ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ ഇരുമ്പ് പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരം ഹാർദിക് രാഥി (16) യ്ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ഒറ്റയ്ക്ക് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.
ഹാർദിക് ബാസ്‌ക്കറ്റ്‌ബോൾ ഹൂപ്പിൽ തൂങ്ങാൻ ശ്രമിക്കുമ്പോൾ, ലോഹ പോൾ പെട്ടെന്ന് ഒടിഞ്ഞ് നേരെ നെഞ്ചിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. ആഘാതത്തിൽ താരം കുറച്ച് നിമിഷം തറയിൽ കുടുങ്ങിപ്പോകുകയും പിന്നീട് ഒരു വശത്തേക്ക് വീഴുകയും ചെയ്തു. അടുത്തുള്ള കോർട്ടിലെ കളിക്കാർ ഓടിയെത്തി വീണ പോൾ ഉയർത്തി അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ഹാർദിക് പരിക്ക് കാരണം മരണത്തിന് കീഴടങ്ങി.
അപകടത്തെ തുടർന്ന് ആദരസൂചകമായി, സംസ്ഥാനത്തുടനീളമുള്ള എല്ലാ കായികമേളകളും പരിപാടികളും മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ ഹരിയാന ഒളിമ്പിക് അസോസിയേഷൻ ഉത്തരവിട്ടു. ലഖൻ മജ്‌റയിലെ കോർട്ടിലാണ് സംഭവം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ദേശീയ ടീമിലേക്ക് ഹാർദിക്കിനെ തിരഞ്ഞെടുത്തിരുന്നുവെന്നും അദ്ദേഹം അടുത്തിടെ ഒരു പരിശീലന ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയതാണെന്നും താരത്തിന്റെ അയൽവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഹാർദിക്കിന്റെ അച്ഛൻ സന്ദീപ് രാഥി, ഹാർദിക്കിനെയും അദ്ദേഹത്തിന്റെ ഇളയ സഹോദരനെയും വീടിനടുത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബ്ബിൽ ചേർത്തിരുന്നുവെന്നും, അവിടെ അവർക്ക് പഠിക്കാനും പരിശീലിക്കാനും കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കളിക്കാരന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.