Sunday, December 21, 2025
Homeഅമേരിക്കമുരുകേശൻ- പി.സി.334 (ചെറുകഥ) ✍വി.കെ.അശോകൻ “സാകേതം”

മുരുകേശൻ- പി.സി.334 (ചെറുകഥ) ✍വി.കെ.അശോകൻ “സാകേതം”

വി.കെ.അശോകൻ “സാകേതം”

ചുരം കയറുന്നതിന് മുമ്പായി അടിവാരത്ത് വണ്ടി നിർത്തി. എഞ്ചിന് ഒരൽപ്പം വിശ്രമം. ബൂട്ടിട്ട കാലുകൾക്ക് വിങ്ങലുണ്ട്. ഒന്ന് മൂരി നിവർന്ന് കൊണ്ട് സഹപ്രവർത്തകർക്കൊപ്പം അയാളും പുറത്തെക്കിറിങ്ങി. ഏതാനും പോലീസ് വണ്ടികൾ അവിടെ കിടപ്പുണ്ട്. എല്ലാ ചായക്കടകൾക്ക് മുന്നിലും കാക്കിയിട്ട പോലീസുകാർ. അയാൾ സഹദേവനോടൊപ്പം മാറി നിന്ന് ഓരോ കട്ടൻ ചായ കുടിച്ചു.

സഹദേവൻ ചോദിച്ചു ‘നിനക്കെന്താ ഒരു വല്ലായ്‌മ….വയ്യായ്ക വല്ലതുമുണ്ടോ ?’

‘ഏയ്….ഒന്നുല്യാ’

‘എന്തോ നിന്റെ മുഖത്ത് ഒരു വാട്ടണ്ട്.’

അയാൾ ഒന്നും പറയാതെ വിദൂരതിയിലേക്ക് നോക്കി നിന്നു.

‘നീ ചായ കുടിക്ക്….തണുത്തിട്ടുണ്ടാവും’

സഹദേവൻ പറഞ്ഞത് ശരിയായിരുന്നു. ചായ തണുത്തിരിക്കുന്നു.

നമുക്ക് ഓരോ ചായ കൂടി കുടിച്ചാലോ? അയാൾ ചോദിച്ചു.

സഹദേവൻ തലയാട്ടി.

രണ്ടാമത്തെ ചായ ഊതി ഊതി കുടിക്കുമ്പോൾ അയാൾ പറഞ്ഞു.’ഞാൻ, സത്യത്തിൽ അവധി ചോദിച്ചിരുന്നതാണ്’, വീട്ടിൽ പോയിട്ട് കുറച്ചായി.അമ്മ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുണു.പോയാൽ ഒരു പെണ്ണ് കാണലും ഉണ്ട്’.

എന്നിട്ട് , സഹദേവൻ ചോദിച്ചു.

എവിടെ , കുറച്ച്‌ ദിവസത്തേക്ക് അവധി ചോദിക്കരുത് എന്ന് പറഞ്ഞു. ഇനി മരിച്ചു പോയ മുത്തശ്ശനെയോ മുത്തശ്ശിയെയോ ഒന്ന് കൂടി മരിപ്പിക്കണം.

ഇപ്പൊ തന്നെ ഒരു നൂറിലധികം തവണ അവർ മരിച്ചിരിക്കുമല്ലോ? സഹദേവൻ ചോദിച്ചു.

ജീവിച്ചിരിക്കുന്നവരെ തന്നെ അവധി അപേക്ഷയിലൂടെ കൊന്നിട്ടുണ്ട്.എല്ലാ പോലീസുകാരും അങ്ങിനെത്തന്നെയല്ലേ ,അയാൾ പറഞ്ഞു.

അത് സത്യം.
ഞാനെന്റെ ജീവിച്ചിരിക്കുന്ന അമ്മാവനെ ഒരു പത്ത് തവണയെങ്കിലും കൊന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ വല്ലപ്പോഴും സംഭവിക്കുന്ന കസ്റ്റഡി മരണങ്ങളെക്കാൾ നമ്മുടെ വേണ്ടപ്പെട്ടവരാണ് വീണ്ടും വീണ്ടും മരിക്കുന്നത്.

അത്രയും പറഞ്ഞപ്പോൾ അവരുടെ സംസാരം മുറിഞ്ഞു. വെറുതെ ചുറ്റുപാടും നോക്കി നിന്നു. നാട്ടുകാരുടെ മുഖത്തൊക്കെ ഒരു ആകാംഷയുണ്ട്.

