ടൗണിൽ നിന്നും ലൈൻ ബസ്സിൽ കയറിയ മാവേലിത്തമ്പുരാൻ ബസ്സിൽ ഇരിക്കുവാനുള്ള സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടിട്ട് കണ്ടക്ടർ മാവേലിയോട് ചോദിച്ചു..
‘എന്താ മാവേലി തമ്പുരാനെ സീറ്റ് ഉണ്ടായിട്ടും ഇരിക്കാത്തത്. വയറു കാരണം ഇരിക്കാൻ വയ്യായിരിക്കും അല്ലേ?.’
‘ഇരിക്കാൻ സമയമില്ല കുഞ്ഞേ പോയിട്ട് കുറച്ച് ധൃതിയുണ്ട്, ധാരാളം പ്രജകളെ കണ്ട് ക്ഷേമം അന്വേഷിക്കാൻ ഉള്ളതല്ലേ. അല്ലാതെ വയറു കാരണം അല്ല.
മാവേലിയുടെ മറുപടി കേട്ട് ബസ്സിനുള്ളിൽ പൊട്ടിച്ചിരി ഉണർന്നു…
ബസ്സിൽ നിന്നിറങ്ങിയ മാവേലി പ്രജകളെ കണ്ട് കുശലം ചോദിച്ച് നടക്കവേ ഭംഗിയായി പച്ച യൂണിഫോം ഒക്കെ ധരിച്ച് സുന്ദരികളായ വനിതകൾ വലിയ പ്ലാസ്റ്റിക് കവറും തൂക്കി തനിക്ക് എതിരായി നടന്നുവരുന്നു…
അവരോടു കുശലം ചോദിച്ചപ്പോഴാണ് മാവേലിക്ക് മനസ്സിലായത് ‘ഹരിത കർമ്മ സേന അംഗങ്ങൾ’ ആണെന്ന്…
അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു മുന്നോട്ട് നീങ്ങിയ മാവേലി കണ്ടത് റോഡരികിലെ പുല്ലും ചപ്പും ഒക്കെ നീക്കം ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകളെ ആണ്. അവരോടും കുശലം ചോദിച്ചപ്പോൾ മാവേലിക്ക് മനസ്സിലായി അത് തൊഴിലുറപ്പ് പണി ചെയ്യുന്ന സ്ത്രീകളാണന്ന കാര്യം…
ഏതായാലും മാവേലിയോടൊപ്പം ഉള്ള ഒരു സെൽഫി എടുത്തതിനുശേഷം ആണ് അവർ അദ്ദേഹത്തെ പറഞ്ഞയച്ചത്.
റോഡിലൂടെ മുന്നോട്ടു നീങ്ങിയ മാവേലി റോഡരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരെ കണ്ടതും പത്തു രൂപ വീതം എല്ലാവർക്കും കൊടുത്തിട്ട് ദേഷ്യത്തോടെ അവരോട് ചോദിച്ചു.
‘നാണമില്ലേ റോഡരികിൽ ഇരുന്ന് ഭിക്ഷ തെണ്ടാൻ…’
ഉടൻ വന്നു അതിൽ ഒരുവന്റെ വായിൽ നിന്നും മറുപടി!
‘പത്ത് രൂപയുടെ ഭിക്ഷ വാങ്ങാൻ പിന്നെ ഞങ്ങൾ എന്താ ഓഫീസും തുറന്നിരിക്കണോ…!’
മറുപടി കേട്ട് അന്തംവിട്ട മാവേലി കുന്തം വിഷുങ്ങിയ പോലെ നിൽക്കവെ അതിലെ വന്ന കാലി ഓട്ടോയ്ക്ക് കൈകാണിച്ചു കയറി സ്ഥലം കാലിയാക്കി…
വീടിനു പുറത്ത് എന്തോ ഒച്ചയും ബഹളവും കേട്ടുകൊണ്ടാണ് ഞാൻ പുറത്തേക്കിറങ്ങി നോക്കിയത്. ഒരു ഓട്ടോറിക്ഷ വീടിന്റെ വാതുക്കൽ ഉണ്ട്. ഡ്രൈവർ പുറത്തിറങ്ങി കൈ ചൂണ്ടി ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ആരോടാണന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. സാക്ഷാൽ നമ്മുടെ മാവേലി തമ്പുരാനോട്. കോലാഹലത്തിൽ നിന്നും കൂലിത്തർക്കം ആണെന്ന് മനസ്സിലായി. എന്തായാലും എന്റെ വീടിന്റെ വാതിൽക്കൽ ആകുമ്പോൾ മാവേലി തീർച്ചയായും എന്റെ വീട്ടിലേക്ക് വന്നതായിരിക്കുമല്ലോ. അപ്പോൾ എനിക്ക് ഇടപെടാതിരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ ഇടപെടാം എന്ന് കരുതി ഞാൻ ഇറങ്ങിച്ചെന്നു.
