രാജാവ് നഗ്നനാണെന്ന് അലറി പറഞ്ഞവന്റെ നാവ് അറുത്തുമാറ്റപ്പെട്ടപ്പോൾ രാജാവ് നിശബ്ദനായിരുന്നു. സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുമ്പോൾ രാജാക്കന്മാരെല്ലാവരും നിശബ്ദതപാലിച്ചു. വിങ്ങിപ്പൊട്ടിനിൽക്കുന്ന മനുഷ്യഹൃദയങ്ങൾക്ക് അഗ്നിയാവാൻ അധികനേരം വേണ്ട.
കരഘോഷങ്ങൾക്കിടയിൽ അടുത്തവരികൾ ശ്രദ്ധിക്കാൻപോലും കാണികൾ കൂട്ടാക്കിയില്ല.
നിറഞ്ഞകണ്ണുകളോടെ പ്രസംഗം മതിയാക്കുമ്പോൾ കാലുകൾ വേച്ചുപോകുംപോലെ. വെള്ളസാരി തോൾമറയ്ക്കുന്നപോലെ നന്നായി പുതച്ചിരുന്നു. സ്റ്റേജിൽനിന്നിറങ്ങാൻ രണ്ടു പെൺകുട്ടികൾ കൂടെവന്നു. മകളുടെ കൈപ്പിടിച്ച് ഹാളിന്റെ മുൻനിരയിലിരുന്ന് മുഖംതുടച്ചു. “അമ്മയെ വല്ലാതെ വിയർക്കുന്നുണ്ടല്ലോ?”
” അതേ. നല്ലതുപോലെ.”
“എന്താ മാഡം?” ചിലർ ഓടിവന്നു കുടിക്കാൻ എന്തൊക്കെയോ കയ്യിലേന്തി. “ഒന്നുംവേണ്ട. കുറച്ച് ഇരുന്നുകഴിയുമ്പോൾ ശരിയാകും. കുറേ അധികം സംസാരിച്ചാൽ അമ്മ ഇങ്ങനെയാ. ബിപി ഷൂട്ട് ആകുന്നതാ. വിശ്രമിച്ചാൽ മാറിക്കൊള്ളും”. താരുണ്യമോൾ പറയുന്നത് കേട്ട് ആൾക്കൂട്ടം അകന്നു .
ഭാരവാഹികൾ ഇടപെട്ട് സ്വസ്ഥമാക്കി.
അടുത്ത പരിപാടികൾ കാണാൻകൂട്ടാക്കാതെ പതിയെ എഴുന്നേറ്റു. മോളുടെ കൈപ്പിടിച്ചു പതുക്കെ നടന്നു.
ശാരീരികക്ഷീണം വകവെയ്ക്കാതെയാണ് ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തത്. ഇരട്ടക്കുട്ടികളിൽ ഒരാളായ തപന്യമോളുടെ മുഖമായിരുന്നു മനസ്സുനിറയെ. കോളേജുവിട്ടുവരുമ്പോൾ പലപ്പോളും മോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നത് വൈകിയാണ് ശ്രദ്ധിച്ചത്.
മോളെയൊന്ന് ഡോക്ടറെ കാണിക്കണം. “മുഖമെല്ലാം വാടിയിരിക്കുന്നല്ലോ?” “ഒന്നുമില്ല അമ്മാ.” വിളറിയ ചിരിചിരിച്ച് അവൾ കോളേജ്ഗേറ്റിൽ എത്തിയിട്ട് തിരിഞ്ഞുനോക്കി കൈവീശുമ്പോൾ എന്തോ മനസ്സിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. താരുണ്യമോൾ കോയമ്പത്തൂരിൽ സൈക്കോളജി പഠിക്കുമ്പോൾ തപന്യമോൾ എന്റെകൂടെ ഇവിടെത്തന്നെ. ഒട്ടും തന്റെടമില്ലാത്ത കുട്ടി. താരുണ്യയെ പോലെയല്ല.
