Friday, February 6, 2026
Homeകഥ/കവിതതനിയാവർത്തനം (കഥ) ✍ ബിന്ദു വേണു ചോറ്റാനിക്കര

തനിയാവർത്തനം (കഥ) ✍ ബിന്ദു വേണു ചോറ്റാനിക്കര

ജോസൂട്ടി ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ പതിനൊന്നു മണികഴിഞ്ഞു.

ഷോപ്പിൽ നല്ല തിരക്കുള്ള സമയമാണ്. തയ്യൽജോലിക്കാരുടെ ചാകര…

കോവിഡെന്ന മഹാമാരിക്ക് ശേഷം വിദ്യാലയങ്ങൾ പഴയത് പോലെ പ്രവർത്തിദിനങ്ങളാകുന്നു.

യൂണിഫോമിന്റെ വർക്ക്‌ . ജൂൺ ഒന്നിന് മുന്നേ എല്ലാം തീർത്തു കൊടുക്കണം. എല്ലാവരും കൂടി ഉത്സാഹത്തോടെ കുറേ വർക്കുകൾ ഇന്ന് തീർത്തു…

ഓവർ ടൈംമെടുത്ത് കുറച്ച് കാശുണ്ടാക്കണം. മക്കളുടെ പഠിപ്പിനായ് പണത്തിനേറെ അത്യാവശ്യമുള്ള സമയം…

അതുകൊണ്ട് എത്ര ജോലിയെടുത്താലും അവന് മടുപ്പില്ല.

മക്കളെ കൂട്ടിവരാനായി നാളെ രാത്രി എട്ടു മണിക്കുള്ള ബസ്സിൽ യാത്ര തിരിച്ചാൽ വെളുപ്പാകുമ്പോൾ കുമളിയിലെത്തും.

മേൽ കഴുകി വന്ന് ഭക്ഷണം കഴിച്ച് ജോസൂട്ടി കിടന്നു..

ഓരോന്ന് ആലോചിച്ച് കിടന്നപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു.. നോക്കിയപ്പോൾ ഇളയ മോളാണ് വിളിക്കുന്നത്.
അവൻ വേഗം ഫോണെടുത്തു..

“എന്താ അമ്മൂട്ടിയെ .?”

“അച്ഛേ…നാളെ വരൂല്ലേ..
ഞങ്ങൾ കാത്തിരിക്കുവാ..”

“അച്ഛൻ നാളെ രാത്രി വണ്ടികയറും, മക്കൾ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു വെക്കണേ.. നമുക്ക് പിറ്റേ ദിവസം രാവിലെ തന്നെ പോരണം.
ചേച്ചിപ്പെണ്ണ് എന്തേ..?”

“അച്ഛാച്ചന്റെ അടുത്ത്. വിളിക്കണോ അച്ഛേ.. ”

“വേണ്ട ..മോൾ ഉറങ്ങിക്കോ..”

“ശരി അച്ഛേ… ഉമ്മ..”

അവൻ ഫോൺ കട്ട്‌ ചെയ്തു…

ഓവർ വർക്ക്‌ ചെയ്യുന്നത് കൊണ്ടാകും നല്ല ക്ഷീണം..

അവനെ നിദ്ര കീഴടക്കും മുന്നേ അവന്റെ മനസിനെയലട്ടുന്ന ചോദ്യത്തിന് ഇന്നേവരെ ഉത്തരം കിട്ടിയിട്ടില്ല.

എന്തിനാണവൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ തന്നെ ഏൽപ്പിച്ചിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ പിറകെ തന്നോട് ഒരു വാക്കുപോലും പറയാതെ ഇറങ്ങിപ്പോയത്…?
അവൾക്ക് ഒരുകുറവും വരുത്താതെയല്ലേ നോക്കിയിരുന്നത്…

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു..

അന്നും പതിവുപോലെ അവൻ ജോലിക്കെത്തി, എന്നത്തേയും പോലെ അവന്റെമുഖത്ത് സന്തോഷമില്ലായിരുന്നു

അവന്റെ മുഖഭാവം കണ്ട് സുമ ചോദിച്ചു…

” ന്താ ജോസൂട്ട്യേ വല്ലാതെയിരിക്കുന്നെ..?
മക്കൾക്ക് സുഖമില്ലേ..? ”
അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു.
എന്തോ കാര്യമായിട്ടുണ്ട്, അല്ലാതെ ഇതുപോലെ അവനെ കണ്ടിട്ടില്ല, ഏത് നേരവും മക്കളെക്കുറിച്ചുള്ള സംസാരം. അവരെ പഠിപ്പിച്ചു നല്ലൊരു നിലയിൽ എത്തിക്കാനുള്ള ചിന്ത മാത്രം.

“എടാ എന്താണെന്ന് പറയു, പൈസക്ക് വല്ല അത്യാവശ്യമുണ്ടേൽ ഞാൻ തരാം സാവകാശം തന്നാൽ മതി..”

“ചേച്ചിയോട് ഞാൻ പറഞ്ഞില്ലേ നാളെ മൂത്ത മോളെ നീറ്റ് എക്സാം എഴുതാൻ കൊണ്ടുപോകുവാണെന്ന്… ”

“ഉവ്വ് നീ പറഞ്ഞിരുന്നു, എന്തേ മോൾക് അസുഖം വല്ലതും..”

“വയ്യായ്ക ഒന്നുമില്ല ചേച്ചി,
ഇന്നിപ്പോൾ അമ്മയുടെ വഴിയേ ഞാനിത്രയും നാൾ പൊന്നുപോലെ വളർത്തിയ മോളും പോയിരിക്കുന്നു “തനിയാവർത്തനം” പോലെ…!”

“ങ്ങേ.. നീയെന്താ ഈ പറയുന്നത്..”

അവൾക്കത് വിശ്വസിക്കാൻ പ്രയാസം തോന്നി…

അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഒരേങ്ങലോടെ അവൻ മുഖമമർത്തി കരഞ്ഞു.

“ചേച്ചി…ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജന്മം ഇനിയും ബാക്കി…”

” വിഷമിക്കാതെ നിന്റെ സങ്കടം ഞങ്ങൾക്ക് മനസിലാകും…”

അവൾ അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു..

ആർക്കും അതത്ര പെട്ടന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല…!

ഭാര്യ വേറൊരുത്തന്റെ കൂടെ പോയിട്ടും , മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്നവൻ…!

എന്തിനോ അവളുടെ മിഴികൾ നിറഞ്ഞു തൂവി.
മക്കൾക്ക് വേണ്ടിമാത്രം ജീവിക്കുന്ന പാവം മനുഷ്യൻ…

ബിന്ദു വേണു ചോറ്റാനിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com