അഞ്ജുവിന്റെ പിറന്നാളാണ്, ജൂലൈ 13 ന്.ഇക്കുറി പിറന്നാളിന് അവൾ അമ്മയുടെ അടുത്തെത്തിയിരുന്നു. നാട്ടിലെ പിറന്നാളാഘോഷം ക്ഷേത്രദർശനം,ഇലയിട്ടു സദ്യ ഇത്യാദികളൊക്കെയല്ലേ? അതാവാം എന്നു ഞാനും. “അമ്മയ്ക്ക് അടുക്കളയിൽനിന്നിറങ്ങാൻ നേരണ്ടാവില്ല്യാ “എന്നൊരു പക്ഷം. സർപ്രൈസ് ഗിഫ്റ്റ് ആയി വിപിൻ (മരുമോൻ)ഒരുക്കിയതാണീ ഷോളയൂർ ട്രിപ്പ്. ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ ദിവസങ്ങൾ.പിറന്നാൾട്രിപ്പിന്റെ മിഴിവു കുറയ്ക്കാൻ മഴയ്ക്കായില്ല. 12ന് കാലത്ത് ഞങ്ങൾ യാത്രപുറപ്പെട്ടു. കോയമ്പത്തൂരിൽനിന്ന് മോനും മരുമകളും കൂടി.. ഉച്ചയോടെ ഷോളയൂരിലെ ഹാവൺ പ്ലാന്റേഷൻ റിസോർട്ടിൽ എത്തിച്ചേർന്നു.
മണ്ണാർക്കാട് താലൂക്കിൽപ്പെട്ട ഷോളയൂർ അട്ടപ്പാടി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന 150.76ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ്. “പാലക്കാടിന്റെ ഊട്ടി ” എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങളിലായി ശിരുവാണി മലനിരകൾചേർന്നുള്ള നീലഗിരിക്കുന്നുകളുടെ താഴ്‌വര നീണ്ടുകിടക്കുന്നു. അഗളിയും, തമിഴ്നാടും കാവൽനിൽക്കുന്ന പച്ചപുതച്ച മലമ്പാതകൾ. പോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും വൈദ്യുതവേലികൾ കണ്ടു. ഓരോ നൂറുമീറ്റർ ഇടവിട്ട്, ആനയിറങ്ങുന്ന പാതയാണെന്ന സുരക്ഷാമുന്നറിയിപ്പ് നൽകുന്ന പോസ്റ്ററുകളും. ഉള്ളിൽ ചെറിയ ഭീതിയുണ്ടെങ്കിലും ആ കാട്ടുപാതകളുടെ സൗന്ദര്യം ആസ്വദിക്കാതിരിക്കാനായില്ല. ഇടയിൽ, പാറകളിൽ രൂപപ്പെട്ട കൊച്ചുവെള്ളച്ചാട്ടത്തിൽ, കുളിക്കുന്ന സഞ്ചാരികളെകണ്ടു. ഈ വെള്ളം നല്ല പളുങ്കുപോലെ.. എന്നാൽ ഭവാനിപ്പുഴയിൽ കലങ്ങിമറിഞ്ഞ് ചുഴികുത്തിയൊഴുകുന്നു. വെള്ളയും പിങ്കും ഇടകലർന്ന നിറത്തിൽതൂങ്ങിത്തൂങ്ങി നിൽക്കുന്ന ഉമ്മത്തിൻപൂപോലുള്ള പൂക്കളും, ബഹുവിധവർണ്ണങ്ങളിൽ മഴവെള്ളം ഇറ്റിറ്റുവീഴുന്ന അരിപ്പൂക്കളും ദൃശ്യവിരുന്നൊരുക്കി.. കോടയിറങ്ങി, ഒരുവേള അപ്രത്യക്ഷമാകുന്ന മലനിരകൾ പത്തുമിനുട്ട് കഴിയുമ്പോൾ തെളിഞ്ഞുവരുന്നതും, കല്യാണത്തിനോ, ഉത്സവത്തിനോ തിരക്കിട്ടു പോകുന്നപോലെ,കാറ്റിനൊപ്പം കുതിക്കുന്ന മേഘക്കീറുകളും.. ശ്യോ.. വല്ലാത്തൊരു സൗന്ദര്യംതന്നെ! പ്രകൃതിയെ ഇത്ര മനോഹരമായി അണിയിച്ചൊരുക്കാൻ കഴിയുന്ന ആ അദൃശ്യശക്തിക്കുമുമ്പിൽ അറിയാതെ തലകുനിച്ചുപോകും!
