ഇന്ത്യ – ഇംഗ്ലണ്ട് കൗമാര പോരാട്ടം ഇന്ന്. സിംബാബ്വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്താണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഫൈനൽ അരങ്ങേറുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് നീലക്കുപ്പായമിട്ട ഇന്ത്യയുടെ കൗമാരപ്പട ഇംഗ്ലണ്ടിനെ നേരിടും. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒൻപത് ഫൈനലുകൾ കളിച്ചിട്ടുള്ള ഇന്ത്യയുടെ പത്താമത്തെ കലാശപ്പോരാട്ടമാണിത്. ജയിച്ചാൽ അണ്ടർ-19 ലെ ആറാം കിരീടം രാജ്യം ഉയർത്തും.
എന്നാൽ, ഇംഗ്ലണ്ട് 1998 ന് ശേഷം ഒരു യു-19 കപ്പ് ഉയർത്തിയിട്ടില്ലാത്തതിനാൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇംഗ്ളീഷ് പടയും ആഗ്രഹിക്കുന്നില്ലെന്ന വസ്തുത കലാശക്കളിയുടെ വീര്യം കൂട്ടും. 2022 ലെ ഫൈനലിൽ ഇംഗ്ലീഷ് പടയെ തോൽപിച്ച് ഇന്ത്യ കപ്പുയർത്തിയിരുന്നു. ഇംഗ്ലണ്ട് ഇന്ന് അതിനുള്ള പ്രതികാരം വീട്ടുമോ എന്നും കണ്ടറിയാം.ഒരു മാച്ച് പോലും തോൽക്കാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തിയതെന്ന വസ്തുതയും കലാശപ്പോരിന് മൂർച്ച കൂട്ടും. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഹരാരെയിൽ എത്തുന്നതെങ്കിൽ, ഓസ്‌ട്രേലിയയെ 27 റണ്ണിന് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് വരുന്നത്.
മലയാളിയായ ആരോൺ ജോർജും കൂറ്റൻ സ്‌കോറുകൾ മാത്രം അടിച്ചെടുക്കുന്ന വൈഭവ് സൂര്യവംശിയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ കീഴിൽ അണിനിരക്കുമ്പോൾ ഇംഗ്ലണ്ട് ഒന്ന് വിയർത്തേക്കും. 6 കളിയില്‍ നിന്ന് 11 വിക്കറ്റ് നേടിയ പേസര്‍ ഹെനിന്‍ പട്ടേലും, സ്പിന്നറായ കനിഷ്‌ക് ചൗഹാനുമാണ് ബൗളിംഗ് നിരയുടെ നട്ടെല്ല്. തോമസ് റൂ നയിക്കുന്ന ഇംഗ്ലണ്ടിന് ബാറ്റര്‍ ബെന്‍ മെയ്‌സും സ്പിന്നര്‍ മാന്നി ലംസനുമാണ് തുറുപ്പ് ചീട്ടുകൾ.



