ഹോക്കിയില്‍ ഗോള്‍മുഖത്തെ ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയാണ്.1970-ലെ ടീമില്‍ ധ്യാന്‍ചന്ദിന്റെ മകന്‍ അശോക് കുമാര്‍, അജിത്പാല്‍ സിങ് തുടങ്ങിയ പ്രമുഖ ഹോക്കി താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും മാനുവല്‍ ഫ്രെഡറിക് എന്ന ഗോള്‍ കീപ്പറുടെ മികവിലായിരുന്നു പലപ്പോഴും ഇന്ത്യ മുന്നേറിയിരുന്നത്.
നെതര്‍ലാന്‍ഡ്‌സിനെതിരായ ഇന്ത്യയുടെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മാനുവലിന്റെ പ്രകടനം എടുത്ത് പറയാവുന്നതായിരുന്നു. ലോക കപ്പിനുള്ള രണ്ട് ദേശീയ ടീമുകളില്‍ അംഗമായിരുന്നു. ദീര്‍ഘവര്‍ഷങ്ങളായി ബെംഗളുരുവിലായിരുന്നു ജീവിതം. സര്‍വ്വീസസിന് വേണ്ടിയും കര്‍ണാടകത്തിനായും എല്ലാം കളത്തിലിറങ്ങി. അവസാന നിമിഷം വരെ കായിക രംഗത്തിനായി ചിലവഴിക്കപ്പെട്ടതായിരുന്നു മാനുവല്‍ ഫ്രെഡറികിന്റെ ജീവിതം. അതിന് തെളിവാണ് കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ പരിശീലകനായും മറ്റും അദ്ദേഹം നിറസാന്നിധ്യമായിരുന്നത്.
മലയാളി ഹോക്കി താരങ്ങളെ കണ്ടെത്താനും പരിശീലപ്പിക്കാനുമുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. 1971 മുതല്‍ 1978 വരെയായിരുന്നു മാനുവല്‍ ഫ്രെഡറിക് കളിക്കാരന്‍ എന്ന നിലയില്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നത്. പിന്നീട് പരിശീലനത്തിലേക്ക് മാറുകയായിരുന്നു. ധ്യന്‍ചന്ദ് പുരസ്‌കാരമാണ് മാനുവല്‍ ഫ്രെഡറികിന് ലഭിച്ച പ്രധാന ബഹുമതി.



