Logo Below Image
Thursday, April 10, 2025
Logo Below Image
Homeകഥ/കവിതപ്രഭാതത്തിലെ വഴിയോര കാഴ്ചകൾ ✍ സതി സുധാകരൻ പൊന്നുരുന്നി

പ്രഭാതത്തിലെ വഴിയോര കാഴ്ചകൾ ✍ സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

പ്രകൃതി എത്ര സുന്ദരമാണ് പ്രഭാതത്തിലെ നടത്തം മനസ്സിനും ശരീരത്തിനും കുളിരു കോരുന്നു. നല്ല വായു ശ്വസിക്കാം പലതരം കിളികളെ കാണാം അവയുടെ മധുരമായിട്ടുള്ള പാട്ടു കേൾക്കാം സൂര്യ കിരണങ്ങളേറ്റ് പുൽക്കൊടിത്തുമ്പു പോലും ഇളംകാറ്റിനാൽ ഇടകിയാടുന്നതു കാണാം ! പട്ടികളുടെ ഓട്ടപ്പാച്ചിൽ പൂച്ചകളുടെ കാത്തിരിപ്പ് എവിടേയും പുലർകാലമാകാൻ കാത്തിരിക്കുകയാണ് വേനൽ കാലമായതുകൊണ്ട് പാടത്തെ വെള്ളമെല്ലാം വറ്റി ഇരതേടി യെത്തുന്ന കൊറ്റിക്കുട്ടങ്ങൾ ശാന്തമായൊഴുകുന്ന കണിയാംപുഴ അങ്ങനെ എന്തെല്ലാം കാഴ്ചകൾ.

ഇന്നു ഞങ്ങൾ വൈറ്റില ജങ്ങ്ഷനിലേക്കു പോകാമെന്നു വിചാരിച്ച് അതിരാവിലെ നടന്നു. റോഡുകൾ വിജനമായിരുന്നു ഇടയ്ക്ക് ഓരോ സ്കൂട്ടറും കാറും ചീറിപ്പാഞ്ഞു പോകുന്നുണ്ട് നഗരം ഉണർന്നു തുടങ്ങുന്നേയുള്ളു വെയ്സ്റ്റ് എടുക്കുന്നവരുടെ ഓട്ടമാണ് റോഡിൽ ഇടക്ക് ഓരോ തെരുവുപട്ടികളേയും കാണാം ഞൊണ്ടി നടക്കുന്നതും ഭക്ഷണത്തിന്റെ അടുത്തേക്ക് ഓടുന്നതും അതിനിടയിൽ നഗരവീഥി അവന്റെ സ്വന്തമാണെന്നുള്ള ചിന്തയോടുകൂടി റോഡിലേക്ക് കയറിക്കിടക്കുന്നു അപ്പോഴാണ് പരക്കം പാഞ്ഞ് ഒരു ബൈക്ക് കിതച്ചു വരുന്നത് ! ആ വരവു കണ്ടിട്ടാണെന്നു തോന്നുന്നു അവനത്രയങ്ങോട്ടു പിടിച്ചില്ല അവൻ രൂക്ഷമായി ബൈക്കുകാരനെ ഒന്നുനോക്കിയിട്ട് മുരങ്ങി റോഡിൽ തലവച്ച് വീണ്ടും കിടന്നു അപ്പോഴാണ് ബസ്സു പറന്നുവരുന്നത് കണ്ടത്. ശല്യം സഹിക്കവയ്യാതെ നായ എണീറ്റ് വേറെ സ്ഥലത്ത് പോയി കിടന്നു. വണ്ടിക്കാർക്കുണ്ടോ ഇവനെ ശ്രദ്ധിക്കാൻ നേരം.സിഗ്നൽ വരുന്നതിനു മുന്നേ എത്തേണ്ടസ്ഥലത്ത് എത്തണമല്ലൊ !

നടത്തത്തിന് ഇത്തിരി വേഗത കൂട്ടി വലിയൊരു ടുറിസ്റ്റ് ബസ്സും കുറെ ആളുകളും നില്ക്കുന്നതു കണ്ടാണ് നോക്കിയത്! പലരും ഉറക്കച്ചടവോടു കൂടി തന്റെ ബാഗും തൂക്കി ഇറങ്ങി വരുന്നതതും കൂട്ടത്തിൽ രണ്ടു പേർ ചേർന്ന് ഒരാളെ തൂക്കിയെടുത്തു കൊണ്ടുപോകുന്നതും കണ്ടു അതിൽ ഒരാളു പറയുന്നുണ്ട്
“ഇന്നലെ മുതലുളള കുടിയാണ് അയാൾക്ക് ബോധമൊന്നും ഇല്ല. ”
ഓട്ടോക്കാരും വളഞ്ഞു നില്ക്കുന്നുണ്ട് അതും കണ്ട് ഞങ്ങൾ വീണ്ടും നടന്നു

