‘ഒടിയൻ എന്ന മിത്ത് ‘
കുംഭം ഏഴിനു തട്ടകക്കാവിൽ പൂരമാണ്. (പരിയാനമ്പറ്റക്കാവ്,ദേവാസുരം തുടങ്ങിയ പല സിനിമകളുടെയും ലൊക്കേഷനാണ് )ഏഴു നാള് മുമ്പേ കൊടികയറും. കൊടികയറ്റം സന്ധ്യ മയങ്ങിയതിനുശേഷമാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം, അതായത് എഴുപതുകളുടെ (1970) അവസാനവർഷങ്ങൾ!
കാവിൽ കൂറയിട്ടു(കൊടിയേറ്റ്)തൊഴുതുകഴിഞ്ഞുള്ള മടക്കമാണ്. വൈദ്യുതിവിളക്കുകൾ ഇല്ലാത്ത മലമ്പാതകളിലൂടെയാണ് യാത്ര! എളുപ്പവഴി അതാണ്! റോഡ് മാർഗ്ഗം പോയാൽ കുറേനടക്കണം.. കലപില കൂട്ടി, ഉറക്കെ വർത്തമാനം പറഞ്ഞ് ഞങ്ങൾ കുളക്കാടൻ മലയുടെ അടിവാരത്തെത്തി.
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി. അത് പറയൻകുന്നാണ്. പറയന്മാർ ഒന്നിച്ചു താമസിക്കുന്ന കോളനി. അവർക്ക് ഒടിവിദ്യ വശമുണ്ട്.മൂന്നുകാലുള്ള പോത്തിന്റെ രൂപത്തിലെത്തി നമ്മെ കൊല്ലും.ഞാൻ മനസ്സിൽ “അമ്മേ നാരായണ, ദേവീ നാരായാണാ ” എന്നുരുവിടാൻ തുടങ്ങി.പറയങ്കുന്നിന്റെ വളവ് തിരിഞ്ഞ് മെയിൻ റോഡിൽ എത്തിയപ്പോഴേ ശ്വാസംനേരെ വീണുള്ളൂ!
അടയ്ക്കാപുത്തൂരിൽ അന്ന് ചില പ്രത്യേകസമുദായക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങൾ ഉണ്ടായിരുന്നു. പാണൻകുന്ന് പറയൻകുന്ന് മനപ്പടി ഒക്കെ അത്തരം സമുദായകോളനികൾ!സന്ധ്യ മയങ്ങിയതിനുശേഷം പറയൻകുന്നിന്റെ സമീപത്തുകൂടി പോകേണ്ടിവന്നാൽ നാട്ടിലെ മുത്തശ്ശിമാര് പറയും.
“ഒടിയന്മാര് ണ്ടാവും.. നാമം ചൊല്ലി നടന്നോളൂ..”
അവരിങ്ങനെ പേടിപ്പിച്ചിട്ടുണ്ട്, ധാരാളം.ഒടി വച്ചുകൊന്നതെന്ന് പറയപ്പെടുന്ന ഒരു പൂർവീകന്റെ ചരിത്രം എന്റെ അച്ഛന്റെ വാര്യേത്തും പറയുന്നതു കേട്ടിട്ടുണ്ട്. ചിലപ്പോൾ “ഹാർട്ട് അറ്റാക്ക്” വന്നു മരിച്ചതാകാം. പക്ഷേ കഥ മെനയുന്നവർക്ക് അരോഗദൃഢഗാത്രനായ ആ മുത്തച്ഛന്റെ മരണം ഒടിവിദ്യകൊണ്ടുതന്നെ എന്ന വിശ്വാസമാണ്.
കാലം മാറി. അവഗണിക്കപ്പെട്ടവരെല്ലാം വിദ്യാസമ്പന്നരായി, പുതിയ വീടുകൾ വച്ചുമാറി. മലമ്പാതകൾ ടാറിട്ട റോഡുകൾ ആയി. രാവെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും വെളിച്ച പ്രളയമായി! ഇത് മാറിയ അടക്കാപുത്തൂരിന്റെ കഥ!
“ഒടിയൻ ” എന്ന സിനിമ റിലീസ് ആയെന്ന് കേട്ടപ്പോൾ കാണാൻ ആഗ്രഹം തോന്നിയതിന് തെറ്റു പറയാനാവില്ലല്ലോ! മനസ്സിൽ ഒരു കാലത്ത് ഇരുട്ടിന്റെ കറുപ്പു ചാലിച്ചുചേർത്തുവച്ച മുഖമാണ് ഒടിയന്റെ. ചിത്രീകരണം തേങ്കുറുശ്ശി മുതലായ പാലക്കാടൻ ഗ്രാമങ്ങളിലും! ഇഷ്ടംപോലെ മൃഗങ്ങളുടെ രൂപം സ്വീകരിക്കാനുള്ള അപൂർവ്വസിദ്ധിയുള്ള ഒടിയന്മാർ ഇന്ന് കഥകളിൽ മാത്രം!
ഒടിയൻ എന്ന മിത്തിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ വളരെ രസകരമായി എഴുതി