അവൾ എത്ര ആവർത്തി ചോദിച്ചിട്ടും അവിടുത്തെ ഭക്ഷണം ശരിയില്ല എന്നു മാത്രം അവൻ പറഞ്ഞു.
തുടർന്ന് വായിക്കുക….
👇👇👇👇👇
അദ്ധ്യായം 15
ആകാശപ്പറവകൾ അന്നം തേടി അലയുന്ന മൂകവീഥിയിൽ ആർദ്രതയുടെ നിഴലുകൾ കൂട്ടം കൂടി മറയ്ക്കുന്ന ഇരകളെ നോക്കി ആഴമറിയാത്ത താഴ്ച്ചയിലേക്ക് പറന്ന് ആർക്കും വേണ്ടാതാകുന്ന പല പല ജന്മങ്ങൾ കണ്ടു മടുക്കുന്ന ലോകത്തിലൂടെ അവർ യാത്ര ചെയ്തു.
റോസയെ അവളുടെ വീട്ടിൽ വിട്ട് . തിരിച്ച് വിട്ടിലെത്തിയ ജയിംസ് രത്രി മുഴുവനിരുന്ന് ആലോചിച്ചു. എന്താണ് തനിക്ക് സംഭവിച്ചത്. മോശമായ ഒരു ഭക്ഷണവും താൻ കഴിച്ചിട്ടില്ല. എത്ര ആലോചിച്ചിട്ടും രക്തം ഛർദ്ദിക്കാൻ മാത്രം ഒരു കാരണവും അവന് കണ്ടെത്താനായില്ല.
ങ്ഹാ.. ശരി വിട്ടു കളയാം. ഇനി വരികയാണെങ്കിൽ നോക്കാം. എപ്പഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല . കാലത്ത് റോസ വിളിച്ചപ്പോഴാണ് അറിഞ്ഞത്. അപ്പോൾ സമയം 10:30 ആയിരുന്നു.
ജയിംസ്.. ഇതുവരെ എഴുന്നേറ്റില്ലേ..? ഓഫീസിൽ പോകണ്ടെ. മറുഭാഗത്തു നിന്ന് യാതൊരു വിധ പ്രതികരണും കാണാഞ്ഞ് അവളുടെ സ്വരം ഇടറി.
എന്തു പറ്റി ജയിംസ്…? ഇന്നലെ ഞാൻ ശ്രദ്ധിച്ചിരുന്നു. ജയിംസ് എന്നോടെന്തോ മറയ്ക്കുന്നുണ്ട്. പ്ലീസ് ജയിംസ്.
ഹേയ്… എന്തായിത് റോസാ… എനിക്കൊന്നുമില്ല. ഇന്നലെ എന്തോ ആ ഭക്ഷണം അത്ര പിടിച്ചില്ലാന്ന് തോന്നുന്നു. കുറച്ച് ഛർദ്ദിച്ചു. അതിന്റെ ക്ഷീണത്തിൽ ഒന്ന് നന്നായി ഉറങ്ങിപ്പോയി.
ഓകെ. അത് കഴിഞ്ഞു. ഞാനൊന്ന് പെട്ടന്ന് റെഡിയാകട്ടെ. വൈകീട്ടുകാണാം. അവൻ ഉടനെ പ്രഭാതകർമ്മങ്ങളൊക്കെക്കഴിച്ച് ഓഫീസിലേക്ക് പോയി.
രാഗങ്ങളും താളങ്ങളും മാറി മാറി ഒഴുകി. രംഗങ്ങളും രംഗസജ്ജീകരണങ്ങളും മാറി. നാട്ടിൽ മാർക്കോസു ചേട്ടന്റെ കേസന്വേഷണം ദൃതഗതിയിൽ പുരോഗമിക്കുന്നു. ആദ്യമാദ്യം പോലീസ് ഒന്ന് അയഞ്ഞിരുന്നെങ്കിലും ജനങ്ങൾ ഒക്കെക്കൂടി കൊലപാതകിയെ എത്രേം പെട്ടന്ന് പിടിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷൻ മാർച്ചും, മറ്റ് സമരപരിപാടികളും സംഘടിപ്പിച്ചതിന്റെ ഫലമായി പുതിയൊരു അന്വേഷണ ഉദ്യോഗസ്ഥൻ ചാർജെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ചന്തയിലെ ഒട്ടുമിക്ക ആളുകളേയും ചോദ്യം ചെയ്തു. എല്ലാ തെളിവുകളും വിഗ്നേശ്വരൻ മുതലാളിയുടെ മകനിലേക്ക് തന്നെ വന്ന് ചേരുന്നു. മകന്റെ അറസ്റ്റ് ഒഴിവാക്കാൻ മുതലാളി കാശ് വാരിയെറിയുന്നു. മുതലാളിയുടെ മകനോടൊപ്പം വന്ന് അന്ന് ചന്തയിൽ അടിയുണ്ടാക്കിയ ഏകദേശം പേരെയും അറസ്റ്റ് ചെയ്തു. മുതലാളിയുടെ മകനും, അവരോടൊപ്പം വന്ന മറ്റൊരു പ്രധാനിയും ഒളിവിലാണ്. പോലീസ് അരിച്ചുപെറുക്കിയിട്ടും അവരെ കണ്ടെത്താൻ കഴിയുന്നില്ല. ജനങ്ങളാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യാത്തതിന് പുറത്ത് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥ തണുത്തതാണെങ്കിലും അന്തരീക്ഷം ചൂടുപിടിക്കുകയാണ്.
