അമളി ഒരു ചിരിയോർമ്മയായപ്പോൾ
**********************************
‘അമളി ‘പിൽക്കാലത്ത് മധുരമൂറുന്ന ചിരിയോർമയായ് മാറാറുണ്ട് .അത്തരം ഒരനുഭവത്തിലേക്കു പോയാലോ ?
കൈപിടിച്ചു കൂടെക്കൂട്ടാം .വരാൻ തയ്യാറാണോ ?ശ്ശി അധികം ദൂരം പിന്നോട്ട് നടക്കണം .പിന്നീട് ‘കാല് ക ഴച്ചു’ എന്നൊന്നും പറയരുത്
.”ഓ ..ഇതു കാണാനാണോ കൂടെ കൂട്ട്യേത് “എന്ന തോന്നലുമരുത് .
അപ്പോൾ ദേ,ഈ കാണണ പടിയിറങ്ങി ഇങ്ട് പോന്നോളൂ…. ഇപ്പോൾ നമ്മള് വര്ഷങ്ങള് പിറകിലാണ്.
പൊന്നാനിയിലെ KSRTC ബസ്സ്റ്റാൻഡിൽനിന്ന് ഒരു പാവാടക്കാരി കടൽക്കരയിലുള്ള MES കോളേജിനെ ലക്ഷ്യമാക്കി നടക്കുന്നു .നിങ്ങൾക്കവളെ എന്തുപേരിട്ടും വിളിക്കാം.
കൈയിൽ, സ്ലേറ്റുകളറും, ചുവപ്പും ഇടകലർന്ന നിറത്തിൽ ഒരു ബാഗുണ്ട്. അതിരാവിലെ തുടങ്ങിയ യാത്രയുടെ അവസാനം .
പൊന്നാനി MES ലെ പ്രീഡിഗ്രിക്കാരിയാണ് ആ പെൺകിടാവ് . അമ്മയുടെ തറവാട്ടിൽ, വല്യമ്മക്കും അമ്മാമനുമൊപ്പം താമസിച്ചു പഠിക്കുന്നു .
അമ്മയുമച്ഛനും ഏട്ടനും പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരിൽ അച്ഛന്റെ വാര്യേത്തും.
അന്നവൾക്കു പ്രാക്ടിക്കൽ മോഡൽപരീക്ഷയാണ്.
സുവോളജിയും,കെമിസ്ട്രിയും.
വല്ലാത്ത വെപ്രാളം .ഒന്നും പഠിച്ചിട്ടുമില്ല .
“വേണ്ടായിരുന്നു .നാട്ടിൽ പോകേണ്ടായിരുന്നു .”
നാട്ടിലെ അമ്പലത്തിൽ മകരവിളക്ക് ആഘോഷമാണ്. നിറമാല , ചുറ്റുവിളക്ക്, കർപ്പൂരദീപപ്രദക്ഷിണം , പുലരുവോളം കഥകളി .. ആനന്ദലബ്ധിക്കിനി എന്തുവേണം?
മാത്രമല്ല ഭഗവാന്റെ കാര്യം മുടക്കാൻ പറ്റുമോ ? (“അവളുടെ തൊഴലെന്നാണ് ‘ഭഗവാന്റെ കാര്യം’ ആയത് ” എന്ന മറുചോദ്യം നിരോധിച്ചിരിക്കുന്നു .)
ശനിയാഴ്ചയാണ് അവൾ നാട്ടിലേക്കു തിരിച്ചത്. വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞുപോയാൽ നേരംവൈകും . അതുകൊണ്ട് യാത്ര ശനിയാഴ്ച രാവിലെയാക്കി. ഞായറാഴ്ചയാണ് വിളക്ക്, തിങ്കളിന് പരീക്ഷയും .
ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ടെ വാര്യേത്തെത്തി . അവിടെ ആകെ ഉത്സവാന്തരീക്ഷം . കോളാമ്പിപ്പാട്ട് പൊടിപൊടിക്കുന്നു . ചിലർ പന്തലിൽ കുരുത്തോലതൂക്കുന്നു. വേണ്വേട്ടനും അമ്മയും തെച്ചിയും , തുളസിയും ഇടകലർത്തി ഉണ്ടമാല കെട്ടുന്നു. ശ്രീധരനും കൂട്ടരും കഥകളിപ്പന്തലിനു മുന്നിലെ കട്ടയും പൊടിയും നീക്കി വൃത്തിയാക്കുകയാണ് , പിറ്റേന്ന് കാണികൾക്കിരിക്കാൻ അന്നൊക്കെ ഈ “തറസീറ്റേ” ഉള്ളൂ.
