കൊട്ടാരം പോലെയുള്ള ആ വീട്ടിൽ കാർപെന്റെർ ആയ എന്നെ അദ്ദേഹം വിളിച്ചത് മെയിന്റനൻസ് ജോലിക്കായിരുന്നു. അയാൾ എന്ന് പറഞ്ഞാൽ ഒരു എഴുപത്തഞ്ച് വയസ്സ് വരുന്ന ഒരു സാർ. എന്തൊക്കെ കപ്ലൈയിന്റ് എന്ന് നോക്കി കഴിഞ്ഞപ്പോൾ വാങ്ങേണ്ട സാധനങ്ങൾ കുറിച്ചു കൊടുക്കാനായി സാർ എന്നെ വീടിനകത്തേക്ക് ക്ഷണിച്ചു.
സോഫയിൽ ഇരുന്ന് ലിസ്റ്റ് എഴുതുന്നതിനിടയിൽ കിച്ചണിലേക്ക് നോക്കി സാർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,
‘ ലച്ചു ‘ മോളെ ചായ . ചായയെന്ന് കേട്ടയുടനെ ഞാൻ പറഞ്ഞു എനിക്ക് ചായ വേണ്ട, ഞാൻ ചായ കുടിക്കില്ല കട്ടനെ കുട്ടിക്കുള്ളു.
സാർ എന്നോട് പറഞ്ഞു അതിന് തനിക്ക് ആര് ചായ പറഞ്ഞു. ആ ചോദ്യത്തിൽ എനിക്ക് വല്ലാത്തൊരു ചമ്മൽ തോന്നി. എന്നാൽ ഞാനത് പുറത്ത് കാണിക്കാതെ ഒരു പുഞ്ചിരിയിൽ ഒരുക്കി കൊണ്ട് ലിസ്റ്റ് എഴുതി തീർത്തു.
രണ്ട് ഗ്ലാസ്സ് ചായയുമായി പട്ട്പ്പാവാടയും ബ്ലൗസും ധരിച്ച് തലയിൽ കനകാമ്പരം പൂവും ചൂടി അവൾ വന്നു, ലച്ചു ; കാണാൻ ഒരല്പം കറുപ്പാണെങ്കിലും പനിനീർ പൂവിൻ്റെ അഴകായിരുന്നു അവൾക്ക്.
റ്റീപ്പോയുടെ പുറത്ത് ചായ കൊണ്ടു വയ്ക്കുന്നതിനിടയിലും എൻ്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെയായിരുന്നു.ഒരു നിമിഷം ഞാൻ ചിന്തിച്ചു ഇവൾ ആരായിരിക്കും സാറിൻ്റെ മകളാണോ ? അതോ ചെറുമകളോ ? കളർ കണ്ടിട്ട് ഇവൾ ഇവരുടെ ആരും അല്ലായിരിക്കും. പിന്നെ ആരായിരിക്കും ?
ചിന്തിച്ചു തീരും മുമ്പേ സാർ ഉച്ചത്തിൽ എന്നോട്, എടോ എഴുതി കഴിഞ്ഞോ ? ഞെട്ടി തിരിഞ്ഞ് കൊണ്ട് എഴുതി സാർ. ഒരു കപ്പ് ചായയും എടുത്ത് ഇയാൾ ചായ കുടിക്കില്ല കട്ടൻ ഇട്ട് കൊടുക്ക് മോളേ എന്ന് പറഞ്ഞ് ഞാൻ കൊടുത്ത ലിസ്റ്റുമായി സാർ അകത്തേക്ക് പോയി.
