത്ത പോലെ വധൂഗൃഹം. -എല്ലാവരും അണിഞ്ഞൊരുങ്ങി. ചിലർ ഗ്രൂപ്പ് അനുസരിച്ച് ഒരേ വർണ്ണമുള്ള വസ്ത്രത്തിലും.
അർച്ചനയും സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി. എല്ലാവരും കൂടി വിവാഹ ഹാളിലേക്ക്. പിന്നെ എന്താണ് അവിടെ നടന്നത്? അവൾ എങ്ങനെ നേരിട്ടു.. വളരെ പക്വതയോടെയുള്ള തീരുമാനം.ഏതു പ്രതിസന്ധിയേയും ധീരമായി നേരിടുന്ന പെൺകരുത്ത്. ഒരിക്കലും തളർന്നു പോകേണ്ടവളല്ല സ്ത്രീ എന്ന് അർച്ചന സമൂഹത്തിന് ഒരു മാതൃകയാകുന്നു. ക്ലൈമാക്സ് കൂടി പറഞ്ഞ് ഇതുവരെ കാണാത്തവരുടെ രസച്ചരട് സെൻസർ ചെയ്യുന്നില്ല. കല്യാണത്തലേന്ന് വന്ന ആ അപരിചിതൻ ആരായിരുന്നു എന്ന് അവസാനം മനസ്സിലാകും. കല്യാണം മുടങ്ങാനുള്ള കാരണവും.ഈ ചിത്രം കണ്ടവരുട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
നല്ല അവലോകനം