വിഗ്നേശ്വരൻ മുതലാളിയുടെ മുംബൈ ബന്ധം വച്ച് മകനെ മുംബൈയിലേക്ക് കടത്തിയിട്ടുണ്ടാവാം എന്ന നിഗമനത്തിൽ പോലീസ് മുംബൈയിലേക്ക് തിരിച്ചു.
ഉറക്കമില്ലാത്ത തിരക്കുപിടിച്ച നഗരത്തിലെ ശബ്ദകോലാഹലങ്ങള്ക്കിടയിലൂടെ താളാത്മകമായ ഗസലിന്റെ ഈരടികളൊഴുകുന്ന ഈണങ്ങളിലേക്കവര് ഇറങ്ങിച്ചെന്നു.
മുംബൈ പോലീസുമായി സഹകരിച്ച് ഒരാഴ്ച്ചക്കാലം അവിടെ ചുറ്റിത്തിരിഞ്ഞ് തുമ്പൊന്നും കിട്ടാതെ മടങ്ങി.
ദിനരാത്രങ്ങൾ കടന്നു പോകുന്നു. മണവാളൻ കുന്നിന്റെ ദിനചര്യകളിൽ പോലീസ് അധികാരികളുടെ വിളയാട്ടം ഒരു ശീലമായി. രാമഭദ്രൻ എല്ലാ ദിവസവും ചന്തയിൽ വരികയും കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങിനെ അവൻ അവരുടെ ഇടയിലേക്ക് വളരെ ആഴത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. കാരണം മാർക്കോസു ചേട്ടന്റെ കൊലപാതകിയെക്കുറിച്ച് വല്ലതുമ്പും കിട്ടുമോന്ന് അറിയണമല്ലോ .
അങ്ങിനെയിരിക്കെ ഒരു ദിവസം മാർക്കോസു ചേട്ടന്റെ കടയുടെ തൊട്ടു മുന്നിൽ അരിക്കട നടത്തുന്ന ഹസ്സനാജിക്ക രാമഭദ്രൻ ചന്തയിൽ വന്നപ്പോൾ നമ്മുടെ ബാബുവിനെ വിട്ട് അവനെ വിളിപ്പിച്ചു. ആരെയും പ്രായഭേദമന്യേ ബഹുമാനിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു മാന്യ വ്യക്തിയാണ് ഹസ്സൻ ഹാജി. ഏതു കാര്യത്തിലും നല്ല നല്ല അഭിപ്രായങ്ങളും, നല്ല നല്ല തീരുമാനങ്ങളും, വളരെ യുക്തിയോടെ പറയാൻ ഹസ്സനാജി മിടുക്കനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ എല്ലാവരും വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.
കടയിലേക്ക് ചെന്ന രാമഭദ്രൻ തമാശ രൂപേണ ഒരു കാച്ച് കാച്ചി. എന്താ ഹാജിക്കാ.. ഞമ്മക്ക് ഒര് ആയിരോ.. രണ്ടായിരോ കിട്ടുന്ന വല്ല കോളും ഉണ്ടോ ഇങ്ങളെ കൈയ്യില്.
ങ്ങക്ക് എന്തിനാപ്പാ ഇപ്പൊ ഞമ്മളെ കായ്. ഇങ്ങളിപ്പം ബല്യ മൊതലാളിയല്ലേ…?
അതിപ്പം വല്ലവന്റേം മൊതലെടുത്ത് കളിക്കുമ്പോ.. ഇത്തിരി ലാളന നല്ലതല്ലേ ഇക്കാ… എന്തായാലും ഞമ്മളെ ഇങ്ങള് കൊലയാളീന്ന് വിളിക്കാഞ്ഞത് നന്നായി. ഹ. ഹ. ഹ. ഹ…..