അവൾ എന്നെ തുറിച്ചു നോക്കി ആ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു നിനക്കെന്താടോ ചായ കുടിച്ചാൽ കുഴപ്പമെന്ന ചോദ്യം. അവളുടെ ആ ഉണ്ട കണ്ണ് ഉരുട്ടിയുള്ള നോട്ടം കണ്ട് പേടിച്ച് ഞാൻ പറഞ്ഞു. എനിക്ക് കട്ടൻ വേണ്ടാന്ന്
ഇനി നീ കട്ടൻ കുടിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞ് അവൾ കിച്ചണിലേക്ക് കയറി പോയി. കട്ടൻ ഇടാൻ പോയവൾ പത്ത് മിനിട്ട് കഴിഞ്ഞിട്ടും കണ്ടില്ല. എനിക്കാണെങ്കിൽ പണി സൈറ്റിൽ പെട്ടെന്ന് ചെല്ലണമെന്നും പറഞ്ഞ് ഫോൺ കോളുകളും . ഒടുവിൽ കൈയും വീശി ഹാളിൽ എന്തോ എടുക്കാൻ വന്ന അവളോട് ഞാൻ പറഞ്ഞു അതേ എനിക്ക് കട്ടൻ വേണ്ട പോയിട്ട് ഇത്തിരി അത്യാവശ്യമുണ്ട്.
അവളുടെ ഉണ്ട കണ്ണുകൾ എന്നിലേക്ക് തുറിച്ചു നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു നാളെ മുതൽ ഇവിടെ ജോലിക്ക് വരും അപ്പോൾ കുടിക്കാമെന്ന്. എൻ്റെ ആ വാക്കുകൾ വകവെക്കാതെ അവൾ കിച്ചണിലേക്ക് കയറി പോയി.
ഈ സമയം നോക്കി ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. പിറ്റേന്ന് രണ്ട് പണിക്കാരേയും കൂട്ടിയാണ് ഞാൻ അവിടേക്ക് പോയത്. എല്ലായിടത്തേയും പോലെ പണിക്കാർക്ക് രാവിലെ ചായ കൊടുക്കുന്ന ശീലം അവിടേയും ഉണ്ടായിരുന്നു.
മറ്റ് രണ്ട് പണിക്കാർക്ക് ചായയും എനിക്ക് കട്ടനും കൊണ്ട് അവൾ വന്നു. കട്ടൻ നല്ല ചൂടായിരിക്കും എന്ന ഭാവത്തിൽ ഞാൻ ചുണ്ടുകളെ മെല്ലെ നനച്ചു. പക്ഷേ ചൂടിനു പകരം ഐസ് കട്ട പോലെ തണുത്ത കട്ടനായിരുന്നു അത്.
ഞാൻ പണിക്കാരെ നോക്കി ചായയുടെ ചൂട് കാരണം ഊതി ആറ്റിയാണ് അവർ കുടിക്കുന്നത് കണ്ടത്. ഞാൻ അവളോട് ചോദിച്ചു ഇത് എന്താ കട്ടൻ ഇങ്ങനെ ഇരിക്കുന്നത്. അവൾ അത് കേൾക്കാനായി കാത്തുനിന്നതു പോലെ പറഞ്ഞിട്ട് പോയി , ഇന്നലെ ഉച്ചക്ക് ഇട്ട കട്ടൻ ഇങ്ങനെയേ ഇരിക്കൂ.പണിക്കാർ എന്നെ ആക്കി ചിരിച്ചു. ഇത് എന്താടാപ്പാ ഇങ്ങനെ എന്ന ഭാവത്തിൽ.
കട്ടൻ ദൂരേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കൈവന്ന് എന്നെ പിടിച്ചു കൊണ്ട് കളയേണ്ട മോനേ ഇങ്ങ് താ ഞാൻ ചൂടാക്കി തരാം. തിരിഞ്ഞ് നോക്കിയപ്പോൾ അമ്പത് വയസ്സ് വരുന്ന ഒരാൾ അവിടുത്തെ പുറം പണിക്ക് നിൽക്കുന്ന ആളാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി ഞാൻ ചോദിച്ചു ഇവൾക്കെന്താ ഇത്ര അഹങ്കാരം. ഇവൾ ഇവിടുത്തെ ആരാ.അയാൾ പറഞ്ഞു. നീ വിചാരിക്കും പോലെ അവൾ ഇവിടുത്തെ വേലക്കാരിയൊന്നുമല്ല : എന്നാൽ വേലക്കാരിയാണ്. ഞാൻ മനസ്സിലായില്ല എന്ന ഭാവത്തിൽ അയാളെ നോക്കി അയാൾ തുടർന്നു.
