വിടർത്തുന്ന തോർത്തും ഉതിരുന്ന ഓർമ്മകളും.
**************
എന്നെ സ്വാധീനിച്ച വനിതഎന്നു പറയുമ്പോൾ, നിങ്ങളെല്ലാം കരുതുന്നത് ഒരു പ്രശസ്തവ്യക്തിയുടെ മുഖമായിരിക്കും എന്നല്ലേ? സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, അല്ലെങ്കിൽ കായികരംഗത്തെ ഏതെങ്കിലും പ്രമുഖർ.. അല്ലേ? എന്നാൽ ഈ വനിതയ്ക്ക് അത്തരം വാക്കുകളുടെ അർത്ഥം പോലുമറിയില്ല. പക്ഷേ, ഒന്നുണ്ട്; സ്വന്തം നിയോഗം തിരിച്ചറിഞ്ഞ്, അണുവിട തെറ്റാതെ പാലിച്ച് ജീവിതംതന്നെ ഒരുപാസനയാക്കി മാറ്റിയവരാണവർ. അവരുടെ ദർശനങ്ങൾ അവ്യക്തതയെ സുവ്യക്തമാക്കുന്നു. ഗഹനതയെ ലാഘവമുള്ളതാക്കുന്നു.
ഒത്ത ഉയരം, ശുഷ്കിച്ച കൈകാലുകൾ, കുപ്പായമിട്ട് മറയ്ക്കാത്ത മാറിൽ പൂണൂൽപോലെ പറ്റിച്ചേർന്നുകിടക്കുന്ന രണ്ടാംമുണ്ട്. രണ്ട് ദശാബ്ദം മുമ്പ് എന്റെ നാടിന്റെ ഊടുവഴികളിൽ ഈ രൂപം നിറഞ്ഞുനിന്നിരുന്നു.
തെളിഞ്ഞ ഊർജ്ജസ്വലത, വിദ്യാഭ്യാസത്തിന് നൽകാൻ കഴിയാത്ത വിവേകം, അടങ്ങാത്ത അന്വേഷണം, തികഞ്ഞ വിവേചനബുദ്ധി ഇതെല്ലാം ചേർന്നാൽ ‘ലക്ഷ്മിക്കുട്ടിയമ്മ’യായി.
“കുട്ട്യാരസ്യാരെ.. ചായടോള്ളത്തിന്റെ കൂടെ രണ്ടു പപ്പടോം കാച്ചിക്കോളൂ.” എന്ന ആയമ്മയുടെ ആജ്ഞ കേൾക്കുമ്പോൾ നീരസം പത്തി വിടർത്തിയാടും. ഹൊ!.. എന്താ കല്പന!! നാട് ഭരിക്കുന്ന മഹാറാണിയല്ലേ? ലക്ഷ്മിക്കുട്ടിയമ്മ പൂമുഖത്ത് കാലും തടവിയിരിക്കുകയാവും. നാലുമാസം പ്രായമായ എന്റെ കുഞ്ഞിനെ മടിയിലിരുത്തി ഇമവെട്ടാതെ നോക്കി, അവർ മൊഴിയും.
“കണ്ടില്ല്യേ.. അച്ഛന്റെ തൽസ്വരൂപം. കണ്ണും മൂക്കുമൊക്കെ എടുത്തുവച്ചപോലെ ഇരിക്കുണു.”
അതുകേൾക്കുമ്പോൾ അഭിമാനത്തോടെ എന്റെ തലയുയരും. എത്ര സ്ത്രീവിമോചനം വന്നാലും കുഞ്ഞ് അച്ഛനെപ്പോലെയിരിക്കുന്നു എന്ന് കേൾക്കാനാണ് അമ്മയ്ക്കിഷ്ടം. അതെന്താണാവോ അങ്ങനെ? ഒരുപക്ഷേ ‘അമ്മ’യെന്നതൊരു സത്യവും അച്ഛനെന്നത് ഒരു വിശ്വാസവും ആവുന്നതുകൊണ്ടാവും.