അവിടേക്ക് പിന്നെയും പോലീസ് വണ്ടികൾ വന്ന് കൊണ്ടിരുന്നു.

ചായ ഗ്ലാസ്സുകൾ തിരിച്ചു കൊടുത്ത് പൈസ കൊടുക്കുമ്പോൾ കടക്കാരൻ മടിച്ച് മടിച്ച് ചോദിച്ചു,

‘എങ്ങോട്ടാ സാറെ……എന്തെങ്കിലും പ്രശ്നണ്ടോ?’

അയാൾ ഒന്നും പറഞ്ഞില്ല.ഒന്ന് മൂളുക മാത്രം ചെയ്തു.

ദൂരെ കാണുന്ന മല മുകളിൽ കോട മഞ്ഞ് പുക പോലെ ഉയരുന്നുണ്ട്. മലനിരകൾ പുകയുകയാണെന്ന് തോന്നും.അതെ, അവിടം പുകയുകയാണ്. അയാൾ പിറുപിറുത്തു.

പിന്നെയും ഏതാനും പോലീസ് വണ്ടികൾ വന്ന ശേഷമാണ് അവിടെ നിന്നും പുറപ്പെട്ടത്. ഒരു പടയൊരുക്കം പോലെ പോലിസ് വാഹന വ്യുഹം വളഞ്ഞും പുളഞ്ഞും കിടക്കുന്ന ചുരങ്ങൾ കയറി കൊണ്ടിരുന്നു. ഒരു യുദ്ധ ഭൂമിയിലേക്കെന്ന പോലെ!

പ്രഭാതം ചാറ്റൽ മഴയിൽ വിറുങ്ങലിച്ച് നിന്നുവെങ്കിലും അയാൾ നേരത്തെ എഴുന്നേറ്റു. രാത്രിയിൽ വേണ്ടത്ര ഉറങ്ങാൻ കഴിഞ്ഞില്ല. കൊതുകടിയും സ്കൂൾ ബെഞ്ചിലെ കിടത്തവുമൊക്കെ ഉറക്കത്തിന് ഉതകുന്നതായിരുന്നില്ല.അതൊക്കെ പതിവ് കാര്യങ്ങളാണ്.എല്ലാ വർഷവും ശബരിമലയിൽ ഡ്യൂട്ടിക്ക് പോകുന്നവർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ കിട്ടാറില്ല.ആരോടാണ് പരാതി പറയേണ്ടത്,
പറഞ്ഞാൽ തന്നെ ഉണ്ണാനും ഉറങ്ങാനുമാണോ ഇങ്ങോട്ട് വന്നതെന്ന അലർച്ച കേൾക്കാം.

തിരക്കേറും മുമ്പ് ഉള്ള സൗകര്യത്തിൽ, പ്രഭാത കർമ്മങ്ങൾ നടത്തി വടിവൊത്ത യൂണിഫോമിലേക്ക് കയറി. ഇനി, ഇത് എപ്പോഴാണ് ഒന്ന് അഴിച്ച് മാറ്റാൻ കഴിയുക എന്നറിയില്ല.സഹദേവനൊക്കെ ഉണരുന്നതേയുള്ളു.എട്ട് മണിക്ക് ഗ്രൗണ്ടിൽ അണി നിരക്കാനാണ് ഉത്തരവ്.

അയാൾ കുറച്ച് മാറി നിന്ന് അമ്മക്ക് ഫോൺ ചെയ്തു.

‘അപ്പൊ, നീ അങ്ങോട്ട് പോയോ? ഞാൻ നീ വരുന്നതും കാത്തിരിക്കുകയാണ്.’

‘പെട്ടെന്ന് അവധി കിട്ടണ്ടേ അമ്മെ.’

‘എടാ, വാർത്തകളിലൊക്കെ അവിടത്തെ കാര്യം തന്നെയാണല്ലോ ?
പ്രശ്നോന്നും ഉണ്ടാവില്ലല്ലോ?
നീ ഞായറാഴ്ചയെങ്കിലും ഇവിടെ എത്താൻ നോക്ക് ‘’.