ഇവിടുത്തെ സാറും കൊച്ചമ്മയും ഇവളെ മകളെപ്പോലെയാ നോക്കുന്നത്. അവൾ തിരിച്ചും അങ്ങനെ തന്നെയാ. കൊച്ചമ്മ കിടപ്പാ അവരുടെ എല്ലാ കാര്യവും ഇവളാണ് നോക്കുന്നത്. ഞാൻ ചിന്തിച്ചു ഒരു വേലക്കാരി ആയപ്പോൾ ഇത്രയും അഹങ്കാരം ഇവിടുത്തെ സാറിൻ്റെ മകളായിട്ട് ജനിച്ചാലുള്ള അവസ്ഥ എൻ്റെ പൊന്നോ പിടിച്ചാൽ കിട്ടില്ലായിരുന്നു.
കിച്ചണിലെ ജനൽ പാളി അടയാത്തത് കാരണം ഞാൻ നിന്ന് ചീകുകയായിരുന്നു അവളും കിച്ചണിൽ ജോലിയായിട്ട് നിൽക്കുകയായിരുന്നു. എന്തൊക്കെ ആയാലും കുളിച്ചൊരുങ്ങി പാവാടയും ബ്ലൗസും ധരിച്ച് കനകാമ്പരം പൂവും ചൂടി നിൽക്കുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി തന്നെയായിരുന്നു.
ജോലിക്കിടയിൽ അവളെ ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എൻ്റെ നോട്ടം കൂടിയത് കൊണ്ടാവാം അവൾ ചോദിച്ചത് നല്ല വായ്നോട്ടമാണല്ലോ.വന്ന ചമ്മൽ മാററിവച്ച് ഞാൻ ചോദിച്ചു ഈ കനകാമ്പരം പൂവ് എവിടുന്നാ ? ഇപ്പോൾ ഈ നാട്ടിലൊന്നും കാണാനില്ലാത്ത പൂവാണല്ലോ ? എടുത്തടിച്ചതു പോലെ അവൾ പറഞ്ഞു ‘ ഇവിടെ കൃഷി ചെയ്യുന്നതാ എന്താ വേണോ ?’
അമ്മയ്‌ക്കോ സഹോദരിക്കോ കൊടുക്കാം .ഇനി സംസാരിച്ചാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ‘ഞാൻ കൊച്ചമ്മ കിടക്കുന്ന റൂമിൽ അലമാര അടയുന്നില്ലാ, ‘എന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി.
റൂമിൽ കൊച്ചമ്മക്ക് ഭക്ഷണവുമായി വന്ന അവളെ കണ്ട് ഞാൻ കൊച്ചമ്മയോട് ചോദിച്ചു ‘ഇവൾ അന്നന്നുള്ള ഭക്ഷണമാണോ തരുന്നത് ചൂട് വല്ലോം ഉണ്ടോ? ‘ ഉടനെ അവൾ പറഞ്ഞു പിന്നെ ‘നിനക്ക് കട്ടൻ ചൂടാക്കി തരാൻ ഞാൻ നിൻ്റെ കെട്ടിയോള് അല്ലേ?’’ഞാൻ പറഞ്ഞു ‘ആക്കിയാൽ കൊള്ളാമായിരുന്നു’, ഭാഗ്യം അതവൾ കേട്ടില്ല.