ഒന്നും തുറന്നുപറയില്ല അവൾ. ഇരട്ടകളാണെന്നേയുള്ളൂ. രണ്ടു ചിന്താഗതിക്കാർ.
ഫോണെടുത്തു താരുണ്യമോളെ വിളിച്ചു. അവളാണ് എന്തിനും ഉത്തരം, അവൾ ഒരു സമാധാനം, ഒരാശ്വാസം. ഫോണിൽ അവളുടെ ശബ്ദം “ഹലോ അമ്മാ ഇന്നെന്ത് മനഃശാസ്ത്രമാണ് അറിയാനുള്ളത്? ആരുടെയാണ്.”
“നീ ഇവിടംവരെ ഒന്ന് വരണം ഈയാഴ്ച്ച.”
“എന്തുപറ്റിയമ്മേ?”
“തപന്യമോൾക്ക് എന്തൊക്കെയോ പ്രശ്നം ഉള്ളതുപോലെ.”
“എല്ലാം അമ്മയുടെ തോന്നലാവും. അവൾ ഇന്നലെയുംകൂടി എന്നെ വിളിച്ചതേയുള്ളൂ. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവൾ അന്തർ മുഖിയല്ലേ. അവൾ സ്വപ്നലോകത്തിലാവും. ഡോണ്ട് വറി അമ്മാ”.ഞാനെത്താം എന്തായാലും.”
സിംഗിൾ മദറായി മക്കളെ വളർത്തുമ്പോൾ കരുത്തോടെ പിടിച്ചുനിന്നു ഇതുവരെ. എന്തോ ഇന്നൊരു വല്ലാഴിക.
ഐഎസ് ഓഫീസർ, വലിയ പ്രാസംഗിക.
എന്തോ എവിടെയോ നഷ്ടപ്പെടും പോലെ. വീട്ടിൽ പോയി വെറുതെ കിടന്നു.
ക്ലാസ്സ് കഴിയുമ്പോളേക്കും മോളെ പിക്ക്ചെയ്യാമെന്നോർത്ത് പതുക്കെ എഴുന്നേറ്റു കട്ടിലിൽ ഇരിക്കുമ്പോൾ തലചുറ്റുംപോലെ. ഷെൽഫിൽനിന്ന് പഴയ ആൽബം ആരോ എടുത്തുനോക്കിയപോൽ താഴെവീണുകിടക്കുന്നതു കണ്ട് എടുത്തുവെയ്ക്കാൻ തുടങ്ങുമ്പോൾ കാണാതിരിക്കാൻ ആഗ്രഹിച്ച ആ മുഖം കണ്ണിലുടക്കി. പ്രൊഫസ്സർ അമൽദേവ്. ഈ കുട്ടിയെന്തിനാണ് ഈ ആൽബമൊക്കെ എടുത്തത്. ഷെൽഫിൽതന്നെ തിരികെവെച്ച് മുഖംകഴുകി പോകാൻ തയ്യാറെടുത്തു.
ഫോൺ അടിച്ചുകൊണ്ടേയിരുന്നു. ധൃതിയിൽ ഫോണെടുത്തു പുറത്തേക്ക് നടന്നു. പ്രിൻ സി പ്പൽ റൂമിൽനിന്നുമാണല്ലോ. “ഹലോ മോൾക്ക് ഒരു ചെറിയ ആക്‌സിഡന്റ്. മാഡം ഒന്ന് പെട്ടന്ന് വരൂ.” എങ്ങനെയൊക്കെയോ കോളേജ്ഗേറ്റിന്റെ മുന്നിലെത്തി. അവിടെ കുറച്ചുപേര് കാത്തുനിന്നിരുന്നു എന്താണ്? എന്താണ് മോൾക്ക് പറ്റിയത്? ശബ്ദം പുറത്തേക്ക് വരുന്നില്ല. ആരൊക്കെയോ പിടിച്ചുനടത്തി. ആളും പോലീസും കൂടിനിൽക്കുന്നു. രക്തത്തിൽകുളിച്ചുകിടക്കുന്ന തപന്യമോൾ. ഒന്നേ നോക്കിയുള്ളൂ. ബോധംവരുമ്പോൾ താരുണ്യമോൾ അടുത്തിരുന്നു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. “തബ്ബൂ തബ്ബൂ മോളെ.”
