അമ്മയെന്ന നിലാവ് അസ്തമിച്ചു!
തിളയ്ക്കുന്ന മീനച്ചൂടിൽ അതിലും തിളയ്ക്കുന്ന ഉഷ്ണശ്വാസ വേഗവുമായി അമ്മ പിടഞ്ഞപ്പോൾ,
വലിഞ്ഞുമുറുകുന്ന കഴുത്തിലെ ഞെരമ്പിൽ പുറത്തു ചാടാൻ വിതുമ്പി ജീവൻ കിതക്കുമ്പോൾ,
അടഞ്ഞ മിഴികൾ വെട്ടിത്തുറന്നു അമ്മ അവസാനശ്വാസമെടുക്കുമ്പോൾ,
പൂക്കില പോലെ വിറച്ച കൈകാലുകൾ തളർന്നു നിശ്ചലതയെ പുണരാനായുമ്പോൾ,
അമ്മേ ,ഞാൻ മനസിലാക്കുന്നു, പണമോ, പദവിയോ, വിദ്യയോ ഒന്നും സഹായത്തിനെത്താത്ത ഈ നിമിഷങ്ങളിൽ നാം തികച്ചും ഏകരാണെന്ന് … നിസ്സഹായരാണെന്ന് ..
എന്നാൽ -16 ഡിഗ്രി സെന്റിഗ്രേഡ് തണുപ്പിൽ ചില്ലുകൂടിനകത്തു ഉറങ്ങുമ്പോൾ അമ്മയുടെ മുഖത്ത് വെപ്രാളത്തിന്റെ കണികപോലുമില്ല! നിത്യശാന്തി എന്നത് ഇത് തന്നെ ആയിരിക്കും അല്ലേ ?എല്ലാ വേദനകളിൽ നിന്നും നിത്യതയിലെക്കുള്ള മോചനം
ഫാനൊന്നു കൂട്ടി ഇട്ടാൽ പോലും “നിക്ക് തണുത്തുട്ടു വയ്യാ കുട്ട്യേ”എന്ന് പറയുന്ന അമ്മ ആ കൊടും തണുപ്പിലും ഒരു ചെറു ചിരിയോടെ ശാന്തമായി ഉറങ്ങുന്നു
ശരീരം, കളത്രം, സുതർ, ബന്ധുവർഗം ഇവ “സമസ്തം പരിത്യജ്യ ഹാ കഷ്ടമേകോ ഗമിഷ്യാമി ദുഃഖേന ദൂരേ കിലാഹം” എന്നത് പൂർണമായും സത്യല്ലെന്നു എനിക്കപ്പോൾ തോന്നി. ദുഃഖത്തോടു കൂടി പോകുന്നെങ്കിൽ ഈ പുഞ്ചിരി അമ്മയുടെ മുഖത്ത് ഉണ്ടാകുമായിരുന്നോ ?
അമ്മ ഉപയോഗിച്ചിരുന്നകട്ടിലിൽ കിടന്ന് നോക്കുമ്പോൾ ദൂരേ തെക്കേ പറമ്പിലെ വെള്ളരിമാവിൻ ചോട്ടിൽ എനിക്കാ മൺകൂന കാണാൻ കഴിയും. അമ്മയുടെ ശരീരത്തിന്റെ ചൂടും ചൂരും ഏറ്റു വാങ്ങി ചാരമായി തീർന്ന മണ്ണിന്റെ വളക്കൂറിൽ ഇല കൂമ്പിയ വാഴതൈയും കാണാൻ കഴിയും!
സംസ്കാരത്തിന്റെ ശേഷിപ്പുകളായ അരിമണിയും സഞ്ചയനം കഴിഞ്ഞു വിതറിയ നവധാന്യങ്ങളും തിന്നാൻ എത്തിയ അതിഥികളെ കണ്ടു ഞാൻ നോക്കിനിന്നുപോയി. നീണ്ടു മിനുത്ത പീലി വിരിച്ച ആണ്മയിലും കൂടെ ഇണയായി പെൺമയിലും! നീലകഴുത്തിളക്കി അവ ആ കുഴിമാടത്തെ വലം വച്ചു .തലേന്ന് രാത്രി ഇടി വെട്ടി പെയ്ത മഴയിൽ നനഞ്ഞു കുതിർന്നു വിറയ്ക്കുന്ന അമ്മയുടെ ചെവിയിൽ അവ സ്വകാര്യം പറയുകയാണോ ?ഇനി നമുക്ക് ഒരു മേൽക്കൂരയുടെ തണലില്ലെന്ന്!ഈ മഞ്ഞും മഴയും കാറ്റും വെയിലും നമ്മുടെ കൂട്ടുകാരാണെന്നു!ഇരുളും വെളിച്ചവും കണ്ണുപൊത്തി കളിക്കുന്ന നീലമേഘ പരപ്പിലൂടെ ,പച്ചപ്പുൽമേടുകളിലൂടെ നമുക്ക് ഒഴുകി നടക്കാമെന്ന്. അത് കേട്ട് അമ്മ എല്ലാം മറന്നു ചിരിച്ചിരിക്കാം .ആ ചിരിയുടെ അലകൾ അമ്മയുടെ കുഴിമാടത്തെ തഴുകി തെക്കേ പുറത്തെ ജനലിലൂടെ അരിച്ചെത്തുന്ന കാറ്റായി എന്നെ പൊതിയുന്നു. കാതിൽ മന്ത്രിക്കുന്നു
“കുട്ടി ഒറങ്ങിക്കോ … അമ്മേടെ മൂളല് കേൾക്കാണ്ടെ ഒറക്കം വരുണ്ല്ല്യെ ന്റെ കുട്ടിക്ക്?അമ്മക്കിവിടെ സുഖാണ് സന്തോഷാണ് ..ഒറങ്ങിക്കോളൂ സുഖായി ഒറങ്ങിക്കോളൂ ..