നാല് ദിവസം കൊണ്ട് വർക്ക് കഴിയാറായി ഇന്ന് ലാസ്റ്റ് ദിവസത്തെ വർക്കാണ് ഇന്ന് ഈ വീട്ടിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഈ നടയിൽ ചവിട്ടാൻ പറ്റില്ല. ഇവിടുന്ന് പോകുന്നതിനു മുൻപ് എനിക്ക് അവളോട് എന്തോ പറയാനുണ്ട്.
അത് എന്തായിരിക്കും വെറും ഒരിഷ്ടമാണോ അതോ പ്രണയമാണോ അറിയില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ അവളോട് ഫോൺ നമ്പർ ചോദിച്ചു.ഒരു മടിയും കൂടാതെ എനിക്കവൾ നമ്പർ തന്നു. അന്നുവരെ ലഡു പൊട്ടിയെന്ന് കേട്ടിട്ടേയുള്ളൂ ഞാൻ.
എൻ്റെ മനസ്സിലും ലഡു പൊട്ടി ഒന്നല്ല ഒരു നൂറ് ലഡു . അവൾ പറഞ്ഞ നമ്പർ ആവേശത്തോടെ ഞാൻ ഡയൽ ചെയ്തു. ഫോണിൽ റിംഗ് കേൾക്കുന്നുണ്ടായിരുന്നെങ്കിലും ബെല്ല് കേൾക്കാത്തത് കാരണം അവളോട് ചോദിച്ചു. ഫോൺ സൈലന്റിലാണോ റിംഗ് കേൾക്കുന്നു സൗണ്ട് കേൾക്കുന്നില്ല. പറഞ്ഞ് തീരും മുന്നേ ഫോണിൽ സാറിന്റെ ശബ്ദം ഹലോ . ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ പതറി നിന്ന എൻ്റെ പുറകെ വന്ന് നിന്ന് കൊണ്ട് സാർ ‘എന്താടാ എന്താ വേണ്ടത്?’
വിറയലോടു കൂടി ഞാൻ പറഞ്ഞു ‘സാർ ആണി തീർന്നു. ആണി വേണം.’ സാർ, ‘ഉം പൈസ തരാം നീ പോയി വാങ്ങിക്ക് ‘. ഒരു കള്ളചിരിയുമായി അകത്തേക്ക് കയറി പോയ അവളെ അങ്ങനെ വിടാൻ ഞാൻ തയ്യാറല്ലായിരുന്നു.
അവൾ പറഞ്ഞത് ശരിയാണ്. കനകാമ്പര പൂവ് അവൾക്കു വേണ്ടി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചെടിക്ക് വെള്ളം നനയ്ക്കുന്ന അവളെ കണ്ട് അവളുടെ അടുത്തേക്ക് ഞാൻ പോയി എന്നെ കണ്ടതും അവൾ പറഞ്ഞു. എൻ്റെ കയ്യിൽ വേറെ നമ്പരൊന്നും ഇല്ല കേട്ടോ തരാൻ. മനസ്സും ശരീരവും വിറക്കുന്നുണ്ടായിരുന്നു. എന്നാലും പറഞ്ഞേ പറ്റു എന്ന് എനിക്കറിയാമായിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് വിറയലോടു കൂടി ഞാൻ പറഞ്ഞു.
‘അതേ നിന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ ?’. ഇത് കേട്ടതും അവളുടെ ഉണ്ട കണ്ണുകൾ എനിക്ക് നേരേ എറിഞ്ഞു കുഴപ്പം ആകുമോ എന്ന് ഒരു നിമിഷം ഞാൻ പേടിച്ചു. എന്നിട്ട് പറഞ്ഞു ‘ഇഷ്ടം ആണെങ്കിൽ ആലോചിച്ചിട്ട് പറഞ്ഞാൽ മതി ഞാൻ വെയ്റ്റു ചെയ്യാം.’