‘ശരിയമ്മേ,നോക്കാം’,അയാൾ ഫോൺ കട്ട് ചെയ്തു.പിന്നെ എന്തോ ആലോചിച്ചെന്നവണ്ണം ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

പറഞ്ഞ സമയത്തിന് നിമിഷങ്ങൾക്ക് മുമ്പ് തന്നെ എല്ലാ ബറ്റാലിയനും ഗ്രൗണ്ടിൽ നിരന്നു നിന്നു.

നമ്മൾ പോകുന്നത് ഒരു പ്രശ്നബാധിത പ്രദേശത്തിലേക്കാണ്. പട്ടയത്തിന് വേണ്ടിയുള്ള ഗോത്ര വർഗ്ഗക്കാരുടെ സമരത്തിന് നാളെ ഒരു വർഷം തികയാൻ പോകുന്നു. നാളെ സ്ഥലം കയ്യേറി കുടിലുകൾ കെട്ടാനുള്ള ശ്രമം വരെ നടന്നേക്കാം. സമരത്തിന് തീവ്ര വിപ്ലവ സംഘടനകൾ പിന്തുണ നൽകുന്നുണ്ട്. അവർ ഒരു സായുധാക്രമണത്തിന് വരെ തുനിഞ്ഞേക്കാം.നമ്മൾ പരമാവധി സംയമനം പാലിക്കണം.എന്നാൽ എന്തും നേരിടുകയും വേണം.

സമര മുഖത്തും യോഗം നടക്കുകയായിരുന്നു.

വമ്പിച്ച പോലീസ് സന്നാഹമാണ് ഇവിടെ എത്തി ചേരാൻ പോകുന്നത്. കാക്കിയും ലാത്തിയും തോക്കും കണ്ട് നിങ്ങളുടെ ധൈര്യം ചോർന്നു പോകരുത്. നമ്മൾ നമ്മുടെ രക്തം ഒഴുക്കിയിട്ടാണെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരണം. ഇത് നമുക്ക് വേണ്ടിയല്ല.നമ്മുടെ വരും തലമുറകൾക്ക് വേണ്ടിയുള്ള സമരമാണ് .ഇത്രയും കാലം നമ്മൾ എന്തെല്ലാം സഹിച്ചു.എത്രയെത്ര ചൂഷണങ്ങൾ നേരിട്ടു.എത്ര കാലം നമ്മൾ സമരം ചെയ്തു.ഇതിനൊക്കെ ഒരു അറുതി വേണ്ടേ,
അറുതി വേണ്ടേ,അയാൾ മുഷ്ടി ഉയർത്തി കൊണ്ട് ചോദിച്ചു.

ആയിരങ്ങൾ ആവേശത്തോടെ ഉത്തരം നൽകി ‘ബേണം…ബേണം….”

അന്തരീക്ഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായി.

പോലീസ് ബറ്റാലിയനുകൾ അവിടമാകെ വളഞ്ഞു. മാധ്യമ പ്രവർത്തകരെയൊക്ക രണ്ട് കിലോമീറ്ററുകൾക്കപ്പുറം തടഞ്ഞു.

അവർ അവിടെ നിന്ന് കൊണ്ട് തങ്ങളുടെ ഭാവനക്കനുസരിച്ച് വാർത്തകൾ മെനഞ്ഞു. ടീവി സ്റ്റുഡിയോകളിൽ തങ്ങൾക്ക് മാത്രമാണ് വാർത്തകൾ ലഭിക്കുന്നത് എന്നർത്ഥത്തിൽ ചർച്ചകൾ തുടർന്നു.

സമരക്കാരുടെ ആവേശത്തിനോ പോലീസുകാരുടെ കാവലിനോ മാറ്റമൊന്നും ഉണ്ടായില്ല. അതിനെകുറിച്ച് ആരെങ്കിലും ചിന്തിച്ചുവോ എന്നും അറിയില്ല.

പ്രതിപക്ഷത്ത് നിന്ന് ഭരണപക്ഷത്തേക്കും പിന്നെ വീണ്ടും പ്രതിപക്ഷത്തേക്കും മാറി മാറി വരുന്ന രാക്ഷ്ട്രീയ പാർട്ടികൾക്ക് എന്നും ഒരേ കാഴ്ചപ്പാടാണ്.
ന്യായികരണങ്ങളാണ്.ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച്‌ അവർ വാചാലരാണ്‌. ശാശ്വത പരിഹാരങ്ങൾ മാത്രം എന്നും അകലെയാണ് .

