മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ നാല്പത്തിയൊന്നാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
നാടൻ പാട്ടുകളുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദവും താളവും കൊണ്ട് കവിതയെ ജനഹൃദയങ്ങളിലേയ്ക്ക് എത്തിച്ച ആധൂനിക കവി ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

കടമ്മനിട്ട രാമകൃഷ്ണൻ (4️⃣1️⃣) (22/03/1935 – 31/03/2008)
1935 മാർച്ച് 22 നാണ് പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ട ഗ്രാമത്തിൽ മേലേത്തറയിൽ രാമൻ നായരുടെയും, കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ബിരുദം നേടിയ ശേഷം പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൽ ഉദ്യോഗസ്ഥനായി.
കവിയരങ്ങുകൾ കൂടുതൽ ജനകീയമാക്കുന്നതിൽ കടമ്മനിട്ട വഹിച്ച പങ്ക് വളരെയേറെയാണ്. കടമ്മനിട്ടയുടെ കവിതകൾ അദ്ദേഹം തന്നെ ചൊല്ലുന്നതു കേൾക്കുമ്പോൾ ശ്രോതാക്കൾക്ക് പ്രത്യേക അനുഭൂതിയാണ് ഉണ്ടാകാറുള്ളത്. ആ,ശബ്ദഗാംഭീര്യത്തിൽ അനുവാചകർ അറിയാതെ ലയിച്ചുപോകും.
അദ്ദേഹത്തിൻ്റെ കവിതകളിൽ ശൃംഗാരവും, ഹാസ്യവും, അമർഷവും, വിഷാദവും വെല്ലുവിളികളും എല്ലാം ഉണ്ട്. അതിൻ്റെ താളാത്മകതയാണ് ശ്രോതാക്കളെ പിടിച്ചിരുത്തുന്നത്. പടയണി എന്ന അനുഷ്ഠാന കലയേയും കേരളത്തിൻ്റെ നാടോടി സംസ്കാരത്തേയും വാക്കുകളുടെ അനർഗ്ഗളമായ പ്രവാഹത്തിലൂടെ അവതരിപ്പിച്ചപ്പോൾ അതിന് സവിശേഷമായ താളക്കൊഴുപ്പും രൂപഭംഗിയും കൈവന്നു. നാടോടി കലാരൂപങ്ങളുടെ താളം ആധൂനിക കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുകയാണ്. ഇതൊക്കെ കടമ്മനിട്ടക്കവിതകളുടെ ആകർഷണീയതയ്ക്കു കാരണമാണ്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ജീവിതാനുഭവങ്ങൾ മിക്ക കവിതകളിലും കാണാം.
മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽ പൊട്ടൻ, കാട്ടാളൻ, കുറത്തി, കോഴി, കടമ്മനിട്ട, കിരാതവൃത്തം, ചാക്കാല, ശാന്ത, ദേവീസ്തവം, രാഷ്ട്രീയനേതാവ്, പരാതി, ബസ്സ് സ്റ്റോപ്പിൽ, ഞാൻ,ഇരുട്ട്, മത്തങ്ങ, പശുക്കുട്ടിയുടെ മരണം, പുഴുങ്ങിയ മുട്ടകൾ, പരസ്യം തുടങ്ങിയവ കടമ്മനിട്ടയുടെ പ്രധാന കൃതികളാണ്.
‘മലഞ്ചൂരൽ മടയിൽ നിന്നും കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടിൽ നിന്നും കുറത്തിയെത്തുന്നു…
എന്നിട്ട് കരനാഥന്മാർക്കു നേരെ വിരൽ ചൂണ്ടി പറയുന്നു,
‘നിങ്ങളെൻ്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?
നിങ്ങളെൻ്റെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കാട്ടുവള്ളിക്കിഴങ്ങു മാന്തി ചുട്ടു തന്നില്ലേ ഞങ്ങൾ….’