പിറ്റേന്ന് മറ്റൊരു പണി സൈറ്റിൽ പണി ചെയ്യുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ അവളായിരുന്നു. ഞാൻ ചിന്തിച്ചു അവൾക്ക് ഇഷ്ടമാണെങ്കിൽ അവൾ എങ്ങനെ എന്നെ അറിയിക്കും. എൻ്റെ ഫോൺ നമ്പർ പോലും അവൾക്കറിയില്ല. ഞാൻ ഒരു മണ്ടൻ തന്നെ. ചിന്തിച്ച് തീരും മുന്നേ സാറിൻ്റെഫോണിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു.
അവൾ എല്ലാം സാറിനോട് പറഞ്ഞ് കൊടുത്തു കുഴപ്പം ആയി കാണുമെന്ന് പേടിച്ച് ചങ്ക് ഇടിപ്പോടെയാണ് ഞാൻ കോൾ എടുത്തത്’ ഹലോ! ‘
മറു സൈഡിൽ സാർ എന്താടാ ഒരു ജോലി ചെയ്താൽ തീർത്തിട്ട് പോകാനറിയില്ലേ. നാളെ രാവിലെ വീട് വരെ വാ, ബാക്കി ജോലി കൂടി ചെയ്ത് തീർക്കാനുണ്ടെന്നും പറഞ്ഞ് സാർ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് വിറച്ച് വിറച്ചാണ് ഞാൻ ആ വീട്ടിൽ ചെന്നത്. എന്നെ കണ്ടതും സാറ് അകത്തേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. അകത്തേക്ക് കയറുന്നതിനിടയിലും ഞാൻ ലച്ചുവിനെ
നോക്കുന്നുണ്ടായിരുന്നു. അവളെ കണ്ടില്ല. ഞാൻ പേടിച്ച അത്ര കുഴപ്പം ഇല്ലെന്ന് എന്നോടുള്ള സാറിൻ്റെ പെരുമാറ്റത്തിൽ തന്നെ മനസ്സിലായി.
പിന്നെ എന്തായിരിക്കും എന്ന് സ്വയം ചിന്തിച്ചു കൊണ്ട് സോഫയിൽ ഇരുന്ന എനിക്ക് തലയിൽ കനകാമ്പരം പൂവും ചൂടി കൈയ്യിൽ ഒരു കട്ടനുമായിട്ട് അവൾ മന്ദം മന്ദം നടന്ന് വന്നു. പതിവിനും വിപരീതമായി അവൾ എന്നെ ഒളി കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
ആ നോട്ടത്തിൽ പ്രണയത്തിൻ്റെ ഭാവം ആയിരുന്നു. അവൾ കട്ടൻ എനിക്ക് വച്ച് നീട്ടി. എല്ലാം ഒരു പെണ്ണുകാണൽ ചടങ്ങായിട്ടാണ് എനിക്ക് തോന്നിയത്. തണുത്ത് മരവിച്ച കട്ടനായിരിക്കുമെന്ന് കരുതി ഒറ്റവലിക്ക് കുടിക്കാൻ ശ്രമിച്ച എനിക്ക് പണി കിട്ടി. എൻ്റെ ചുണ്ടും വായും പൊള്ളി അമ്മേ എന്ന് ഉച്ചത്തിൽ വിളിച്ചു.
ആദ്യമായിട്ട് അവൾ പൊട്ടിചിരിക്കുന്നത് ഞാൻ കണ്ടു. ഇത്രയും നല്ല ചിരിയാണോ ഈ മുഖത്ത് നിന്ന് മറച്ച് പിടിക്കുന്നതെന്ന സത്യം എന്നെ അത്ഭുതപ്പെടുത്തി. സാർ എന്നോട് ചോദിച്ചു’ ഇന്നലെ നീ ഇവളെ കല്യാണം കഴിച്ചോട്ടെയെന്ന് ചോദിച്ചോ?’
