എന്റെ വീട്ടിൽ മാവേലി വന്നപ്പോൾ….
“അപ്പുവേ…എടാ അപ്പു…”
“എന്താ അപ്പൂപ്പാ….”
“ഏതോ ഒരു വണ്ടി ഗേറ്റിനു മുമ്പിൽ വന്നല്ലോ…?
അച്ഛനായിരിക്കും വേഗം പോയി ഗേറ്റ് തുറക്കൂ…”
“ശരിയപ്പൂപ്പാ…”
അപ്പു ഗേറ്റ് തുറന്നതും ഒരു വെളുത്ത ഇന്നോവ ടാക്സി കാർ അകത്തേക്ക് പ്രവേശിച്ചു.
“അപ്പൂപ്പാ..,
അച്ഛൻ അല്ല, വേറെ ആരോ ആണ്…”
ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. മാവേലിയുടെ വേഷം ധരിച്ച ഒരാൾ കാറിൽ നിന്നും ഇറങ്ങി. പക്ഷേ, ഓലക്കുടയോ കിരീടമോ ഇല്ല.
നല്ല തടിച്ച ശരീരം….
കട്ടി മീശ….
” ആരാ…? ”
“മാഷേ, എന്നെ മനസ്സിലായില്ലേ…?”
“ഇല്ല..”
“ഞാൻ മഹാബലി….
നിങ്ങളുടെ സ്വന്തം മാവേലി.”
“അപ്പൂപ്പാ…. മഹാബലിക്ക് ഓലക്കുടയും കിരീടവുമില്ലലോ?
ഇത് ആരോ അപ്പുപ്പനെ പറ്റിക്കാൻ വന്നതാ…..”
“അല്ല മോനെ…
ഞാൻ മാവേലി തന്നെ….”
“എന്നാൽ കിരീടവും,ഓലക്കുടയും എവിടെ…?”
“എന്റെ മാഷേ , ഞാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്നു രാവിലെ ആറു മണിക്ക് വിമാനം ഇറങ്ങിയതാ.
ദേ, ഈ ടാക്സി വിളിച്ചാണ് വന്നത്. വരുന്ന വഴി കുറെ പേർ കാർ തടഞ്ഞുനിർത്തി.
“ഓ..നാടകക്കാരൻ ആണ്….
അല്ലേ…?
ആരായാലും വേണ്ടില്ല ഒരു 1000 രൂപ ഇങ്ങോട്ടെടുക്ക്…”
ഒരാൾ പറഞ്ഞു.
“എന്തിനാണ് മക്കളെ ആയിരം രൂപ..?”
“അതോ ഞങ്ങളുടെ ക്ലബ്ബിന്റെ ഓണാഘോഷ ചെലവിലേക്കാണ്..”
“എന്റെ കയ്യിൽ പൈസ ഇല്ല മക്കളെ.. അല്ല,ഇങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി ആണോ ഓണാഘോഷം നടത്തുന്നത് എന്ന് ചോദിച്ചതും ഒരാൾ എന്റെ കഴുത്തിനു കുത്തി പിടിച്ചു.അപ്പോൾ മറ്റൊരാൾ എന്റെ പോക്കറ്റിൽ കയ്യിട്ടു നോക്കി.
“പൈസ ഇല്ലെങ്കിൽ വേണ്ട ഗൂഗിൾ പേ ചെയ്താൽ മതി…
ഫോൺ എടുക്ക്… അവർ എന്റെ കൈയിലെ ഫോൺ തട്ടിപ്പറിച്ചു.”
“എന്റെ സഹോദരങ്ങളെ എന്റെ ഫോണിൽ ഗൂഗിൾ പേ ഉണ്ട്.:പക്ഷേ,
നെറ്റ് ഇല്ല..
കണക്ഷൻ ആർ.എസ്.എൻ.എൽ ആണ്.. ദാ നോക്കൂ എപ്പോഴും ഇങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും…”
പെട്ടെന്ന് അവർ എന്റെ ഓലക്കുടയും കിരീടവും പിടിച്ചു വാങ്ങി. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം…!
മഹാബലി പറഞ്ഞു
“മാഷിന് ഇപ്പോൾ എന്നെ വിശ്വാസമായില്ലേ…? ”
എനിക്ക് വിശ്വാസമായി.
തിരുമേനി കയറിയിരിക്കൂ…
ഒന്ന് കുളിച്ചിട്ട് വരു…
നമുക്ക് ഭക്ഷണം കഴിക്കാം.
“എന്റെ മാഷേ,കുളിയും ഭക്ഷണവുമൊക്കെ പിന്നെ മതി.
