ലെയ്‌പ്‌സിഗ്; ഫ്രാൻസിസ്‌കോ കൊൺസയ്‌കാവോയുടെ ഗോളിൽ പോർച്ചുഗലിന് ഉയിർപ്പ്. യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പോർച്ചുഗൽ ജയം പിടിച്ചെടുത്തു (2–-1). പകരക്കാരനായെത്തിയ കൊൺസയ്‌കാവോ പരിക്കുസമയത്താണ് വിജയഗോൾ നേടിയത്. മറ്റൊരു പകരക്കാരൻ പെഡ്രോ നെറ്റൊ അവസരമൊരുക്കി.
ലോകോത്തര താരങ്ങളുമായി ഇറങ്ങിയ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തുടക്കത്തിൽ പതറി. കളി തീരാൻ ഇരുപത് മിനിറ്റ് ശേഷിക്കെ ചെക്ക് സെന്റർ ബാക്ക് റോബിൻ ഹ്രാനച്ചിന്റെ പിഴവുഗോളിലാണ് പോർച്ചുഗൽ ഒപ്പമെത്തിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ലൂക്കാസ് പ്രൊവൊദിലൂടെയായിരുന്നു ചെക്ക് ലീഡ് നേടിയത്.
ആദ്യ ഘട്ടങ്ങളിൽ പന്ത് പൂർണമായും കൈവശംവച്ചെങ്കിലും പോർച്ചുഗലിന് ചെക്ക് പ്രതിരോധത്തെ പിളർത്താനായില്ല. മുപ്പത്തൊമ്പതുകാരൻ റൊണാൾഡോ മാത്രമാണ് രണ്ട് തവണ ഗോളിന് അടുത്തെത്തിയത്. ഒരു തവണ ബ്രൂണോ ഫെർണാണ്ടസിന്റെ ത്രൂപാസ് പിടിച്ചടുത്ത് അടിതൊടുത്ത റൊണാൾഡോയെ ജിൻഡ്രിഷ് സ്‌റ്റാനെക്ക് തടഞ്ഞു. ബോക്‌സിനുള്ളിൽനിന്ന് തൊടുത്ത മറ്റൊരു ഷോട്ടും സ്‌റ്റാനെക്ക് കുത്തിയകറ്റി.
ആദ്യ ഒരു മണിക്കൂറിൽ ഒരിക്കൽപ്പോലും ചെക്കിന് പോർച്ചുഗൽ ഗോൾമുഖത്ത് എത്താനായില്ല. ഒരു ഷോട്ട് പോലും തൊടുക്കാനുമായില്ല. എന്നാൽ 62–-ാം മിനിറ്റിൽ ആദ്യമായി അവർ പോർച്ചുഗൽ മേഖലയിൽ എത്തി. പ്രൊവൊദിന്റെ മിന്നേുംഗോളിൽ ലീഡും നേടി. എന്നാൽ ചെക്കിന്റെ വിജയമോഹം പിഴവുഗോളിൽ പിടഞ്ഞു. അവസാന നിമിഷങ്ങളിൽ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ ആഞ്ഞടിച്ചു. ഇതിനിടെ ദ്യേഗോ ജോട്ട ലക്ഷ്യം കണ്ടെങ്കിലും റൊണാൾഡോ ഓഫ് സൈഡായി. അവസാന നിമിഷം
കൊൺസയ്‌കാവോ രക്ഷകനായി.22ന് തുർക്കിയുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ചെക്ക് ജോർജിയയെ നേരിടും. ഗ്രൂപ്പ് എഫിൽ തുർക്കിയാണ് ഒന്നാമത്.