നാട്ടിലെ ഒരുവിധം എല്ലാ വീടുകളിലെയും നിത്യസന്ദർശകയാണവർ. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കും. കൂട്ടത്തിൽ നെല്ലും പതിരും തിരിച്ചറിയാനും കഴിയും.
വിഹ്വലതകൾക്കും വേവലാതികൾക്കും പരിഹാരമന്ത്രങ്ങൾ അവരുടെ കൈയിലുണ്ട്.
കണ്ണിനൂത്ത്, വറ്റാത്ത നാട്ടറിവുകൾ, അല്പസ്വല്പം മുറിവൈദ്യം അങ്ങനെയങ്ങനെ..
ഇനി തന്റെ കൈയിലൊതുങ്ങാത്തതാണെങ്കിൽ
അതിനുമുണ്ടൊരു ഫിലോസഫി.
“നമ്മളെന്തിനാല്ലേ വെള്ളത്തിന്റെ ഇരമ്പൽ കേൾക്കുമ്പോഴേക്കും ചെരുപ്പഴിക്കണത്? എല്ലാം മേലെ ഒരാള് കണ്ടോണ്ടിരിക്കുണു. ഈശ്വരോ രക്ഷതു!”
രണ്ടാംമുണ്ട് വിശദമായൊന്ന് കുടഞ്ഞെണീക്കുമ്പോൾ വീണ്ടും കേൾക്കാം ആത്മഗതം.
“തേവരേ.. നല്ല വഴിക്ക് കൊണ്ടോവണെ.”
“ഏതു വഴിക്കാ വല്യമ്മേ? ഒറ്റപ്പാലം വഴിക്കോ അതോ ചെർപ്പുളശ്ശേരി വഴിക്കോ?”
അവരത് കേട്ടിട്ടുണ്ടാകില്ല. കേട്ടാലും കേട്ടെന്ന് നടിക്കില്ല. പ്രാഞ്ചിപ്രാഞ്ചി മണ്ണാൻകുന്ന് കയറുമ്പോൾ വീണ്ടും ആ ശബ്ദം ഉയരും.
“കെടത്തി ബുദ്ധിമുട്ടിക്കല്ലേ ഭഗവാനേ. ആരൂംല്ല്യാത്തോളാണ്. ഈശ്വരോ രക്ഷതു!”
അടയ്ക്കാപുത്തൂരിന്റെ ഊടുവഴികളിലെത്തിയാൽ എനിക്കിന്നും ആ ആത്മഗതം കേൾക്കാം. കുപ്പായമിടാത്ത മാറത്ത് വിടർത്തിയിട്ട ഈരിഴത്തോർത്തിന്റെ വിയർപ്പുഗന്ധമറിയാം.
ജീവികൾ അനുദിനം ജനിക്കുന്നു, മരിക്കുന്നു.
എന്നാൽ, ജനിമൃതികളുടെ ഈ കാണാത്തീരത്ത്, കാലത്തിന്റെ വേഗതയെ ഒരുനിമിഷം പിടിച്ചുനിർത്താൻ ഈ മുഖത്തിന് കഴിഞ്ഞു. ഈ യാത്ര എന്നെ വല്ലാതെ മടുപ്പിക്കുന്നു, സത്യം; ചുറ്റും വന്ധ്യമായ ഭൂമികളും ആരാധനയില്ലാത്ത ദേവാലയങ്ങളും. അതിനിടയിൽ ഇത്തരം ഓർമ്മകൾ മനോഹരമായ ഒരു ഗീതത്തിന്റെ ശീലുകൾക്ക് കാതോർക്കുംപോൽ സുഖദമാണ്; സംശയമില്ല.
നല്ല അവതരണം
സൂപ്പർ

മനോഹരമായ എഴുത്ത് ഒത്തിരി ഇഷ്ടമായി ടീച്ചറേ
♥️

മനോഹരമായ ഓർമ്മചിത്രങ്ങൾ, പഴയ കാലത്തെ ഗ്രാമജീവിതത്തിലേക്ക് ഒരു മടക്കം. ഒത്തിരി ഒത്തിരി ഇഷ്ടം