അബുദാബിയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 മിനി താരലേലം മലയാളി ക്രിക്കറ്റ് താരങ്ങൾക്ക് നിരാശയായി. ലേലത്തിൽ പങ്കെടുത്ത 13 മലയാളി താരങ്ങളിൽ നിന്ന് ഒരാളെ മാത്രമാണ് ഫ്രാഞ്ചൈസികൾ തെരഞ്ഞെടുത്തത്.ചൈനാമാൻ സ്പിന്നറായ വിഗ്നേഷ് പുത്തൂരിന് മാത്രമാണ് ഇത്തവണ ഐപിഎൽ കരാർ ലഭിച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച വിഗ്നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഈ യുവ സ്പിന്നർ തന്നെയായിരുന്നു ലേലത്തിൽ ശ്രദ്ധ നേടിയത്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ, ഏദൻ ആപ്പിൾ ടോം, കെ.എം. ആസിഫ്, ജിക്കു എസ്. ബ്രൈറ്റ് തുടങ്ങിയവരുടെ പേരുകൾ ലേലത്തിൽ വിളിച്ചെങ്കിലും ആരെയും ടീമുകൾ പരിഗണിച്ചില്ല.സൽമാൻ നിസാറിന്റെ അടിസ്ഥാനവില 30 ലക്ഷം രൂപയും കെ.എം. ആസിഫിന്റെത് 40 ലക്ഷം രൂപയുമായിരുന്നു. രോഹൻ കുന്നുമ്മൽ, ഷറഫുദ്ദീൻ, ശ്രീഹരി എസ്. നായർ, അഖിൽ സ്‌കറിയ, അബ്ദുൽ ബാസിത്ത്, അഹമ്മദ് ഇമ്രാൻ എന്നിവരുടെ പേരുകൾ ലേലത്തിൽ പോലും എത്തിച്ചില്ല.
ആക്‌സിലറേറ്റഡ് റൗണ്ടുകളിലും മലയാളി താരങ്ങൾക്ക് അവസരം ലഭിക്കാതിരുന്നതോടെ കേരള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശയേറി. ഇതോടെ ഐപിഎൽ 2026 സീസണിൽ മലയാളി സാന്നിധ്യം മൂന്നു പേരിലൊതുങ്ങും.സഞ്ജു സാംസൺ (ചെന്നൈ സൂപ്പർ കിംഗ്സ്), വിഷ്ണു വിനോദ് (പഞ്ചാബ് കിംഗ്സ്), വിഗ്നേഷ് പുത്തൂർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് വരുന്ന സീസണിൽ മലയാളികളുടെ പ്രതിനിധികൾ.



