ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.
രണ്ട് റണ്‍സോടെ സായ് സുദര്‍ശനും നാലു റണ്‍സോടെ നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവും ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ബൗൾഡാക്കി.
എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. 8 വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.



