അക്ഷരപ്പൂമരച്ചില്ലയിലൊക്കെയും
സ്‌നേഹാക്ഷരങ്ങൾ പിറവികൊണ്ടു.
ഞാനുമെന്നക്ഷരപ്പൂക്കളും മാരിവിൽ
വർണ്ണങ്ങളായ് നൃത്തമാടി നിന്നു!
ഹൃദയത്തുടിപ്പുകൾ,താളക്കിലുക്കമാ
യെന്നുള്ളിലെങ്ങും തുളുമ്പി നിന്നു.
ഉള്ളം പുണരുമെന്നക്ഷരപ്പൂക്കളെ
തൂലികതുമ്പിനാൽ കോർത്തെടുത്തു.
തിരകളായെത്തുന്ന
ഹൃദയാക്ഷരങ്ങളെ
മധുരാക്ഷരങ്ങളായ് ചേർത്തു വെച്ചു
ജീവാമൃതം കൊണ്ടഭിഷേകവും
ചെയ്തി-
ട്ടേകാകിയായതിലാണ്ടിരുന്നു.
ഉള്ളിലായ് മുറുകുന്ന ചങ്ങലക്കെട്ടുക-
ളൊക്കെയും പൊട്ടിച്ചെറിഞ്ഞിടുമ്പോൾ
കരളിൽ വിരിഞ്ഞിടുമക്ഷരജാല
ങ്ങളാത്മാക്ഷരങ്ങളായ് ഞാൻ
കുറിയ്ക്കാം.
മിന്നിത്തിളങ്ങുമീ
സ്‌നേഹാക്ഷരങ്ങളീസിരകളിൽ
ചാറ്റലായ് പെയ്തിറങ്ങാം.
തെരുവിനോരം
ചേർന്നുനിന്നിടുന്നേരത്തു
കവിതകളായിരം പിറവികൊള്ളാം.
വിരഹമാമീ മൗനജാലകം
നോക്കിഞാനറിയാതെയെന്തോ
നിനച്ചിടുമ്പോൾ
ഹൃദയാങ്കണത്തിലായ് പിച്ചവച്ചെത്തുമീ
ക്കവിതകൾക്കിന്നെന്തൊരൂർജ്ജമെ
ന്നോ.
നോവിന്റെ സുഖമുള്ള
പ്രണയാക്ഷരങ്ങളെ
ഭ്രാന്തിയായ് കുത്തിക്കുറിച്ചിടുമ്പോൾ
ചേക്കേറിടുന്നുവോ മറവിതൻ
ചുരുളിലേ-
യ്ക്കെൻ്റെ ദുഃഖത്തിൻ്റെ വിങ്ങലുകൾ
എന്നിൽ നിറയുന്ന
സ്വപ്നങ്ങളൊക്കെയും
കവിതയായിവിടെ കുറിച്ചുവെക്കാം.
കാവലായെപ്പൊഴുമക്ഷര
കൂട്ടമുണ്ടെന്നുള്ളിലെന്നും
കവിതകളായ്!
നല്ല വരികൾ
നന്നായി എഴുതി
വരികളിലെ പ്രാസം ഇഷ്ടമായി
നല്ല രചന