തന്ത്രിമാർ പൂണൂൽ തിരുപ്പിടിച്ചു നാമം ചൊല്ലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു . നാളെ ,ഞായറാഴ്ച ,ശുദ്ധികലശവുമുണ്ട് കലശക്കുടങ്ങൾ നൂലിട്ടു കെട്ടി തയ്യാറായികഴിഞ്ഞു .
അപ്പോഴാണ് ബാലമ്മാമ ഒരു വലിയകെട്ടു മുണ്ടുമായി ഓടിവരുന്നത്.
“കുട്ട്യേ ..തന്ത്രികൾക്കു ഉടുക്കാനുള്ള ഇണത്തോർത്താണ് . അമ്പലത്തിൽ വല്ല്യേ എലിശല്യം . ദ് വാര്യേത്ത് ഇരിക്കട്ടെ . നാളെ രാവിലെ എടുത്തോളാം .”
അമ്മ ആ കെട്ട് അങ്ങനെതന്നെ മച്ചിലെ പത്തായപ്പുറത്തു കയറ്റിവെച്ചു .ശുദ്ധം മാറാതിരിക്കാൻ .
കലശപൂജയും ദീപാരാധനയും കർപ്പൂരദീപപ്രദക്ഷിണവും
കഴിഞ്ഞു . ഇനി കഥകളി .നളചരിതം ഒന്നാം ദിവസം , ദുര്യോധനവധവും.
അതിഗംഭീരം!!ഗോപിയാശാന്റെ നളനെകണ്ടു കൗതുകത്തോടെ ഇരുന്നു.
കലിയുടെ “പുഷ്കരാ, നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ..
ദുഷ്കരമായിട്ടൊന്നുമില്ല കേൾ, മത്സഹായമുണ്ടായാലേവനും”
സ്റ്റേജിൽ ചേങ്കിലയോടൊപ്പം ഉയർന്നുമുഴങ്ങുന്ന കഥകളിസംഗീതം!
ഉറക്കംവരുന്ന കൺപീലികൾ അടയാതെപിടിച്ച് ആസ്വദിച്ചു.
കളിപ്പന്തലിൽനിന്നെഴുന്നേറ്റു വരുമ്പോൾ രൗദ്രഭീമൻ ദുശ്ശാസനന്റെ കുടൽമാല വലിച്ചുകീറുകയായിരുന്നു .കളി അവസാനിക്കുന്നതേയുള്ളൂ .പക്ഷേ ക്ലാസ്സ് , മോഡൽപ്പരീക്ഷ ..അവൾ വേഗം കുളിച്ചൊരുങ്ങി യാത്രയായി .
ആ യാത്രയുടെ അവസാനമാണ് നമ്മൾ ആദ്യഭാഗത്തു കണ്ടത്!
ഏറ്റവും കൂടുതൽ വെറുക്കുന്ന ലാബ് സുവോളജിയുടേതുതന്നെ
ഫോർമാലിനിൽ ഇട്ടുവച്ച തവളയുടെയും പാറ്റയുടെയും മനംപുരട്ടുന്ന ഗന്ധമാണാ അന്തരീക്ഷത്തിന് . ആക്കാലത്ത് പ്രീഡിഗ്രിക്ലാസ്സിൽ കീറാനും ,മുറിക്കാനും വിധിക്കപ്പെട്ട ജന്മങ്ങൾ മണ്ണിര ,പാറ്റ , തവള ഇവയായിരുന്നു.
ഡിസെക്ഷൻ ടേബിളിൽ പിന്നുകളിൽ കുത്തിനിർത്തിയ അവയുടെ ജീവൻ പൂർണമായും പോയിട്ടുണ്ടാവില്ല. ചില തവളകളുടെ ഹൃദയം മിടിക്കുന്നതു കാണാം .
ഓ !ലാബ് ഒരു ദുരിതപർവം തന്നെ.
അവൾക്കന്നു കിട്ടിയത് പാറ്റ. പൊട്ടാതെ പൊടിയാതെ ഒപ്പിച്ചെടുത്തു.സംഭവം സക്സസ്!
“നീയൊരു മിടുക്കിതന്നെ!”സ്വയം അഭിനന്ദിച്ചു .
സന്തോഷത്തോടെ ലാബ് വിട്ടിറങ്ങുമ്പോളും ചുറ്റും പൊതിഞ്ഞിരിക്കുന്ന വായുവിന് മനംപുരട്ടുന്ന മരണഗന്ധം.
