Sunday, November 24, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: എൻ. മോഹനൻ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: എൻ. മോഹനൻ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

കാവ്യാത്മകമായ കഥകളിലൂടെ കഥാസ്നേഹികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ കഥാകാരൻ …. മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ….

വ്യക്തിപരമായ ഒറ്റപ്പെടലുകളല്ല സംഭവബഹുലമായ വ്യക്തിജീവിതങ്ങൾ ഓരോ കഥകളിലും നിറഞ്ഞു നിന്നിരുന്നു. ദു:ഖം ഒരു പ്രധാന അന്തർധാരയായി അദ്ദേഹത്തിന്റെ മിക്ക കഥകളിലും കാണുന്നു. സ്‌നേഹം, ഏകാന്തത, നഷ്ടപ്രണയം, കുറ്റബോധം എന്നിവയെ മൂര്‍ത്തസംഭവങ്ങളാക്കി സമനിരപ്പായതും ആര്‍ജവമുറ്റതുമായ സ്വന്തം പാതയിലൂടെ അദ്ദേഹം കഥ പറഞ്ഞു തന്നു.

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും ശ്രീ എൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മകനായ്. 1933 ഏപ്രില്‍ 27ന് രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ മലയാളം അദ്ധ്യാപകന്‍, കേരള ഗവണ്മെന്റിന്റെ സാംസ്‌കാരികകാര്യ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു.

പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയെന്നതിലുപരി, വേദസാരം ഏതൊരു ചണ്ഡാല സ്ത്രീയിലുമുണ്ടെന്ന തത്ത്വം വിശദീകരിക്കുന്ന ഐതിഹ്യ മാലയിലെ വരരുചിയുടെ കഥയെ മനോഹരമായി ആവിഷ്ക്കരിക്കുന്ന നോവൽ കൂടിയാണത്..പഞ്ചമി എന്ന അമ്മയുടെ തോരാത്ത കണ്ണുനീരിന്റെ കഥ. വരരുചി പറയുന്ന വാക്കുകൾ കേട്ട് ഒരമ്മയ്ക്കും സഹിക്കാനാകാത്ത കഠിനപാതകളിലൂടെ കടന്നുപോകുന്ന പഞ്ചമി..
ഇവർക്കുണ്ടാകുന്ന പന്ത്രണ്ടു മക്കളും പന്ത്രണ്ടു കുലങ്ങളും ചേർന്ന കേരളത്തെക്കുറിച്ചുള്ള കഥ. .

വൈകാരികതയും ആര്‍ദ്രതയും, അതേസമയം സൂക്ഷ്മതയോടെയുള്ള രചനാപാടവവും കൊണ്ട് അനുഗൃഹീതമായ എഴുത്ത്. വ്യക്തി ജീതത്തില്‍ കുസൃതിനിറഞ്ഞ ഫലിതത്തിനു വക കണ്ടെത്തിയ എന്‍.മോഹനന്‍ കഥാകൃത്തെന്ന നിലയില്‍ എപ്പോഴും ദുഃഖോപാസകനായി. വേദനയുടെ നെരിപ്പോട് എരിയിക്കാന്‍ പോന്ന കഥകള്‍. സ്നേഹിക്കാന്‍ മാത്രം ശീലിച്ച ആ മനസ്സ് ജ-ീവിതത്തെ ഒരു കൊച്ചുകുസൃതിപോലെ കണ്ടു. ലേശം ഫലിതവും ഉള്ളുനിറയെ സ്വപ്നങ്ങളുമായി ജ-ീവിച്ചു. നമ്മുടെ മനസ്സോടു ചേര്‍ന്നുനിന്ന് കഥകള്‍ പറഞ്ഞു.

