Friday, February 6, 2026
Homeകഥ/കവിതരണ്ട് ചായയും ഒരു പരസ്യവും ✍ സഹീറ.എം

രണ്ട് ചായയും ഒരു പരസ്യവും ✍ സഹീറ.എം

ചിലമണങ്ങൾ നമുക്ക് പ്രിയപ്പെട്ടവരുടെ ഓർമ്മയും സാന്നിധ്യവുമാണ്.സ്ഥിരം കണ്ടുകൊണ്ടിരുന്ന ഇപ്പോൾ വളരെ അപൂർവമായി കാണുന്ന ഹൃദയസ്പർശിയായി എടുത്ത ഒരു പരസ്യത്തിലേക്കാണ് ഓർമ്മകൾ എന്നെ കൊണ്ടെത്തിച്ചത്. അതൊരു പ്രശസ്തമായ തേയിലയുടെ പരസ്യമായിരുന്നു .വൃദ്ധനായഓർമ്മക്കുറവുള്ള പിതാവിനെ തിരക്കേറിയ ഒരു ജംഗ്ഷനിൽ വഴിവക്കിൽ യാത്രക്കാരുടെ ഇടയിൽ ചായ വിൽപ്പനക്കാരന്റെ അടുത്ത് നിർത്തി “ഇപ്പൊവരാം” എന്ന് പറഞ്ഞ് വേഗം നടന്നു മറയുന്ന ( കടന്നുകളയുന്ന) മകൻ. നമ്മുടെ അപരനാണ് .ആൾക്കൂട്ടവും അപരിചിതരെയും കണ്ട് ആകെ പരിഭ്രമിച്ച് അസ്വസ്ഥനാകുന്ന പിതാവ് കുട്ടികളേപോലെ നാലുവശത്തേക്കും പകച്ചു നോക്കുന്നു . മകൻ പോയ വഴിയിലേക്ക്, വരുന്ന ഓരോ മുഖത്തിലും പ്രതീക്ഷയോടെ നോക്കുന്ന ഒരു നോട്ടമുണ്ട് ! പേടിയും ആകാംക്ഷയും പ്രതീക്ഷയും ചേർന്ന നോട്ടം .മകൻറെ നിഴൽ പോലും കാണാതായി. ആൾക്കൂട്ടം ചുരുങ്ങി. ആളുകൾ കുറയുന്തോറും ആ വൃദ്ധ മുഖത്ത് വിരിയുന്ന ഭിന്ന വികാരവിക്ഷോഭങ്ങൾ പരസ്യമാണെന്നറിയാതെ കണ്ണുകളെ ഈറനാക്കും. ഉപേക്ഷിച്ചു പോയ മകനെ ചുമ്മാതെയെങ്കിലും കാഴ്ചക്കാരും ചുറ്റിനും തിരയും . ഏറെ ദൂരം വേഗത്തിൽ നടന്ന് ആൾക്കൂട്ടത്തിൽ അലിയുന്ന മകന് പെട്ടെന്ന് മനം മാറ്റം ഉണ്ടാകുന്ന ഒന്ന് സംഭവിക്കുന്നു . ആൾക്കൂട്ടം കുറയുംതോറും ഭയമേറിയ പിതാവിന് പെട്ടന്ന് ആശ്വാസമായത് പ്രീയപ്പെട്ട ഒരു മണം !

പിതാവിൻറെ നാസരന്ധ്രങ്ങളിലേക്ക് ചിരപരിചിതമായ ചായയുടെ മണം ഒരാശ്വാസം പോലെ അനുഭവപ്പെടുമ്പോൾ അദ്ദേഹം വഴിവക്കിൽ ചായ വിൽപ്പനക്കാരന്റെ അടുത്തേക്ക് നടന്നു. സമീപത്തെ ചെറിയ ബഞ്ചിലിരുന്ന് ചായക്ക് പറയുന്നു .

മകന് തൊട്ടടുത്ത റസ്റ്റോറൻ്റിൽ നിന്നും വന്ന പരിചിതമായ ചായപ്പൊടിയുടെ മണം കേൾക്കുമ്പോൾ താൻ ഉപേക്ഷിച്ചു പോയ പിതാവിൻറെ രൂപം മനസ്സിൽ വരുന്നു. ഒരു നിമിഷത്തെ തെറ്റിൻ്റെ കുറ്റബോധത്താൽ, പശ്ചാത്താപത്തോടെ അതിലേറെ പ്രാർത്ഥനയോടെ അയാൾ വളരെ വേഗം തിരിച്ച് ഓടുന്നു . കടന്നുപോകുന്ന ഓരോ വൃദ്ധരുടെ മുഖങ്ങളിലും വഴിവക്കിൽ യാചകരെ പോലെ ഇരിക്കുന്ന ഓരോ മുഖത്തും ആൾക്കൂട്ടത്തിലും വേവലാതിയോടെ അയാൾ തേടുന്നത് തന്റെ പിതാവിനെയാണ് . പിതാവിനെ ഉപേക്ഷിച്ച സ്ഥലത്ത് ഇപ്പോൾ ശുഷ്കമായ കൂട്ടം മാത്രം ! ആൾക്കൂട്ടത്തിൽ ആ മുഖം കാണാതെ അയാൾ തലയിൽ കൈ വെച്ച് അമ്പരന്ന് നാലുപാടും നോക്കുന്നു . നഷ്ടപ്പെട്ടതിന്റെ വേദനയും വിലയും നമ്മളും അനുഭവിക്കും . ചെറുപ്പകാലത്തിൽ പിതാവ് കയ്യിൽ മുറുകെപ്പിടിച്ച് തിരക്കിനിടയിൽ കൂടി നടത്തുന്ന യാത്രയും അച്ഛനും മകനും വഴിയിൽ നിന്ന് ചായ കുടിക്കുന്നതും ഒക്കെ ഒരു നിമിഷം ആ മനസ്സിലൂടെ കടന്നുപോകുന്നു . സ്വാഭാവികമായി നോട്ടം വഴിയരികിലെ ചായ വില്പനക്കാരനിൽ എത്തുമ്പോൾ അച്ഛൻ ചായക്കോപ്പകയ്യിൽ പിടിച്ച് കുടിക്കാതെ അവിടെ മകനെ കാത്തിരിക്കുന്നു. പുന:സമാഗമത്തിന്റെ സന്തോഷത്തിൽ പിതാവു പറയുന്ന വാക്കുകളാണ് ശ്രദ്ധേയം ! “രണ്ടുചായകളാണ്ഞാൻപറഞ്ഞത്. നീവരുമെന്ന്എനിക്ക്ഉറപ്പുണ്ടായിരുന്നു.” ഒരു മണം നൽകുന്ന പ്രതീക്ഷ, ഓർമ്മ, ജീവിതം അതെത്ര വലുതാണ് ?
ഓരോ വെളിച്ചത്തിന്റെ തുണ്ടും നിറയ്ക്കുന്നത ത്രയുംപ്രതീക്ഷകളാണ്.

സഹീറ.എം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com