ആമരമീമരമോടിക്കളിക്കുന്ന,
അണ്ണാറക്കണ്ണാ കുസൃതിക്കാരാ,
ഛിൽഛിൽ ചിലച്ചു നീ ചാടി
മറിയുമ്പോൾ,
എന്തു രസമാണ് കണ്ടു നില്ക്കാൻ,
പഞ്ചാരമാവിലെ മാങ്കനിയൊന്നിങ്ങു ,
താഴേയ്ക്കു വീഴ്ത്തുമോ നീ കുറുമ്പാ,
മാമ്പഴം തിന്നുവാൻ, മധുരം
നുണയുവാൻ,
കൊതിയോടെ ഞാനിതാ
താഴത്തുണ്ടേ,
കാറ്റുവന്നേതോകുശലംപറഞ്ഞിട്ടേ
തോവഴിക്കു പറന്നു പോയി,
കൊമ്പുകുലുക്കീല, മാമ്പഴം വീഴ്ത്തീല,
എന്തോ പറഞ്ഞവൾ പാഞ്ഞു പോയി,
മാനത്തെക്കാറുമാമാമഴപ്പെണ്ണും,
തമ്മിൽപ്പിണങ്ങിപ്പിരിഞ്ഞു പോയി,
മാമഴ പ്പെണ്ണിനെ താഴേയ്ക്ക്
വീഴ്ത്താതെ,
മാനത്തെക്കാർമുകിൽ മാഞ്ഞു
പോയി,
ആരോരുമില്ലെൻ്റെ സങ്കടം
ചൊല്ലുവാൻ,
നീയൊന്നു പോരുമോ കൂട്ടുകാരാ,
നീ വന്നിന്നെന്നോടുകൂട്ടൊന്നു
കൂടിയാൽ,
ഞാനിന്നെൻ്റമ്മയെ കാട്ടിത്തരാം.
തെക്കേത്തൊടിയിലാവാഴത്തോപ്പിൽ,
തേനൂറും വാഴക്കൂമ്പേറെയുണ്ടേ,
ഒന്നുമേയുണ്ണിയടർത്തീടില്ല,
എല്ലാം നിനക്കായികാത്തു വയ്ക്കാം,
മാമ്പഴമൊന്നു നീ വീഴ്ത്തിത്തായോ.
മനോഹരമായ വരികൾ
രസകരമായ അവതരണം
Nice