മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും . കേസിൽ നേരത്തെ തിരുവല്ല കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നാമത്തെ കേസിലാണിത്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു അന്നത്തെ നടപടി.
അതേസമയം കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആരോപിച്ചുകൊണ്ട് അതിജീവിത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു . രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഈ സത്യവാങ്മൂലത്തിൽ, താൻ ഗർഭിണിയായിരുന്ന സമയത്ത് അദ്ദേഹം മൃഗീയമായി പീഡിപ്പിച്ചതായും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചത് ഉൾപ്പെടെ രാഹുലിനെതിരെ പത്തോളം പീഡന പരാതികൾ നിലവിലുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി



