ടോക്യോ: തിങ്കളാഴ്ച ജപ്പാനിലുണ്ടായ തുടർ ഭൂകമ്പങ്ങളിൽ ചൊവ്വ വൈകിട്ടുവരെ 55 മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ തീരത്ത് വമ്പൻ കെട്ടിടങ്ങളടക്കം നിലംപൊത്തി. പ്രധാന വീഥികളും ദേശീയപാതകളും ഉപയോഗയോഗ്യമല്ലാതായത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കി. മെട്രോ സ്‌റ്റേഷനുകളും തകർന്നു. തുടർകമ്പനങ്ങൾ ഉണ്ടാകുമെന്ന് ചൊവ്വാഴ്ചയും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കൾ വൈകിട്ട് 4.10നാണ് പടിഞ്ഞാറൻ ജപ്പാനിലെ ഇഷികാവയിലെ നൊതോയിൽ രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തി. ചൊവ്വ രാവിലെ വരെ 155 ഭൂചലനം ഉണ്ടായി. കെട്ടിടങ്ങൾ തകരുകയും തീപിടിക്കുകയും ചെയ്തു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. 33,000 കുടുംബങ്ങൾ ഇരുട്ടിലായി. രക്ഷാപ്രവർത്തനത്തിനായി 1000 സൈനികരെ നിയോഗിച്ചതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.
തിങ്കളാഴ്ചത്തെ ഭൂകമ്പത്തിൽ 1.2 മീറ്റർ ഉയരത്തിൽ തിരയടിച്ചിരുന്നു. അഞ്ചു മീറ്ററിലധികം ഉയരത്തിൽ തിരയടിക്കുമെന്നും സുനാമിസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.