എന്താ രാമഭദ്രാ ഇത്..
നീ വാ പറയട്ടെ. ഹസ്സനാജി അവന്റെ ചുമലും പിടിച്ച് പുറത്തോട്ടിറങ്ങി.
ഞാൻ നാളെ കാലത്ത് കടയിൽ വരുമ്പോൾ നിന്റെ വീടുവഴി വരും. എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇവിടുന്ന് പറയാൻ പറ്റില്ല. അതു കൊണ്ടാ..
വളരെ ശാന്തമായിരുന്ന ചന്ത പെട്ടന്ന് ശബ്ദമുഖരിതമായി. ഒരു നല്ല മഴയ്ക്കുള്ള കോളുണ്ടെന്ന് തോന്നുന്നു. ഒരു തണുത്ത കാറ്റ് വീശിയടിച്ച് പോയി.
ഹാജിക്കയുടെ ആ സംസാരരീതിയിലും, ഭാവത്തിലും എന്തോ സംശയം തോന്നിയ രാമഭദ്രൻ നാളെ ഞാൻ കാത്തിരിക്കാം എന്നു പറഞ്ഞ് പിരിഞ്ഞു.
പിറ്റേന്ന് കാലത്ത് ഏഴ് മണിക്കു തന്നെ ഹസ്സനാജി രാമഭദ്രന്റ വിട്ടിലെത്തി. രണ്ട് പേരുംകൂടെ റൂമിലോട്ടിരുന്നു. ആദ്യമായിട്ടാണ് ഹാജിയാര് വിട്ടിൽ വരുന്നത്.
ഹാജി തന്നെ ആരംഭിച്ചു.
രാമഭദ്രാ ഞാൻ പറയാൻ പോകുന്നകാര്യം വളരെ രഹസ്യമായിരിക്കണം. ഒരു കാരണവശാലും നീ ആരോടും പറയരുത്. എന്നാൽ നീ തന്നെ അതിനെപ്പറ്റി അന്വേഷിക്കുകയും വേണം.
നിങ്ങള് പറയൂ ഹാജിയാരേ. ഞാൻ കേൾക്കട്ടെ. എന്നിട്ട് നോക്കാം. അവൻ ഒരു തമാശ പോലെ പറഞ്ഞു.
നിനക്കറിയാലോ മ്മളെ മാർക്കോസു ചേട്ടൻ മരിച്ചതുമുതൽ അങ്ങേരുടെ കട പൂട്ടിക്കിടക്കുകയല്ലേ.
ആ കട ഇങ്ങള് വാങ്ങല്ലേ ഹാജിയാരേ… പ്രേതം ഉണ്ടാവും. പ്രേതം. അവൻ ഹാജിയാരെ ഒന്നു വിരട്ടി.
അതൊന്നുമല്ലപ്പ.
പിന്നെ….?
ഒരാഴ്ച്ച മുൻപ് ഒരു രാത്രിയിൽ കടയൊക്കെപ്പൂട്ടി എല്ലാവരും പോയി. ഞാൻ വീട്ടിലേക്കുള്ള പാതി വഴി എത്തിയപ്പോഴാണ് മകൾക്ക് വേണ്ടി വാങ്ങിയ രണ്ട് വള കടയിൽ വെച്ച് മറന്നത് ഓർമ്മ വന്നത്.
നല്ല മഴയായിരുന്നതുകൊണ്ട് തിരിച്ചു പോകണ്ട എന്നു കരുതിയതാണ്. പക്ഷേ അതില്ലാതെ വീട്ടിൽ ചെന്നാൽ എന്നെ അവിടെ ഇരുത്തിപ്പൊറുപ്പിക്കില്ല മകള്. കാരണം അവൾക്ക് പിറ്റേന്ന് കാലത്ത് അതും ഇട്ടോണ്ട് ഹോസ്റ്റലിൽ പോകണ്ടതാണേയ്.
എന്നിട്ട് നിങ്ങൾ തിരിച്ചു പോയോ..?