മനോഹരവും വ്യത്യസ്തവുമായ എഴുത്തിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിൻ്റെ സാക്ഷ്യമാണ് ‘ഒരിക്കല്‍’ എന്ന നോവല്‍.’ഏതോ രാവിൽ പൂത്ത കൈതപൂവിന്റെ സുഗന്ധം പോലെ, എത്ര കാലം കഴിഞ്ഞാലും ഓർത്തെടുക്കുന്ന പ്രണയം പോലെ പ്രണയത്തിന്റെ ആർദ്രഗംഭീരവും വിഷാദമധുരവുമായ “ഒരിക്കൽ” എന്ന നോവൽ ..

അമ്മയെ വിട്ട് പോരുകയും ഭാര്യ വന്നിട്ടുമില്ലാത്ത സാഹചര്യത്തിൽ സ്നേഹം കൊടുത്ത് യാത്ര പറയാതെ പോയ ഒരാളെക്കുറിച്ചുള്ള പ്രണയാനുഭവം പറയുന്ന നോവൽ.. ഹൃദ്യമായ എഴുത്ത്.. മിക്ക കൃതികളും സ്വന്തം ജീവിതത്തിന്റെ ഏടുകൾ ആണെന്ന തോന്നും. ചുറ്റുപാടുനിന്നും മനസ്സിലേക്ക് വരുന്ന അനുഭവങ്ങൾ ആണ് എന്റെ കഥകൾ, എന്ന് ഒരു കഥാ സമാഹാരത്തിൽ എഴുതിയിട്ടുണ്ട്. കുട്ടിക്കാലം അവഗണനയും കഷ്ടപ്പാടും ഏറ്റുവാങ്ങിയിരുന്നെന്നും അത് തന്റെ കഥകളിൽ കാണാം എന്നും പറയുന്ന എഴുത്തുകാരന്റെ കഥകളിൽ പലപ്പോഴും വിഷാദമൂറുന്ന കുട്ടികൾ ആണ് കഥാപാത്രങ്ങൾ.

കൊച്ചുതിരുമേനി,മിന്നാമിനുങ്ങു,വിഷു ഓരോർമകുറിപ്പ്, നിന്റെ കഥ എന്റെയും എന്നിവ. ജീവിത സാഹചര്യങ്ങളാൽ പട്ടാളത്തിൽ പോയ ‘ഇല കൊഴിഞ്ഞ, ജീവിതത്തിലെ ബാലൻ. ഓണത്തിന് പുതിയ കുപ്പായം കിട്ടാൻ മോഹിക്കുന്ന “കരയുന്ന കുട്ടിയിലെ” അപ്പുവിനെ നമുക്ക് മറക്കാൻ കഴിയില്ല. കുട്ടിയായിരിക്കുമ്പോഴേ ശാന്തിക്കാരനായി മാറുന്ന “കൊച്ചുതിരുമേനി”യിലെ കുഞ്ഞുണ്ണി ഇവരൊക്കെ സ്‌നേഹത്തിനുവേണ്ടി കൊതിക്കുന്ന കുട്ടികളായായിരുന്നു.

സ്നേഹം ഒരാളെ മനുഷ്യനാക്കും എന്ന് കുഞ്ഞിരാമനെ സ്‌നേഹിച്ചുകൊണ്ട് രാധ തെളിയിക്കുന്നു.ഒരു പ്രൈവറ്റ് കോളേജിലെ അധ്യാപകന്റെ നിസ്സഹായത വെളിപ്പെടുത്തുന്ന “എന്റെ കഥ നിന്റേതും എന്ന രചന.സാഫല്യം തേടുന്ന യാത്രയുടെ പ്രധാനവഴിത്തിരിവില്‍ വച്ച് 1999 ഒക്ടോബർ 3-ന്‌ അന്തരിച്ചു.കേരള സാഹിത്യ അക്കാദമിയുടേതടക്കം ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
നല്ല കഥകളിലൂടെ അദ്ദേഹം ഇന്നും വായനക്കാരിൽ നിറഞ്ഞുനിൽക്കുന്നു…
ഒളിമങ്ങാത്ത ഓർമകൾക്ക് മുന്നിൽ ആദരവോടെ🙏

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments