ഡോക്ടർമാരുടെ അനാസ്ഥ മൂലം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി പരാതി. ഡോക്ടർമാർ ലേബർ റൂമിൽ ന്യൂ ഇയർ ആഘോഷിച്ചെന്നും മോശമായി പെരുമാറിയെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നൽകി. എന്നാൽ ലേബർ റൂമിൽ ന്യൂ ഇയർ ആഘോഷം നടന്നുവെന്നത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുഞ്ഞ് മരിച്ചതിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിയിലാണ് സംഭവം. 12 മണിക്ക് ഡോക്ടർമാർ ന്യൂ ഇയർ ആഘോഷിക്കാൻ പോയി. ഈ സമയത്ത് പ്രസവ വേദന വന്നു. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അപ്പോൾ ഡോക്ടർ വന്ന് കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞു. എന്റെ കാല് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെട്ടു. വേദന കൊണ്ട് പുളയുകയായിരുന്നു താൻ. ഇതിനിടയിൽ കാല് തട്ടിയൊ എന്ന് തനിക്ക് അറിയില്ലെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും അയാൾ കേട്ടില്ലെന്നും യുവതി പറഞ്ഞു.
തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഡോക്ടർ പറയുകയും ചെയ്തു. മനപൂർവമല്ലെന്ന് പറഞ്ഞിട്ടും ഡോക്ടർ കേട്ടില്ല. 14 മണിക്കൂർ വേദനകൊണ്ട് പുളഞ്ഞു. ഒരു തുള്ളി വെളളം പോലും കിട്ടാതെ ആരോഗ്യം നഷ്ടപ്പെട്ട എന്നോട് താനെ പുഷ് ചെയ്ത് പ്രസവിക്കാനാണ് ഡോക്ടർ പറഞ്ഞത്. അവർ വന്നിരുന്നുവെങ്കിൽ തന്റെ കുഞ്ഞ് ശ്വാസംമുട്ടി മരിക്കില്ലായിരുന്നുവെന്നും മര്യാദക്ക് പെരുമാറിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ വ്യക്തമാക്കി.