കൊയ്‌തൊഴിഞ്ഞ പുഞ്ചവയലിലെ
പച്ചവരമ്പുകൾ ചുട്ടുപൊള്ളുന്നൊരാ…
ഉച്ചവയൽ വെയിലുച്ചിപിളർക്കുമ്പോൾ,
ഉടുതുണിയില്ലാതെ പാടവരമ്പത്ത്
ഓടിക്കളിച്ചൊരെൻ ബാല്യകാലം !
കണ്ണെത്താദൂരം വരെയുള്ള പാടത്ത്
തുള്ളിത്തിളയ്ക്കും
മരീചികയ്ക്കുള്ളിൽ,
കൂട്ടുകാരൊക്കെയും പന്തിനുപിന്നാലെ
ആർത്തു കൂത്താടിക്കിതച്ചുകൊണ്ട്
കൂക്കുംവിളികളും കുത്തുകാലും കാട്ടി
പായുന്നതിന്നൊപ്പം ഞാനുമോടി.
ഏറെ ഞാനോടിയില്ലന്നേരമെൻ
മുന്നിൽ,
വന്നുപതിഞ്ഞൊരു കാഴ്ച്ചയിൽ ഞാൻ
ആരോടുമൊന്നൊന്നും മിണ്ടാതെ
ഗൂഢമായ്…
നിന്നുപോയ് കൗതുകാഹ്ലാദമോടെ.
ശിരസ്സറ്റ നെന്മണിത്തണ്ടിന്റെ
മുനയിലായ്…
കാറ്റിൽപ്പറന്നുപോവാത്ത
കരുത്തോടെ,
കച്ചിത്തുരുമ്പിന്റെ മുനയിൽപ്പിടിച്ച് –
ഒരുകുഞ്ഞു തേൻതുമ്പി
കാത്തിരിക്കുന്നു…
കൂടെപ്പറന്ന ചങ്ങാതിയെക്കാത്ത്.
മെല്ലെമെല്ലെച്ചുവട്
ശബ്ദമില്ലാതെഞാൻ
തുമ്പിയുടെ പിന്നിലൊളിച്ചിരുന്ന്…
നിശ്ശബ്ദമെൻവിരൽ നീങ്ങുകയായ്
തുമ്പിയുടെ വാലിനെ ലക്ഷ്യമാക്കി.
ഒറ്റക്കുതിപ്പിനെൻ കയ്യിൽപ്പിടഞ്ഞു..
ചിറകടികളോടെയെൻ
കൈവിരൽത്തുമ്പിൽ.
മാനത്തു പാറിക്കളിച്ച തേൻതുമ്പി !!
ഓടിക്കിതച്ചുഞാൻ വീട്ടുമുറ്റത്തെത്തി-
തുമ്പിയുടെ വാലിലൊരു
വാഴനൂൽകെട്ടി,
പട്ടംപറത്തുന്ന ലാഘവത്തോടെ…
നൂലിൽപ്പറത്തി ഞാൻ മുറ്റത്ത്
തുമ്പിയെ.
ഏറെപറന്നില്ല ചിറക് കുഴഞ്ഞ്…
വാഴനൂൽത്തുമ്പിലെ കെട്ടിൽപ്പിടഞ്ഞ് –
ദേഹംതളർന്നതു നിലത്തുവീണു.
മുറ്റത്തുവീണ തേൻതുമ്പിയെ നോക്കി
ഞാൻ…
ഉള്ളം പിടഞ്ഞു പകച്ചുനിന്നു.
നിശ്ചലം ചിറക്
മാറോടുചേർത്താതുമ്പി…
തേനുണ്ണുംചുണ്ടിൻ വിറയലോടെ,
കൂടെപ്പറന്ന തേൻചങ്ങാതിയില്ലാതെ…
എൻമിഴിയിറമ്പുകൾ നനച്ചുകൊണ്ട്
യാത്രയായ് തേൻതുമ്പി ഏകയായി !
കൊള്ളാം നല്ല വരികൾ
Very nice super
Very good super