അത് പിന്നെ എന്നെ പറയാൻ അനുവദിക്കാതെ സാർ … ഇവിടെ ജോലിക്ക് വരുന്ന ആരും ഇവളോട് ഇങ്ങനെ ചോദിച്ചിട്ടില്ല. ഇവൾ ഇവിടുത്തെ വേലക്കാരിയല്ലെ അത് കൊണ്ട് ഇവിടെ വരുന്ന ജോലിക്കാർ ഇവളോട് എങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാക്കാമല്ലോ.
ആദ്യമായിട്ടാ ഒരാൾ ഇങ്ങനെ. ഞാൻ അവളെ ശ്രദ്ധിച്ചു അവൾ എൻ്റെ പ്രണയത്തിനായി കൊതിക്കുന്നുണ്ടായിരുന്നു. സാർ പറഞ്ഞു ‘ഇവൾക്ക് നിന്നെ ഇഷ്ടം ആണെന്നാ ‘,പറയുന്നത്. എൻ്റെ മനസ്സിൽ നൂറല്ല ഒരായിരം ലഡു പൊട്ടി. സാർ പറഞ്ഞു
പക്ഷേ ഒരു കാര്യം ഉണ്ട് ഇവൾ നമുക്ക് വേലക്കാരിയല്ല മകളെ പോലെയാണ് മകളെ പോലെയല്ല മകൾ തന്നെയാ താൻ എനിക്ക് ഒരു വാക്ക് തരണം നമ്മുടെ രണ്ടു പേരുടേയും കാലം കഴിയുന്നതുവരെ ഇവളെ ഇവിടെ നിറുത്താമെന്ന്.
സാറിൻെറ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മക്കളുടെ സ്നേഹം നമുക്ക് കിട്ടിയത് ഇവളിലൂടെയായിരുന്നു. മക്കളുടെ ഭാവിക്ക് വേണ്ടി ഏതൊരു മാതാപിതാക്കളും ചെയ്യുന്നതുപോലെ നമ്മളും അവരെ വിദേശത്ത് അയച്ചാ പഠിപ്പിച്ചത്. പഠിത്തമൊക്കെ കഴിഞ്ഞ് നല്ല ജോലിയൊക്കെ ആകുമ്പോൾ നമ്മളോടൊപ്പം അവർ നാട്ടിൽ കാണുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു.
പക്ഷെ നമുക്ക് തെറ്റി അവർ പഠിത്തമൊക്കെ കഴിഞ്ഞ് വിദേശത്ത് തന്നെ സെറ്റിലായി. ഇങ്ങനെ ഒരു അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അവർ തിരിഞ്ഞ് നോക്കാറില്ല. മാസത്തിൽ ഒരിക്കലുള്ള ഫോൺ കോൾ മാത്രം.
അതും ചത്തോ ഉണ്ടോയെന്ന് അറിയാനായിരിക്കും. സാറിനെ കൂടുതൽ പറഞ്ഞ് പൂർത്തിയാക്കാൻ വിടാതെ ഞാൻ ചോദിച്ചു. മകളുടെ കൂടെ ഒരു മകനും കൂടിയായാൽ കുഴപ്പമുണ്ടോ ?
മനസ്സിലായില്ല എന്ന ഭാവത്തിൽ സാർ എന്നെ നോക്കി. എനിക്കും ആരുമില്ല ആകെയുള്ളത് ഒരു ചെറ്റകുടിൽ മാത്രമാണ്. അവിടെ കിടന്ന് ഞാനും മടുത്തു. വീടിന് ചുറ്റും കണ്ണെറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. ഇനി ഒരൽപ്പം കൊട്ടാരത്തിൽ ജീവിക്കാം. അവർ രണ്ടു പേരും ചിരിക്കുന്നുണ്ടായിരുന്നു ആ ചിരിക്കിടയിലും അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
അവസാനം ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലെ ആകുമോ എന്നാണ് എന്റെ പേടി

നന്നായിട്ടുണ്ട്
നല്ല കഥ നല്ല അവതരണം