‘എന്താ പ്രശ്നം’ ഓട്ടോക്കാരനോട് ഞാൻ ചോദിച്ചു.
‘അല്ല പെങ്ങളെ ഇയാളോട് കൂലി ചോദിച്ചപ്പോൾ ഇയാൾ പറയുകയാണ്.
ഇത് വളരെ കൂടുതലാണ് ഇത്രയും ഒന്നുമില്ല കൂലി എന്ന് ‘ കൂടെ ‘ഇയാൾ പെട്രോളിന് വില കൂടിയ കാര്യമൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു… അതെങ്ങനാന്ന് പറ ആണ്ടിലൊരിക്കൽ അല്ലേ ഇങ്ങോട്ടേക്ക് എഴുന്നള്ളുന്നത്’.
എന്നുകൂടി ഓട്ടോക്കാരൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
‘ബാക്കി എത്ര രൂപ കൂടിയാണ് വേണ്ടത് ഞാൻ തന്നേക്കാം’ അങ്ങനെ ഓട്ടോക്കാരൻ പറഞ്ഞ ബാക്കി തുക ഞാൻ നൽകി രംഗം വഷളാകാതെ
രെമ്യമായി പരിഹരിച്ചു.
അപ്പോഴേക്കും വീട്ടിൽ കയറി കസേരയിൽ ഉപവിഷ്ടനായ മാവേലി തമ്പുരാനോട് ഞാൻ പറഞ്ഞു.
‘അങ്ങേക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അടിക്കടി ഉണ്ടായ പെട്രോൾ വില വർദ്ധനവുമൂലം ചാർജ് കൂട്ടാതെ അവർക്കും നിവൃത്തിയില്ലല്ലോ തിരുമേനി. പക്ഷേ ന്യായമായ ചാർജ് മേടിക്കാതെ അതിന്റെ പേരിൽ കൊള്ള ചാർജ് മേടിക്കുന്ന ചില ഓട്ടോക്കാരും ഇവരുടെ ഇടയിൽ ഉണ്ട് എന്ന് കാര്യവും സത്യമാണ് എന്റെ പൊന്നു മാവേലി…’
മാവേലി പെട്ടെന്ന് സീരിയസായി ചോദിക്കുകയാണ്. ‘കേരളത്തിൽ ഇപ്പോൾ മുഴുവനും കള്ളും കഞ്ചാവും പീഡനവും ഒക്കെ ആണല്ലേ…’
‘ഹോ ദൈവമേ പാതാളത്തിൽ വരെ ഈ വക വാർത്തകൾ എത്തുന്നുണ്ടല്ലേ…’ ഞാൻ ചോദിച്ചു.
‘അതെ അതെ നാം എല്ലാ വാർത്തകളും നമ്മുടെയൊക്കെ സ്വന്തം ഓൺലൈൻ പത്രമായ ‘മലയാളി മനസ്സിൽ’ വായിക്കുന്നത് കൊണ്ട് അപ്പപ്പോൾ അറിയുന്നുണ്ട്..’ എന്ന് മാവേലി പറഞ്ഞപ്പോൾ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മാത്രമല്ല അങ്ങ് പാതാളത്തിൽ വരെ നമ്മുടെ പത്രം ഓൺലൈനായി എത്തുന്നുണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നി…
‘ഇപ്പോൾ ഞാൻ അവിടെ പാതാളത്തിൽ ഉപയോഗിക്കുന്ന സിമ്മിന് റേഞ്ച് തീരെ കുറവാണ്. ഏത് സിം ആണ് കുഞ്ഞേ നല്ല റേഞ്ച് പിടിക്കുന്നത്.’
‘നമ്മുടെ സ്വന്തം ബി.എസ്.എൻ.ൽ ന്റെ സിം തന്നെ എടുത്തുകൊള്ളൂ തിരുമേനി, അതിനാവുമ്പോൾ എല്ലായിടത്തും റേഞ്ച് ഉണ്ട്. ശോ.. രണ്ടാഴ്ചമുമ്പ് ആയിരുന്നെങ്കിൽ ഒരു രൂപയ്ക്ക് സിം കിട്ടിയേനെ… ‘ ഞാൻ പറഞ്ഞു.
‘നാം ഓട്ടോയിൽ ഇങ്ങോട്ടേക്ക് പോരുന്ന വഴിക്ക് ഒരു ഷോപ്പിനു മുന്നിൽ വലിയൊരു ക്യൂ കണ്ടല്ലോ. അതെന്താ സഹോദരി അവിടെ ഓണം പ്രമാണിച്ച് കിറ്റ് വല്ലതും ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടോ.’
