ലിറ്റിൽ ഫ്ലവർ കോളേജിൽ ഞാൻ ബിഎ ഇംഗ്ലീഷ് ക്ലാസ്സിൽ ചേർന്ന സമയം. അവിടെ ഒരു കിലുക്കാംപെട്ടി ഉണ്ടായിരുന്നു. വെളുത്തു തടിച്ച്, ആപ്പിൾപ്പഴംപോലുള്ള കവിളുകളുമായി ക്‌ളാസിലെല്ലാം ഓടിനടക്കുന്ന കുട്ടിചാട്ടുകുളമാണ് സ്വദേശം. പ്രസിയുടെ സുഹൃത്ത് ആരെന്നു ചോദിച്ചാൽ വ്യക്തമായൊരുത്തരം കിട്ടില്ല. കാരണം എല്ലാവരോടും ചലുപിലെ സംസാരിച്ചുകൊണ്ട് അവളെങ്ങനെ പാറിനടക്കും. ഡിഗ്രി ഒന്നാം വർഷത്തിലേ അവളെന്റെ കൂട്ടായി. കാരണം ഒന്ന് അവളുടെ ഈ പ്രത്യേകസ്വഭാവം! പ്രീഡിഗ്രിക്ക് അതേ കോളേജിൽ പഠിച്ച കുറെ കുട്ടികൾ ക്ലാസ്സിൽഉണ്ടായിരുന്നപ്പോൾ, പൊന്നാനി MES ൽ നിന്ന് കോളേജ് മാറി ഗുരുവായൂരിലെത്തിയ എനിക്കതു വല്യോരാശ്വാസവും!മറ്റൊരു സാദൃശ്യം ഡിഗ്രി ഫസ്റ്റ് ഇയറിന്,ഞാനും പ്രസീയും പാവാടക്കാരികളായിരുന്നു എന്നതാണ്. (പിന്നെയും ഉണ്ടായിരുന്നു അവിടെ പാവാടക്കാർ, പക്ഷേ ഡിഗ്രിക്ക് സാരിയുടുക്കണം എന്ന അലിഖിതനിയമം അനുവർത്തിച്ചവരാണ് കൂടുതലും ) ഞാൻ നീളൻ പാവാടയും, ജമ്പർ എന്നറിയപ്പെട്ടിരുന്ന അന്നത്തെ ഇറക്കം കൂടിയ ബ്ലൗസും അണിഞ്ഞുനടന്നപ്പോൾ, പ്രസിക്ക് ജമ്പറിനു പകരം ഷർട്ടിന്റെ മിനി വെർഷൻ ആയിരുന്നു യൂണിഫോം എന്നു മാത്രം.
നാട്ടിലെ, വീട്ടിലെ,ചുറ്റുമുള്ളവരുടെ എല്ലാ വേവലാതികളും പങ്കുവയ്ക്കുന്ന ഒരു ശീലം ഈ കുട്ടിക്കുണ്ട്. തന്റെ സ്വതസിദ്ധമായ ഭാവഹാവാദികളോടെ തലയാട്ടിക്കൊണ്ട് പ്രസി അതു വിവരിക്കുമ്പോ ഞാൻ കാതുകൂർപ്പിച്ചിരിക്കും.
ഒരിക്കൽ പ്രസി എന്നോട് ചോദിച്ചു.
“ഗിരിജേ, കുട്ടിക്ക് ഈ കൂറുഫലത്തിലൊക്കെ വിശ്വാസണ്ടോ?”
ഞാൻ അന്തം വിട്ടുപോയി. ന്റെ പഴം പുരാണം പിടിക്കാഞ്ഞിട്ടാണോ ഈ ചോദ്യം. ഞാനാണെങ്കിലോ, അമ്പലം, വാര്യം, ശുദ്ധം, അയിത്തം ഒക്കെ കണ്ടുവളർന്നൊരാൾ. ക്രിസ്ത്യൻ കോളേജിലെ പരിഷ്കാരികളുടെകൂട്ടത്തിലേക്ക് കൂടാൻ മോഹം ശ്ശി ണ്ടെങ്കിലും “ഇല്ലത്തൂന്ന് പൊറപ്പെട്ടൂ, ന്നാ അമ്മാത്തൊട്ട് എത്തീതൂല്ല്യാ “എന്ന അവസ്ഥയിൽനിൽക്കണ കാലം.