എല്ലാവർക്കും തണലേകിക്കൊണ്ട് വർഷങ്ങൾ പഴക്കമുള്ള പടർന്നു പന്തലിച്ച് ആകാശം മുട്ടിനില്ക്കുന്ന വാകമരം പുലർകാലമായതു കൊണ്ട് ഇലകളെല്ലാം പാതിമയക്കത്തിലായിരുന്നു.ഒരുകൊച്ചു കുസൃതിക്കാറ്റു വന്ന് ചില്ലകളേയെല്ലാം ഇക്കിളിയിട്ടുണർത്തി ചില്ലകൾ ആടാനും പാടാനും തുടങ്ങി പാതിമയക്കത്തിലായിരുന്ന കിളികളെല്ലാം അമ്പലത്തിലെ ശംഖൊലിനാദം കേട്ടപ്പോൾ അവരെല്ലാം ചിറകുകുടഞ്ഞെഴുന്നേറ്റ് ഭക്തി ഗാനങ്ങളാലപിക്കാൻ തുടങ്ങി പിന്നെ പൂമരക്കൊമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിയും പറന്നും അവരുടെ യോഗാഭ്യാസവും തുടങ്ങി. കുറച്ചു കഴിഞ്ഞ് അന്നം തേടി വിശാലമായ ലോകത്തിലേക്കു പറന്നു പോയി.

പകലെല്ലാം അലഞ്ഞു നടന്ന് രാത്രിയായപ്പോൾ ഓരോ കടത്തിണ്ണ ഓരോരുത്തർ സ്വന്തമാക്കി സ്വന്തമായി കിടപ്പാടം ഇല്ലാത്തവർക്ക് തലചായ്ക്കാനൊരിടം എത്രനേരം കാത്തിരുന്നാലാണ് ഒന്ന് കിടക്കാൻപറ്റുന്നത്‌ നേരം വെളുക്കുമ്പോൾ എണീറ്റുപോവുകയും വേണം .കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവർ തുണിയെല്ലാം വാരിക്കൂട്ടിയെടുത്തുടുത്ത്, ഈന്തയും വാറ്റി കണ്ണും തിരുമ്മി എഴുന്നേറ്റു വന്നിരുന്ന് കോട്ടുവായിടുന്നു.

എന്തൊക്കെ കണ്ടും കേട്ടും എല്ലാത്തിനും സാക്ഷ്യം വഹിച്ചും ഒരു മുത്തശ്ശിയായ് തണലേകി നില്കുന്ന വാകമരം ഇന്നും പൂർണ്ണ ആരോഗ്യവതിയാണ്. ആരും കോടാലി വയ്ക്കാത്തതു കൊണ്ട് വരുന്നവരേയെല്ലാം സ്വാഗതമോതിനില്ക്കുന്നു. വൈറ്റില അമ്പലത്തിലെ സന്ധ്യക്കുള്ള ദീപാരാധനയും പുലർകാലേയുള്ള ഭക്തിഗാനസുധയും കേട്ട് വാകമരം പൂത്തുലഞ്ഞാടിനില്പാണ്.

കുറച്ചു കഴിഞ്ഞപ്പോൾ മനുഷ്യരുടേയും വണ്ടികളുടേയും ഒഴുക്കു തുടങ്ങി ആളുകളേക്കാൾ കൂടുതലും വണ്ടികളാണ്.കുഞ്ഞു കാറുകൾ മുതൽ കോടികൾ വിലമതിക്കുന്ന കാറുകൾ വരെ !ബൈക്കിന്റെ എണ്ണം എടുക്കാനൊന്നും പറ്റില്ല അത്രമാത്രം ബൈക്കുകളാണ്. അതിനിടയിൽ ബസ്സുകളുടെ ഓട്ടപ്പാച്ചിലും പിന്നെ ആളുകൾക്ക് നടക്കാൻ എവിടെ സ്ഥലം. മുകളിലൂടെ മെട്രൊ ഓടുന്നതുകൊണ്ട് തിരക്കില്ലാതെ ഓടിയെത്താം കുറച്ചു കഴിഞ്ഞപ്പോൾ വാട്ടർമെട്രൊ പോകാനുളള സമയമായി അപ്പോൾ ഞാനും കൂട്ടുകാരും കൂടി വീട്ടിലേക്കു തിരിച്ചു. വരുന്ന വഴിയിൽ കാലത്തേയുള്ള സേവ കഴിഞ്ഞ് ഒരാൾ ആടിയാടി പോകുന്നു അയാളെ താങ്ങിപ്പിടിച്ച് വേറൊരാളും രണ്ടാളും കൂടി പരിസരം മറന്നങ്ങനെ നടക്കുന്നു ഭക്ഷണം കഴിച്ചില്ലെങ്കിലെന്താ, നേരം വെളുക്കുമ്പോഴെ കുടിച്ച് ആനന്ദ ലഹരിയിൽ ആറാടി നടന്നാൽ മതിയല്ലൊ ! നമ്മുടെ നാട് എന്നു നന്നാകുമെന്നോർത്ത് ഞങ്ങളും നടന്നു. അതിരാവിലെ ഇങ്ങനെയാണെങ്കിൽ വൈകിട്ടായാൽ എന്തായിരിക്കും?

സതി സുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