1992 ഡിസംബർ അഞ്ചാം തീയ്യതി. മോനിഷ മരിച്ചതിന്റെ വാർത്തകൾ ടി. വി യിൽ നിറഞ്ഞുനിൽക്കുന്നു.
“മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി “
ഏത് ചാനലെടുത്താലും ഓമനത്തം തുളുമ്പുന്ന ആ മുഖം മാത്രം.മരണം രംഗബോമില്ലാത്ത കോമാളിയായി വന്ന് ഉറക്കത്തിൽനിന്നും ആ “പ്രസാദം” തട്ടിയെടുത്തു.. കാണുന്തോറും കണ്ണു നിറഞ്ഞൊഴുകുന്നു
പിറ്റേന്ന് ഡിസംബർ ആറ്. കർസേവകർ പള്ളി പൊളിയ്ക്കാൻ ഒരുങ്ങി നിൽക്കുന്ന ദിവസം.
ഒമ്പത് മാസമായ കുഞ്ഞിനേയും അവന്റെ ചേച്ചി നാലുവയസ്സുകാരിയെയും കൂട്ടി ജോലിമോഹങ്ങളുമായി കോട്ടയ്ക്കലിൽ നിന്നും പുറപ്പെടേണ്ട ദിവസം. വല്ല്യേ ആശങ്കയായിരുന്നു. കോട്ടയ്ക്കലിൽ നിന്നും പാലക്കാട്ടേക്ക് ശ്ശി ദൂരം ണ്ടായിട്ടല്ല.
“നാളെ നേരത്തെ ഇറങ്ങണം. പള്ളി പൊളിച്ചു കഴിഞ്ഞാൽ എന്തൊക്കെ ബഹളാ ണ്ടാവ്വാ ന്ന് അറീല്ല്യ. ”
ആര്യപുത്രന്റെ സ്വരത്തിൽ ആശങ്കയുടെ പുകമഞ്ഞ്.
“നീയ് ടി വീ ല് നോക്കിയിരിയ്ക്കാണ്ടെ ആ ഷെൽഫിലെ പാത്രങ്ങളൊക്കെ ഒന്നടുക്കിപ്പെറുക്കി വെയ്ക്കാൻ നോക്കെന്റെ ഗിരിജേ . ”
അദ്ദേഹത്തിന്റെ തീക്ഷ്ണസ്വരം കേട്ടതും ടി. വി യുടെ മുന്നിൽ നിന്നും പിടഞ്ഞോടി അടുക്കളയിലേക്ക്. ചാക്കിലും, കാർഡ്ബോർഡ് പെട്ടികളിലുമായ് പാത്രങ്ങൾ അടുക്കിവെയ്ക്കുമ്പോഴും കണ്ണുകൾ അറിയാതെ ടി. വി ന്യൂസിലേക്ക് പാളിപ്പോകുന്നു. മോനിഷയുടെ കണ്ണും ചിരിയും മുന്നിൽനിന്നു മായുന്നില്ല. ഞങ്ങളുടെ കല്യാണപ്പിറ്റേന്ന് കണ്ട സിനിമയാണ് “നഖക്ഷതങ്ങൾ ”
“നാളെ നമ്മളൊരു സിനിമയ്ക്ക് പോകുന്നു.” കാതിൽ അമൃതമഴ പെയ്തിറങ്ങി. ഭർത്താവിന്റെ കൈപിടിച്ച് ആദ്യം കാണുന്ന സിനിമ. ആ മുഹൂർത്തത്തിനായുള്ള കാത്തിരിപ്പായിരുന്നു. പിറ്റേന്ന്, സിനിമക്ക് ഒരുങ്ങിയിറങ്ങിയ ബറ്റാലിയനെ കണ്ടപ്പോൾ തല കറങ്ങി.
ഈശ്വരാ.. ഇവരെല്ലാവരും…
ഉറഞ്ഞുകൂടിയ ഈർഷ്യ അവരുടെയൊക്കെ സ്നേഹംപുരണ്ട ചിരിയിൽ അലിഞ്ഞുപോയി.
മോനിഷയെ അന്നാദ്യമായാണ് സ്‌ക്രീനിൽ കാണുന്നത്. മഞ്ഞൾപ്രസാദം പോലൊരു പെൺകുട്ടി. അന്നേ ഉള്ളിൽ പ്രതിഷ്ഠിതമായതാണ് ഈ മുഖം. ഇത്ര ചെറുപ്രായത്തിൽ.. ഇതെന്തു വിധിയാണെന്റെ തേവരേ..
വെപ്രാളത്തിനിടയിൽ ചെറിയ മോൻ മുട്ടിലിഴഞ്ഞുവന്ന് കാർഡ്ബോർഡ് പെട്ടിയിലെ ഉരുളിയിൽ കയറി ഇരുപ്പായി. ചേച്ചി അതിനെ കളിപ്പിയ്ക്കലും.
“നോക്കമ്മേ.. അവൻ ചീതത്. ഉരുളീക്കേറിയിരിക്കുണു. വികൃതിക്കുട്ടൻ. ”
ഇത് കണ്ട അവന്റച്ഛന് കലി മൂത്തു.
“ടി. വീ ന്ന് കണ്ണെടുക്കാതെ പണിയെടുത്താൽ ദും, ദിലപ്പുറോം വരും. അവൻ ചാക്കിൽ കേറാത്തത് ഭാഗ്യം. എങ്കിൽ നീയവനെ ശ്രദ്ധിക്കാതെ ടി. വീ ല് നോക്കി അത് കൂട്ടിക്കെട്ടിയേനെ. ”
“ഗിരിജേ ആ ടി. വി ഒന്നോഫ് ആക്ക്. എന്നിട്ട് വേഗം പണിയൊതുക്കാൻ നോക്ക്. ”
സ്വരത്തിന്റെ വ്യത്യാസം ശ്രദ്ധിച്ച ഞാൻകുറ്റബോധത്തോടെ അവനെ ഉരുളിയിൽ നിന്നും വാരിയെടുത്തു.
കോട്ടയ്ക്കലിൽനിന്ന് പുലർച്ചെ പുറപ്പെട്ട ഞങ്ങൾ ചെർപ്പുളശ്ശേരിയിൽ എത്തുമ്പോഴേക്കും കർസേവകർ പള്ളിയുടെ മിനാരം പൊളിച്ചു കഴിഞ്ഞിരുന്നു. വൈകുന്നേരമായതോടെ സ്ഥിതിഗതികളാകെ മാറി സംഘർഷഭരിതമായി.ആറാം തീയ്യതി അടയ്ക്കാപുത്തൂരിലെത്തിയ എനിക്ക്,പാലക്കാട് പുതുപ്പരിയാരത്തുള്ള ഹൈസ്കൂളിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞത് മൂന്നു ദിവസങ്ങൾക്കുശേഷം ഡിസംബർ 10 ന്. എഴും എട്ടും ഒമ്പതും ഹർത്താലുകളും ബഹളങ്ങളുംതന്നെ! പത്താം തീയ്യതിയും കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. വിരലിലെണ്ണാ വുന്ന അധ്യാപകർമാത്രം വരാന്തയിലങ്ങുമിങ്ങും ചിതറിനിൽക്കുന്നതു കണ്ടു!
ഇന്നത്തെ
വിശേഷങ്ങൾക്ക് പറയാനേറെ
മനോഹരം