സ്നേഹ സന്ദേശം
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
“ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ! നാരായണായ നമഃ ”
പതിനാറാം നൂറ്റാണ്ടിൽ തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച പ്രാർത്ഥനാഗാനമായ ഹരിനാമകീർത്തനത്തിലെ ഈ ശ്ലോകം ഏവർക്കും സുപരിചിതം
“ഞാൻ എന്ന ഭാവം തോന്നായ്ക വേണം” എത്രയോ അർത്ഥവത്തായ പ്രാർത്ഥനാ ഗീതം…
” താഴ്മയുള്ള ഹൃദയങ്ങളിൽ
വസിക്കുമീശ്വരൻ നിത്യവും
അഹന്തവെടിഞ്ഞ മനസ്സുമായ്
വസിക്ക ഭൂവിൻ മനുഷ്യനായ് ”
“‘ഞാൻ എന്ന ഭാവം വെടിയണം നാം…
പ്രത്യുത ‘ നാം’ എന്ന ചിന്ത ഹൃത്തിലുണ്ടാവണം ”
എത്രയോ അർത്ഥവത്തായ മൊഴി മുത്തുകൾ…
” അപരനും താനുമൊന്നെന്ന
ചിന്തയാൽ
ഞാനെന്നഭാവമകന്നു പോവും..
അഹങ്കരിക്കാൻ മാത്രമെന്തുള്ളു നീ
ഏറിയാൽ നൂറാണ്ട് മാത്രമിങ്ങ്..”
അതെ…ഏറിയാൽ നൂറാണ്ട് മാത്രമിങ്ങുള്ള നമുക്ക് അഹങ്കരിക്കാൻ മാത്രം എന്തുണ്ട്..? എന്ന സത്യം മനസ്സിലാക്കാനായാൽ ഞാനെന്ന ഭാവത്തിൽ നിന്നും മോചനം നേടാൻ മനുഷ്യനാവും..
സിസ്റ്റര്‍ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിലെ പ്രസക്തമായ ചില വരികളും ഇതോടൊപ്പം ചേർത്തുവെക്കാം…
“ സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.”
കാലചക്ര വിഭ്രമത്തിൽ ശൂന്യമായ കരങ്ങളോടെ അമർന്നു പോകേണ്ടവർ ..
നേടിയതെല്ലാം ഇവിടെ തന്നെവെടിഞ്ഞ് യാത്രയാവേണ്ടവർ..
ഇവിടെ ശാശ്വതമായതെന്ത്.. എന്നതിനുത്തരം..ഒന്നു മാത്രം..
“നശ്വരമായൊരു ലോകമിതിൽ ശാശ്വതമായത് സ്നേഹം മാത്രം..”
തൻ്റെ കവിതകളിൽ സ്നേഹ വസന്തമൊരുക്കിയ മലയാളത്തിൻ്റെ വിശ്വമഹാകവി
അക്കിത്തത്തിൻ്റെ വരികളിൽ നമുക്കിത് ദർശിക്കാം
“നിരുപാധികമാം സ്നേഹം
ബലമായിവരും ക്രമാൽ
അതാണഴ,കതേ സത്യം
അതു ശീലിക്കിൽ ധർമ്മവും”
അഹന്തയില്ലാത്ത മനസ്സുമായ് ജീവിതയാത്ര തുടരുവാനും അപരൻ്റെ ദു:ഖങ്ങൾ കാണുവാനും ഞാനല്ല….നമ്മൾ …എന്ന സ്നേഹചിന്തയുടെ കിരണങ്ങൾ ഹൃദയത്തിൽ നിന്നും പുറപ്പെടുവാനും ചുറ്റും വെളിച്ചമാകുവാനും ഹരിനാമകീർത്തനവും സദ്ചിന്തകളും ഈ കാവ്യശകലകളും മുഖാന്തരമായിത്തീരട്ടെ…
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