ഉച്ചക്ക് ശേഷം കെമിസ്ട്രി ലാബ് ആണ് . സാൾട്ട് അനാലിസിസ് ഉണ്ട്. പക്ഷേ ഒരു സാൾട്ടിന്റെയും സവിശേഷത അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല .
തലക്കുള്ളിൽ കടന്നൽക്കൂട് ഇരമ്പുന്ന പോലെ .രാവിലെ പ്രാതൽ പോലും ശരിയായില്ല .വിശപ്പ് കുടല് കരിക്കുന്നു .നേരം ഒന്നരയായി. രണ്ടുമണിക്ക് കെമിസ്ട്രി ലാബിൽ കയറണം. ഇനി വാര്യേത്തു പോയി ഉച്ചഭക്ഷണം കഴിക്കാൻ നേരമില്ല. എന്നും ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോകാം. അത്ര അടുത്താണ് വീട്. പക്ഷേ ഇന്നതിനു നേരമില്ല.
ഗേൾസ് റൂമിൽ ചെന്നിരുന്നു ബാഗ് തുറന്നു .അതിനുള്ളിൽ ചക്കവരട്ടിയത് ഉരുട്ടി വറുത്തു ചികിടയാക്കി അമ്മ തന്നുവിട്ടിട്ടുണ്ട്. ഇപ്പോൾ അതുകഴിച്ചു വിശപ്പടക്കാം.
ധനുമാസത്തിൽ അച്ഛന്റെ പിറന്നാൾക്കാലമാവുമ്പോഴേക്കും അടക്കാപുത്തൂരിലെ വാര്യേത്ത് ചക്ക മൂക്കും..പിറന്നാളിന് വിളമ്പാൻ ഇലയുടെ അറ്റത്തു ചക്കച്ചുളവറുത്തത് അമ്മക്ക് നിർബന്ധാ!
ചികിട രണ്ടുമൂന്നെണ്ണം എടുത്തു വായിലിട്ടു.വെള്ളവും കുടിച്ചു .തത്കാലം ഇതു മതി ഡിസെക്ഷൻ ബോക്സ് ബാഗിനു മുകളിൽവച്ച് ടേബിളിൽ തലചായ്ച്ചുകിടന്നു
രണ്ടു മണിയായി .ലഞ്ച്ബ്രേക്ക് കഴിഞ്ഞു .അടുത്ത ഒരു പരീക്ഷണം കൂടി കെമിസ്ട്രി ലാബിൽ.മനസ്സ് ശൂന്യം ..പഠിക്കാനുള്ള സ്കീം അവളെ നോക്കി പല്ലിളിച്ചു.
കെമിസ്ട്രിഅദ്ധ്യാപകൻ കർക്കശക്കാരനായ T.M.sir എന്നറിയപ്പെടുന്ന T.മുഹമ്മദ് സാർ.അവളന്നു ചെയ്തതൊക്കെ സർവാബദ്ധം .വിളറിപിടിച്ച സാർ എന്തൊക്കെയോ വിളിച്ചു കൂവുന്നു. പരിഹസിക്കുന്നു.അവളുടെ തലച്ചോറിൽ വണ്ടുകൾ മുരളുന്നു.
ഉള്ളിൽ കലി നിറഞ്ഞാടുകയാണ്.
“പുഷ്കരാ നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ”
കൊട്ടുമുറുകുന്നു .ചെണ്ടയുടെ ആസുരതാളം .ദുശ്ശാസനന്റെ പ്രാണന്റെ പിടച്ചിൽ .പിന്നിൻ മുനയിൽ വിറങ്ങലിച്ചു നിക്കുന്ന പാറ്റയുടെ നിസ്സഹായത ..സാറിന്റെ ശബ്ദം ചെണ്ടയുടെ ശബ്ദത്തിനുമേൽ മുഴങ്ങി .
“റൈറ്റ് 144 ടൈമ്സ് ” .
144 അവളുടെ ക്ലാസ്സ് നമ്പർ ആണ് നൂറ്റിനാല്പത്തിനാല് തവണ സ്കീം എന്ന ആ രാമായണം മുഴുവൻ എഴുതാൻ!.അവളുടെ മട്ടും ഭാവവും കണ്ടിട്ടാകണം അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു .
“വല്യേ മോശല്ല്യാതെ പഠിക്കുന്ന കുട്ടി “എന്ന അവളുടെ മിഥ്യാഭിമാനം ചീട്ടുകൊട്ടാരംപോലെ തകർന്നു .
വാടിയ മനസ്സുമായാണ് വീട്ടിൽ എത്തിയത്
വീട്ടിൽ എത്തിയതും കുടിച്ച ചായ മുഴുവൻ ഛർദിച്ചതും ഓർമയുണ്ട് .തല വല്ലാതെ കറങ്ങുന്നു. ഒന്ന് കിടക്കണം .
“ഉറക്കക്ഷീണാ. ഉച്ചക്ക് ഭക്ഷണവും ഉണ്ടായിട്ടില്ലല്ലോ. കുട്ടി കിടന്നോ ”
വല്യമ്മ പറഞ്ഞു.
ഉറക്കം തളർത്തിയ അർദ്ധബോധമണ്ഡലത്തിൽ തന്ത്രിപൂജയും TM സാറിന്റെ ശകാരവും ,കഥകളിയും ആടിത്തിമർത്തു .
എത്രനേരം അങ്ങനെ കിടന്നു എന്നു അവൾക്കോർമ്മയില്ല. എപ്പോഴോ മുറിയിലേക്ക് കയറിവന്ന വല്യമ്മ അവളുടെ നെറ്റിയിൽ വിരലോടിച്ച് അടക്കാപുത്തൂരിലെ ഉത്സവവിശേഷങ്ങൾ അന്വേഷിച്ചു .
“വിളക്കുത്സവം കേമായോ കുട്ട്യേ ?”
” ങും..അവര് തോർത്തൊക്കെ വാര്യേത്തു കൊണ്ടന്നുവെച്ചു ”
“തോർത്തോ ?”
വല്യമ്മക്ക് ഒന്നും മനസ്സിലായില്ല
“ങ്ഹാ ,തന്ത്രിമാർക്കു ഉടുക്കാനുള്ള ഇണത്തോർത്ത്”
” ആര് ?ആരു കൊണ്ടുവന്നു?”
വല്യമ്മ വീണ്ടും ചോദിച്ചു
“പ്രിൻസിപ്പൽ ”
പാവം വല്യമ്മ .. ചിരിക്കണോ അതോ , കരയണോ എന്നറിയാതെ മിഴിച്ചു നിന്നുകാണും .
“ന്റെ കുട്ടി ഒറങ്ങിക്കോ ”
നെറ്റിയിൽ അമർന്ന കുളിരുള്ള കൈപ്പടം പൊള്ളുന്ന ചൂടിൽ ചേർത്തുപിടിച്ചു നിദ്രയിലേക്കവൾ പതുക്കെ പതുക്കെ ആഴ്ന്നു .
ഇതിനിടയിൽ തലേന്ന് കോളേജിൽ നിന്ന് ഇമ്പോസിഷനും വഴക്കും കിട്ടിയ കാര്യം അമ്മാമന്റെ മകൻ രവിയേട്ടൻ അറിഞ്ഞിരുന്നു , അദ്ദേഹത്തിന്റെ , കോളേജിലെസുഹൃത്തിൽനിന്ന് .
കുറേ കാലത്തിനു ശേഷം,ഈ പ്രായത്തിൽ , രവിയേട്ടനെ വീണ്ടും കാണാനിടയായി .അപ്പോൾ രവിയേട്ടൻ ആ അമളിയെപ്പറ്റി ഓർമ്മിപ്പിച്ചു.
പാവം അന്നത്തെ MES പ്രിൻസിപ്പൽ മൊയ്തീൻകുട്ടി സാറിനെ ഞാൻ തന്ത്രികളുടെ ഇണത്തോർത്ത് കൊണ്ടുവരാൻ ഏൽപ്പിച്ചതും, കോളേജിൽ നിന്നും കിട്ടിയ ഇമ്പോസിഷനും, അതിന്റെ ബാക്കിയും ഓർമ്മയുണ്ടോ എന്നൊരു ചോദ്യം …
ചമ്മിപ്പോയെന്റെ വാർദ്ധക്യം !!!
(ഇന്ന് ഈ ലോകത്തിലില്ലാത്ത, MES പ്രിൻസിപ്പൽ ആയിരുന്ന, ശ്രീ.മൊയ്തീൻകുട്ടി സാറിന് ബാഷ്പാഞ്ജലി)
കുട്ടിക്കാലവും ലാബും, ലാബ് വിശേഷവും
എല്ലാം രസകരമായി അവതരിപ്പിച്ചു