വീൽചെയറിൽ ഇരുത്തി കാറ്‌വരെ. മോളും കൂടെയുണ്ടായിരുന്നു. കനത്ത മൗനം. തപന്യമോൾ ഒരു ജീവശവംപോലെ കിടക്കുന്നത് കണ്ടതാണ്.
“വീട്ടിൽ പോയി ഒന്ന് കുളിച്ചുവരാം അമ്മ.” “മോൾക്ക് എങ്ങനെയുണ്ട്? അവൾക്ക് എന്താണ് പറ്റിയത്”?. മരണം കൊണ്ടുപോയില്ല അവളെ. ചികിത്സയിലാണ് നേരിയ ആശ്വാസം തോന്നി. അവൾ ആത്മഹത്യക്കു ശ്രമിച്ചു. പക്ഷെ മരിച്ചില്ല. എന്തിനു വേണ്ടിയാണ് എന്റെ മോൾ ഇങ്ങനെ?
താരുണ്യമോൾ അമ്മയെ കൊച്ചുകുഞ്ഞിനെപ്പോലെ തോളോട്ചേർത്തു. പോലീസ് അന്വേഷിക്കുന്നുണ്ട്.
എന്തിനു വേണ്ടിയെന്ന് കണ്ടുപിടിക്കപ്പെടാതിരിക്കാൻ താൻതന്നെ മുന്നിട്ടിറങ്ങിയ കേസ് തേഞ്ഞുമാഞ്ഞുപോയി എന്നുതന്നെ പറയാം. സൈക്കിക് ഡിസ്ഓർഡർ ഓർഡർ ഉള്ള കുട്ടിയായിരുന്നു എന്ന സിർട്ടിഫിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ടും തന്റെ പിടിപാടുകൾകൊണ്ടും അതവിടെ തീർന്നു.
“അമ്മയെന്താണ് ആലോചിക്കുന്നത്? ഇന്നത്തെ അമ്മയുടെ ടോക്ക് വളരെ നന്നായിരുന്നു.” കെട്ടിപിടിച്ചുമ്മവെച്ച് താരുണ്യ പറഞ്ഞു. ചെറിയ ചിരിയോടെ കണ്ണുകൾ അടച്ചിരുന്നു. നീതി ലഭിക്കാത്ത ഇരുട്ടിന്റെ ചിറകുകൾ വീണ്ടും വീണ്ടും തന്നെ അന്ധകാരത്തിലാക്കുന്നു.
“എന്തിനായിരുന്നു മോളെ?” ബോധംവന്ന അവളോട് ആദ്യം ചോദിച്ചത് അതാണ്. മോൾ ഏതെങ്കിലും പ്രണയത്തിൽ അകപ്പെട്ടിരിക്കുമോ എന്നായിരുന്നു ആദ്യസംശയം. അങ്ങനെ ഒന്നുമില്ലായിരുന്നു എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞിരുന്നു.
പുതുതായി വന്ന സുവോളജി പ്രൊഫസറിനെപ്പറ്റി ആദ്യമൊക്കെ വാചാലയായിരുന്നെങ്കിലും പിന്നീട് അവൾ ഒന്നും പറഞ്ഞിരുന്നില്ല. മദ്ധ്യവയസ്ക്കനായ സുമുഖനായ പ്രൊഫസറിനെ അവൾക്ക് നല്ല ഇഷ്ടമായിരുന്നു എന്ന്മാത്രം അറിയാം.
തന്റെ തിരക്കുകൾ അയാളെപ്പറ്റി കൂടുതൽ ചോദിച്ചറിയുവാൻ സാധിക്കാതിരുന്ന ഒരു കാരണം ആയിരുന്നു.
