ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ ക്വന്റൺ ഡി കോക്കിനെ നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി മാർക്രമും തെംബ ബാവുമയും ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 101 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. മാർക്രത്തിന്റെ മിന്നും പ്രകടനമാണ് പ്രോട്ടീസിന് കരുത്തായത്. 98 പന്തിൽ നിന്ന് 110 റൺസാണ് താരം അടിച്ചു കൂട്ടിയത്. 10 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.മാർക്രം പുറത്തായതോടെ ദക്ഷിണാഫ്രിക്കയെ മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് ചേർന്ന് ജയത്തിലേക്ക് നയിച്ചു. 34 പന്തിൽ നിന്ന് 54 റൺസാണ് ഡെവാൾഡ് ബ്രവിസ് നേടിയത്. 68 റൺസാണ് മാത്യൂ ബ്രീറ്റ്സ്കെ നേടിയത്. നാലാം വിക്കറ്റിൽ ഇരുവരും 92 റൺസാണ് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഋതുരാജ് ഗെയ്ക്‍വാദിന്റെയും വിരാട് കോലിയുടെയും സെഞ്ചുറിക്കരുത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിലാണ് 358 റൺസെടുത്തത്. വിരാട് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോൾ ഋതുരാജ് ഏകദിനത്തിലെ കന്നി സെഞ്ചുറി കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ പരന്പര 1-1 എന്ന നിലയിലായി. പരമ്പര ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മത്സരം ശനിയാഴ്ച നടക്കും.



