സ്പർധകളില്ലാതെ
തുല്യവകാശികളായി പങ്കിട്ടു ഉറങ്ങുന്ന
ഹൃദയഭൂമി
മതാതീതരായി , ജാത്യാതീരായി
ദൈവങ്ങളെല്ലാം
ഒരേവേഷത്തിലെത്തിയ
ഹൃദയ ഭൂമിയിൽ
പട്ടടകൾ മീസാൻ കല്ലുകൾ
അടയാളക്കല്ലുകൾ
എണ്ണങ്ങൾ മാത്രമായി!
ഹൃദയ ഭൂമിയിൽ തൊട്ടു
നെഞ്ചിൽ വിരഹനൊമ്പരത്തിൻ
ചെരാതെരിഞ്ഞു
നിത്യപ്രകാശമായ നിൽക്കുന്ന
മാനവ സ്നേഹത്തിൻറെ സംഗമഭൂമി!
ഉടയാടകളുടെ കനമില്ലാതെ,
സ്ഥാനമാനങ്ങൾ തലപ്പാവില്ലാതെ,
സമ്പന്നതയുടെ അഹന്തയില്ലാതെ,
നമ്രശിരസ്കരായി വന്നവർ വന്നവർ
വന്ദിച്ചു മൂകം വിലാപങ്ങൾ ഒതുക്കി,
ഹൃത്തിൽനിറയുന്ന സ്മരണകൾ പങ്കിട്ട
സ്നേഹസംഗമത്തിന്റെ ഹൃദയഭൂമി !
സ്വപ്നങ്ങൾ പാതിവഴി
കടന്നില്ല, കളിചിരികൾ കണ്ടു
കൊതിതീർന്നതുമില്ല
പറയാൻ കരുതിയതൊന്നും
പറഞ്ഞില്ല. താങ്ങാവുമെന്നു
കരുതിയവരാദ്യം
താണുപോകുമെന്നാരുനിനച്ചു?
പുതുപൂക്കൾ ചാഞ്ചാടി
നിൽപ്പുണ്ടരികേ നീർമണി മുത്തുകൾ
വീഴാതെയിലത്തുമ്പിൽ
കരുതിവച്ചിട്ടുണ്ടുറ്റവർക്കായി .
ദേഹം വെടിഞ്ഞവരരൂപികളായി
വട്ടം കറങ്ങുന്നു കാറ്റായി മഴയായി !
തുമ്പികൾ കല്ലുകൾ മാറിയിരിക്കുന്നു
ഒട്ടേറെ കഥകൾ പറയുന്നു
കല്ലുകൾ അടയാളക്കല്ലിനും
ഓർമ്മകൾക്കും മീതേ ഹൃദയഭൂമിയിൽ
ഉറങ്ങുന്നു ശാന്തരായി,
നോക്കുക ;വിദ്വേഷമില്ല ,പകയില്ലാ
സൗഹൃദം
ഹൃദയഭൂമിയിൽ ജൂലൈ
മുപ്പതിനെത്തിയോർ,
ഉറങ്ങിക്കഴിഞ്ഞവർ ,
ഓർക്കാൻ അടുത്തവർ !
ഹൃദയഭൂമിൽ മരണഗന്ധത്തിനും മീതേ
സ്നേഹ സുഗന്ധം!




നന്നായി എഴുതി