“വിശ്വാസം ണ്ടോ ന്ന് ചോയ്ച്ചാ…”
ഞാൻ നിന്നു പരുങ്ങി.
“എന്നാലേ അതൊരു സത്യാ കുട്ട്യേ. ഞാൻ പൂരാടാ നാള്. കൂറ് അച്ഛനായീര്ന്നു. എന്നെ പ്രസവിച്ച് അധികം കഴിയണേനു മുമ്പേ അച്ഛനെ നായ കടിച്ചു. ന്റെ നാളിന്റെ ഫലാന്നാ അമ്മ പറയ്യാ. “
“അയ്യോ.. അദൊന്ന്വാവില്ല്യാ.. “
എന്റെ വായീന്ന് അറിയാതെത്തന്നെ
ആ സാന്ത്വനം വീണു. പ്രസി നാളുദോഷം ഉള്ള കുട്ട്യാ ന്ന് അംഗീകരിക്കാൻ മനസ്സില്ലാത്തപോലെ!
“സത്യാഡോ.. പക്ഷേ ഈ പൂരാടക്കാരി വീട്ടിലില്ലെങ്കീ ഒന്നും നടക്കില്ല ട്ടോ. അമ്മയ്ക്കും, വല്യമ്മക്കും വേറൊരു ആങ്കുട്ടി ല്ല്യാലോ.. എല്ലാം ന്റെ കൈയോണ്ട് എത്തീട്ടന്നെ വേണം.ഞാൻ എപ്പഴും പരാതിപ്പെടും, ന്നെ എന്തിനാ ഒറ്റക്കുട്ട്യാക്ക്യേ ന്ന് “
അതും പറഞ്ഞ് അവൾ കുലുങ്ങിചിരിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു സങ്കടം നനഞ്ഞിറങ്ങ്ണ്ണ്ടായീര്ന്നു.
എനിക്ക് ഒറ്റയ്ക്ക് എങ്ട്പോവാനും അറിയില്ല.ഒന്നുകിൽ അച്ഛൻ, അല്ലെങ്കിൽ ഏട്ടൻ ണ്ടാവും.
“അവളൊരു പെങ്കുട്ട്യല്ലേ “ എന്ന ലേബലിൽ പൊതിഞ്ഞുകെട്ടിവയ്ക്കപ്പെട്ട ബാല്യം! പ്രസിക്ക് കുറേ ലോകകാര്യങ്ങളറിയാം. എനിക്കൊരു ചുക്കും അറിയൂല്ല്യാ. ഒരു കണക്കിൽ ഈ പൊതിഞ്ഞുപിടുത്തം കുട്ട്യോളെ ഒന്നിനും കൊള്ളരുതാത്തവരാക്കിത്തീർക്കും എന്നെനിക്കുതോന്നി!അതേ സമയം എനിക്കു കളിക്കാൻ ഏട്ടൻ ഉണ്ടായിരുന്നു. കുളത്തില് നീന്തിമറിയാനും, പാമ്പുംകാവിലെ മൊട്ടിക്കുടിക്കണ മാങ്ങപെറുക്കാനും കള്ളനും പോലീസും കളിക്കാനും ചിലപ്പോഴൊക്കെ ഒന്ന് തല്ലുകൂടാനും എട്ടനുള്ളത് എത്ര രസായീര്ന്നു എന്ന് അപ്പോഴാണ് ശരിക്കും ബോദ്ധ്യായത്.
“ഒരു മരം കാവാവില്ല്യാ കുട്ട്യേ!”എന്നു പഴമക്കാർ പറയുന്നതും അതോണ്ടാവും അല്ലേ?
അതേ, അടി കൂടാൻ എങ്കിലും ഒരു കൂടപ്പിറപ്പ് വേണം.
നന്നായിട്ടുണ്ട്