മേജര്‍ സന്ദീപ് ഉണ്ണികൃഷൻ നമ്മുടെ നാടിനായി രക്തസാക്ഷിത്വം വഹിച്ചിട്ട് 17 വർഷം. കരുത്തിന്റെ പര്യായമായ രാജ്യം നേരിൽ കണ്ട് അംഗീകരിച്ച യാഥാർഥ്യം അതാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ.
ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ ചെറുത്തു തോല്‌പിയ്‌ക്കാന്‍ ചില ധീരരുടെ സേവനം രാജ്യത്തിന് ആവശ്യമായിരുന്നു. അതിന് വേണ്ടി സ്വന്തം ജീവന്‍ നൽകിയാണ് സന്ദീപ് തന്റെ കടമ പൂര്‍ത്തിയാക്കിയത്. ആ മഹത് ത്യാഗത്തിന് മുമ്പിൽ ഇന്ത്യ എന്ന രാജ്യത്തിലെ ഓരോ മനുഷ്യരും ശിരസ് നമിക്കണം.
രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു താജിന്റെ നിയന്ത്രണം. ആ ദൗത്യത്തിന് ഇറങ്ങിത്തിരിക്കും മുമ്പേ തന്റെ അമ്മയെ വിളിച്ച് ഇക്കാര്യം പറയാന്‍ സന്ദീപ് മറന്നില്ല. “അമ്മേ ഞങ്ങളിപ്പോള്‍ താജ് ഹോട്ടലിലെത്തും. ഇവിടെയെങ്ങും നിറയെ ചാനലുകാരാണ് അമ്മ ടിവി കണ്ടോളൂ. ചിലപ്പോള്‍ എന്നെ കാണാം” ആവേശമുറ്റിയ സന്ദീപിന്റെ ശബ്‍ദം പിന്നീടൊരിക്കൽ പോലും ആ അമ്മ കേട്ടില്ല. 1977 മാര്‍ച്ച് 15 ന് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻറെയും ധനലക്ഷ്മിയുടെയും മകനായി ജനിച്ചു. ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വർഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ൽ ഇവിടെനിന്ന് ശാസ്ത്രത്തിൽ ബിരുദവും നേടി. പഠനകാലത്ത് കായിക ഇനങ്ങളിൽ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു.
1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. കരസേനയിലെ സൈനികജീവിതത്തിനിടയിൽ ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നേരിടാനും നിയോഗിക്കപ്പെട്ടു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
2008 നവംബർ 26 ന് ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. നവംബർ 28 ന് ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ധീരതക്കുള്ള പരമോന്നത ബഹുമതിയായ അശോക ചക്ര മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചു.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തെലുങ്ക് സംവിധായകൻ ശശി കിരൺ തിക സംവിധാനം ചെയ്ത മേജർ എന്ന ചലച്ചിത്രം 24 മെയ് 2022ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത ഈ സിനിമ മലയാളത്തിലും ഇതേ ദിവസത്തിൽ തന്നേ റിലീസ് ചെയ്തിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണൻ്റെ വേഷത്തിൽ അവതരിച്ചത് തെലുങ്ക് താരം ആദിവി സേഷാണ്. ഈ സിനിമ നിർമ്മിച്ചത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ മഹേഷ് ബാബുവാണ്.