നമ്മെ ഒന്നായിപറത്തിക്കൊണ്ടുപോകുന്ന അതിശക്തമായ കാറ്റാണിവിടെ. കറ്റാടിയന്ത്രങ്ങൾ ധാരാളമായി സ്ഥാപിച്ച് ഊർജ്ജോല്പാദനം നടത്തുന്ന സ്ഥലം. ഇടയിൽ വെയിൽ ഒന്നുറച്ചു തെളിഞ്ഞപ്പോൾ ഞങ്ങൾ ഫോട്ടോമോഹവുമായി പുറത്തിറങ്ങി.നല്ല വെയിലിൽ,തണുത്ത ആ കാറ്റേറ്റ് ഇഷ്ടപ്പെട്ടവരുടെ കൂടെ,ദൈവത്തിന്റെ കരവിരുതിന്റെ അനവദ്യസൗന്ദര്യം ആസ്വദിച്ചുനിൽക്കുന്നതിന്റെ ഒരു സുഖമുണ്ടല്ലോ! പറഞ്ഞറിയിക്കാൻ വയ്യാ. പാടാത്തവനും പാടിപ്പോകും, എഴുതാത്തവനും എഴുതിപ്പോവും..
ഇവിടെ അടുത്താണത്രേ മൂളഗംഗൽ. അവിടെ കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്ന ഒരു കൊച്ചരുവിയും പാറയുമുണ്ടെന്നുകേട്ടു. കൊച്ചുമോന്, തണുപ്പടിച്ചതുകൊണ്ട് ചെറിയ വയ്യായ്കയുള്ളതു കാരണം ഞങ്ങൾ അങ്ങോട്ടൊന്നും പോയില്ല.
ഹവോൺ പ്ലാൻറ്റേഷൻ ചുറ്റിനടന്നുകാണാൻതന്നെ കുറേയേറെയുണ്ട്. ഞങ്ങൾക്കുപുറമേ മറ്റൊരു ഗ്രൂപ്പ് കൂടി അവിടെയുണ്ടായിരുന്നു. മറ്റേണിറ്റി ഷൂട്ടിനു ഫോട്ടോഗ്രാഫറും സന്നാഹങ്ങളുമൊക്കെയായിവന്നൊരു സംഘം. തമിഴ്‌നാട്ടുകാരാണെന്നുതോന്നുന്നു. ലൊക്കേഷന്റെ ഭംഗിയും ഫോട്ടോഗ്രാഫറിന്റെ വിരുതും കൂടിയാവുമ്പോൾ ആ ചിത്രങ്ങളുടെ ഭംഗി എത്രയുണ്ടാകുമെന്നു ഞാൻ ഊഹിച്ചു..
വലിയതിരക്കില്ലാത്ത സമയമായതിനാൽ റിസോർട്ടിലെ ജീവനക്കാർ ഏതു സഹായത്തിനും സന്നദ്ധരായി മുന്നിലുണ്ട്.. മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്, താഴ്‌വരയിൽ മേഞ്ഞുനടക്കുന്ന പൈക്കളോട് കളിപറഞ്ഞുകൊണ്ട്, ഇളം തുടുപ്പാർന്നു തലയാട്ടിനിൽക്കുന്ന ചെമ്പരത്തിപ്പൂക്കളോട് കിന്നാരം പറഞ്ഞ് സ്വിമ്മിംഗ്പൂളിൽ ഒരു കുളിയാകാം, വേണ്ടവർക്ക്..
എനിക്കീ ബെഞ്ചിലിരുന്നാൽ മതി..
ചോലമരങ്ങളുടെ ഇലത്തുമ്പിൽ തൂങ്ങിനിൽക്കുന്ന മഴത്തുള്ളിയുടെ ഭംഗിയാവാഹിച്ച്..
നീലഗിരിക്കുന്നുകളിലെ കാട്ടുചോലകളെ ഇക്കിളിയിട്ടുവരുന്ന കാറ്റിന്റെ സംഗീതമാസ്വദിച്ച്..




നല്ല എഴുത്ത്