പതുക്കെ പതുക്കെ ഉറക്കം എന്റെ കണ്പീലികളെ തലോടി ..
ഞാനും ഒന്ന് മയങ്ങി. എന്റെ അമ്മയുടെ തലോടലേറ്റ് .
ഇന്ന് അമ്മ, നിലാവിന്റെ നൈർമ്മല്യമായ് അരിച്ചിറങ്ങുന്നൊരോർമ്മ മാത്രം!
ഇടവഴിയിൽ വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കാതുകൂർപ്പിച്ചു പിടഞ്ഞോടി പടിവാതിൽക്കൽ അക്ഷമയോടെ കാത്തുനിന്ന വഴിക്കണ്ണ്…
പ്രാതൽ കഴിഞ്ഞെന്നു പറഞ്ഞാലും ഒരരഗ്ലാസ് ചായയൊക്കെയാവാം എന്നോതി അടുക്കളയിലേക്കോടുന്ന നന്മ…
“ദ് എന്താ നെന്റെ കണ്ണിന്റടീല് ത്ര കറുപ്പ് ” എന്ന് വേവലാതിപ്പെടുന്ന അലിവിന്നുറവ…
തനിച്ചാക്കി പോയിട്ട് കൊല്ലം പലതായി. അമ്മയില്ലാത്ത വാര്യേത്തേക്കു പോവാൻ തോന്നുണില്ല്യാ..
കാത്തുനിൽക്കാൻ ആളില്ലെന്നറിയുമ്പോൾ..
ആ മുറിയും, കട്ടിലും കാണുമ്പോൾ.. വയറുചുറ്റി ചേർത്തുപിടിക്കുന്ന ആ ശുഷ്കമായ കൈകളുടെ ചൂട് ഓർമ്മയിലും പൊള്ളിക്കുന്നു..
വല്ലാത്തൊരു ശൂന്യതാബോധം എന്നെ വേട്ടയാടുന്നു..
അത് പാദങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നു…
അമ്മയുടെ ആത്മാവുറങ്ങുന്ന തെക്കേപറമ്പിലെ മണ്ണിൽ ചിതറിയ തെച്ചിപ്പൂക്കൾ അനാഥത്വം പേറുന്ന ചുടുകണ്ണീരായ് നെഞ്ചിന്കൂട്ടിൽ തണുത്തുറയുന്നു…
ചില നഷ്ടങ്ങൾ അങ്ങനെയാണ്. ആ മനസ്സ് സന്തോഷിപ്പിക്കാൻ എന്തു ചെയ്തു എന്നല്ല, എന്തെല്ലാം ചെയ്യാമായിരുന്നു എന്ന തോന്നലിങ്ങനെ കുത്തിനോവിച്ചുകൊണ്ടിരിക്കും.
കാരണം…
അതൊരു വീട്ടാക്കടമാണ്. വീടുന്തോറും പർവ്വതീകരിക്കുന്ന അലിവിന്റെ വീട്ടാക്കടം!!
**************
വല്ലാത്തൊരു തിക്കുമുട്ടൽ. Ith_ലേ ഒറ്റുമുക്കലും 2004 ൽ ഞാനും അറിഞ്ഞതാണ്. അന്ന് ഒടുങ്ങു സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ആ ഒരു സമാധാനം സന്തോഷം. എന്റെ ഗിരിജേ ശരിക്കും അമ്മയെ ഓർത്തു ഞാൻ കരഞ്ഞുപോയി കുട്ടീ. 🤗🤗🤗
ചേച്ചീ എങ്ങനെ നന്ദി പറയും ഞാൻ! ഇഷ്ടമായി എഴുത്ത് എന്നറിഞ്ഞതിൽ സന്തോഷം 🙏
❤️❤️
ഹൃദയസ്പർശിയായ എഴുത്ത്
നന്ദി
Thank you so much