ആദ്യം ഇത്തിരി കുഴമ്പ് തരു . എന്റെ നടുവിൽ ഒന്ന് പുരട്ടട്ടെ….”
“കുഴമ്പോ..?
അതെന്തിനാ..?”
“ഞാൻ രാവിലെ ആറുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങിയതാ.! ശരിക്കും 10 മണിക്ക് പാലക്കാട് എത്തേണ്ടതാണ്.
ഇപ്പോൾ സമയം 2:00 മണി ആയില്ലേ…? അങ്കമാലി മുതൽ വടക്കാഞ്ചേരി വരെ എന്തൊരു ബ്ലോക്ക് ആണ്!
ബ്ലോക്ക് മാത്രമോ…?
റോഡിന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത്..!
പാടം പോലെ കിടക്കുന്നു.!
തോട് ഏതാ, റോഡ് ഏതാ എന്ന് അറിയാത്ത അവസ്ഥ..!
കാർ ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേക്ക് ചാടി ചാടി എന്റെ നാടുവൊടിഞ്ഞു….”
“എന്റെ തിരുമേനി…,
ഹൈവേ പണി കഴിഞ്ഞ് ഇത്രയും വർഷം കഴിഞ്ഞപ്പോഴാണ് ദേശീയപാത അധികൃതർക്ക് അടിപ്പാത വേണം എന്ന് തോന്നിയത്!
സർവീസ് റോഡ് തോടായി മാറി..!”
മഹാബലി കുഴമ്പു പുരട്ടി കുളി കഴിഞ്ഞ് ഡൈനിങ് ഹാളിൽ വന്നിരുന്നു.
“മാഷേ, എനിക്ക് നന്നായി വിശക്കുന്നു. സദ്യവട്ടത്തിന്റെ മണം ഒന്നും വരുന്നില്ലല്ലോ….?”
“അതോ…?
ഞാൻ സൊമാറ്റോയിൽ ഭക്ഷണം ഓർഡർ കൊടുത്തതാണ്…
ഓണമല്ലേ അവർക്കും തിരക്കാണ്..
ആയാലും ഉടനെ കൊണ്ടുവരും ”
“ശിവ…ശിവ…നാം എന്താണീ കേൾക്കണത്..?
ഓണത്തിന് ഹോട്ടൽ ഭക്ഷണമോ….?”
“എന്റെ തിരുമേനീ, ഒന്നാമത് ഇവിടത്തെ വീട്ടുകാരിക്ക് സദ്യ ഉണ്ടാക്കാനുള്ള സമയമില്ല. ഇനി ഉണ്ടാക്കാം എന്ന് വെച്ചാൽത്തന്നെ തേങ്ങക്കും വെളിച്ചെണ്ണക്കും എന്നാ വിലയാ?
സത്യം പറഞ്ഞാൽ തേങ്ങയരച്ച് കറി വെച്ചിട്ട് ആറുമാസമായി..”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. പെട്ടെന്ന് പുറത്തു നിന്നും ഒരു വാഹനത്തിന്റെ ഒരു ശബ്ദം കേട്ട് ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.
തിരുമേനീ സൊമാറ്റോയുടെ ഡെലിവറി ബോയ് വന്നു..
ഞാൻ പേപ്പറിലയിൽ സദ്യ വിളമ്പി.
ഭക്ഷണം കഴിക്കും മുമ്പ് മഹാബലി തന്റെ ഫോണിൽ സെൽഫി എടുത്തു.
“മാവേലി അങ്കിൾ….
ഫോട്ടോസ് എല്ലാം ഇൻസ്റ്റഗ്രാം റീലായി ഇടണേ….? ”
പിന്നെ ഒരു കാര്യം എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒന്നു ഫോളോ ചെയ്യാൻ മറക്കല്ലേ..?
അത് മാത്രം പോരാ പാതാളത്തിലെ എല്ലാവരോടും ഷെയറും ചെയ്യാൻ പറയണം…. ”
” മാഷേ,
ഒരുപാട് സന്തോഷമായി ….
എന്റെ നാട്ടിലെ പ്രജകൾഎത്ര സന്തോഷത്തോടുകൂടിയാണ് ഇപ്പോഴും കഴിയുന്നത്..!
ആർക്കും അല്ലേലും അലച്ചിലും ഒന്നുമില്ല….. ”
മഹാബലി ചിരിച്ചുകൊണ്ടു പറഞ്ഞു.




ഓണാശംസകൾ
❤️
മാവേലിയും സന്തുഷ്ടനാണല്ലോ അല്ലെ?
♥️
നാടിന്റെ അവസ്ഥ നന്നായി പറഞ്ഞിരിക്കുന്നു. രചന നന്നായിട്ടുണ്ട്
സന്തോഷം