ഉഷ്ണത്തിൻ്റെ ഉപ്പുരസമാണ്
നിൻ്റെ കവിതയ്ക്ക്
വിശപ്പിൻ്റെ വിത്തെടുത്ത്
കവിത വാറ്റിയവൻ നീ
വ്യഥയുടെ വേലിയേറ്റം
നിൻ്റെ ഗതി
വറ്റിപ്പോയ ഒരു നദിയാണു നീ
അറ്റു പോയ മണ്ണടര്
മുരിക്കു പൂത്തവഴി നിനക്കു
സ്വന്തം
സന്ധിയില്ലാത്ത സമസ്യ ജീവിതം
പീഡനപർവ്വത്തിലെ വേവ്
മനുഷ്യത്വമെന്തെന്ന്
മുഷിവ് എന്തെന്ന്
സത്യവചസ്സെന്തെന്ന്
അടയാളം നീ
ജീവിതത്തിൻ്റെ ഓരോ ഋതുവും
ഓരോ ജന്മമെന്ന്
കാട്ടി തന്നവൻ നീ