‘കിറ്റ് ഫ്രീ ആയിട്ട് ഒന്നും കൊടുക്കുന്നതിന്റെ ക്യു അല്ല തിരുമേനി. അത് മദ്യഷാപ്പിന്റെ മുന്നിൽ ‘സാധനം’ വാങ്ങാൻ നിൽക്കുന്നവരുടെ ക്യൂവാണ്. സാധനം മേടിച്ചു കഴിയുമ്പോൾ ‘പോക്കറ്റു ഫ്രീ'(കാലിപോക്കറ്റ്), അടിച്ചു തീർന്നു കഴിയുമ്പം ‘കുപ്പി ഫ്രീ'(കാലികുപ്പി) അങ്ങനെ രണ്ടു ഫ്രീ ഉണ്ട് തീരുമേനി…’
മയക്കുമരുന്നിനു അടിമകളായ യുവതലമുറയുടെ കാര്യവും മദ്യലഹരിയിൽ പെറ്റുവളർത്തിയ മാതാപിതാക്കളെ മക്കൾ ക്രൂരമായി മർദ്ദിക്കുന്നതും പ്രായഭേദമെന്യേയുള്ള പീഡന പരമ്പരകളുടെ കാര്യവും വ്യാജ പീഡന കേസ്സുകളും വ്യാജ പോക്സോ കേസ്സുകളും മെസ്സേജിന്റെ പേരിലും ചാറ്റിന്റെ പേരിലും ഉള്ള കോലാഹലങ്ങും റോഡുകളുടെ ശോച്യാവസ്ഥയും തെരുവുനായകളുടെ ആക്രമണവും എല്ലാം ഞങ്ങളുടെ ചർച്ചയിൽ പരാമർശിക്കപ്പെട്ടു.
‘കേരളം എന്തെ ഇങ്ങനെയായിപ്പോയത്’ എന്ന് തിരുമേനി വിഷമത്തോടെ ചോദിച്ചു.
അങ്ങ് ഇവിടെ നാട് വാണിരുന്നപ്പോൾ
‘കള്ളവുമില്ല, ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം.’
കള്ളം , ചതി, പൊളി ഇവ ‘എള്ളോളം’ ഉണ്ടായിരുന്നില്ല, പക്ഷേ ഇപ്പോൾ ഇവിടെ ഇതെല്ലാം ‘കുന്നോളം’ ഉണ്ട് മാവേലി…
തൂശനിലയിൽ ഞാൻ ഉണ്ടാക്കിയ ഓണസദ്യയും പായസവും കഴിച്ച് മാവേലിത്തമ്പുരാൻ യാത്ര പറഞ്ഞിറങ്ങാൻ നേരം എന്നോട് പറഞ്ഞു.
“എനിക്ക് പാതാളത്തിലേക്ക് തിരികെ പോകുമ്പോൾ കൊണ്ടുപോകാൻ രണ്ട് തണ്ട് മണി പ്ലാന്റ് കൂടെ വേണമെന്ന്. പിടിച്ചു കിട്ടിയാൽ പാതാളത്തിലെ ചൂടും ദുഷിച്ച അന്തരീക്ഷവും ശുദ്ധീകരിക്കുകയും ആവാം. പിന്നെ പാതാളത്തിലേക്ക് സമ്പത്തും ഐശ്വര്യവും എത്തുകയും ചെയ്യുമല്ലോ.”
സന്തോഷത്തോടെ ഞാൻ മണി പ്ലാന്റ് മുറിച്ചു കൊടുത്തു.
‘അടുത്ത ഓണത്തിനും അങ്ങ് പ്രജകളെ കാണാൻ എത്തുമ്പോൾ എന്റെ വീട്ടിൽ ഇനിയും വരണം’ എന്ന് ഞാൻ പറഞ്ഞപ്പോൾ..
‘തീർച്ചയായും വന്നിരിക്കും മകളെ’ എന്നു പറഞ്ഞ് മാവേലി തമ്പുരാൻ യാത്രയാകുന്നതും നോക്കി ഞാൻ വിഷമത്തോടെ കൈ വീശി കൊണ്ട് നിന്നു….




അതിമനോഹരമായി മാവേലിയുടെ വരവ്.നല്ല ഹാസ്യ രൂപേണ മാവേലിതമ്പുരാന്റെ വരവ് വായനക്കാരിലേക്കെത്തിച്ച സാന്ദ്രനിർമലിന് അഭിനന്ദനങ്ങൾ. ഒപ്പം ഓണാശംസകൾ 🙏❤️
മാവേലിയുടെ വരവ് വളരെ രസകരമായി അവതരിപ്പിച്ച് ആനുകാലിക സംഭവങ്ങളുമായി കൂട്ടി ഇണക്കി വായനക്കാരിലേക്ക് എത്തിച്ച സാന്ദ്ര നിർമ്മലിന് അഭിനന്ദനങ്ങൾ.👍 ഓണാശംസകൾ.❤️
ഓണാശംസകൾ
Nannayitund
ഓണത്തിൻ്റെ ഇതിഹാസത്തെ നിങ്ങളുടെ ജീവിതം കൊണ്ടു സന്ദർഭോചിതമാക്കിയ രീതി വളരെ ഇഷ്ടപ്പെട്ടു ഡാനിയേൽ കുരിയൻ, ബാങ്കളൂർ പ
❤️❤️