ഉം… ഞാൻ വളരെ പ്രയാസപ്പെട്ട് തിരിച്ചുപോയി. കടയുടെ അടുത്തെത്തി കട തുറക്കാൻ ബാഗിൽ നിന്നും താക്കോൽ എടുക്കാൻ ശ്രമിക്കവേ മാർക്കോസു ചേട്ടന്റെ കടയുടെ പിറകിൽ നിന്ന് ഒരു ചെറിയ വെട്ടം കണ്ടു. ഞാൻ കട തുറക്കാതെ ആ ഇരുട്ടിൽ നിന്നു കൊണ്ട് ശ്രദ്ധിച്ചു. വളരെ അരണ്ട വെളിച്ചത്തിൽ ഒരു നിഴൽ രൂപം മാർക്കോസു ചേട്ടന്റെ കടയുടെ അകത്തോട്ട് കയറാൻ ശ്രമിക്കുന്നു. അത് ഒരാളായിരുന്നു. മഴക്കോട്ട് ധരിച്ചിരുന്നുതു കൊണ്ട് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. ഉടനെ ഞാൻ ആരട അത് എന്ന് ചോദിച്ചു. അത് കേട്ടതും അവൻ തുള്ളി ഓടി ഇരുട്ടിലേക്ക് മറഞ്ഞു. പോലീസാണെന്ന് കരുതിക്കാണും. പിന്നീടാണ് ഞാൻ ചിന്തിച്ചത് ഞാൻ കാണിച്ചത് വലിയ അപകടമായിരുന്നില്ലേന്ന്.
ഉം… അതെന്താ അപകടം.
പോലീസല്ല അത് ഞാനാണെന്നറിഞ്ഞാൽ, ഞാനൊറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞാൽ അവൻ എന്നെ ആക്രമിച്ചാലോ..?
ഓ… അതു ശരിയ. രാത്രി വൈകിയ സമയവും, പോരാത്തതിന് മഴയും.
പിന്നെ ഞാനവിടെ നിന്നില്ല. വളയും എടുത്തില്ല. ഉടനെ വീട്ടിലേക്ക് തിരിച്ചു.
ഇത് ആരോടെങ്കിലും പറയാഞ്ഞിട്ട് എനിക്ക് ഒരു തിരിപാടും കിട്ടുന്നില്ല. പോലീസിനോട് പറഞ്ഞാലോന്ന് ആദ്യം ആലോചിച്ചു. പിന്നെക്കരുതി വേണ്ട. അവരോട് പറഞ്ഞാൽ അത് പൊല്ലാപ്പാകും. അപ്പോഴാണ് നിന്റെ കാര്യം മനസ്സിൽ വന്നത്.
ഇതു കേട്ടതും രാമഭദ്രന്റെ മനസ്സിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി. വിത്തുപാകിയ വിളനിലത്ത് അങ്ങിങ്ങായി കിളിർക്കുന്ന ചെറു ചെറു ചെടികൾ പോലെ പല പല ചിന്തകൾ കളിർത്തു വന്നു. അവൻ്റെ കണ്ണുകള്ക്ക് തീഷ്ണതയേറി. താഴെ അഗാതതയില് ഇഴയുന്ന വിഷംചീറ്റികളുടെ നിഴലനക്കങ്ങള്ക്കായി അത് തിരഞ്ഞു.
കള്ളനാകാൻ വഴിയില്ല. കാരണം എടുക്കാൻ അവിടെ ഒന്നും തന്നെയില്ല. കുറച്ച് പാത്രങ്ങളും, ഗ്ലാസ്സുകളും, ഒരു സമാവറും മാത്രമല്ലേ ഉള്ളു രാമഭദ്രാ..?
അതെ അതാണ് ഞാനും ആലോചിക്കുന്നത്.
അപ്പോൾപ്പിന്നെ ആരായിരിക്കും അവന്. എന്തിനായിരിക്കും അവൻ…..?
ഞാനൊന്ന് ആലോചിക്കട്ടെ ഹാജിക്ക. നമുക്ക് വൈകിട്ട് കാണാം. എന്തെങ്കിലും തുംമ്പ് കിട്ടാതിരിക്കില്ല.
എന്നാൽ പിന്നെ ഞാനങ്ങോട്ട്….?
ഉം… നടന്നോളൂ.
ഹസ്സൻ ഹാജി പോയിക്കഴിഞ്ഞിട്ടും രാമ രാമഭദ്രൻ കുറേ നേരം അവിടെത്തന്നെ ഇരുന്നു. അവന്റെ ചിന്തകൾ ദേശാടന പക്ഷികളെപ്പോലെ സഞ്ചരിച്ചു. കൊലനടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. കൊലയാളി ഇപ്പോഴും അജ്ഞാതനാണ്. അങ്ങിനെവരുമ്പോൾ…. ഉം… നോക്കാം. അവൻ മനസ്സിൽ എന്തൊക്കെയോ നിശ്ചയിച്ചതുപോലെ തലയും കുലുക്കി എഴുന്നേറ്റു
തുടരും ……




മാഷെ കഥ ഒന്നിനൊന്നു സൂപ്പർ ആയിക്കൊണ്ടിരിക്കുന്നു, അഭിനന്ദനങ്ങൾ 🥰🥰❤️❤️m
Thanks a lot Saimon jiii💖🤝