Friday, November 22, 2024
Homeകഥ/കവിതനഷ്ടപ്പെട്ട ഹൃദയം.. (മിനിക്കഥ) ✍ ലാലി രംഗനാഥ്.

നഷ്ടപ്പെട്ട ഹൃദയം.. (മിനിക്കഥ) ✍ ലാലി രംഗനാഥ്.

“എവിടെയാണ് എനിയ്ക്കെന്റെ ഹൃദയം നഷ്ടമായത്?
അയാൾ ഓർത്തു നോക്കി.
മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഏയ് അല്ല.. വച്ച് നീട്ടിയിട്ടും അവളത് നിരസിച്ചതാണല്ലോ..?

പിന്നെ എവിടെയാണ്?

ബാല്യത്തിലെ തന്നെ തനിച്ചാക്കി മൺമറഞ്ഞ അച്ഛനമ്മമാരിലോ?
അതുമല്ല..
തനിച്ചാക്കിപ്പോയതിന്റെ പരിഭവത്തിൽ ഒരിക്കലും ഞാനവർക്കത് കൊടുത്തു കാണില്ല.

പിന്നെ..??”
അയാളുടെ ഓർമ്മയിൽ ഒരു വൃദ്ധസദനം തെളിഞ്ഞു വന്നു.

“പ്രതീക്ഷയുടെ ഒരു തരിവെട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യക്കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്ക് ഹൃദയം നഷ്ടമായത്… അതെ അവിടെ തന്നെയാണ്.. ഉറപ്പ്”.

അയാൾക്കെല്ലാം വ്യക്തമായി.
” അതെ അവരെ കണ്ടിറങ്ങിയപ്പോഴാണ് ഞാൻ ഹൃദയശൂന്യനായത്. അനാഥത്വത്തിലേക്ക് ആ നൊമ്പരപ്പൂക്കളെ വലിച്ചെറിഞ്ഞവർ അതിനുശേഷമാണ് എന്റെ ഹൃദയശൂന്യതയിൽ എരിഞ്ഞൊടുങ്ങാൻ തുടങ്ങിയത്…. വെറുപ്പിന്റെ പരിച്ഛേദം എന്റെ സിരകളിലൊഴുകാൻ തുടങ്ങിയത്.

എനിയ്ക്കെന്റെ ഹൃദയം തിരിച്ചു വേണം..”

അയാളിലൊരുൾവിളിയുണ്ടായി.തന്റെ ഹൃദയം മടക്കി വാങ്ങാനയാൾ തീരുമാനിച്ചു.

വൃദ്ധസദനത്തിൽ ഹൃദയമെടുക്കാൻ പോയ അയാൾക്ക് അവിടെ വരണ്ട ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരിയും കണ്ണുകളിൽ വെളിച്ചവുമായി,അയാളെ എതിരേൽക്കാൻ നിൽക്കുന്ന കുറെ മനുഷ്യരെ കാണാനായി.

ഹൃദയം തിരിച്ചു നൽകിക്കൊണ്ടവർ അയാളോട് പറഞ്ഞു…
” നിങ്ങളുടെ ഹൃദയമുതിർത്ത സ്നേഹനീരിറ്റിച്ചപ്പോൾ ഞങ്ങളുടെ വരണ്ട ചുണ്ടുകളിൽ വിടർന്ന ചിരിപ്പൂക്കൾ ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു. ഒപ്പം നിങ്ങളുടെ ഹൃദയവും. എന്തിനെന്നോ..?
ആയിരമായിരം അനാഥ ജന്മങ്ങളിലേക്ക് സ്നേഹനീരിറ്റിക്കാനായി നിങ്ങൾ ഇനിയും ഹൃദയമുള്ളവനായിരിക്കണം.

അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടവർ അയാൾ മടങ്ങുന്നതും നോക്കി നിന്നു.

ലാലി രംഗനാഥ്✍

RELATED ARTICLES

Most Popular

Recent Comments