സമരം നോക്കി നിന്നപ്പോൾ അയാൾ അങ്ങിനെ ചിന്തിച്ചു.വെറുതെ ചിന്തിച്ചിട്ട് കാര്യമില്ല.അല്ലെങ്കിൽ ചിന്തിക്കാൻ അവകാശമില്ല. ആജ്ഞകൾ അനുസരിക്കുക.

ഒരു രാത്രി കൂടി കടന്ന് പോയി. ഇളം വെയിൽ പരന്നു. സമര മുഖത്ത് ആൾ ഫലം കൂടിയിരിക്കുന്നു. ഇരുളിന്റെ മറവിൽ, വന പാതയിലൂടെ ആളുകൾ എത്തിയിരിക്കണം.

നിന്ന നിൽപ്പിൽ പൊതി ഭക്ഷണം കഴിച്ച്, കുപ്പിയിലെ വെള്ളം ഒരിറക്ക് കുടിക്കുമ്പോഴാണ് ഇൻസ്‌പെക്ടർ അടുത്ത് വന്നത്.

മുരുകേശാ,നീ ഒന്ന് അവരുടെ അടുത്തേക്ക് പോകണം.ആ മുന്നിലിരിക്കുന്നവൻ ഒരു മിതവാദിയാ,ഒരൽപ്പം മയമുള്ളവനാ.ഒന്ന് സംസാരിക്ക്,എന്താണിന്നത്തെ പരിപാടി എന്നറിയാമല്ലോ?വലിയ പ്രശ്നങ്ങൾ ഇല്ലാതെ കാര്യങ്ങൾ തീർക്കണ്ടേ?

അയാൾ തല കുലുക്കി. ഇത്തരം അവസരങ്ങളിൽ ഇതൊക്കെ പതിവാണ്.

ഇന്നലെ മേലുദ്യോഗസ്ഥന്മാർ തന്നെ ഇതിനൊക്കെ മുൻകൈ എടുത്തതാണ്. ചർച്ചകൾ ഒന്നും തന്നെ എവിടെയും എത്തിയില്ലെന്ന് തോന്നുന്നു.

അയാൾ അവരുടെ അടുത്തെത്തുമ്പോൾ മുദ്രാവാക്യങ്ങൾ ഉയർന്നു.

കാക്കിക്കുള്ളിലെ കാപാലികരെ,
രക്തമൂറ്റും അസുരന്മാരെ,..

അതൊന്നും വകവെക്കാതെ അയാൾ നേതാക്കളോട് സംസാരിക്കാൻ തുടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായാണ് ആരോ കൈ പിടിച്ച് വലിച്ചത്. സമരക്കാർക്കിടയിലേക്ക് വീഴുന്നതിന് മുമ്പേ ഒരു പട്ടിക കഷണം തലക്ക് നേരെ വരുന്നത് അയാൾ കണ്ടു. അയാൾ വീണു, വേദന കൊണ്ട് പുളഞ്ഞു. കണ്ണുകളിൽ ഇരുൾ കയറി.

കുറച്ച് നേരത്തിന് ശേഷം ബോധം വന്നപ്പോൾ കിടക്കുന്നത് ഒരു ബെഞ്ചിലാണെന്ന് മനസ്സിലായി. തലയിൽ ആരോ തോർത്തുമുണ്ട് വരിഞ്ഞു കെട്ടിയിരിക്കുന്നു. എന്നിട്ടും ചോര ഇറ്റിറ്റ് വീഴുന്നുണ്ട്. കുറച്ചകലെ നിൽക്കുന്ന പോലീസുകാരെ ഒരു നിഴൽ പോലെ അയാൾക്ക് കാണാം.

അയാൾക്ക് മനസ്സിലായി. തന്നെ വെച്ച് ഇവർ വിലപേശുകയാണ്.
തൻ്റെ ജീവൻ രക്ഷിക്കാൻ ഉദ്യോഗസ്ഥർക്കാകുമോ? അവർ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് കാത്ത് നിൽക്കുകയാകും.

ഇവിടെ പതിനായിരം ഏക്കറിൽ അധികം ഭൂമിയുള്ള ജന്മികളുണ്ട്. സർക്കാർ ഭൂമി കൈവശം വെക്കുന്നവരുണ്ട്. അത് സംരക്ഷിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരുണ്ട്. തൻ്റെ കാലം കഴിയുമ്പോൾ മക്കളെ ഇറക്കും. തലമുറ തലമുറയായി സ്വത്ത് സംരക്ഷിക്കും.സോഷ്യലിസ്സം പറയും . പ്രസംഗിക്കും .

അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.ഇല്ല, പറ്റുന്നില്ല.അയാളുടെ ദേഹം ബെഞ്ചിൽ കയർ കൊണ്ട് കെട്ടി ബന്ധിച്ചിരിക്കുകയാണ്

അയാളുടെ തല ശക്തമായി ബെഞ്ചിലേക്ക് ചേർത്ത് കൊണ്ട് ഒരാൾ പറഞ്ഞു.

‘അനങ്ങാണ്ട് കിടന്നോ, ഇല്ലേൽ നീ കുടിച്ച മുലപ്പാല് വരെ ഇവിടെ തുപ്പേണ്ടി വരും കേട്ടോ?’

അയാൾ അവനെ ഒന്ന് നോക്കി.

‘എന്താണ്ടാ നോക്കണത്?ഇങ്ങളൊക്കെ കുറെ പേർടെ ചോര കുടിച്ചോരല്ലേ?’

അയാൾ ഒന്നും പറഞ്ഞില്ല. അങ്ങിനെയാണ് വിശ്വാസം. ഇനി ഇവിടെ കിടന്ന് മരിച്ചാലും അതൊരു വാർത്തയാവില്ല. പോലീസുകാരുടെ ഇടയിൽ രക്തസാക്ഷി എന്നൊന്നില്ല. എത്രയെത്ര സമരമുഖങ്ങളിൽ പോലീസുകാർ മരിച്ചിരിക്കുന്നു. അപകടം സംഭവിച്ചിരിക്കുന്നു. ആലപ്പുഴയിൽ വിദ്യാർത്ഥി സംഘട്ടനത്തിനിടക്ക്, ഇത്‌ പോലെ പട്ടിക കഷണം കൊണ്ട് അടികിട്ടിയതിനെ തുടർന്നാണ്‌ ഒരു പോലീസുകാരൻ മരിച്ചത്. രണ്ട് ദിവസം പോലും വാർത്തയിൽ ഇടം പിടിച്ചില്ല. ആരും ശിക്ഷിക്കപ്പെട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമായി.

അയാൾ നെഞ്ചിൽ കൈ വെച്ച് നോക്കി.ഉവ്വ്…ഹൃദയം മിടിക്കുന്നുണ്ട്.

പണ്ട്, ഈ വനാന്തരങ്ങളിൽ തന്നെയാണ് ഒരു വിപ്ലവകാരി കൊല്ലപ്പെട്ടത്. തിളച്ച വെള്ളത്തിൽ മുക്കി കൊന്നതാണെന്നും, കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൊന്നതാണെന്നും ഒക്കെ കഥകൾ പരന്നിരുന്നു. വളരെക്കാലം വേണ്ടി വന്നു, സത്യം പുറത്ത് വരാൻ . അതും ഒരു പോലീസ്സ്ക്കാരനിലൂടെ!

റിസോർട്ടിൽ ഉന്നത പോലീസ് മേധാവി എത്തിയത് രഹസ്യമായി ജന്മദിനം ആഘോഷിക്കാനാണ്. ചാനലുകളിൽ നിറയുന്ന വാർത്തകൾ നിർവികാരതയോടെ നോക്കി. പതിവ് സന്ദർശകൻ ആയത് കൊണ്ട്, ജീവനക്കാർക്ക് അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാമായിരുന്നു.

അയാൾക്ക് മുന്നിലേക്ക് സ്കോച്ച് വിസ്കിയും സോഡയുമെത്തി.
നിറഞ്ഞ ഗ്ലാസ് ചുണ്ടോട് ചേർക്കുമ്പോഴാണ് ഉത്തരമേഖലയുടെ മേധാവി വിളിച്ചത്.
കാര്യങ്ങൾ ബോധിപ്പിച്ചത്. സർ, അധികം വൈകാതെ ആ പോലീസുകാരനെ മോചിപ്പിക്കണം.എന്താണ് ചെയ്യേണ്ടത്?

അവിടെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്ന് പ്രത്യേക ഓർഡറുണ്ട്.
ഞാനൊന്ന് മിനിസ്റ്ററുമായി സംസാരിക്കട്ടെ.

ഫോൺ വെച്ച ശേഷം അയാൾ മദ്യം നുണഞ്ഞു നുണഞ്ഞു കൊണ്ടിരുന്നു.