വണ്ടി വീട്ടിലെത്തി. മോൾ വീൽചെയറിൽ ജോലിക്കാരിക്കൊപ്പം വാതിൽക്കൽ തന്നെയുണ്ടായിരുന്നു. താരുണ്യമോൾ തപന്യയെ കെട്ടിപ്പിടിച്ചു പറഞ്ഞു “ഇന്ന് അമ്മ തകർത്തില്ലേ . ജനങ്ങൾ ശ്വാസംവിടാതെ ഇരുന്നുപോയി. Congrats അമ്മാ” തപന്യ പറഞ്ഞു.
മോളുടെ മുഖം കാണുമ്പോളെല്ലാം വേദനയും അതോടൊപ്പം വൈരാഗ്യവും കൊണ്ട് കാലിലെ പെരുവിരൽതൊട്ട് വിറയ്ക്കുകയാണ്. മനസ്സിനെ അടക്കിവെച്ചു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ മോൾ അന്ന് പറഞ്ഞതെല്ലാം വീണ്ടുമോർത്തുനോക്കി. മദ്ധ്യവയസ്സനായ പ്രൊഫസർ ചൂഷണത്തിനിരയാക്കിയ തന്റെ കുട്ടി. അയാളെ യും മോളെയും ഓർക്കുമ്പോൾ ജീവിച്ചിരിക്കാൻ അർഹതയില്ല തനിക്കെന്ന് തോന്നി. ഒളിച്ചുവെച്ചിരുന്ന ഡയറിയും ആൽബവും അവൾ എടുത്തതും ലോക്കർ ലോക്ക്ചെയ്യാതിരുന്നതും സ്വന്തം പിതാവായിരുന്നു ആ പ്രൊഫസർ എന്ന തിരിച്ചറിവും അവളെ ഭ്രാന്തിയാക്കി. ആത്മഹത്യയല്ലാതെ അവളുടെ മുൻപിൽ മറ്റുവഴികൾ ഇല്ലായിരുന്നു.
ഒരു സ്ഥലം മാറ്റത്തോടെ അയാൾ രക്ഷപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ മുന്നിലെ മാന്യത നഷ്ടപ്പെടാതിരിക്കാൻ എല്ലാം ഒളിച്ചുവെച്ചു. പൊട്ടിക്കരഞ്ഞു. പ്രളയംപോലെ ഒഴുകിയൊഴുകി കനം കുറഞ്ഞപ്പോൾ നേരം വെളുക്കാറായിരുന്നു.
രാവിലെതന്നെ തയ്യാറായി നിൽക്കുന്ന തന്നെക്കണ്ട് മക്കൾ രണ്ടുപേരും ചോദിച്ചു. “എങ്ങോട്ടാ അമ്മായിന്ന്? ഇന്നലെ എവിടെയും പോകുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ.” “എനിക്കിന്ന് ഒരു കോൺഫിഡൻഷ്യൽ കോൺഫറൻസ് ഉണ്ട്. വരാൻ വൈകും. താരുണ്യമോളെ തബ്ബുനെവിട്ട് എവിടെയും പോകരുതേ.” “അമ്മ പോയിട്ടു വരൂ.”
തന്നെയും തന്റെ മോളെയും നശിപ്പിച്ച അയാളിനി ജീവിച്ചിരിക്കാൻ പാടില്ല.
ഉറച്ച കാൽവയ്പ്പോടെ കാറിൽ കയറുമ്പോൾ തപന്യയുടെ മുഖത്ത് വല്ലാത്ത ഒരു ആകാംഷയും ഭീതിയും നിഴലിച്ചിരുന്നു. കാർ ഗേറ്റ് കടക്കുമ്പോൾ മക്കൾ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് കണ്ണ് മറയുംവരെ നോക്കിയിരുന്നു.
നല്ല കഥ നല്ല അവതരണം
നല്ല കഥ 👌
നല്ല കഥ