കുറത്തി എന്ന ഈ കവിതയിലെ ഈ വരികൾ ഒരു കാലത്തെ സാമൂഹ്യ വ്യവസ്ഥിതിക്കു നേരെയാണ് വിരൽ ചൂണ്ടുന്നത്.
‘ഈറ്റപ്പുലി നോറ്റു കിടക്കും
ഈറൻ കണ്ണു തുറക്കും
കരിമൂർഖൻ വാലിൽ കിളരും
പുരികം പാതി വളച്ചും നീറായാവനത്തിൻ നടുവിൽ നില്പൂ കാട്ടാളൻ
നെഞ്ചത്തൊരു പന്തം കുത്തി നില്പു കാട്ടാളൻ…’
കിരാതവൃത്തം എന്ന കവിതയിലെ ഈ കാട്ടാളൻ്റെ രൂപം ആരെയാണ് ഭയപ്പെടുത്താതത്?
‘അങ്ങേലെ മൂപ്പീന്നു ചത്തോടി?
നമ്മളും പോയോന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവന്
കാപ്പിയും കാശും കൊടുത്തോടി?
കാര്യങ്ങളെന്തൊക്കെയായാലും നാലുപേർ കൂടുന്ന കാര്യമല്ലേ?
കോടിയിടേണം പുകലവേണം കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചുതുപ്പി കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ!’
തനി നാടൻ ഗ്രാമീണരുടെ നിഷ്ക്കളങ്കമായ മനോഭാവത്തിൻ്റെ ശരിപ്പകർപ്പാണ് ചാക്കാല എന്ന കവിതയിലെ ഈ വരികൾ. അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ എത്ര സ്വാഭാവികമായിരിക്കുന്നു! ആശയത്തിനും സന്ദർഭത്തിനും അനുസരിച്ച് വാക്കുകൾ പ്രയോഗിക്കുവാൻ കവിക്കുള്ള കഴിവ് ഈ വരികളിൽ വളരെ വ്യക്തമായി കാണാം.
സ്വന്തം ഗ്രാമമായ ‘കടമ്മനിട്ട’ യെ നമ്മുടെ നാടിൻ്റെ ഒരു ചെറിയ പതിപ്പായിട്ടാണ് കവി കാണുന്നത്. അവിടെ നേരിട്ടു കണ്ടും കേട്ടിട്ടുമുള്ള അനുഭവങ്ങളാണ് കടമ്മനിട്ട എന്ന കവിതയിൽ ഉള്ളത്.
‘നെല്ലിൻ തണ്ടു മണക്കും വഴികൾ
എള്ളിൻ നാമ്പും കുരുക്കും വയലുകൾ
എണ്ണം തെറ്റിയ ഓർമ്മകൾ വീണ്ടും കുന്നിൻ ചരുവിൽ മാവിൻ കൊമ്പിൽ.
ഓലഞ്ഞാലിക്കിളിയുടെ വാലിൽ
ഒൻപതു ശീലക്കൊടികളുകെട്ടി
ഓലക്കുടയുടെ കീഴിൽ ചുവടു ചവിട്ടി
വെള്ളം ചെപ്പി ബഹളം കൂട്ടി നടന്നക്കാലം
ഓർക്കാക്കഥയുടെ ശീലുകളായത്
ഓർത്തു കുനിഞ്ഞു നടന്നു ഞാൻ…’
അങ്ങനെ കവി കഴിഞ്ഞുപോയ ആ കാലത്തെ വളരെ ഗൃഹാതുരത്വത്തോടെ, ഓർമ്മിക്കുകയാണ്!
കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ അധ്യക്ഷനായിരുന്നു. ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ആറന്മുള നിയോജകമണ്ഡലത്തിലെ എം.എൽ.എ ആയും തെരഞ്ഞെടുത്തിട്ടുണ്ട്.
സമസ്തമേഖലകളിൽ നിറഞ്ഞുനിന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി 2008 മാർച്ച് മുപ്പത്തൊന്നാം തീയതി വിടവാങ്ങി🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕




Thank You Sri.Raju Sankarathil Sir 🙏❤️🥰