ഫോൺ ചെയ്യുമ്പോൾ കിട്ടാത്തത് കൊണ്ട് അമ്മ കരുതി, മകൻ വരുമെന്ന് ന്ന്,രാത്രി വൈകിയാലും എത്തുമായിരിക്കും.പലപ്പോഴും അങ്ങിനെയാണ്‌ പറയാതെ എത്തും.അവൻ്റെ പിറന്നാളാണ്, അവന് ഓർമ്മയുണ്ടോ എന്തോ? എന്തായാലും കുറച്ച് സേമിയാ പായസ്സം ഉണ്ടാക്കി വെക്കാം.

ക്യാബേജ് ഇലകൾക്ക് മുകളിൽ ആടിന്റെ കരൾ വരട്ടിയത് മേശപ്പുറത്തേക്ക് വെക്കുമ്പോൾ വീണ്ടും ഫോൺ വന്നു. പോലീസ് മേധാവി വെറുപ്പോടെ ഫോൺ എടുത്തു.

സർ, ഒന്നും പറഞ്ഞില്ല.ഇങ്ങനെ പോയാൽ അയാൾ മരിച്ചു പോകും. സമരക്കാർ വിട്ടു തരുന്നില്ല. അവർ രണ്ടും കൽപ്പിച്ചാണ്.അങ്ങേ തലക്കൽ നിന്നും ശബ്ദമുയർന്നു.

മേധാവി അസ്വസ്ഥതയോടെ ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി. തിരഞ്ഞ് നടക്കാൻ ഒരുങ്ങിയ ജീവനക്കാരനോട് ആജ്ഞാപിച്ചു. ജസ്റ്റ് ഫയർ !

അയാൾ പെട്ടെന്ന് രണ്ട് പെഗ് മദ്യം മുന്നിലുള്ള വിഭവത്തിന് മുകളിലേക്ക് ഒഴിച്ചു. തീ കൊളുത്തി. അത് പടർന്ന്, പടർന്ന്, ക്യാബേജ് ഇലകളിലേക്ക്… ഇലകൾ വാടി… പുക ചുരുളുകൾക്കിടയിലൂടെ മണം പരന്നപ്പോൾ, മേധാവി മൂക്ക് വിടർത്തി അത് ആസ്വദിച്ചു.

മേധാവിയുടെ കല്പന സമരമുഖത്ത് തുടങ്ങി കഴിഞ്ഞിരുന്നു. തോക്കുകൾ ഗർജ്ജിച്ചു, പൊലീസുകാർ മുന്നോട്ട് കുതിച്ചു.സമരക്കാർ അടി കൊണ്ട് വീണു.കുറെ പേർ പല വഴിക്കോടി.നേതാക്കൾ രക്ഷപ്പെടാനുള്ള വഴികൾ നേരത്തെ കണ്ടു വെച്ചിരിക്കണം.

വെടിയൊച്ച കേട്ട മാധ്യമങ്ങൾ വെടിയുണ്ടകളേക്കാൾ വേഗത്തിൽ വാർത്തകൾ ചമച്ചു.

അതി ക്രൂരമായ വെടി വെപ്പ്.മലമുകളിലെ കൂട്ട കുരുതി.വാർത്തകൾ കത്തി പടർന്നു.

മുരുകേശനെയും കൊണ്ട് പോലീസ് വണ്ടി ആശുപത്രിയിലേക്ക് പാഞ്ഞിരുന്നു.

ഏറെ വൈകിയാണ്, കാത്തിരുന്ന അമ്മയുടെ മുന്നിലേക്ക് മകന്റെ നിശ്ചലമായ ശരീരമെത്തിയത്.

അവന് വേണ്ടി ഉണ്ടാക്കിയ സേമിയ പായസ്സത്തിലെ പാലോക്കെ വറ്റി വരണ്ടത് പോലെ അവൻ്റെ ദേഹത്തെ അവസാന തുള്ളി രക്തവും വറ്റിയിരുന്നു.

പായസത്തിലിട്ടിരുന്ന ഉണക്ക മുന്തിരി അവന്റെ കണ്ണുകൾ പോലെ ചീർത്തിരുന്നു.

അതൊന്നും കാണാനാകാതെ അമ്മ അവന്റെ നെഞ്ചിലേക്ക് മറിഞ്ഞു വീണു.

വി.കെ.അശോകൻ
“സാകേതം”

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com